Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന്റെ നിരത്ത് കീഴടക്കാൻ എത്തിയ നീംജിയെ പ്രതീക്ഷയോടെ നോക്കി കേരളം; യാത്രാക്കൂലിയിൽ ഇളവുണ്ടാകും എന്നത് സന്തോഷിപ്പിക്കുന്നത് യാത്രക്കാരെ; ചെറിയ മുതൽമുടക്കിൽ യാത്രക്കാരെ പിഴിയാതെ പണമുണ്ടാക്കാം എന്ന സന്തോഷത്തിൽ ഡ്രൈവർമാരും; പരിസ്ഥിതിക്കിണങ്ങിയ വൈദ്യുത വാഹനങ്ങൾ ജനകീയമാക്കാൻ ഇലക്ട്രിക് ഓട്ടോകൾ സഹായിക്കും എന്ന് പരിസ്ഥിതി വാദികളും; കേരളത്തിന്റെ സ്വന്തം ഓട്ടോയെ നെഞ്ചേറ്റുവാൻ ജനങ്ങൾ കാത്തിരിക്കുന്നതിന് കാരണമേറെ

കേരളത്തിന്റെ നിരത്ത് കീഴടക്കാൻ എത്തിയ നീംജിയെ പ്രതീക്ഷയോടെ നോക്കി കേരളം; യാത്രാക്കൂലിയിൽ ഇളവുണ്ടാകും എന്നത് സന്തോഷിപ്പിക്കുന്നത് യാത്രക്കാരെ; ചെറിയ മുതൽമുടക്കിൽ യാത്രക്കാരെ പിഴിയാതെ പണമുണ്ടാക്കാം എന്ന സന്തോഷത്തിൽ ഡ്രൈവർമാരും; പരിസ്ഥിതിക്കിണങ്ങിയ വൈദ്യുത വാഹനങ്ങൾ ജനകീയമാക്കാൻ ഇലക്ട്രിക് ഓട്ടോകൾ സഹായിക്കും എന്ന് പരിസ്ഥിതി വാദികളും; കേരളത്തിന്റെ സ്വന്തം ഓട്ടോയെ നെഞ്ചേറ്റുവാൻ ജനങ്ങൾ കാത്തിരിക്കുന്നതിന് കാരണമേറെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ നിരത്തുകൾ കീഴടക്കാൻ ഇനി സ്വന്തം ഇലക്ട്രിക് ഓട്ടോയും എത്തിയതോടെ പ്രതീക്ഷയിൽ യാത്രക്കാരും സംരഭകരും. കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാകും എന്ന് ജനങ്ങളും മികച്ച വരുമാനം നേടാൻ കഴിയുന്ന സ്വയം തൊഴിൽ എന്ന നിലയിൽ ചെറുപ്പക്കാരും ഏറെ പ്രതീക്ഷയോടെയാണ് നീംജി എന്ന ഇലക്ട്രിക് ഓട്ടോയെ നോക്കി കാണുന്നത്. നിലവിൽ ഇന്ധനവിലയുടെ അനുപാതം അനുസരിച്ച് ചെറു യാത്രകൾക്ക് പോലും ഉയർന്ന ചാർജ്ജ് ഈടാക്കേണ്ടി വരുന്ന ഡ്രൈവർമാർക്ക് പക്ഷേ തുച്ഛമായ പണം മാത്രമാണ് ചെലവുകൾ കഴിഞ്ഞാൽ ബാക്കിയുണ്ടാകുക. എന്നാൽ ഒരു കിലോമീറ്റർ വെറും അമ്പത് പൈസ ചെലവിൽ ഓടാൻ കഴിയും എന്നതാണ് സ്വയം തൊഴിൽ ചെയ്യാനാഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് പ്രതീക്ഷ നൽകുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ വാങ്ങുന്ന മിനിമം കൂലിയുടെ പകുതി വാങ്ങിയാലും ലാഭകരമാകും എന്നാണ് ചെറുപ്പക്കാർ ചൂണ്ടിക്കാട്ടുന്നത്.

വർദ്ധിച്ച യാത്രാക്കൂലിക്ക് പരിഹാരമാകും നീംജിയുടെ വരവ് എന്നാണ് പൊതുജനങ്ങളും പ്രതീക്ഷയോടെ കണക്ക് കൂട്ടുന്നത്. സാധാരണ നഗരങ്ങളിലാണ് എല്ലാത്തിനും പണം കൂടുതലാകുന്നത് എങ്കിൽ ഓട്ടോയിൽ യാത്ര ചെയ്യുന്നതിന് കൂടുതൽ പണം കൊടുക്കേണ്ടി വരുന്നത് ഗ്രാമവാസികളാണ്. ഒരു കിലോമീറ്റർ യാത്ര ചെയ്താൽ റിട്ടേൺ ചാർജ്ജ് ഉൾപ്പെടെ രണ്ട് കിലോമീറ്ററിന്റെ പണമാണ് ഗ്രാമങ്ങളിൽ നൽകേണ്ടി വരുന്നത്. ഓട്ടോ ചാർജ്ജിൽ ഇളവ് വരും എന്നതാണ് പൊതുജനം നീംജിക്കായി കാത്തിരിക്കാനുള്ള കാരണം.

പരിസ്ഥിതി പ്രവർത്തകരും ഇ-ഓ്‌ട്ടോയുടെ വരവിനെ സ്വാഗതം ചെയ്യുകയാണ്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോൾ പുറംതള്ളുന്ന കാർബണിന്റെ അളവിൽ കുറവ് വരും എന്നതാണ് പരിസ്ഥിതി പ്രവർത്തർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ ഏറ്റവുമധികം ആളുകൾ ആശ്രയിക്കുന്ന വാഹനം എന്ന നിലയിൽ ഓട്ടോ തന്നെ വൈദ്യുതിയിലേക്ക് മാറുന്നത് വൈദ്യുത വാഹനങ്ങളെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കും എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് എംഎൽഎ ഹോസ്റ്റലിൽ നിന്നും നിയമസഭയിലേക്കായിരുന്നു നീം ജി യുടെ കന്നിയാത്ര. ഇന്നു രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണനാണ് നീംജിയുടെ ആദ്യ ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത്. വ്യവസായ മന്ത്രി ഇപി ജയരാജൻ, ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഓട്ടോ മൊബൈൽസ് ലിമിറ്റഡാണ് (കെഎഎൽ) ഇ-ഓട്ടോ നിർമ്മിച്ച് നിരത്തിലിറക്കുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിർമ്മാണത്തിന് യോഗ്യത നേടുന്നത്. പത്ത് ഓട്ടോകളാണ് ആദ്യഘട്ടത്തിൽ നിർമ്മാണം കഴിഞ്ഞ് പുറത്തിറങ്ങുന്നത്.

കാഴ്ചയിലും വലുപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ-ഓട്ടോയിലും ഡ്രൈവർക്കും മൂന്നു യാത്രക്കാർക്കും സഞ്ചരിക്കാം. ജർമൻ സാങ്കേതികവിദ്യയിൽ തദ്ദേശീയമായി നിർമ്മിച്ച 60 വാട്ട് ലിഥിയം അയൺ ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് കെഎഎല്ലിന്റെ ഓട്ടോയിലുള്ളത്. മൂന്ന് മണിക്കൂർ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. ഒരു തവണ ചാർജ് ചെയ്താൽ 100 കിലോ മീറ്റർ സഞ്ചരിക്കാം. ഒരു കിലോ മീറ്റർ പിന്നിടാൻ 50 പൈസ മാത്രമാണ് ചെലവ് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. സാധാരണ ത്രീപിൻ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീചാർജ് ചെയ്യാം. മൂന്നു വകഭേദങ്ങളിലായാണ് നീംജി വിപണിയിലെത്തുക അതിൽ ഉയർന്ന വകഭേദത്തിന് ഏകദേശം 2.80 ലക്ഷം രൂപയാണ് വില, അതിൽ 30000 രൂപ സർക്കാർ സബ്‌സിഡിയും ലഭിക്കും.

മലനീകരണം തടയുന്നതിന് ഇ ഓട്ടോ വ്യാപകമാകണമെന്ന് വ്യാവസായമന്ത്രി ചൂണ്ടിക്കാട്ടി. വീട്ടിൽ തന്നെ ചാർജ് ചെയ്യാവുന്ന തരത്തിലാണ് രൂപകൽപ്പന. ഈ മാസം 100 ഓട്ടോയും അടുത്ത മാർച്ചിനകം 1000 ഓട്ടോയും വിപണിയിലെത്തിക്കും. ചാർജിങ് സ്റ്റേഷനുകൾ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ ആവശ്യപ്പെടുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP