Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

അഴിമതിക്കേസുകൾ സിബിഐ അന്വേഷിക്കുന്നത് ഡൽഹി സ്‌പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ച്; കേരളം അടക്കം സിബിഐക്ക് നൽകിയിട്ടുള്ളത് കേസെടുക്കുന്നതിനുള്ള പൊതു അനുമതി; ലൈഫ് മിഷൻ അഴിമതിയിൽ അന്വേഷണം എത്തിയതോടെ സർക്കാർ ആലോചിക്കുന്നത് ഈ 'പൊതുഅനുമതി' പിൻവലിക്കാൻ; കൂടിയാലോചനകൾ ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ സമ്മതിക്കുമ്പോഴും മുഖ്യമന്ത്രി തള്ളിപ്പറയുന്നത് കേസിന്റെ ഭാവി നോക്കിക്കാണാൻ തന്നെ; ലൈഫിലെ എഫ്.ഐ.ആർ റദ്ദാക്കാൻ കോടതിയെയും സമീപിച്ചേക്കും

അഴിമതിക്കേസുകൾ സിബിഐ അന്വേഷിക്കുന്നത് ഡൽഹി സ്‌പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ച്; കേരളം അടക്കം സിബിഐക്ക് നൽകിയിട്ടുള്ളത് കേസെടുക്കുന്നതിനുള്ള പൊതു അനുമതി; ലൈഫ് മിഷൻ അഴിമതിയിൽ അന്വേഷണം എത്തിയതോടെ സർക്കാർ ആലോചിക്കുന്നത് ഈ 'പൊതുഅനുമതി' പിൻവലിക്കാൻ; കൂടിയാലോചനകൾ ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ സമ്മതിക്കുമ്പോഴും മുഖ്യമന്ത്രി തള്ളിപ്പറയുന്നത് കേസിന്റെ ഭാവി നോക്കിക്കാണാൻ തന്നെ; ലൈഫിലെ എഫ്.ഐ.ആർ റദ്ദാക്കാൻ കോടതിയെയും സമീപിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാറിനെ വരിഞ്ഞു മുറുകിയ സിബിഐ കേസുകൾ നിരവധിയാണ്. പെരിയ ഇരട്ടക്കൊലപാതക കേസും ഏറ്റവും ഒടുവിൽ എത്തിയ ലൈഫ് മിഷൻ കേസും ഇതിൽ ഒന്നുമാത്രമാണ്. ഇതിനിടെയാണ് സംസ്ഥാനത്ത് സിബിഐയെ വിലക്കാൻ വേണ്ടി നിയമ നിർമ്മാണത്തിന് നീക്കം നടക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. എന്നാൽ, ഇക്കാര്യം മുഖ്യമന്ത്രി നിഷേധിച്ചെങ്കിലും നിയമ വൃത്തങ്ങളിൽ ഇതേക്കുറിച്ചുള്ള ആലോചനകൾ സജീവമായി നിലനിൽക്കയാണ്. പരിശോധന നടക്കുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും നിഷേധിക്കുന്നില്ല.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെക്കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിക്കാതെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണു സിപിഎമ്മിനെയും സർക്കാരിനെയും പ്രകോപിപ്പിച്ചത്. ഒരു പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ ഉത്തരവ് പോലും ഇല്ലാതെയും സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധവുമായാണ് കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ആക്ഷേപം നേരത്തെ തന്നെ സിപിഎം ഉന്നയിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സിബിഐക്കെതിരെ ഓർഡിനൻസ് കൊണ്ടുവരാനാണ് സർക്കാറിന്റെ ആലോചന.

പ്രതിപക്ഷ നേതാവിന്റെ ആരോപണം നിയമ വകുപ്പ് നിഷേധിക്കുമ്പോഴും രാഷ്ട്രീയ തീരുമാനം എടുത്താൽ സിബിഐക്കുള്ള അന്വേഷണാനുമതി സർക്കാരിനു നിഷേധിക്കാനാവുമെന്ന ചിന്ത ശക്തമാണ്. സിബിഐയുടെ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുന്നതാണു മറ്റൊരു സാധ്യത. ഡൽഹി സ്‌പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണു രാജ്യത്തെ അഴിമതിക്കേസുകൾ സിബിഐ അന്വേഷിക്കുന്നത്. ഇതിനു സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്നതിനാൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സിബിഐക്കു മുൻകൂട്ടി നൽകിയിട്ടുണ്ട്. ഈ അനുമതി പിൻവലിക്കാൻ കേരളത്തിനു കഴിയുമെന്നു നിയമവിദഗ്ദ്ധർ പറയുന്നു. നിയമ വകുപ്പിന്റെ അഭിപ്രായം തേടിയ ശേഷമാവും തീരുമാനത്തിലേക്കു കടക്കുക.

ഇതേസമയം, സിബിഐക്കെതിരെ നിയമം കൊണ്ടുവരുന്നതു കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ മാത്രമെന്ന് എൽഡിഎഫ് നേതൃയോഗത്തിനു ശേഷം കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. സംസ്ഥാന താൽപര്യത്തിനു വിരുദ്ധമായ നിലയിലാണു സിബിഐ പ്രവർത്തിക്കുന്നതെങ്കിൽ എതിർക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിൽ സിബിഐ അന്വേഷണം തടയാൻ ഓർഡിനൻസ് ഇറക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിക്കുകയാണ് ഉണ്ടായത്.

സിബിഐ അന്വേഷണം തടയാനുള്ള നിയമ നിർമ്മാണം കോൺഗ്രസ് സർക്കാരുകൾ പല സംസ്ഥാനങ്ങളിലും നടത്തിയിട്ടുണ്ട്. ഞങ്ങൾ ഇതേവരെ അക്കാര്യം ആലോചിച്ചിട്ടില്ല. സിബിഐ അവരുടെ പണിയെടുക്കട്ടെ. സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം അടക്കമുള്ളവ തടയാനുള്ള നിയമങ്ങൾ ഫലപ്രദമല്ലെന്ന വിമർശമുണ്ട്. ആ വിഷയം ആലോചിച്ചിരുന്നു. മറ്റൊന്നും തന്റെ അറിവിലില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലാവലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത് സംബന്ധിച്ച ചോദ്യവും മാധ്യമ പ്രവർത്തകർ ഉന്നയിച്ചുവെങ്കിലും സുപ്രീം കോടതിയിലെ കാര്യങ്ങൾ അവിടെ നടക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കേരളത്തിൽ സിബിഐ അന്വേഷണം തടയാൻ സർക്കാർ നീക്കം നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. ഓർഡിനൻസ് ഇറക്കാനാണ് നീക്കമെന്നും ഇതുസംബന്ധിച്ച ഫയൽ നിയമ സെക്രട്ടറിയുടെ പക്കലുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതിനിടെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ സിബിഐയും സംസ്ഥാന വിജിലൻസും ഒരേ സമയം അന്വേഷണം നടത്തുന്നതിൽ ഇപ്പോൾ നിയമപ്രശ്‌നമില്ലെങ്കിലും അതു തുടരാൻ സാധ്യത കുറവായാണ് വിലയിരുത്തപ്പെടുന്നത്. സിബിഐ നടത്തുന്ന അന്വേഷണത്തിൽ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തുന്നതു വരെ മാത്രമേ വിജിലൻസ് അന്വേഷണത്തിനു സാധുതയുള്ളൂവെന്നാണു നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം (എഫ്‌സിആർഎ) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള വിശേഷാധികാരം സിബിഐക്കു മാത്രമാണെന്നു ജസ്റ്റിസ് ബി.കെമാൽ പാഷ ചൂണ്ടിക്കാട്ടി. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കാനുള്ള അധികാരം സംസ്ഥാന വിജിലൻസിനുണ്ട്. ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ സിബിഐ അഴിമതി നിരോധന നിയമത്തിന്റെ വകുപ്പുകൾ ഉൾപ്പെടുത്തുന്നതു വരെ സംസ്ഥാന വിജിലൻസിന് അന്വേഷണം തുടരാം.

ചട്ടം ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ചതിനു പുറമേ, പദ്ധതിയുടെ മറവിൽ ഏതെങ്കിലും സിവിൽ സർവീസ് ഉദ്യോഗസ്ഥൻ അഴിമതി കാണിച്ചതായി ബോധ്യപ്പെട്ടാൽ സ്വാഭാവികമായും പിസി ആക്ടിലെ വകുപ്പുകൾ കൂടി സിബിഐക്കു ചുമത്തേണ്ടി വരുമെന്നും ഈ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കേണ്ടിവരുമെന്നും സുപ്രീം കോടതി അഭിഭാഷകൻ കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി.

അതേസമയം വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സന്നദ്ധ സംഘടനയായ ദുബായ് റെഡ് ക്രസന്റ് നിർമ്മിച്ചു നൽകുന്ന 140 ഫ്‌ളാറ്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎൽഎ അനിൽ അക്കരെ നൽകിയ അടിസ്ഥാനരഹിതമായ പരാതിയിൽ സിബിഐ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത് നിയമ വിരുദ്ധമാണെന്നാണ് സിപിഎം അനുകൂല സംഘടനയായ ാൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞുിരിക്കുന്നത്. അനിൽ അക്കരയുടെ പരാതിയിൽ റെഡ് ക്രസന്റ് ഫ്‌ളാറ്റ് സമുച്ചയവും അതിനോടൊപ്പം ഒരു ഹെൽത്ത് സെന്ററും സ്ഥാപിക്കുമെന്ന ധാരണാപത്രം ഒപ്പിട്ടതായും പിന്നീട് സർക്കാർ അനുവദിച്ച സ്ഥലത്ത് സ്വന്തം നിലയിൽ ഫ്‌ളാറ്റ് നിർമ്മിക്കാൻ യൂണിടാക്ക് എന്ന നിർമ്മാണ കമ്പനിയെ ചുമതലപ്പെടുത്തിയതായും പറയുന്നു. ഈ ധാരണക്കനുസരിച്ച് നിർമ്മാണത്തിനുള്ള പ്രതിഫലമായി യൂണി ടാക്കിന് വിദേശ ഫണ്ട് നൽകിയതാണ് എം എൽ എ യുടെ പരാതി. Foreign Contribution (Regulation) Act ലെ വ്യവസ്ഥകളുടെ ലംഘനം നടന്നതായാണ് അദ്ദേഹം ആരോപിക്കുന്നത്.

ഈ പരാതിയിൽ സിബിഐ യാതൊരു നിയമ പരിശോധനയുമില്ലാതെ ഈ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് അധികാര ദുർവ്വിനിയോഗമാണ്. Foreign Contribution (Regulation) Act പ്രകാരം വിദേശ ധനസഹായം സ്വീകരിക്കാൻ കഴിയുന്നതും കഴിയാത്തവരുമായി നിരവധി വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗങ്ങൾ ഏതെല്ലാമാണെന്ന് FCRA നിയമത്തിലെ 3, 4 വകുപ്പുകൾ കൃത്യമായി നിർവ്വചിക്കുന്നുണ്ട്.

വിദേശ ഏജൻസിയിൽ നിന്നും നിർമ്മാണ കരാറിന്റെ പ്രതിഫലം യൂണി ടാക്ക് കമ്പനിക്കാണ് നൽകിയതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. അത്തരത്തിൽ പ്രതിഫലമായി കൈപ്പറ്റിയ പണം ഏത് രീതിയിലാണ് ഈ നിയമ പ്രകാരം കുറ്റകരമാവുക ? കേവല വായനയിൽ തന്നെ നിയമപ്രകാരം ഇത്തരത്തിൽ നിർമ്മാണ കമ്പനിക്ക് പ്രതിഫലം സ്വീകരിക്കാവുന്നതാണെന്ന് വ്യക്തമാണ്. അതിനാൽ തന്നെ FIR ഉം അതിന്മേൽ നടത്തുന്ന അന്വേഷണവും കേവലം പ്രഹസനവും ദുരുദ്ദേശപരവും അധികാര ദുർവ്വിനിയോഗവും മാത്രമാണെന്നും ലോയേഴ്‌സ് യൂണിയൻ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സർക്കാർ ദുർബല വിഭാഗങ്ങൾക്ക് സൗജന്യമായി വീട് വെച്ച് നൽകാനായാണ് ലൈഫ് മിഷൻ ആസൂത്രണം ചെയ്തത്. കഴിഞ്ഞ 4 വർഷത്തിനകം രണ്ടര ലക്ഷം വീടുകൾ പണിത് നൽകി പാവപ്പെട്ട ജനങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കുന്നതിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കയാണ്. രാഷ്ട്രീയ വിരോധം വെച്ച് ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമായ പരാതികൾ നൽകി മുടക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേരാത്ത നടപടിയായിപ്പോയി. രാഷ്ട്രീയ പ്രേരിതമായി നിയമ വിരുദ്ധവും, അടിസ്ഥാനരഹിതവും ആയ പരാതികളിലൂടെ തോൽപ്പിക്കാനും വെല്ലുവിളിക്കാനും ശ്രമിക്കുന്നത് സാധാരണ ജനങ്ങളെയാണ്.

അടിസ്ഥാന രഹിതവും നിയമ വിരുദ്ധവും - രാഷ്ട്രീയ പ്രേരിതവുമായ പരാതിയിൽ പ്രാഥമിക പരിശോധന പോലും നടത്താതെ നടപടികൾ സ്വീകരിച്ച CBI നിയമ വാഴ്ചയെ ആണ് വെല്ലുവിളിക്കുന്നത്. രാഷ്ട്രീയ ഉദ്ദേശത്തോടെ കള്ളക്കേസുകൾ എടുത്ത് പരമോന്നത നീതിപീഠത്തിൽ നിന്ന് വരെ നിശിത വിമർശനം ഏറ്റുവാങ്ങിയിട്ടും, തിരുത്തലുകളില്ലാതെ രാഷ്ട്രീയ യജമാനന്മാരുടെ ആജ്ഞാനുവർത്തികളായി പ്രമുഖ ദേശീയ അന്വേഷണ ഏജൻസി തുടരുന്നത് അവരുടെ വിശ്വാസ തകർച്ചയ്ക്ക് ആക്കം കൂട്ടുക മാത്രമാണ് ചെയ്യുകയെന്നും സംഘടന പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP