Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

മലബാറിൽ മഴയുടെ ശക്തി കുറഞ്ഞപ്പോൾ വെള്ളം കുതിച്ചുയരുന്നത് മധ്യ തിരുവിതാംകൂറിൽ; മീനച്ചിലാറും വേമ്പനാട്ടു കായലിലും ജലനിരപ്പ് ഉയർന്നത് കോട്ടയം നഗരത്തെ പ്രതിസന്ധിയിലാക്കുന്നു; പമ്പയും അച്ചൻകോവിലും നിറഞ്ഞു കവിഞ്ഞതോടെ കുട്ടനാട്ടുകാർ പലായനം തുടങ്ങി; അഴിമുഖത്തെ ആർത്തലകളും ഭാരതപ്പുഴയുടെ തിരിച്ചൊഴുക്കും ആശങ്ക കൂട്ടുന്നു; ഭാവം മാറിയെത്തുന്ന കാർമേഘങ്ങൾ കേരളത്തെ ഇനിയും വേട്ടയാടുമെന്ന ആശങ്കയും ശക്തം

മലബാറിൽ മഴയുടെ ശക്തി കുറഞ്ഞപ്പോൾ വെള്ളം കുതിച്ചുയരുന്നത് മധ്യ തിരുവിതാംകൂറിൽ; മീനച്ചിലാറും വേമ്പനാട്ടു കായലിലും ജലനിരപ്പ് ഉയർന്നത് കോട്ടയം നഗരത്തെ പ്രതിസന്ധിയിലാക്കുന്നു; പമ്പയും അച്ചൻകോവിലും നിറഞ്ഞു കവിഞ്ഞതോടെ കുട്ടനാട്ടുകാർ പലായനം തുടങ്ങി; അഴിമുഖത്തെ ആർത്തലകളും ഭാരതപ്പുഴയുടെ തിരിച്ചൊഴുക്കും ആശങ്ക കൂട്ടുന്നു; ഭാവം മാറിയെത്തുന്ന കാർമേഘങ്ങൾ കേരളത്തെ ഇനിയും വേട്ടയാടുമെന്ന ആശങ്കയും ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാലവർഷ കെടുതിയിൽ ഉഴറുന്ന വടക്കൻ കേരളത്തിന് പിന്നാലെ തെക്കൻ കേരളത്തിലും ആശങ്ക കൂടുന്നു. ഇന്നലെ വടക്കൻ ജില്ലകളിൽ മഴയുടെ തോത് കുറവായിരുന്നു. എന്നാൽ, ഇന്ന് വയനാട്ടിലും കണ്ണൂരിലും കാസർകോട്ടും ഞായറാഴ്ച അതിതീവ്രമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് അതുകൊണ്ട് തന്നെ ഇവിടെ ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. വടക്കൻ കേരളത്തിൽ നിന്നും മഴ മധ്യകേരളത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയും ഇന്നലെ ലഭിച്ചു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട് ബാധകമാണ്.

Stories you may Like

അതേസമയം വടക്ക് മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യതിരുവിതാംകൂർ ആശങ്കയിലാണ് ചെങ്ങന്നൂരും കോട്ടയവും കൂട്ടനാടുമാണ് കടുത്ത ആശങ്കയിൽ കഴിയുന്നത്. പാലയിലും കോട്ടയത്തും മലവെള്ളം ഒലിച്ചെത്തി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ മാത്രം 24 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിട്ടും പ്രളയബാധിത മേഖലകളിൽ നിന്ന് മാറാൻ തയ്യാറാകാത്തവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പമ്പ, അച്ചൻകോവിൽ നദികളാണ് ചെങ്ങന്നൂരിലൂടെ ഒഴുകുന്നത്. ഇവ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങി. കഴിഞ്ഞ പ്രളയം ദുരിതം വിതച്ച പാണ്ടനാട്, തിരുവൻവണ്ടൂർ, ബുധനൂർ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. നൂറുകണക്കിന് വീടികളിലും കൃഷിയിടങ്ങളിലും വെള്ളം കയറിത്തുടങ്ങി.

രാവിലെ ആറ് ക്യാമ്പുകളാണ് ആരംഭിച്ചതെങ്കിൽ വൈകിട്ടോടെ ക്യാമ്പുകളുടെ എണ്ണം വർധിച്ചു. ഇപ്പോൾ 24 ക്യാമ്പുകളിലായി 2000 ആളുകൾ അഭയം തേടിയിട്ടുണ്ട്. പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡുതല പ്രളയ ദുരിതാശ്വാസ കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. രാത്രിയിൽ വെള്ളം കൂടുതൽ ഒഴുകി എത്തിയാൽ യുദ്ധകാലാടിസ്ഥാനത്തിൽ ആളുകളെ ഒഴിപ്പിക്കാനാണ് നിർദ്ദേശം. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ്, ഐടിബിപി സേനാംഗങ്ങൾ ചെങ്ങന്നൂരിൽ ക്യാമ്പുചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി വാഹനങ്ങളും ബോട്ടുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് സജി ചെറിയാൻ എംഎൽഎ അറിയിച്ചു. പമ്പ, അച്ചൻകോവിൽ നദികളുടെ തീരത്ത് താമസിക്കുന്നവർ എത്രയും പെട്ടന്ന് ക്യാമ്പുകളിലേക്ക് മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നദിയിൽ നിന്ന് മീൻ പിടിക്കുക, ഫോട്ടോയെടുക്കുക തുടങ്ങിയ കാര്യങ്ങൾ നിരോധിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി തുടർന്നാൽ ചെങ്ങന്നൂരിലെ സ്ഥിതി ആശങ്കാജനകമാകും.

കുട്ടനാട്ടിലും ആശങ്ക പെരുകുന്നു

കിഴക്കൻ വെള്ളത്തിന്റെ വരവു കൂടിയതോടെ കുട്ടനാട് പ്രദേശവും കടുത്ത ആശങ്കയിലാണ്. പ്രദേശത്തു ജലനിരപ്പു വീണ്ടും ഉയർന്ന കൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. സ്വന്തം വീട് ഉപേക്ഷിച്ച് പലരും ബന്ധു വീടുകളിലേക്കു മാറിത്തുടങ്ങി. ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരുടെ എണ്ണം ആയിരത്തി അഞ്ഞൂറോളമായി. പൊതുഗതാഗതത്തെ ബാധിക്കും വിധം റോഡുകളിലും വെള്ളം കയറിതുടങ്ങിയിട്ടുണ്ട്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും കേരളത്തിലെ മറ്റു ജില്ലകളും മഴക്കെടുതികൾക്കു നടുവിലാണ്. ഇടവിട്ടുള്ള ശക്തമായ മഴയിൽ പമ്പയിലും അച്ഛൻ കോവിലാറിലും ജലനിരപ്പ് ഉയരുന്നത് പത്തനംതിട്ടയിൽ ആശങ്കയേറ്റുന്നു. നദി തീരങ്ങളിലെ കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി. താഴൂർക്കടവിൽ റോഡിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. പന്തളത്തു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കാര്യമായ കൃഷിനാശവും ഉണ്ടായി.

റെഡ് അലർട്ട് നിലവിലിരുന്നെങ്കിലും ഇടുക്കിയിൽ ശനിയാഴ്ച കാര്യമായ മഴയുണ്ടായില്ല. തൊടുപുഴ കുടയത്തൂരും അട്ടപ്പള്ളത്തുമുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശമുണ്ടായി. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്ന മൂന്നാർ, മാങ്കുളം പാതകൾ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. പെരിയവാര പാലം തകർന്നതോടെ മറയൂർ മൂന്നാം ദിനവും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 35 ശതമാനം വെള്ളമെ ഉള്ളു. മുല്ലപെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 127 അടി പിന്നിട്ടു.

മണിമലയാർ കരകവിഞ്ഞൊഴുകി, അമ്പതോളം വീടുകൾ വെള്ളത്തിനടിയിൽ

കനത്തമഴയിൽ മണിമലയാർ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെണ്ണിക്കുളത്തും മല്ലപ്പള്ളിയിലുമായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. മല്ലപ്പള്ളി-ആനിക്കാട്, കീഴ്‌വായ്പൂര്-പടുതോട്, മല്ലപ്പള്ളി-മഞ്ഞത്താനം, മല്ലപ്പള്ളി-മുരണി റോഡുകൾ വെള്ളത്തിലായതിനാൽ ഗതാഗതം തടസ്സപ്പെട്ടു.

തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയിൽ വെള്ളം കയറി. കോട്ടയം, ആനിക്കാട് റോഡരികിലെ കെട്ടിടങ്ങളുടെ താഴത്തെനിലകൾ വെള്ളത്തിലായതിനാൽ കടകളിലെ സാധനങ്ങൾ മാറ്റി. പുന്നമറ്റം, പരിയാരം ആനക്കുഴി, മഞ്ഞത്താനം, കീഴ്‌വായ്പൂര് പറകാട്ട്പടി, മടുക്കമൺ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. കീഴ്‌വായ്പൂര് നിന്ന് ക്ഷേത്രംവഴി പടുതോടിനുള്ള റോഡിൽ രണ്ടിടത്ത് 200 മീറ്റർ ദൂരം വെള്ളത്തിനടിയിലായി. ഇവിടെ വെള്ളിയാഴ്ച രാവിലെ മുതൽ ഗതാഗതം മുടങ്ങി. മല്ലപ്പള്ളി സെന്റ് മേരീസ് സ്‌കൂളിൽ പയ്യമ്പള്ളിത്താഴെ ഭാഗത്തെ രണ്ട് കുടുംബങ്ങളിലെ പത്ത് പേർ താമസിക്കുന്നു. വെണ്ണിക്കുളം ഇടത്തറ കോളനിയിലെ അഞ്ച് വീടുകളിലെ 19 പേർ വെണ്ണിക്കുളം എസ്.ബി. എൽ.പി.സ്‌കൂളിലേക്ക് മാറി. മുട്ടത്തുമൺ ഭാഗത്തെ വീടുകളിൽനിന്നുള്ളവർക്കായി സി.എം.എസ്. സ്‌കൂളിൽ ക്യാമ്പ് ഒരുക്കി.

കല്ലൂപ്പാറ പഞ്ചായത്തിൽ മണിമലയാറിനോട് ചേർന്ന മിക്കഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കുറഞ്ഞുക്കടവ്-കൊല്ലമലപ്പടി റോഡിൽ ഗതാഗതം മുടങ്ങി. ഒൻപതാം വാർഡിലെ ഇരുപത്തഞ്ചോളം വീടുകളിൽ വെള്ളം കയറി. മല്ലപ്പള്ളി മേഖലയിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾ വിലയിരുത്താൻ ശനിയാഴ്ച രണ്ടിന് താലൂക്ക് ഓഫീസിൽ യോഗം ചേരും.

കടൽക്ഷോഭത്താൽ അഴിമുഖത്ത് കൂറ്റൻ തിരമാല; ഭാരതപ്പുഴ തിരിച്ചൊഴുകി

ഭാരതപ്പുഴ തിരിച്ചൊഴുകിയതോടെ കരയിൽ വലിയ പ്രളയമാണ് ഇന്നലെ ഉണ്ടായത്. പാലക്കാട് ജില്ല മുതൽ പൊന്നാനി വരെയുള്ള ഭാഗങ്ങളിൽ പുഴ കരകവിഞ്ഞ് വൻ നാശനഷ്ടം സംഭവിച്ചു. ഭാരതപ്പുഴ പൊന്നാനി അഴിമുഖത്തു വച്ചാണ് കടലിൽ ചേരുന്നത്. എന്നാൽ, വെള്ളിയാഴ്ച രാവിലെ മുതൽ കടൽക്ഷോഭം മൂലം അഴിമുഖത്ത് കൂറ്റൻ തിരമാലകുണ്ടായി. ഇതോടെ ഭാരതപ്പുഴയിൽ നിന്നുള്ള വെള്ളം തിരിച്ചൊഴുകി. വെള്ളിയാഴ്ച ഉച്ചയോടെ പുഴ എല്ലാ ഭാഗങ്ങളിലും കരകവിയാൻ തുടങ്ങി. പൊന്നാനിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്.

തിരൂർ, പൊന്നാനി താലൂക്കുകളിലെ മിക്ക ഭാഗങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. പുഴയോരത്തെ ആയിരത്തിലധികം കുടുംബങ്ങൾ വീടു വിട്ടു. തിരൂർ താലൂക്കിലെ പുറത്തൂർ, തൃപ്രങ്ങോട്, തിരുനാവായ, താനാളൂർ, കുറ്റിപ്പുറം, ഇരമ്പിളിയം എന്നിവിടങ്ങളിലായി എട്ടു ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ച് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെള്ളം കയറിയ വീടുകളിൽ കുടുങ്ങിയവരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഭാരതപ്പുഴ കരകവിയുന്നതിനാൽ അധികൃതർ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡുകളിൽ വെള്ളം പൊങ്ങിയതിനാൽ പലയിടങ്ങളിലും ഗതാഗതം മുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വർഷം പ്രളയകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് ജലനിരപ്പ് മറികടന്ന് ഭാരതപ്പുഴ ഇരുകരയും കവിഞ്ഞ് കുത്തിയൊഴുകുന്നു. കഴിഞ്ഞവർഷത്തെ 10.02 അടി എന്ന റെക്കോർഡ് ജലനിരപ്പാണ് വെള്ളിയാഴ്ച രാത്രിയോടെ മറികടന്നത്. ഓരോ മണിക്കൂറിലും പുഴയിലെ ജലനിരപ്പ് ഏറിവരികയാണ്. പുഴയോര പ്രദേശങ്ങൾ എല്ലാം വെള്ളത്തിന് അടിയിലാണ്. മഴയ്ക്കും വെള്ളപ്പൊക്കത്തിനും പുറമേ ശക്തമായ കാറ്റ് വീശുന്നത് ഏറെ ഭീതി ഉയർത്തുകയാണ്. പ്രധാന റോഡുകളിലും വീടുകൾക്കു മുകളിലുമെല്ലാം മരം വീണ് അപകടമുണ്ടായി.

മലപ്പുറം പാലക്കാട് അതിർത്തി പ്രദേശമായ കുമ്പിടി പ്രദേശം വെള്ളത്തിനടിയിലാണ്. മിനിപമ്പയിലെ ശിവപ്രതിമ പൂർണമായും മുങ്ങി. മിനിപമ്പ ടൂറിസം പ്രദേശത്തെ വ്യൂ പോയിന്റിന് മുകളിലൂടെയാണ് പുഴ ഒഴുകുന്നത്. കുറ്റിപ്പുറം ചെമ്പിക്കൽ പ്രദേശത്തു പുഴ കരകവിഞ്ഞു. പുഴയിൽനിന്ന് വെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് കുറ്റിപ്പുറം ടൗണിൽ വെള്ളം കയറി. കഴിഞ്ഞ വർഷത്തെ പ്രളയ അനുഭവം ഓർത്ത് നിലവിൽ വെള്ളം കയറാത്ത പ്രദേശങ്ങളിലെ കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചിരിക്കുകയാണ്. കടലോര മേഖലയിൽ ഇടയ്ക്കിടെ ശക്തമായ തിരയടിയുണ്ടാകുന്നതൊഴിച്ചാൽ കാര്യമായ ദുരിതങ്ങളൊന്നും ഇപ്പോഴില്ല. എങ്കിലും മുൻകരുതലുകളെടുക്കാൻ റവന്യു വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭാരതപ്പുഴയിൽനിന്നു വെള്ളം കയറിയതിനെ തുടർന്ന് കുറ്റിപ്പുറം ഹൈസ്‌കൂൾ കടവ് പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുറ്റിപ്പുറം കഴുത്തല്ലൂർ എൻഐഎ യുപി സ്‌കൂളിലും പേരശ്ശനൂർ സ്‌കൂളിലും ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 2 ക്യാംപുകളിലുമായി നൂറോളം കുടുംബങ്ങളാണ് കഴിയുന്നത്. തവനൂർ പഞ്ചായത്തിലെ പുഴയോര പ്രദേശങ്ങളായ നേഡറ്റ്, അതളൂർ, തൃപാലൂർ, നാലുസെന്റ് കോളനി, മദിരശ്ശേരി ഭാഗങ്ങളിൽ നിന്നായി 57 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തവനൂർ കാർഷിക എൻജിനീയറിങ് കോളജിലെ ദുരിതാശ്വാസ ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്. കുറ്റിപ്പുറം തിരൂർ റോഡിലും ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്. മഞ്ചാടി മില്ലിന് സമീപത്തും ചെമ്പിക്കൽ ഭാഗത്തുമാണ് റോഡ് വെള്ളത്തിനടിയിലായത്. ഈ ഭാഗത്തെ 27 വീടുകളിലും വെള്ളം കയറി.

പൊന്നാനിയിൽ ഈശ്വരമംഗലം, ഈഴുവതിരുത്തി, കുറ്റിക്കാട്, ചമ്രവട്ടം തുടങ്ങിയ ഭാഗങ്ങളിൽനിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചു. കർമ റോഡും കടന്ന് പുഴ തീരമേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കരിമ്പന, ഗുലാബ് നഗർ തുടങ്ങിയ ഭാഗങ്ങളിൽ പുഴ ദേശീയപാതയിലേക്കു കടന്നു. ഈശ്വരമംഗലം മേഖലയിലെ റോഡുകൾ പലതും വെള്ളത്തിലാണ്. രക്ഷാപ്രവർത്തനത്തിനായി വിവിധ സംഘടനകളും നാട്ടുകാരുമെല്ലാം കർമനിരതരായി രംഗത്തിറങ്ങിയിട്ടുണ്ട്. പുഴ ഇനിയും കരയിലേക്കു കടക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഇതിനാൽ പുഴയോര ഭാഗങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്.

സംസ്ഥാനത്തെ 1,318 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 1,65,519 പേരാണ്, 4311 പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: ശനിയാഴ്ച വൈകിട്ട് മൂന്നുമണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 1,318 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 46,400 കുടുംബങ്ങളിൽനിന്നുള്ള 1,65,519 പേർ. 57 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 196 വീടുകൾ പൂർണമായും 2234 വീടുകൾ ഭാഗികമായും തകർന്നു. അതേസമയം 4311 പേരെ രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു. വയനാട്ടിൽ പുത്തുമലയുടെ സമീപപ്രദേശമായ റാണിമലയിൽ കുടുങ്ങിക്കിടന്ന മറുനാടൻ തൊഴിലാളികളടക്കം 40 പേരെ വനംവകുപ്പിന്റെ നേതൃത്വത്തിൽ രക്ഷിച്ചു.

ഏറ്റവും കൂടുതൽ ക്യാമ്പുകൾ കോഴിക്കോട് ജില്ലയിലാണ്, 287. ഇവിടെ 11055 കുടുംബങ്ങളിലെ 37409 പേരാണ് കഴിയുന്നത്. വയനാട്ടിൽ 197 ക്യാമ്പുകളിലായി 32276 പേർ കഴിയുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ 12 മരണമാണ് റിപ്പോർട്ട് ചെയ്തത്. വയനാട് 10 മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിലെത്തി വിലയിരുത്തി. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനങ്ങൾ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസും വിശദീകരിച്ചു. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രനും യോഗത്തിൽ സംബന്ധിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്കായി 397 ബോട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. 210 ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. 361 രക്ഷാപ്രവർത്തന സംഘങ്ങൾ പ്രവർത്തിക്കുന്നു. 923 മൽസ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. 4311 പേരെ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ട്. കോഴിക്കോട് 54 ബോട്ടുകൾ എത്തിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, ആലപ്പുഴ എന്നിവിടങ്ങളിൽ 50 വീതം ബോട്ടുകൾ തയ്യാറായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP