Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം കലക്ടറുടെ മെല്ലെപ്പോക്കിൽ രോഷം പൂണ്ടവർ ആവേശത്തോടെ ഉണർന്നു പ്രവർത്തിച്ചതോടെ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കാനുള്ള കലക്ഷൻ പോയിന്റുകൾ സജീവമായി; 'കൊടുക്കുന്നവർ എന്നും കൊടുക്കുന്നുണ്ട്, മോങ്ങുന്നവർ എന്നും മോങ്ങുന്നുമുണ്ട്.. കമോൺട്രാ ബ്രോസ്! എന്നു പറഞ്ഞ് സഹായിക്കാൻ മുന്നിട്ടിറങ്ങിയവർക്ക് ആവേശമായി കലക്ടർ ബ്രോ; രക്ഷാപ്രവർത്തനത്തിൽ സജീവമായി രാഷ്ട്രീയം മറന്ന് വിവിധ സന്നദ്ധ സംഘടനകളും; ദുരിതമുഖത്ത് ആശ്വാസം പകരാൻ കേരളം വീണ്ടും ഒരുമിക്കുമ്പോൾ

തിരുവനന്തപുരം കലക്ടറുടെ മെല്ലെപ്പോക്കിൽ രോഷം പൂണ്ടവർ ആവേശത്തോടെ ഉണർന്നു പ്രവർത്തിച്ചതോടെ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കാനുള്ള കലക്ഷൻ പോയിന്റുകൾ സജീവമായി; 'കൊടുക്കുന്നവർ എന്നും കൊടുക്കുന്നുണ്ട്, മോങ്ങുന്നവർ എന്നും മോങ്ങുന്നുമുണ്ട്.. കമോൺട്രാ ബ്രോസ്! എന്നു പറഞ്ഞ് സഹായിക്കാൻ മുന്നിട്ടിറങ്ങിയവർക്ക് ആവേശമായി കലക്ടർ ബ്രോ; രക്ഷാപ്രവർത്തനത്തിൽ സജീവമായി രാഷ്ട്രീയം മറന്ന് വിവിധ സന്നദ്ധ സംഘടനകളും; ദുരിതമുഖത്ത് ആശ്വാസം പകരാൻ കേരളം വീണ്ടും ഒരുമിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമായിരുന്നു കഴിഞ്ഞതവണ കേരളം കണ്ടത്. ആ പ്രളയത്തിന്റെ ദുരന്തമുഖത്ത് കേരളം ലോകത്തിന് ഒരു മാതൃക തീർത്തിരുന്നു. പരസ്പ്പര സഹകരണത്തിന്റെയും കൂട്ടായ്മയുടെയും അതീജീവനത്തിന്റെയും കഥയായിരുന്നു കേരളം ലോകത്തോട് പറഞ്ഞത്. ഈ മാതൃകയെയും സംഘാടനത്തെയും ലോകമാകെ വാഴ്‌ത്തുകയും ചെയ്തു. ഇത്തവണയും കേരളത്തെ ദുരിതത്തിലാക്കുന്ന വിധത്തിൽ കനത്ത മഴയാണ് കേരളത്തിൽ ഉണ്ടായത്. കവളപ്പാറയിലും പുത്തുമലയിലെയും ഉരുൾപൊട്ടലും നിലമ്പൂരിനെ മുഴുവൻ വെള്ളത്തിലാഴ്‌ത്തിയ പേമാരിയും കോട്ടക്കുന്നിലെ മണ്ണിടിച്ചിലുമെല്ലാം നടുക്കുന്ന സംഭവങ്ങളായി മാറി. ഇതിനോടകം ഒന്നര ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന അവസ്ഥയാണുള്ളത്. ഇവർക്ക് സഹായം എത്തിക്കാൻ വേണ്ടി സന്നദ്ധ സംഘടനകളും സർക്കാറുമെല്ലാം രംഗത്തു വന്നപ്പോൾ മുൻവർഷത്തെ ആവേശം എങ്ങും പ്രകടമായിരുന്നില്ല. തിരുവനന്തപുരം കലക്ടർ ഗോപാലകൃഷ്ണ പൈ ആകട്ടെ ദുരിതശ്വാസ സഹായായി സാധനങ്ങൾ ശേഖക്കേണ്ട കാര്യം ഇപ്പോഴില്ലെന്ന നിലപാടും കൈക്കൊണ്ടു. ഇതോടെ, കടുത്ത രോഷമാണ് സൈബർ ലോകത്ത് ഉണ്ടായത്.

കോഴിക്കോട് കലക്ടറും മുൻ കലക്ടർ പ്രശാന്ത് നായരും ദുരിതാശ്വാസ സഹായത്തിനായി അഭ്യർത്ഥിച്ചു കൊണ്ടിരിക്കവേയാമ് ഇത്തരത്തിൽ ഇപ്പോൾ വസ്തുക്കളൊന്നും സ്വീകരിക്കേണ്ട കാര്യമില്ലെന്ന് തിരുവനന്തപുരം കലക്ടർ പറഞ്ഞത്. ഇത് സഹായിക്കാൻ സന്നദ്ധരായി എത്തിയവരെ പോലും നിരാശരാക്കുന്ന കാര്യമായി പോയി. എന്തായാലും കലക്ടർക്കെതിരായ രോഷം അണപൊട്ടിയതോടെ തിരുവനന്തപുരത്തു നിന്നും ദുരിതബാധിത ഇടങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കാൻ ആളു കൂടി. പഴയ ആവേശം വീണ്ടെടുത്ത് കൂട്ടത്തോടെ സാധനങ്ങൾ ശേഖരിച്ചു തുടങ്ങി. ഇതോടെ ഇടയ്ക്ക് കൈമോശം വന്ന കൂട്ടായ്മ കേരളം തിരികെ പിടിക്കുകയാണ്.

ദുരിത ബാധിത മേഖലകളിലേക്ക് സഹായമെത്തിക്കാനുള്ള കളക്ഷൻ സെന്ററുകളിൽ തണുപ്പൻ പ്രതികരമെന്ന അവസ്ഥ മാറി ഇപ്പോൾ കൈമെയ് മറന്ന് എല്ലാവരും ഒരുമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ, സൈബർ ലോകത്ത് ഇടപെടൽ നടത്തിയത് കലക്ടർ ബ്രോ പ്രശാന്താണ് എന്ന കാര്യത്തിൽ മാത്രം ആർക്കും തർക്കമില്ല. ദുരിതം കേരളത്തെ പിടുകൂടിയ ഘട്ടത്തിൽ തന്നെ കംപാഷണേറ്റ് കോഴിക്കോടുമായി സഹകരിച്ച് എല്ലാ കാര്യങ്ങളും എത്തിക്കാൻ പ്രശാന്ത് മുന്നിൽ നിന്നു. കോഴിക്കോട്ടും വയനാട്ടിലും ദുരിതബാധിതർ കൂടുതലാണെന്ന് അറിഞ്ഞ് സോഷ്യൽ മീഡിയയെ ഉണർത്തുന്ന പോസ്റ്റുകൾ ഇട്ടു കൊണ്ടാണ് ബ്രോ ദുരിതാശ്വാസത്തിൽ മുന്നിൽ നിന്നത്. സഹായം നൽകാൻ തയ്യാറാകാതിരുന്നവരെ ലാക്കാക്കി കലക്ടർ ബ്രോ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: 'കൊടുക്കുന്നവർ എന്നും കൊടുക്കുന്നുണ്ട്, മോങ്ങുന്നവർ എന്നും മോങ്ങുന്നുമുണ്ട്.. കമോൺട്രാ ബ്രോസ്! - കലക്ടർ ബ്രോയുടെ ഈ ഡയലോഗ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ദുരിതബാധിതരുടെ നേർചിത്രം ചൂണ്ടിക്കാട്ടിയതും പ്രശാന്ത് നായരായിരുന്നു. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ക്യാംപുകളിൽ കഴിയുന്നവർക്ക് അത്യാവശ്യം വേണ്ട സാധന സാമഗ്രികളുടെ പട്ടികയാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രശാന്ത് നായർ പങ്കുവെച്ചത്. ജില്ലയിൽ 27 പഞ്ചായത്തുകളെയാണ് മഴ കാര്യമായി ബാധിച്ച കാര്യം സൂചിപ്പിച്ചായിരുന്നു അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതിയത്. ബ്രോസ്, സീരിയസ് കാര്യമാണ്. അത്യാവശ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആർദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാർട്ടിങ് ട്രബിൾ? എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ജില്ലയിലെ കലക്ഷൻ സെന്റർ സിവിൽ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളിൽ ആരംഭിച്ച വിവരവും പ്രശാന്ത് അറയിക്കുകയുണ്ടായി. പ്രശാന്തിന്റെ ഊർജ്ജസ്വലമായ ഇടപെടൽ കൊണ്ട് ഒരു ഘട്ടത്തിൽ പ്രശാന്തിനെ തിരുവനന്തപുരം കലക്ടറാക്കാൻ പറ്റുമോ എന്നു പോലും ആളുകൾ ചോദ്യം ഉന്നയിച്ചിരുന്നു.

തണുപ്പൻ പ്രതികരണ മാറി, കലക്ഷൻ സെന്ററുകൾ ഇപ്പോൾ ഊർജ്ജിതം

ദുരിതബാധിതമേഖലകളിലേക്ക് സഹായമെത്തിക്കാനുള്ള കളക്ഷൻ സെന്ററുകളിൽ തുടക്കത്തിൽ തണുപ്പൻ പ്രതികരണമായിരുന്നു. നിലമ്പൂർ, കണ്ണൂർ, കോഴിക്കോട്, വയനാട് പോലുള്ള മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ അവശ്യസാധനങ്ങൾ എത്തിക്കാൻ സാധിക്കാത്ത അവസ്ഥ വന്നു. എല്ലാ പ്രധാന കളക്ടറേറ്റുകളും കേന്ദ്രീകരിച്ച് കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ വേണ്ട അവശ്യസാധനങ്ങളുടെ ലിസ്റ്റും പുറത്തു വിട്ടു. എന്നാൽ, ഈ അവസ്ഥ മാറി. തിരുവനന്തപുരത്ത് കോർപ്പറേഷന്റെ നേതൃത്വത്തിലും വിവിധയിടങ്ങളിൽ കളക്ഷൻ സെന്ററുകൾ തുറന്നു. ഇവിടെ നിന്നും സാധനങ്ങൾ ലോറിയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചു തുടങ്ങി. തിരുവനന്തപുരം പ്രസ് ക്ലബിലും, എസ്എംവി സ്‌കൂളിലുമടക്കം പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ വേണ്ടത്ര സാധനങ്ങൾ എത്താതിരുന്ന അവസ്ഥ ഇപ്പോൾ മാറി, എല്ലായിടത്തും വേണ്ടത്ര സാധനങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. കുട്ടികൾക്കുള്ള ഡയപ്പറുകളുൾപ്പടെയുള്ള വസ്തുക്കൾ, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട അടി വസ്ത്രങ്ങൾ, മരുന്നുകൾ അങ്ങനെ നിരവധി സാധനങ്ങളും ആവശ്യമായിരുന്നിടത്താണ് ഇപ്പോൾ ലഭ്യമായി തുടങ്ങിയിരിക്കുന്നത്.

ആവശ്യമായി വസ്തുക്കൾ ലഭിക്കുന്നില്ലെന്ന പ്രചരണം തുടങ്ങിയതോടെ ഈ ക്ഷീണവും മാറ്റുന്ന വിധത്തിലായി സാധനങ്ങൾ എത്തിച്ചത്. ബിസ്‌ക്കറ്റുകൾ, റസ്‌ക്ക്ക്, സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങൾ, പായ, മരുന്നുകൾ, വെള്ളം. പയറുവർഗം, അരി, തോർത്ത് എന്നിവയാണ് അത്യാവശ്യമായി കോഴിക്കോടുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തേണ്ടിയിരുന്നു. ഇതും എത്തിക്കഴിഞ്ഞു. അതേസമയം പളയദുരിതബാധിതരെ സഹായിക്കാനായി പൊതുജനങ്ങൾ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. എന്നാൽ സഹായിക്കാൻ താൽപര്യമുള്ള ചിലർ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്. അങ്ങനെ ക്യാമ്പിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാ ക്യാമ്പുകളിലേക്കും ആവശ്യത്തിനുള്ള സാധനങ്ങൾ നൽകാൻ ജനം തയ്യാറാവകണം. അനാവശ്യ സാധനങ്ങൾ എത്തിക്കുന്നത് ഒഴിവാക്കണം. സാധനങ്ങൾ ശേഖരിക്കുന്നവർ ജില്ലാ കളക്ടർമാരുമായി ബന്ധപ്പെടണം. ക്യാമ്പിനുള്ളിൽ പോയി ആരെയും കാണരുത്, ചുമതലപ്പെടുത്തിയവർ മാത്രമാകണം ക്യാമ്പിൽ പ്രവേശിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായുള്ള സാധനങ്ങൾ ശേഖരിക്കുന്ന വിവിധ കേന്ദ്രങ്ങൾ തിരുവനന്തപുരത്ത് പ്രവർത്തനസജ്ജമായി. അവശ്യ സാധനങ്ങളുമായി ആദ്യ വണ്ടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നഗരസഭയും വിവിധ സന്നദ്ധ സംഘടനകളുമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ കേന്ദ്രങ്ങൾ തുടങ്ങിയത്. ഞാറാഴ്‌ച്ച ദിവസമായി ഇന്ന് വേണ്ടത്ര സാധനങ്ങൾ ഇവിടേക്ക് എത്തിയിട്ടുണ്ട്. മഹാപ്രളയത്തിലെന്ന പോലെ ഈ പ്രളയകാലത്തും ദൂരെ ക്യാമ്പിൽ കഴിയുന്നവർക്കായി കയ്യയച്ച് സഹായങ്ങളെത്തിക്കാൻ കൈകോർക്കുകയാണ് തലസ്ഥാനവാസികൾ. കുടിവെള്ളം, ബിസ്‌ക്കറ്റ് , ബേബി ഫുഡ്, ബെഡ്ഷീറ്റ്, കുട്ടികൾക്കുള്ള ഉടുപ്പുകളുമെല്ലാം കളക്ഷൻ സെന്ററുകളിൽ ശേഖരിക്കുന്നുണ്ട്.

ആദ്യ മണിക്കൂറുകളിൽ തണുത്ത പ്രതികരണമായിരുന്നെങ്കിലും പിന്നീട് കേന്ദ്രങ്ങൾ സജീവമായി. അവശ്യ സാമഗ്രികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. കൂടുതൽ കൗണ്ടറുകൾ വരും ദിവസങ്ങളിൽ തുറക്കാനാണ് നഗരസഭയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP