Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജ്ഞാനസ്‌നാനംത്തെ വെറും സ്‌നാനമാക്കി; ശവത്തെ മൃതദേഹമാക്കി ഉയർത്തി; സെമിത്തേരിക്ക് പുതിയ നിർവ്വചനം നൽകി; ക്രിസ്ത്യാനികളെ ഓർത്തഡോക്‌സും യാക്കോബായയുമായി പരിമിതപ്പെടുത്തി; ഈ വിഭാഗങ്ങളിൽ നിന്നും മറ്റ് വിഭാഗങ്ങളിലേക്ക് പോയവരേയും ഒഴിവാക്കി; കത്തോലിക്കാ സഭയും പെന്തകോസ്ത് സഭയും ഒരുമിച്ച് ചാടി ഇറങ്ങിയതോടെ ക്രിസ്തീയ വിശ്വാസികൾക്ക് നീതി നൽകാനുള്ള നീക്കം ഓർത്തഡോക്‌സുകാർക്ക് പാര പണിയാൻ മാത്രമാക്കി ചുരുക്കാൻ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചത് ഇങ്ങനെ

ജ്ഞാനസ്‌നാനംത്തെ വെറും സ്‌നാനമാക്കി; ശവത്തെ മൃതദേഹമാക്കി ഉയർത്തി; സെമിത്തേരിക്ക് പുതിയ നിർവ്വചനം നൽകി; ക്രിസ്ത്യാനികളെ ഓർത്തഡോക്‌സും യാക്കോബായയുമായി പരിമിതപ്പെടുത്തി; ഈ വിഭാഗങ്ങളിൽ നിന്നും മറ്റ് വിഭാഗങ്ങളിലേക്ക് പോയവരേയും ഒഴിവാക്കി; കത്തോലിക്കാ സഭയും പെന്തകോസ്ത് സഭയും ഒരുമിച്ച് ചാടി ഇറങ്ങിയതോടെ ക്രിസ്തീയ വിശ്വാസികൾക്ക് നീതി നൽകാനുള്ള നീക്കം ഓർത്തഡോക്‌സുകാർക്ക് പാര പണിയാൻ മാത്രമാക്കി ചുരുക്കാൻ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി പ്രമേയത്തിന് ശേഷം വീണ്ടും കേരള നിയമസഭയിൽ ഒത്തൊരുമ. എല്ലാ അഭിപ്രായ വിത്യായവും മറന്ന് ക്രിസ്ത്യൻ പള്ളികളിലെ ഇടവകാംഗത്തിനു പള്ളി സെമിത്തേരിയിൽ സംസ്‌കാരത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ബില്ല് യാക്കോബായഓർത്തഡോക്‌സ് വിഭാഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തി നിയമസഭ ഏകകണ്ഠമായി പാസാക്കി. അതായത് ഓർത്തഡോക്‌സുകാർക്ക് പാരയായി മറുന്ന ബിൽ നിയമമാകുകയാണ്,

യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തെ തുടർന്നു പല പള്ളികളിലും മൃതദേഹം സംസ്‌കരിക്കാൻ സാധിക്കാത്ത പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ മാസം കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണ് ബിൽ. ഈ ഓർഡിനൻസിൽ വ്യാപക പ്രതിഷേധം ഉയർന്നു. കത്തോലിക്കാ സഭയും പെന്തകോസ്ത് സഭയും എതിർത്തു. ഇതോടെ സർക്കാർ വെട്ടിലായി. അങ്ങനെ ചില മാറ്റങ്ങൾ വരുത്തിയാണ് നിയമമാക്കുന്നത്. ഓർത്തഡോക്‌സ്‌യാക്കോബായ സഭാ വിശ്വാസത്തിൽ നിന്നു മാറി ഇതര ക്രൈസ്തവ വിഭാഗത്തിലോ മറ്റു മതങ്ങളിലോ ചേർന്നവർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല എന്ന ഭേദഗതിയോടെയാണ് ബിൽ പാസാക്കിയത്.

യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാനായി കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച ബില്ലിലെ അവ്യക്തതകൾ മറ്റ് സഭകളിലും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പ്രതിപക്ഷവും കത്തോലിക്കാ സഭയും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സർക്കാർ അംഗീകരിച്ചു. 2020ലെ കേരള ക്രിസ്ത്യൻ സെമിത്തേരികൾ (ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ബിൽ എന്നതിനു പകരം 2020ലെ കേരള ക്രിസ്ത്യൻ (മലങ്കര ഓർത്തഡോക്‌സ്-യാക്കോബായ) സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബിൽ എന്ന് പേരുമാറ്റി. ക്രിസ്ത്യാനി എന്നതിന്റെ വിശദീകരണത്തിൽ 'ജ്ഞാനസ്‌നാനം' എന്നതു 'സ്‌നാനം' എന്നാക്കി മാറ്റി.

ശവം എന്ന വാക്ക് അപമര്യാദയാണെന്ന പ്രതിപക്ഷ വാദം അംഗീകരിച്ചു. അങ്ങനെ ശവം 'മൃതദേഹം' എന്ന് ഭേദഗതി ചെയ്തു. സെമിത്തേരി എന്ന വാക്കിന്റെ വിശദീകരണത്തിൽ 'മൃതദേഹം ജഡമായോ സംസ്‌കാരപ്രക്രിയയിലൂടെ ചാരമായി മാറ്റിയിട്ടുള്ളതോ ആയിരുന്നാലും' എന്ന വാചകവും ഒഴിവാക്കി. ഇരുസഭകളുടെയും വിശ്വാസപ്രകാരം മൃതദേഹം ദഹിപ്പിക്കാറില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്‌കാരം തടയുന്നവർക്ക് ഒരു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എ.കെ. ബാലനാണ് ബിൽ അവതരിപ്പിച്ചത്.

ഈ നിയമത്തിന്റെ പരിധിയിൽ വരിക യാക്കോബായ-ഓർത്തഡോക്സ് സഭകൾ മാത്രമാകും. ഈ ക്രൈസ്തവ സഭകൾക്കുമാത്രമായി ബിൽ പരിമിതപ്പെടുത്താൻ നിയമസഭാ സബ്ജക്ട് കമ്മിറ്റി സർക്കാരിനു ശിപാർശ നൽകിയിരുന്നു. മറ്റു ക്രൈസ്തവ സഭകളിൽനിന്ന് എതിർപ്പുയർന്ന സാഹചര്യത്തിലാണ് അവരെ ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള ശിപാർശ എത്തിയത്. യാക്കോബായ-ഓർത്തോഡക്സ് സഭകൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സെമിത്തേരികളിൽ മൃതശരീരം അടക്കം ചെയ്യുന്നതു തടയുകയോ തടയാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് ശിക്ഷ നൽകുകയാണ് ലക്ഷ്യം. ഫലത്തിൽ ഇത് ഓർത്തഡോക്‌സുകാർക്കുള്ള തിരിച്ചടിയാണ്. സുപ്രീംകോടതി വിധി അനുകൂലമായതോടെ പള്ളികളുടെ നിയന്ത്രണം ഓർത്തഡോക്‌സ് സഭകൾക്കായി. ഈ വിധി ഇനിയും പല ഇടത്തും നടന്നിട്ടില്ല. ഇതിനിടെയാണ് സംസ്‌കാര തർക്കങ്ങൾ ഉയർന്നത്. ഇത് മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കുകയായിരുന്നു ഈ ബില്ലിലൂടെ.

സുപ്രീംകോടതിവിധിയെ വെല്ലുവിളിക്കുന്നതാണ് ബിൽ എന്ന ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു. 100 വർഷം പഴക്കമുള്ള കേസിലെ വിധിയിൽ മെത്രാപ്പൊലീത്ത പരമാധികാരിയാണെന്നും പുരോഹിതരെ വാഴിക്കാനുള്ള അവകാശം അദ്ദേഹത്തിനാണെന്നും പറയുന്നുണ്ട്. ഇതിലൊന്നും സർക്കാർ ഇടപെടുന്നില്ല. മൃതദേഹം അടക്കം ചെയ്യുന്നതിനെക്കുറിച്ച് പറയാത്തതിനാലാണ് ബിൽ കൊണ്ടുവന്നത്. മറ്റ് ക്രൈസ്തവ വിഭാഗങ്ങളെ ബിൽ ബാധിക്കില്ല. ഒരു സംശയത്തിനും ഇടനൽകാതിരിക്കാനാണ് വിശദമായി ശീർഷകത്തിൽ ഉൾപ്പെടുത്തിയത്. പുരോഹിതരുടെ അധികാരത്തെയും ചോദ്യം ചെയ്യുന്നില്ല. കോടതി വിധികളുടെ അടിസ്ഥാനത്തിൽ തികച്ചും നിയമപരമായാണ് ബിൽ കൊണ്ടുവന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബില്ലിന്റെ സദുദ്ദേശത്തോട് പൂർണമായും യോജിക്കുന്നുവെന്ന് പ്രതിപക്ഷം വ്യക്തമാക്കി. നിരാകരണ പ്രമേയം അവതരിപ്പിച്ചത് ബില്ലിനെതന്നെ എതിർത്തിട്ടാണെന്ന് തെറ്റിദ്ധരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടന്നതിനാൽ കൂടുതൽ ചർച്ചകളിലേക്ക് കടക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം കെ മുനീറും പറഞ്ഞു. എം സ്വരാജ്, എൻ എ നെല്ലിക്കുന്ന് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP