Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൊവ്വാഴ്ച സംസ്ഥാനത്ത് ഒരിടത്തും റെഡ് അലർട്ട് ഇല്ല; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മൂലം കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴക്കെടുതിയിൽ മരണസംഖ്യ 83; കവളപ്പാറയിൽ കണ്ടെടുത്തത് 19 മൃതദേഹങ്ങൾ; മണ്ണിനടിയിൽ 40പേർ; ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എല്ലാ ക്യാമ്പുകളിലും സൗകര്യങ്ങൾ വേണമെന്ന് കളക്ടർമാർക്ക് നിർദ്ദേശം; മുഖ്യമന്ത്രി നാളെ ദുരന്ത മേഖലകളിലേക്ക്; വയനാട് പനമരത്ത് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ

ചൊവ്വാഴ്ച സംസ്ഥാനത്ത് ഒരിടത്തും റെഡ് അലർട്ട് ഇല്ല; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മൂലം കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴക്കെടുതിയിൽ മരണസംഖ്യ 83; കവളപ്പാറയിൽ കണ്ടെടുത്തത് 19 മൃതദേഹങ്ങൾ; മണ്ണിനടിയിൽ 40പേർ; ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എല്ലാ ക്യാമ്പുകളിലും സൗകര്യങ്ങൾ വേണമെന്ന് കളക്ടർമാർക്ക് നിർദ്ദേശം; മുഖ്യമന്ത്രി നാളെ ദുരന്ത മേഖലകളിലേക്ക്; വയനാട് പനമരത്ത് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മഴയും വെള്ളക്കെട്ടും ഇപ്പോഴും പല പ്രളയ ബാധിത മേഖലകളിലും നിലനിൽക്കുന്നുണ്ട്. അതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. ഒരിടത്തും റെഡ് അലർട്ട് ഇല്ല

നാല് ദിവസം നീണ്ട് നിന്ന മഴ അവസാനിച്ചതോടെ ദുരിതം ഒഴിഞ്ഞു എന്ന ആശ്വാസത്തിലാണ് മലയാളികൾ. വൻ ദുരന്തം സംഭവിച്ച ജില്ലകളിലെല്ലാം തന്നെ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായവും എത്തുന്നുമുണ്ട്. കേരളം പതിയെ സാധാരണ ഗതിയിലേക്ക് മടങ്ങുകയാണ്. അതേസമയം കേരളത്തിൽ വീണ്ടും മഴ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.ബംഗാൾ ഉൾക്കടലിൽ ഇപ്പോൾ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗദ്ധർ നൽകുന്ന മുന്നറിയിപ്പ്. മഴക്കെടുതിയിൽ ഇതുവരെ 83 പേർ മരിച്ചതായിട്ടാണ് വിവരം

ഒൻപത് ജില്ലകളിൽ നാളെ അവധി; പരീക്ഷകൾ മാറ്റി

മഴക്കെടുതിയെത്തുടർന്ന് ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി പ്രഖ്യാപിച്ചു.കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം,തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് അവധി. കേരള, മഹാത്മാഗാന്ധി, ആരോഗ്യ സർവകലാശാലകള് ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇതോടൊപ്പം മഹാത്മാഗാന്ധി സര്വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില് ഈ മാസം 14നു നടത്താനിരുന്ന വിദ്യാർ്ഥി യൂണിയൻ തിരഞ്ഞെടുപ്പും മാറ്റിവച്ചതായി രജിസ്ട്രാർ അറിയിച്ചു. ആരോഗ്യസർവകലാശാല നാളെയും മറ്റന്നാളും (13,14) നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു.

മരണസംഖ്യ 83

മഴക്കെടുതിയിൽ ഇതുവരെ 83 പേർ മരിച്ചതായിട്ടാണ് ഔദ്യോഗിക വിവരം. ഇന്ന് മാത്രം ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. കവളപ്പാറയിൽ നിന്നാണ് ആറ് മൃതദേഹങ്ങളും കണ്ടെത്തിയത്. മൊത്തം മരണ സംഖ്യ പ്രദേശത്ത് മാത്രം 19 ആയി. ഇനി 40 പേരെ ഇവിടെ നിന്നും കണ്ടെത്താനുണ്ട്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം

ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തീരമേഖലകളിൽ പ്രത്യേകിച്ച് മധ്യമേഖലയിലും തെക്കൻ കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാൽ കേരളത്തിൽ പ്രളയത്തിന് കാരണമായതു പോലെ അതിതീവ്രമഴ ഉണ്ടാകില്ല എന്നും അതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.ബുധൻ മുതൽ വെള്ളി (ഓഗസ്റ്റ് 14-16) വരെ മഴ പ്രതീക്ഷിക്കാം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലും, എറണാകുളത്തും കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും കേരള വെതർ പ്രവചിക്കുന്നു. ഓഗസ്റ്റ് 14ാം തീയതിയോടെ സംസ്ഥാനത്ത മഴ ദുർബലമാകുമെന്നാണ് കാലാവസ്ഥ പ്രവചന റിപ്പോർട്ട്.

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ

വയനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധയേറ്റ നാൽപ്പത്തിയഞ്ചോളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത ഭക്ഷണം കഴിച്ചതോടെയാണ് ആളുകൾക്ക് ശാരീരിക അവശത അനുഭവപ്പെട്ടത്. ബലി പെരുന്നാൾ ദിനമായതിനാൽ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു. പുറമെ നിന്നെത്തിയ സംഘം വിതരം ചെയ്ത ഭക്ഷണം കഴിച്ച പനമരം നീർവാരം സ്‌കൂളിലെ ക്യാമ്പിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്. ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റിയാണ് നീർവാരം സ്‌കൂളിൽ ഭക്ഷണം വിതരണം ചെയ്തത്.

മുഖ്യമന്ത്രി നാളെ ദുരന്ത മേഖലകളിൽ

വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദർശനം നടത്തും. റോഡുമാർഗ്ഗവും ഹെലികോപ്റ്ററിലുമാണ് മുഖ്യമന്ത്രി എത്തുക. വയനാട്ടിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലും അടക്കം ഉരുൾപൊട്ടലിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൃത്യമായ ഏകോപനമാണ് പിണറായി വിജയൻ നൽകിയത്. ദുരിതമുണ്ടായ പ്രദേശത്ത് അദ്ദേഹം എത്തുന്നത് ഈ വർഷം ഇത് ആദ്യമാണ്.

ക്യാമ്പുകളിലെ സൗകര്യങ്ങൾ വിലയിരുത്താൻ കളക്ടർമാർക്ക് നിർദ്ദേശം

ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ശുചീകരണത്തിന് മുൻഗണന നൽകുന്നതൊപ്പം ക്യാമ്പുകളിൽ ശൗചാലയങ്ങൾ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി യോഗം ചേർന്നത്. യോഗത്തിൽ ഓരോ ജില്ലകളിലെയും അവസ്ഥകൾ ജില്ലാ കളക്ടർമാർ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. രണ്ട് ദിവസമായി മഴ മാറി നിൽക്കുന്നതിനാൽ നിലവിൽ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങിയെന്ന് കളക്ടർമാർ അറിയിച്ചു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ജനങ്ങളെ ഒഴിപ്പിച്ചതായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കളക്ടർമാർ അറിയിച്ചു. മലയിടിച്ചിൽ ഉണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഇതിനാവശ്യമായ സേനാവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും കളക്ടർമാർ അറിയിച്ചു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളിൽ അവ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കളക്ടർമാർ അറിയിച്ചു.

നിലവിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകാതിരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തണം. ഒപ്പം വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. ആദ്യഘട്ടത്തിൽ കിണറുകൾ ശുചീകരിക്കുന്നതിന് മുൻഗണന നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരെയും ഏകോപിപ്പിച്ച് വേണം ഇവ നടപ്പിലാക്കാനെന്നും മുഖ്യമന്ത്രി നിർദ്ദേശം നകിയിട്ടുണ്ട്.

റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു

കനത്തമഴയെ തുടർന്ന് താറുമാറായ ഷൊർണൂർ-കോഴിക്കോട് പാതയിലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മംഗലാപുരം-നാഗർകോവിൽ ഏറനാട് എക്സ്‌പ്രസ് സ്‌പെഷൽ പാസഞ്ചറായി കടത്തിവിട്ടു. പാളങ്ങൾ ഗതാഗതയോഗ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണിത്. പാസഞ്ചർ ട്രെയിനുകളാണ് ആദ്യം കടത്തിവിടുക. രണ്ടുദിവസത്തിനകം ഗതാഗതം സാധാരണസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള മാവേലി, മലബാർ എക്സ്‌പ്രസുകളും ഇന്ന് പുറപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP