Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷൻ കൊടുത്തത് താൻ; ഭീഷണിപ്പെടുത്തിയത് ലീനയിൽ നിന്നും പണം തട്ടാൻ; ബ്യൂട്ടി പാർലറിലേക്ക് വെടിവയ്ക്കാൻ യുവാക്കളെ നിയോഗിച്ചത് തന്റെ സംഘം; ടോമിൻ തച്ചങ്കരിയോട് കുറ്റസമ്മതം നടത്തി രവി പൂജാരി; ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ചത് നിർണായക വിവരങ്ങളെന്ന് സൂചന; കേരളത്തിലേക്ക് കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിൽ ക്രൈം ബ്രാഞ്ച്

നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷൻ കൊടുത്തത് താൻ; ഭീഷണിപ്പെടുത്തിയത് ലീനയിൽ നിന്നും പണം തട്ടാൻ; ബ്യൂട്ടി പാർലറിലേക്ക് വെടിവയ്ക്കാൻ യുവാക്കളെ നിയോഗിച്ചത് തന്റെ സംഘം; ടോമിൻ തച്ചങ്കരിയോട് കുറ്റസമ്മതം നടത്തി രവി പൂജാരി; ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ചത് നിർണായക വിവരങ്ങളെന്ന് സൂചന; കേരളത്തിലേക്ക് കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിൽ ക്രൈം ബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗ്ലൂരു: കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവെപ്പുകേസിൽ പ്രതി ചേർക്കപ്പെട്ട രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി ചോദ്യം ചെയ്തു. ബെംഗളുരുവിൽ വച്ചാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷൻ കൊടുത്തിരുന്നതായി രവി പൂജാരി സമ്മതിച്ചു. ലീനയിൽ നിന്ന് പണം തട്ടുന്നതിന് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്ന് പൂജാരി പറഞ്ഞു. രവി പൂജാരിയെ കേരളത്തിലേക്ക് കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.

നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി.കർണാടക പൊലീസും രവി പൂജാരിയെ ചോദ്യം ചെയ്യുന്നുണ്ട്. ചോദ്യം ചെയ്യലിൽ നിർണായകമായ വിവരങ്ങൾ ലഭിച്ചതായാണ് വിവരം. രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് കർണാടക പൊലീസിന്റെയും കേന്ദ്ര ഏജൻസിയുടെയും നേട്ടമാണ്. കഴിഞ്ഞ ദിവസമാണ് സെനഗലിൽ നിന്ന് പൂജാരിയെ ബെംഗളുവിൽ എത്തിച്ചത്. അപ്രതീക്ഷിതമായി പൂജാരി ഇന്ത്യൻ അന്വേഷണ ഏജൻസിയുടെ പിടിയിലാവുകയായിരുന്നു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയാണ് ലീന മരിയ പോൾ. ഇതുമായി ബന്ധപ്പെട്ട് കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ സിബിഐ പരിശോധന നടത്തിയിരുന്നു. കൊച്ചി കേന്ദ്രീകരിച്ചു നടത്തിയ ഹവാല ഇടപാടുകളിൽ ലീന മരിയ പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരുന്ന ഘട്ടത്തിലാണു പണം ചോദിച്ചു രവി പൂജാരിയുടെ ഭീഷണിയുണ്ടായത്. എൻഫോഴ്‌സ്‌മെന്റിന്റെ പരിശോധന ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടക്കുന്നതിനു മുൻപായിരുന്നു രവി പൂജാരിയുടെ സംഘത്തിന്റെ വെടിവയ്പ്.

കഴിഞ്ഞ വർഷം ഡിസംബർ 15 നായിരുന്നു നടി ലീനാ മരിയാ പോളിന്റെ ഉടമസ്ഥതയിൽ കൊച്ചി പനമ്പള്ളി നഗറിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിനു നേരെ വെടിവെയ്‌പ്പ് നടന്നത്. വെടിവെപ്പിന് ശേഷം രവി പൂജാരി എന്നെഴുതി കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു സംഘം മടങ്ങിയത്. പിന്നീട് വെടിവെയ്‌പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രവി പൂജാരി രംഗത്ത് വരികയായിരുന്നു. നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവെയ്‌പ്പ്. വെടിവെയ്‌പ്പ് നടത്തിയ ബിലാൽ, ബിബിൻ എന്നിവരെയും ഇവർക്ക് ബൈക്കും തോക്കും എത്തിച്ച് നൽകിയ കാസർകോട് സ്വദേശി അൽത്താഫിനെയും പൊലീസ് പിടികൂടിയിരുന്നു.

സെനഗലിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ത്യയിലെത്തിക്കാൻ സാധിച്ചത് തന്നെ കർണാടക പൊലീസിന്റേയും കേന്ദ്ര ഏജൻസികളുടേയും നേട്ടമാണ്. സെനഗലിൽ ആഡംബര ജീവിതം നയിച്ച ഇയാളെ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിച്ചത്. രവി പൂജാരിയെ കസ്റ്റഡിയിൽ വാങ്ങി കേരളത്തിലെത്തിക്കും. ഇതിന്റെ ഭാഗമായാണ് ടോമിൻ ജെ തച്ചങ്കരി ബംഗളൂരുവിൽ എത്തിയത്. അടുത്ത ദിവസം തന്നെ കോടതിയെ സമീപിച്ച് ഇയാളെ കേരളത്തിലെത്തിച്ച് വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018 ജനുവരി 18ന് നടന്ന ബ്യൂട്ടിപാർലർ വെടിവയ്പിൽ ക്രൈംബ്രാഞ്ച് തെരയുന്ന പ്രതിയായ രവി പൂജാരിക്കെതിരെ എറണാകുളം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നതും.

ലീന മരിയയുെട കൊച്ചിയിലെ ബ്യൂട്ടി പാർലറിലുണ്ടായ വെടിവയ്‌പ്പോടെയാണ് കുപ്രസിദ്ധ അധോലോക നായകൻ രവി പൂജാരി വീണ്ടും വാർത്തകളിൽ വീണ്ടും നിറഞ്ഞുവന്നത്. പണം ആവശ്യപ്പെട്ട് ഇയാൾ ലീന മരിയയ്ക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു എന്നാണ് നേരത്തെ ലഭിച്ചിരുന്ന വിവരങ്ങൾ. കർണാടകയിലെ ഉടുപ്പിയാണ് രവി പൂജാരിയുെട ജനനസ്ഥലം. ചെറുപ്പത്തിൽ തന്നെ പഠനം ഉപേക്ഷിച്ച രവി ജോലി തേടി മുംബൈയിലെത്തി. അധോലോക രാജാക്കന്മാരുടെ വിളനിലമായിരുന്ന മുംബൈയിലെ അന്ധേരിയാണ് രവി പൂജാരിയിലെ കൊടും കുറ്റവാളിക്ക് ജന്മം നൽകിയത്. തൊണ്ണൂറുകളുടെ തുടക്കത്തിലെ ഏഴ് വർഷക്കാലം രവി പൂജാരിയെ ലോകം അറിഞ്ഞില്ല. അന്ധേരി തെരുവിലെ നൂറുകണക്കിന് കുറ്റവാളികളിൽ ഒരാൾ മാത്രമായിരുന്നു അയാൾ. തുടർന്ന് തന്റെ ശത്രുവായിരുന്ന ബാല സാൾത്തേയെന്ന ക്രിമിനലിനെ കൊലപ്പെടുത്തിയതോടെയാണ് രവി കുപ്രസിദ്ധനായത്.

ആ കൊലപാതകം മുംബൈയിലെ ക്രിമിനലുകളുടെ കൂട്ടത്തിൽ രവിക്ക് ഒരു നേതാവിന്റെ പരിവേഷം നൽകുകയായിരുന്നു. മുംബൈ അധോലാക തലവൻ ഛോട്ടാ രാജന്റെ സംഘത്തിലേക്കുള്ള ക്ഷണം, രാജന് സമാനമായ കുറ്റവാളി എന്ന നിലയിലേക്കുള്ള രവിയുെട പരിണാമത്തിന് വേഗത കൂട്ടി. അധികം താമസിയാതെ ഛോട്ടാ രാജന്റെ വലംകൈയായി രവി. തൊണ്ണൂറുകളുടെ മധ്യത്തിൽ ദുബായിലേക്ക് കടന്ന രവി പൂജാരി അവിടെ ആദ്യം കൈവച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു. ഭീഷണിയും, ഗുണ്ടാപിരിവുമായി രവി കളം പിടിച്ചു. രാഷ്ട്രീയത്തിലും, സിനിമാ മേഖലയിലും ഇയാൾക്ക് വേരോട്ടം ഉണ്ടായിരുന്നു.

നിരവധി രാഷ്ട്രീയക്കാരെയും, സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസുകളും ഇയാൾക്കെതിരെയുണ്ട്. ഇതിനിടയിൽ രണ്ടായിരത്തിൽ ദാവൂദ് ഇബ്രാഹിം ഛോട്ടാ രാജനെ വധിക്കാൻ ശ്രമിച്ചതോടെ രവി പൂജാരി അധോലോകവുമായി അകലം പാലിച്ചിരുന്നു, തുടർന്നാണ് രഹസ്യ ഏജൻസികളുടെ സഹായത്താൽ സെനഗലിൽ നിന്നും പിടികൂടിയതും ഇന്ത്യയിലെത്തിച്ചതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP