Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഏപ്രിലിൽ സർക്കാരിന്റെ വരുമാനം കേവലം 250 കോടി; കേന്ദ്ര സർക്കാർ സഹായം കൂടി കൂട്ടിയാൽ 2000 കോടിയാകും; ജീവനക്കാർക്ക് മേയിൽ ശമ്പളം കൊടുത്തൽ ഖജനാവ് കാലിയാകും; ഓവർഡ്രാഫ്റ്റ് അടക്കം വെയ്സ് ആൻഡ് മീൻസ് ആയി പണമെടുക്കാൻ തീരുമാനം; കൊറോണക്കാലത്ത് കേരളം കടമെടുത്ത് മുടിയും; വെട്ടിക്കുറച്ച ശമ്പളം പോലും ജൂണിൽ ജീവനക്കാർക്ക് കിട്ടാനിടയില്ല; ഖജനാവ് പൂട്ടേണ്ടി വരുമെന്ന സൂചന നൽകി തോമസ് ഐസക്കും; ഡിഎ കുടിശിക മരവിപ്പിക്കുമെന്ന് ഉറപ്പ്

ഏപ്രിലിൽ സർക്കാരിന്റെ വരുമാനം കേവലം 250 കോടി; കേന്ദ്ര സർക്കാർ സഹായം കൂടി കൂട്ടിയാൽ 2000 കോടിയാകും; ജീവനക്കാർക്ക് മേയിൽ ശമ്പളം കൊടുത്തൽ ഖജനാവ് കാലിയാകും; ഓവർഡ്രാഫ്റ്റ് അടക്കം വെയ്സ് ആൻഡ് മീൻസ് ആയി പണമെടുക്കാൻ തീരുമാനം; കൊറോണക്കാലത്ത് കേരളം കടമെടുത്ത് മുടിയും; വെട്ടിക്കുറച്ച ശമ്പളം പോലും ജൂണിൽ ജീവനക്കാർക്ക് കിട്ടാനിടയില്ല; ഖജനാവ് പൂട്ടേണ്ടി വരുമെന്ന സൂചന നൽകി തോമസ് ഐസക്കും; ഡിഎ കുടിശിക മരവിപ്പിക്കുമെന്ന് ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാലറി കട്ട് നടപ്പാക്കിയാലും ഇത്തവണ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലേ? ഏപ്രിലിൽ സർക്കാരിന്റെ വരുമാനം കേവലം 250 കോടി രൂപ മാത്രമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചതോടെയാണ് ഈ സംശയം ശക്തമാക്കുന്നത്. കേരളത്തിന്റെ പ്രതിസന്ധിയുടെ ആഴം മെയ് മാസത്തിന് ശേഷമേ വ്യക്തമാകുകയുള്ളൂവെന്നും തോമസ് ഐസക് പറഞ്ഞു. ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ പോകുമെന്ന് വ്യക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ ഡിഎ കുടിശിക അടക്കം മരവിപ്പിക്കാനുള്ള ആലോചന.

നിലവിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. സർക്കാരിന്റെ വരുമാനത്തിന് പുറമേ കേന്ദ്രസർക്കാരിന്റെ സഹായം കൂടി ലഭിച്ചാൽ 2000 കോടി വരും. ഇത് ഉപയോഗിച്ച് ജീവനക്കാരുടെ ശമ്പളം കൊടുക്കാൻ പോലും തികയില്ല. കടമെടുക്കുക മാത്രമാണ് മുൻപിലുള്ള പോംവഴി. ഓവർഡ്രാഫ്റ്റ് അടക്കം വെയ്സ് ആൻഡ് മീൻസ് ആയി പണമെടുക്കും. ശമ്പളം കൊടുക്കുന്നതോടെ ഇത് ഓവർഡ്രാഫ്റ്റിന്റെ അങ്ങേയറ്റം എത്തും. റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം ട്രഷറി പൂട്ടേണ്ട അവസ്ഥ വരെ ഉണ്ടായേക്കാമെന്നും തോമസ് ഐസക് മുന്നറിയിപ്പ് നൽകി. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങില്ല. അതിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം വീതം ആറുമാസം മാറ്റിവെയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. ഇതിൽ പുനഃപരിശോധന വേണമെന്ന് പറഞ്ഞ് നിരവധി അപേക്ഷകളും നിവേദനകളും ലഭിച്ചിട്ടുണ്ട്. എന്നാൽ യാതൊരു പുനഃപരിശോധനയ്ക്കും സർക്കാർ ഇപ്പോൾ തയ്യാറല്ല. ആവശ്യമെങ്കിൽ മെയ് മാസത്തിൽ ഇവ പരിശോധിച്ച് മാനുഷികപരിഗണന അർഹിക്കുന്നവരുടെ കാര്യം ആലോചിക്കുമെന്നും തോമസ് ഐസക് അറിയിച്ചു. പിടിക്കുന്ന ശമ്പളം തിരിച്ചു കൊടുക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. മാസങ്ങൾക്ക് ശേഷം അന്നത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പണം തിരികെ കൊടുക്കുന്നത് എങ്ങനെ എന്നതിനെ സംബന്ധിച്ച് തീരുമാനിക്കും. കാശായി കൊടുക്കണമെന്ന് പറയുന്നവരുണ്ട്. പിഎഫിൽ ലയിപ്പിക്കണം എന്ന് പറയുന്നവരുണ്ട്. അങ്ങനെ വ്യത്യസ്തമായ നിർദ്ദേശങ്ങൾ എല്ലാം പരിശോധിച്ച് ആ സമയത്ത് ആവശ്യമായ നടപടികൾ സ്വീകരി്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ശമ്പളം മാറ്റിവെയ്ക്കാനുള്ള ഉത്തരവ് ചില ചില അദ്ധ്യാപക സംഘടനകൾ കത്തിച്ചത് ദൗർഭാഗ്യകരമാണ്. സംസ്ഥാനത്ത് 80 ശതമാനം ആളുകൾക്ക് കൂലി പോലും ലഭിക്കുന്നില്ല. ഇവരുടേത് സാമൂഹ്യ വിരുദ്ധ കാഴ്ചപ്പാട്. വിചിത്ര മാനസിക നിലയാണ് ഇവർ പ്രകടിപ്പിക്കുന്നത്. എന്ത് സാമൂഹിക ബോധമാണ് ഇവർ യുവജനങ്ങൾക്ക് പകർന്ന് നൽകുന്നതെന്നും തോമസ് ഐസക് ചോദിച്ചു. അദ്ധ്യാപക സംഘടനകൾ എത്രമാത്രം അധഃപതിക്കാം എന്നതിന്റെ സാക്ഷ്യ പത്രമാണ് ഇവരുടെ എതിർപ്പ്. ഒരു രീതിയിലുള്ള സഹാനുഭൂതിയും ഇവർ അർഹിക്കുന്നില്ല. നാട്ടിലുള്ള ആളുകൾ ഇവരെ വിലയിരുത്തും. അത് തന്നെയാണ് ഇവരുടെ ശിക്ഷയെന്നും തോമസ് ഐസക് പറഞ്ഞു.

സർക്കാർ ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയല്ല. അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത്. സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. അത് ഉപയോഗിച്ച് സംസ്ഥാനത്തെ പാവങ്ങളെ സഹായിക്കും. 20000 രൂപയിൽ താഴെ മാസവരുമാനമുള്ള താത്്കാലിക ജീവനക്കാരിൽ പലരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവരുടെ സന്നദ്ധത പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

കേന്ദ്രമാതൃകയിൽ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത(ഡി.എ.) മരവിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. കുടിശിഖ അടക്കം കൊടുക്കാതിരിക്കാനാണ് ആലോചന. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ജീവനക്കാർ എതിർപ്പുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാലറി ചലഞ്ച് മാറ്റി സാലറി കട്ടാക്കിയത്. ഇതിന് പിന്നാലെയാണ് ഡിഎയിൽ ചർച്ചകൾ തുടരുന്നത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ഡിഎ കുടിശിഖ നൽകാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇത് സത്യസന്ധവുമാണ്. എന്നാൽ ജീവനക്കാരെ ഇനിയും പിണക്കണമോ എന്നതും സർക്കാരിന്റെയും പരിഗണനയിലുണ്ട്.

സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 5 മാസ ഗഡുക്കളായി ഈടാക്കുമ്പോൾ ഈ തുക പിന്നീടു തിരിച്ചുനൽകുമെന്ന് ഉത്തരവിൽ ഇല്ലാത്തത് ജീവനക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 5 മാസത്തെ ശമ്പളത്തിൽ 6 ദിവസത്തെ വീതം തുക വിതരണം ചെയ്യാതെ മാറ്റിവയ്ക്കുമെന്നാണു ധന വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. എന്നാൽ മാറ്റിവയ്ക്കൽ താൽക്കാലികമാണെന്ന് ഉത്തരവിൽ ഉണ്ട്. എന്നാൽ ഈ തുക എപ്പോൾ നൽകുമെന്ന് ഉത്തരവിലില്ല.

ഇതു കണക്കിലെടുത്ത് കോടതിയെ സമീപിക്കുമെന്നു പ്രതിപക്ഷ സംഘടനകളായ എൻജിഒ അസോസിയേഷനും സെറ്റോയും അറിയിച്ചു. 20,000 രൂപ വരെ മൊത്ത ശമ്പളമുള്ള പാർട്ടൈം കാഷ്വൽ സ്വീപ്പർമാർ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, ദിവസ വേതനക്കാർ, കരാർ തൊഴിലാളികൾ എന്നിവർക്ക് ഉത്തരവു ബാധകമല്ല. പൊതുമേഖലാ സ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, കമ്മിഷനുകൾ, സംസ്ഥാന സർക്കാരിനു കീഴിലെ മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കു ബാധകമാണ്. ഈ സാഹചര്യത്തിൽ ജീവനക്കാർ പ്രതിഷേധത്തിലാണ്.

ഡിഎ കുടിശികയ്‌ക്കൊപ്പം ഈ വർഷവും അടുത്ത വർഷവും ലീവ് സറണ്ടും കൊടുക്കില്ല. അങ്ങനെ സാലറി കട്ടിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് 2500 കോടിയാണ്. കഴിഞ്ഞ തവണ സാലറി ചലഞ്ചിലൂടെ സമാഹരിക്കാൻ കഴിഞ്ഞത് 1500 കോടി രൂപമാത്രമാണ്. 12 ശതമാനം ഡിഎ കുടിശിക കണക്കാക്കിയാൽ അത് 2700 കോടി രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതുകൊണ്ട് അധിക ഡിഎ പിടിച്ചെടുക്കാനാണ് തീരുമാനം. കുടിശികയ്‌ക്കൊപ്പം ഇനിയുള്ള ഒന്നര വർഷം അധിക ഡിഎ കൊടുക്കുകയുമില്ല. എല്ലാം കൂടി 4000 കോടിയുടെ ലാഭം സർക്കാരിനുണ്ടാകും. ഇതിനൊപ്പം ലീവ് സറണ്ടറും മരവിപ്പിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP