Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കലക്ടർ പോലും അറിയാതെ ബാണാസുര സാഗറിൽ ഷട്ടർ ഉയർത്തിയപ്പോൾ പ്രളയത്തിലായത് ഏഴ് പഞ്ചായത്തുകൾ; ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നിട്ടും നേരത്തെ ഷട്ടർ തുറക്കാത്തത് വീഴ്‌ച്ചയായി; ഷോളയാർ, പറമ്പികുളം അണക്കെട്ട് തുറക്കുന്ന വിവരവും കേരളം അറിഞ്ഞില്ല; പത്തനംതിട്ടയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും മുമ്പ് പ്രളയജലം എത്തിയത് ഗുരുതര വീഴ്‌ച്ച; കേരളത്തിൽ മഹാപ്രളയത്തിന് കാരണം ഡാം സുരക്ഷാ അഥോറിറ്റിയുടെ വീഴ്‌ച്ചയെന്ന ആരോപണം ശക്തം

കലക്ടർ പോലും അറിയാതെ ബാണാസുര സാഗറിൽ ഷട്ടർ ഉയർത്തിയപ്പോൾ പ്രളയത്തിലായത് ഏഴ് പഞ്ചായത്തുകൾ; ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നിട്ടും നേരത്തെ ഷട്ടർ തുറക്കാത്തത് വീഴ്‌ച്ചയായി; ഷോളയാർ, പറമ്പികുളം അണക്കെട്ട് തുറക്കുന്ന വിവരവും കേരളം അറിഞ്ഞില്ല; പത്തനംതിട്ടയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും മുമ്പ് പ്രളയജലം എത്തിയത് ഗുരുതര വീഴ്‌ച്ച; കേരളത്തിൽ മഹാപ്രളയത്തിന് കാരണം ഡാം സുരക്ഷാ അഥോറിറ്റിയുടെ വീഴ്‌ച്ചയെന്ന ആരോപണം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ പരിശോധിക്കുന്നത് ഡാം സുരക്ഷാ അതോരിറ്റിയാണ്. കേരളത്തിൽ മഹാപ്രളയം വലുത്തിവെച്ചതിൽ ഡാം സുരക്ഷാ അതോരിറ്റിക്കും അധികൃതർക്കും സംബന്ധിച്ച വീഴ്‌ച്ചകളാണെന്ന ആരോപണം കൂടുതൽ ശക്തമാകുകയാണ്. ഈ ആരോപണം രാഷ്ട്രീയമായി ഉന്നയിക്കാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. എല്ലായിടത്തും ഒരുമിച്ച് ഡാമുകൾ തുറക്കാൻ ഇടയാക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യം പ്രതിപക്ഷ ശക്തമാക്കിയിട്ടുണ്ട്. വീഴ്‌ച്ചകളിലേക്ക് വിരൽചൂണ്ടുന്ന സംഭവങ്ങൾ നിരവധിയാണ്. ഡാം തുറക്കുമെന്ന അറിയിപ്പ് കൃത്യസമയത്ത് നൽകാതിരിക്കുന്നത് മുതൽ തുടങ്ങുന്നു ഇക്കാര്യങ്ങൾ.

വൻപ്രളയത്തിന് ഇടയാക്കിയത് ഡാമുകളുടെ ഷട്ടറുകൾ തുറന്നതോടെയാണ്. ഇങ്ങനെ ഷട്ടറുകൾ തുറക്കുമ്പോൾ കൈക്കൊള്ളേണ്ടുന്ന നടപടികൾ നിരവധിയുണ്ട്. എന്നാൽ, പലയിടത്തും മുൻകരുതൽ നടപടികൾ ഇല്ലാതെയാണ് ഷട്ടർ ഉയർത്തിയത്. ഇത് ആയരങ്ങളെ ദുരിതത്തിലാക്കുകയും ചെയ്തു. അധികാരികളുടെ ഗുരുതര വീഴ്‌ച്ചയിലേക്ക് വിരൽചൂണ്ടുന്ന നിരവധി സംഭവങ്ങളുണ്ട്. അതിൽ ഒന്നാണ് വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറന്നപ്പോൾ സംഭവിച്ച വീഴ്‌ച്ച.

കലക്ടർ പോലും അറിയാതെയാണ് ബാണാസുരയുടെ അണക്കെട്ടുകൾ അധികൃതർ തുറന്നുവിട്ടത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടപ്പോൾ ജലം കുത്തിയൊഴുകി വീടുകൾ തകർന്നും മറ്റും ദുരിതത്തിലായത് ഏഴ് പഞ്ചായത്തിൽ ഉള്ളവരാണ്. പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകൾ ബാണാസുരയിൽ നിന്നുള്ള വെള്ളം കുതിച്ചൊഴുകിയെത്തിയതോടെ പ്രളയത്തിലായി. ഒട്ടേറെ വീടുകളും റോഡുകളും തകർന്നു. പലരും ഇരുനില വീടുകളിൽ കയറിയാണു രക്ഷപ്പെട്ടത്.

ജൂലൈ 15ന് ആണു ബാണാസുര സാഗറിന്റെ നാലു ഷട്ടറുകളിൽ മൂന്നെണ്ണം ആദ്യമായി തുറന്നത്. ഷട്ടർ ആദ്യം തുറക്കുന്നതിനു മുൻപു മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും പിന്നീടു പടിപടിയായി 290 സെന്റിമീറ്റർ വരെ ഉയർത്തിയതും നാലാമത്തെ ഷട്ടർ തുറന്നതും നാട്ടുകാരെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു. ശക്തമായ മഴയുടെ സമയത്ത് അറിയിപ്പുകളൊന്നുമില്ലാതെ ഷട്ടർ തുറന്നതോടെ വെള്ളം കുതിച്ചെത്തി. ഒട്ടേറെ വീടുകൾ വെള്ളത്തിലായ അവസ്ഥയും ഉണ്ടായി. മഴ കുറഞ്ഞപ്പോൾ ഷട്ടറുകൾ 80 സെന്റിമീറ്ററിലേക്കു താഴ്‌ത്തിയെങ്കിലും രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും 90 സെന്റിമീറ്ററാക്കി ഉയർത്തി.

ഷട്ടറുകളുടെ ഉയരം വർധിപ്പിക്കുമ്പോഴുള്ള അനൗൺസ്‌മെന്റോ മറ്റു പ്രചാരണങ്ങളോ ഉണ്ടായില്ല. വില്ലേജ് ഓഫിസറെയോ കലക്ടറെപ്പോലുമോ വിവരം അറിയിച്ചില്ല. ഇതു വലിയ വിവാദമായപ്പോൾ മാത്രമാണു പിന്നീടു കൃത്യമായി അറിയിപ്പുകളുണ്ടായത്. നിലവിൽ ബാണാസുരയുടെ ഒരു ഷട്ടർ മാത്രമേ (10 സെന്റിമീറ്റർ ഉയരത്തിൽ) തുറന്നിട്ടുള്ളൂ. ദുരന്തനിവാരണ അഥോറിറ്റിയുടെ വാട്‌സാപ് ഗ്രൂപ്പിൽ വിവരം അറിയിച്ചിരുന്നുവെന്നാണു കെഎസ്ഇബി അധികൃതരുടെ വിശദീകരണം. എന്നാൽ, ഇക്കാര്യം ജനങ്ങൾ അറിഞ്ഞില്ലെന്നാണ് ഗുരുതര വീഴ്‌ച്ചയായി മാറിയത്.

പത്തനംതിട്ടയിലാണ് ഗുരുതരമായ വീഴ്‌ച്ച അധികൃതർ വരുത്തിവെച്ചത്. രണ്ട് ജില്ലകളെ പ്രളയം വിഴുങ്ങാൻ ഇടയാക്കിയത് ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകൾ വ്യക്തമായ അറിയിപ്പുകളില്ലാതെ തുറന്നതാണ്. പമ്പാതീരത്തു പ്രളയമുണ്ടായ 14നു രാത്രിയിലും 15നു പുലർച്ചെയും പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ഉണ്ടായിരുന്നില്ല. 15നു റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോഴേക്കും വീടുകളിലെല്ലാം വെള്ളം കയറി പതിനായിരങ്ങൾ ഒറ്റപ്പെട്ടിരുന്നു. റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂർ മുൻപ് അറിയിപ്പു നൽകി ഒഴിഞ്ഞുപോകാൻ സമയം നൽകണമെന്നാണു ചട്ടം (പ്രോട്ടോക്കോൾ). ജില്ലാ കലക്ടർ അടക്കം ഇക്കാര്യത്തിൽ പരാജിതനായതായി സിപിഎം എൽഎൽഎമാർ പോലും ആരോപിക്കുകയുണ്ടായി. 15നു പുലർച്ചെ മൈക്ക് അനൗൺസ്‌മെന്റ് വരുന്നതിനും മുൻപേ വെള്ളം പമ്പാതീരത്ത് എത്തിയിരുന്നു. പകൽസമയത്തു മുന്നറിയിപ്പു നൽകിയശേഷം ഡാം തുറന്നിരുന്നുവെങ്കിൽ നാശനഷ്ടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാമായിരുന്നു എന്നതാണ് വാസ്തവം. ചെങ്ങന്നൂർ, കുട്ടനാട് അടക്കമുള്ള സ്ഥലങ്ങളെ ദുരിതത്തിലായക്കിയത് ഈ വീഴ്‌ച്ചയാണ്.

ഡാം തുറക്കുന്ന കാര്യത്തിൽ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നും വീഴ്‌ച്ചയുണ്ടായി. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകളിലെ ഷട്ടർ തുറക്കുന്ന വിവരം യഥാസമയം അറിയാതെ പോയതു കെടുതിക്ക് ഇടയാക്കി. ഡാം തുറക്കുന്നതിന് ഏതാനും മണിക്കൂർ മുൻപു മാത്രമാണു തമിഴ്‌നാട് ഇക്കാര്യം പുറത്തുവിട്ടത്. കേരളത്തിലെ മാധ്യമങ്ങളിലൂടെ ജനത്തെ വിവരമറിയിക്കാൻ അധികൃതർക്കു കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്. പറമ്പിക്കുളത്തെയും അപ്പർ ഷോളയാറിലെയും വെള്ളം എത്തിയതോടെ പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞു. ചാലക്കുടിപ്പുഴ കരകവിഞ്ഞു ചാലക്കുടി നഗരമടക്കം വെള്ളത്തിലായി.

അണക്കെട്ടുകൾ തുറന്നുവിട്ടതിൽ പാളിച്ചകളുണ്ടായോ എന്നു സർക്കാർ പരിശോധിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് ഇവർ ആവശ്യപ്പെടുന്നത്. ബാണാസുരസാഗർ തുറന്നതിൽ വീഴ്‌ച്ചയുണ്ടെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്. അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടാൻ ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാർഗരേഖയുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി ഒഴികെയുള്ള അണക്കെട്ടുകൾ തുറക്കാൻ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ മേധാവിയായ കലക്ടറുടെ അനുമതി വേണം.

അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സാഹചര്യവും ആവശ്യവും അറിയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകേണ്ടത്. ജില്ലാ പൊലീസ് മേധാവിയെയും വിവരമറിയിക്കണം. വൈദ്യുതി, ജലസേചന വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകളുടെ ചുമതല അസി. എക്‌സി. എൻജിനീയർ, എക്‌സി. എൻജിനീയർ എന്നിവർക്കാണ്. ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകൾ തുറന്നത് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണെന്ന ആക്ഷേപം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP