Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

എല്ലായിടത്തും ചാറ്റൽമഴ മാത്രം; റോഡുകളിൽ നിന്നും പുഴ പിന്മാറി; ഷട്ടറുകൾ പൂട്ടി അണക്കെട്ടുകൾ; ഗതാഗതം പുനരാരംഭിച്ച് കെഎസ്ആർടിസി; ട്രെയിൻ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ ദിവസങ്ങളെടുക്കും; 26 മുതൽ നെടുമ്പാശ്ശേരി സാധാരണ നിലയിലേക്ക്; പൊട്ടിപ്പൊളിഞ്ഞ റോഡുകളും ചെളി കയറിയ വീടുകളും ഒലിച്ചുപോയ റെയിൽ പാലങ്ങളും ജീവിത പ്രതിസന്ധി തുടരാൻ കാരണം ആകുന്നുവെങ്കിലും ഭൂമി മലയാളം അപകടനില പൂർണമായും തരണം ചെയ്തു

എല്ലായിടത്തും ചാറ്റൽമഴ മാത്രം; റോഡുകളിൽ നിന്നും പുഴ പിന്മാറി; ഷട്ടറുകൾ പൂട്ടി അണക്കെട്ടുകൾ; ഗതാഗതം പുനരാരംഭിച്ച് കെഎസ്ആർടിസി; ട്രെയിൻ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ ദിവസങ്ങളെടുക്കും; 26 മുതൽ നെടുമ്പാശ്ശേരി സാധാരണ നിലയിലേക്ക്; പൊട്ടിപ്പൊളിഞ്ഞ റോഡുകളും ചെളി കയറിയ വീടുകളും ഒലിച്ചുപോയ റെയിൽ പാലങ്ങളും ജീവിത പ്രതിസന്ധി തുടരാൻ കാരണം ആകുന്നുവെങ്കിലും ഭൂമി മലയാളം അപകടനില പൂർണമായും തരണം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അതെ നമ്മൾ അതിജീവിക്കും.. കേരളം പ്രളയക്കെടുതിയിൽ ആയ സമയം മുതൽ മലയാളികൾ എല്ലാവരും പറഞ്ഞു തുടങ്ങിയതാണ് ഈ വാക്കുകൾ. ആ അതീജീവനത്തിന്റെ വഴിയിലേക്ക് കേരളം കടന്നുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ന്യൂനമർദ്ദഭീതി ഒഴിഞ്ഞ് കേരളത്തിൽ അങ്ങോളമിങ്ങോളം മാനം തെളിഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നലെ മഴ പെയ്തത് ഒഴിച്ചാൽ മറ്റിടങ്ങളിൽ തെളിഞ്ഞ പ്രകൃതിയായിരുന്നു ഇന്നലെ. ഇതോടെ വരും ദിവസങ്ങളിൽ മാനം തെളിയുമെന്നും എല്ലാം ശരിയാകുമെന്നുമുള്ള പ്രതീക്ഷയാണ് നിലനിൽക്കുന്നത്. ഇനി പുനരധിവാസവും വീട്ടിലേക്കുള്ള തിരിച്ചുപോക്കുമാണ് മലയാളികളെ സംബന്ധിച്ചിടത്തോളം നിർണായകമാകുന്ന കാര്യം.

ദുരിതാശ്വാസ ക്യാംപുകളിൽ മാത്രം ഇപ്പോൾ കഴിയുന്നത് 10.58 ലക്ഷം പേരാണ്. ബന്ധുവീടുകളിലും മറ്റുമായി വേറെയും പതിനായിരങ്ങളുണ്ട്. പ്രളയഭീതിയൊഴിഞ്ഞ് അതിജീവനത്തിനൊരുങ്ങുന്ന കേരളത്തിന്റെ നേർകാഴ്‌ച്ച ഭീതിപ്പെടുത്തുന്നതാണ്. ചെങ്ങന്നൂർ മേഖലയിൽ 97 ശതമാനം പേരെയും കുട്ടനാട്ടിൽ 95 ശതമാനം പേരെയും ഒഴിപ്പിച്ചു. അതേസമയം, എറണാകുളം ജില്ലയിൽ പറവൂരിന്റെ ഉൾപ്രദേശങ്ങളായ പുത്തൻവേലിക്കര, വടക്കേക്കര, ചേന്ദമംഗലം എന്നിവിടങ്ങളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നു. ചിലർ ക്യാംപുകളിലേക്കു വരാൻ കൂട്ടാക്കുന്നില്ലെന്നും അധികൃതർ പറയുന്നു. തൃശൂരിന്റെ പടിഞ്ഞാറൻ മേഖലയിലാണ് ഇപ്പോൾ ദുരിതം. കരുവന്നൂർ പുഴ ഗതി മാറിയതിനെത്തുടർന്ന് ആറാട്ടുപുഴ, കാറളം, വല്ലച്ചിറ, ചേർപ്പ്, താന്ന്യം, അന്തിക്കാട് എന്നിവിടങ്ങളിൽ ആറടി വരെ വെള്ളം ഉയർന്നു. അര ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.

Stories you may Like

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ള കുമരകം, തിരുവാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥിതി ഗുരുതരമാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. അപ്പർ കുട്ടനാട് മേഖലയിൽ രക്ഷാപ്രവർത്തനം ഇന്നു പൂർത്തിയാകുമെന്നാണു പ്രതീക്ഷ. പത്തനംതിട്ട ജില്ലയിൽ റാന്നി, കോന്നി, പത്തനംതിട്ട, കോഴഞ്ചേരി മേഖലകൾ വെള്ളമൊഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്.

ഇന്നലെ റിപ്പോർട്ട് ചെയ്ത 25 മരണങ്ങളിൽ എട്ടെണ്ണം തൃശൂരിലും ഒൻപതെണ്ണം എറണാകുളത്തുമാണ്. അഞ്ചു ദിവസങ്ങളിലായി സംസ്ഥാനത്തു മഴക്കെടുതികളിൽ മരിച്ചവർ 220. ഇന്നലെ 13 പേർ മരിച്ചതായാണു സർക്കാരിന്റെ അറിയിപ്പ്. 7.24 ലക്ഷം പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ ജില്ലകളിൽനിന്നുള്ള കണക്കുകൾ പ്രകാരം 10,58,640 പേർ ക്യാംപുകളിലാണ്.

മഴ ദുർബലം; ജാഗ്രതാനിർദ്ദേശം പിൻവലിച്ചു

മഴ ദുർബലമായതോടെ സംസ്ഥാനത്തു ജാഗ്രതാനിർദ്ദേശം പൂർണമായി പിൻവലിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ചിലയിടങ്ങളിൽ മാത്രം ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ മഴയെ സ്വാധീനിക്കില്ല. അതേസമയം, മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

പകുതിയിലേറെ റൂട്ടുകളിൽ ട്രെയിനുകൾ ഓടിത്തുടങ്ങി

സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലാക്കുന്ന ജോലികൾ അവസാന ഘട്ടത്തിലേക്ക്. തിരുവനന്തപുരം കോട്ടയം എറണാകുളം പാതയും ഷൊർണൂർ കോഴിക്കോട് പാതയും ഇന്നലെ തുറന്നതോടെ 60 ശതമാനം റൂട്ടുകളിൽ ട്രെയിനുകൾ ഓടിത്തുടങ്ങി. ആലപ്പുഴ വഴിയും പാലക്കാട് ഷൊർണൂർ റൂട്ടിലും കോഴിക്കോട് മംഗളൂരു റൂട്ടിലും നേരത്തെ മുതൽ ട്രെയിനുകൾ ഓടുന്നുണ്ടായിരുന്നു.

ഷൊർണൂർഎറണാകുളം, കൊല്ലംചെങ്കോട്ട, തൃശൂർ ഗുരുവായൂർ റൂട്ടുകളിലാണ് ഇനി ഗതാഗതം പുനഃസ്ഥാപിക്കാനുള്ളത്. ഷൊർണൂർ എറണാകുളം പാത ഗതാഗത യോഗ്യമാക്കാനുള്ള തീവ്രശ്രമത്തിലാണു റെയിൽവേ. ഇന്നു രാവിലെ 10 മണിയോടെ ഇതിൽ ഷൊർണൂർതൃശൂർ പാത ഭാഗികമായി തുറക്കും. ഏതാനും പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തും. ഷൊർണൂർ എറണാകുളം പാതയിൽ ഇന്നു വൈകിട്ട് നാലുവരെ ഗതാഗതം നിർത്തി. മഴവെള്ളപ്പാച്ചിലിൽ കറുകുറ്റി, നെല്ലായി, വടക്കാഞ്ചേരി ഭാഗങ്ങളിൽ പാളങ്ങൾക്കു കേട് സംഭവിച്ചിട്ടുണ്ട്. നെല്ലായിൽ പാളത്തിന്റെ അടിഭാഗം ഒലിച്ചു പോയി.

ചാലക്കുടി ഭാഗത്തു വൈദ്യുതി ലൈനുകൾ പുനഃസ്ഥാപിക്കുന്ന ജോലികളും ബാക്കിയാണ്. ഗതാഗതയോഗ്യമാക്കിയ കോട്ടയം, ആലപ്പുഴ പാതകളിലൂടെ ഇന്നലെ ട്രെയിനുകൾ ഓടി. ഇന്ന് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും. പാലക്കാട്‌കോഴിക്കോട് പാതയിൽ മംഗളൂരുചെന്നൈ എഗ്മോർ, കോയമ്പത്തൂർ മംഗളൂരു ഇന്റർസിറ്റി, കോയമ്പത്തൂർമംഗളൂരു പാസഞ്ചർ എന്നീ ട്രെയിനുകളും മുഴുവൻ പാസഞ്ചറുകളും ഇന്നുമുതൽ ഒാടിത്തുടങ്ങും.

കണ്ണൂർയശ്വന്ത്പുർ സൂപ്പർ ഫാസ്റ്റ് ഇന്നലെ സർവീസ് ആരംഭിച്ചു. ഷൊർണൂർഎറണാകുളം പാത തുറക്കുന്നതോടെ ഇപ്പോൾ തിരുനെൽവേലി, മധുര വഴി തിരിച്ചു വിട്ടിരിക്കുന്ന ട്രെയിനുകൾ കേരളത്തിലൂടെ ഓടും. ഗതാഗതം പുനഃസ്ഥാപിച്ചാലും ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ ഒരാഴ്ചയോളം വേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. ഒന്നിലധികം ദിവസം യാത്ര ചെയ്യേണ്ട റൂട്ടുകളിലെ ദീർഘദൂര ട്രെയിനുകൾ സാധാരണ നിലയിലാകാൻ പിന്നെയും സമയം വേണ്ടി വരും. കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ കേരളത്തിലൂടെയുള്ള സർവീസുകളാണു ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്.

ഈമാസം 26 മുതൽ നെടുമ്പാശ്ശേരി വിമാനത്താവളം സാധാരണ നിലയിലാകും

തിങ്കളാഴ്‌ച്ച മുതൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ ആരംഭിക്കുന്ന ടെർമിനലിന്റെ പ്രവർത്തനനിയന്ത്രണം സിയാലിന്. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ സിയാൽ നേവൽ ബേസ് വിമാനത്താവളത്തിലേക്ക് മാറ്റും. സുരക്ഷാച്ചുമതലകൾക്കായി സിഐ.എസ്.എഫിനെയും വിന്യസിക്കും. 70 പേർക്ക് സഞ്ചരിക്കാവുന്ന എ.ടി.ആർ. വിമാനമായിരിക്കും താത്കാലിക സർവീസിന് ഉപയോഗിക്കുക. കൊച്ചിയിൽനിന്ന് ബെംഗളൂരുവിലേക്ക് രണ്ടു സർവീസുകളും കോയമ്പത്തൂരിലേക്ക് ഒരു സർവീസുമാണ് നിത്യേനയുള്ളത്. എയർ ഇന്ത്യയുടെ ഉപകമ്പനിയായ അലയൻസ് എയറാണ് ഈ മൂന്നു സർവീസുകളും നടത്തുക.

കൊച്ചി വിമാനത്താവളം 26-വരെയാണ് അടച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ ജീവനക്കാർ പലരും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. തിങ്കളാഴ്ച ഓരോ വകുപ്പിലെയും ജീവനക്കാരെയും ഉദ്യോഗസ്ഥരെയും വിമാനത്താവളത്തിലെത്തിച്ച് വിശദമായ പരിശോധന തുടങ്ങും. വിമാനത്താവളത്തിൽ എയർട്രാഫിക് കൺട്രോൾ ടവർ ഒഴികെ ബാക്കിയെല്ലായിടങ്ങളിലും വെള്ളം കയറിയിരുന്നു. ഉപകരണങ്ങളെല്ലാം പരിശോധിച്ച്, തകരാറുണ്ടെങ്കിൽ പരിഹരിച്ച് ഡി.ജി.സി.എ.യുടെ അനുമതിയുംകൂടി ലഭിച്ചതിനുശേഷമേ വിമാന സർവീസുകൾ പുനരാരംഭിക്കാൻ കഴിയൂ.

റൺവേയിൽനിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്. ആഭ്യന്തര ടെർമിനലിൽ വെള്ളം കയറി ഇലക്ട്രിക്കൽ ഉപകരണങ്ങൾ തകരാറിലായതിനാലാണ് വിമാനസർവീസുകൾ പെട്ടെന്ന് പുനരാരംഭിക്കാൻ കഴിയാത്തത്. ആഭ്യന്തര ടെർമിനലും റൺവേയും ഓപ്പറേഷൻ ഏരിയയും പൂർണമായും ശുചീകരിക്കേണ്ടതുണ്ട്.

അണക്കെട്ടുകൾ ഷട്ടറിട്ടു

കനത്ത മഴ കുറഞ്ഞതോടെ അണക്കെട്ടുകൾക്ക് ഷട്ടറുകൾ വീണു തുടങ്ങി. വിവിധ അണക്കെട്ടുകളിൽ നിന്നു പുറത്തുവിടുന്ന ജലത്തിന്റെ അളവ് കുറച്ചതോടെ സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് താണുതുടങ്ങി. മഴയുടെ ശക്തി കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. പത്തനംതിട്ട ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടുകളുടെ ഷട്ടറുകൾ അടച്ചുതുടങ്ങി. നിലവിൽ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ മാത്രമാണ് നേരിയ തോതിൽ തുറന്നിരിക്കുന്നത്. പമ്പയിൽ 33 മില്ലിമീറ്ററും കക്കിയിൽ 70 മില്ലിമീറ്ററും മഴ പെയ്തു. ഇന്നലെ പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. വയനാട്ടിൽ ബാണാസുര, കാരാപ്പുഴ അണക്കെട്ടുകളിൽനിന്നു പുറത്തുവിടുന്ന ജലത്തിന്റെ അളവ് കുറച്ചു. ബാണാസുരയുടെ നാലു ഷട്ടറുകളിൽ ഒരെണ്ണം കഴിഞ്ഞ ദിവസം അടച്ചു.

ഡാമുകളിലെ ഇപ്പോഴത്തെ സ്ഥിതി: (ജലനിരപ്പ്)

ഇടുക്കി 2402.20 അടി, മുല്ലപ്പെരിയാർ 140 അടി, പമ്പ 986 മീറ്റർ, കക്കി ആനത്തോട് 981.41 മീറ്റർ, ബാണാസുര 774.60 മീറ്റർ, കാരാപ്പുഴ 758. 2 മീറ്റർ, ഭൂതത്താൻകെട്ട് 29.70 മീറ്റർ, കക്കയം 2485.8 അടി, പെരുവണ്ണാമൂഴി 129.9 അടി, തെന്മല പരപ്പാർ 384.79 അടി, ചിമ്മിനി 75.5 മീറ്റർ, വാഴാനി 61.51 മീറ്റർ, ഇടമലയാർ 168.33 മീറ്റർ

റോഡുകളിൽ നിന്നും പിന്മാറി പ്രളയജലം

തുടർച്ചയായ രണ്ടാംദിവസവും മഴ കരുണ കാണിച്ചതോടെ കേരളം പ്രളയത്തിന്റെ പിടിയിൽ നിന്ന് പതിയെ മോചനം നേടുന്നു. റോഡുകളിൽ നിന്നും പ്രളയജലം പിന്മാറി ഗതാഗതം പുനഃസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ തകർന്ന റോഡുകളാണ് പ്രശ്‌നത്തിന് ഇടയാക്കുന്നത്. 23 വരെ കാര്യമായ മഴ പെയ്യില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രക്ഷാപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനി ജനജീവിതം സാധാരണ നിലയിലാക്കാനാണ് സർക്കാരിന്റെ മുൻഗണന. പുനരധിവാസ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

3734 ദുരിതാശ്വാസ ക്യാന്പുകളിലായി എട്ടര ലക്ഷത്തോളം പേർ(8,46,680). ഞായറാഴ്ച 22,034 പേരെ രക്ഷപ്പെടുത്തി. റോഡുകൾ നശിച്ചതിൽ 4450 കോടി രൂപയുടെ പ്രാഥമിക നഷ്ടം. 221 പാലങ്ങൾ പ്രളയത്തിൽ പെട്ടു. ഇതിൽ 59 പാലങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഞായറാഴ്ച മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 പേർ മരിച്ചു. ഇടുക്കിയിൽ ഒരു സ്ത്രീ വെള്ളത്തിൽ വീണു മരിച്ചു. ചെങ്ങന്നൂരിൽ കല്ലിശ്ശേരി മോഹനന്റെ മകൻ ശ്യാം മരിച്ചു. കുട്ടനാട്ടിൽ ഒരു രക്ഷാപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്ത് അഞ്ചുപേർ മരിച്ചു. ഏലൂരിൽ പ്രളയത്തിൽപ്പെട്ട വീടിന്റെ അവസ്ഥ കണ്ട് വീട്ടുടമ ഹൃദയം തകർന്ന് മരിച്ചു. കഴിഞ്ഞദിവസം പള്ളിമേട തകർന്ന് കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കിട്ടി. രക്ഷാപ്രവർത്തനത്തിനിടെ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. കഴിഞ്ഞദിവസം എറണാകുളത്ത് ദുരിതാശ്വാസ ക്യാന്പുകളിൽ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചിരുന്നു. പാലക്കാട് നെന്മാറയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെകൂടി മൃതദേഹം കിട്ടി. കോഴിക്കോട് ജില്ലയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ഒരാളുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. തൃശ്ശൂരിൽ അഞ്ചുപേരുടെ മരണംകൂടി സ്ഥിരീകരിച്ചു.

ചെങ്ങന്നൂരിൽ ഇരമല്ലിക്കര ഭാഗത്ത് ഒരുവീട്ടിൽ രണ്ടുപേർ മരിച്ചുകിടക്കുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പലയിടത്തും മൃതദേഹങ്ങളുടെ മണമാണെന്നും പറയുന്നു. പാണ്ടനാട്, മംഗലം, ഇരമല്ലിക്കര, കല്ലിശ്ശേരി എന്നിവിടങ്ങളിലെല്ലാം മരണമുണ്ടായിട്ടുണ്ടെന്ന് രക്ഷാപ്രവർത്തകരും പറഞ്ഞു. പലയിടത്തും വെള്ളമിറങ്ങിയപ്പോൾ മൃതശരീരങ്ങൾ ഒഴുകി നടക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. ചെങ്ങന്നൂരെ കാറ്റിന് ഇപ്പോൾ അഴുകിയ ഗന്ധമാണ്. ആലപ്പുഴയിൽ പ്രളയത്തിൽപ്പെട്ട് 817 കാലികൾ ചത്തതായി ക്ഷീരവികസന വകുപ്പ്. ഇതിനൊപ്പം മറ്റു വളർത്തുമൃഗങ്ങളും വൻതോതിൽ ചത്തിട്ടുണ്ട്.

ആലുവയിലും ചാലക്കുടിയിലും കുട്ടനാട്ടിലും വെള്ളം താഴ്ന്നുതുടങ്ങി. ചെങ്ങന്നൂരിൽ ഒറ്റപ്പെട്ട വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. പെരിയാറിൽ ജലനിരപ്പ് അഞ്ചടിയോളം താഴ്ന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിൽ ചെളി നിറഞ്ഞതിനാൽ പകർച്ചവ്യാധികൾ തലപൊക്കുമെന്ന ആശങ്കയുണ്ട്. കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 97 ശതമാനം പേരെയും രക്ഷിച്ചതായി ആലപ്പുഴ ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. ചെങ്ങന്നൂരിൽ പലരും വീടുവിട്ട് ദുരിതാശ്വാസ ക്യാന്പിലേക്ക് പോകാൻ തയ്യാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പത്തനംതിട്ടയിൽ ഞായറാഴ്ച മഴ മാറിനിന്നത് രക്ഷാപ്രവർത്തനത്തിന്റെ വേഗംകൂട്ടി. അപ്പർ കുട്ടനാട് പ്രദേശവും പന്തളവും മെല്ലെ കരകയറുന്നു. തിരുവല്ലയിൽ മാത്രം 56 ബോട്ടുകൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു.

മഴ കുറഞ്ഞതോടെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പിൻവലിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്. കുട്ടനാട്ടിലെ എല്ലാ ആശുപത്രികളിലും വെള്ളം കയറി പ്രവർത്തനം മുടങ്ങി. ഇവിടത്തെ ഉപകരണങ്ങൾ നാശത്തിന്റെ വക്കിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക സെൽ തുടങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാൽ തിങ്കളാഴ്ച മുതൽ കൊച്ചി നേവൽ ബേസ് വിമാനത്താവളത്തിൽ നിന്ന് കോയന്പത്തൂരിലേക്കും ബെംഗളൂരുവിലേക്കും താത്കാലിക വിമാനസർവീസ് ആരംഭിക്കും.

ഇടുക്കി ചെറുതോണി, മുല്ലപ്പെരിയാർ, എറണാകുളം ഇടമലയാർ, പത്തനംതിട്ട കക്കി തുടങ്ങിയ പ്രധാന അണക്കെട്ടുകളിൽ നിന്നെല്ലാം വെള്ളം പുറത്തേക്കൊഴുക്കുന്നതിന്റെ അളവ് കുറച്ചു. ഇടുക്കി അണക്കെട്ടിൽ നേരിയ തോതിൽ വെള്ളം ഉയരുന്നുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2402.30 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിൽ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ജലനിരപ്പ് 140 അടിയിലെത്തി. ഗതാഗതമാർഗങ്ങൾ പലതും പുനഃസ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി.യുടെ ദീർഘദൂര ബസുകൾ 80 ശതമാനവും പുനരാരംഭിച്ചു. ബെംഗളൂരു, മൈസൂർ, കോയമ്പത്തൂർ, മൂകാംബിക, വോൾവോ, സ്‌കാനിയ ബസുകൾ തിങ്കളാഴ്ച ഓടിത്തുടങ്ങും.

പുനരധിവാസത്തിന് സഹായിക്കാമെന്ന് യു.എൻ.

പ്രളയക്കെടുതിയിൽപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കേരളത്തിന് ഐക്യരാഷ്ട്രസഭയുെട സഹായവാഗ്ദാനം. മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ത്യയിലെ യു.എൻ. റസിഡന്റ് കമ്മിഷണർ അറിയിച്ചതാണിക്കാര്യം. കേരളം അനുവദിച്ചാൽ ഇവിടെയെത്തി പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാമെന്നും യു.എൻ. പ്രളയ പ്രതിസന്ധിയെ ഒരുമയോടെ നേരിട്ട കേരളത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അഭിനന്ദനം. രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ ഗവർണർ പി. സദാശിവത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും രാഷ്ട്രപതി ഫോണിൽ ചോദിച്ചറിഞ്ഞു. രാജ്യം കേരളജനതയ്‌ക്കൊപ്പമുണ്ടെന്ന് ഉറപ്പുനൽകി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന സൈന്യം, ദുരന്തനിവാരണ സേന, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, യുവജനങ്ങൾ എന്നിവരുടെ പ്രതിബദ്ധതയെ രാഷ്ട്രപതി അഭിനന്ദിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP