Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് മൂന്നാം തരംഗത്തിൽ കൂടുതൽ വ്യാപനശേഷിയുള്ള വൈറസ് സാധ്യത; ഡെൽറ്റ വൈറസിനേക്കാൾ ജനിതകവ്യതിയാനം സംഭവിച്ച വൈറസിന്റെ വരവ് തള്ളാനാവില്ല; അലംഭാവം കൂടുതൽ വ്യാപനത്തിൽ എത്തിച്ചേക്കാം; ഏറ്റവും മോശം സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ; അതീവജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി

കോവിഡ് മൂന്നാം തരംഗത്തിൽ കൂടുതൽ വ്യാപനശേഷിയുള്ള വൈറസ് സാധ്യത; ഡെൽറ്റ വൈറസിനേക്കാൾ ജനിതകവ്യതിയാനം സംഭവിച്ച വൈറസിന്റെ വരവ് തള്ളാനാവില്ല; അലംഭാവം കൂടുതൽ വ്യാപനത്തിൽ എത്തിച്ചേക്കാം; ഏറ്റവും മോശം സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ; അതീവജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിൽ കൂടുതൽ വ്യാപനശേഷിയുള്ള വൈറസ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം തരംഗത്തിനുള്ള സാധ്യത നമ്മൾ കണക്കിലെടുക്കണം. ഡെൽറ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിർഭാവം നമ്മുക്ക് തള്ളിക്കളയാനാവില്ല. നാം അതീവ ജാഗ്രത പൂലർത്തേണ്ട കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത തുടരണം. തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം. ഇരട്ട മാസ്‌കുകൾ ധരിക്കാനും, ചെറിയ കൂടിച്ചേരലുകൾ ഒഴിവാക്കാനും വീടുകൾക്ക് അകത്തും കരുതല് സ്വീകരിക്കാൻ ശ്രദ്ധിക്കണം. അടുത്ത് ഇടപഴകലും ആൾക്കൂട്ടങ്ങളും ഒഴിവാക്കണം, കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത വേണം, അടഞ്ഞ സ്ഥലങ്ങളിലെ ഒത്തുചേരൽ വേണ്ടെന്ന് വയ്ക്കണം.

ഡെൽറ്റ വൈറസ് തന്നെ അതിതീവ്രവ്യാപനശേഷിയുള്ളതാണ്. ടിപിആർ നിരക്ക് എട്ടുശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ, എട്ടു ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള പ്രദേശങ്ങൾ ഇവിടെയൊക്കെ നല്ല ഇളവാണ് നൽകിയിട്ടുള്ളത്. അവിടങ്ങളിൽ താമസിക്കുന്നവർ ഈ പ്രശ്‌നം ഇനി ഇവിടെ ഇല്ലായെന്ന് വിചാരിക്കുന്നവരുണ്ട്. അലംഭാവം കൂടുതൽ വ്യാപനത്തിലേക്ക് എത്തിച്ചേക്കാം. എട്ടുശതമാനത്തിൽ താഴെയുള്ളവരെ എട്ടുശതമാനത്തിന് മുകളിലേക്ക് എത്തിച്ചേക്കാം. വ്യാപനേേത്താത് കുറഞ്ഞത് നമ്മടെ ജാഗ്രതയുടെ ഭാഗമായാണ്. ആ ജാഗ്രത നഷ്ടപ്പെട്ടാൽ കൂടുതൽ വ്യാപനത്തിലേക്ക് നീങ്ങിയേക്കാം.

മൂന്നാം തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ ആരോഗ്യമേഖലയിലെ വിദഗ്ധരിൽ നിന്നുണ്ടാവുന്നുണ്ട്. അത്തരം ചർച്ചകൾ സസൂക്ഷമം നിരീക്ഷിച്ച് ഏറ്റവും മോശമായ സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പ് തന്നെയാണ് സർക്കാർ നടത്തുന്നത്. ഒരുതരത്തിലുള്ള അലംഭാവവും ഈ കാര്യത്തിലുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,13,61 ആണ്. ആകെ 1,11,124 പരിശോധന നടന്നതിലാണ് ഇത്. മരണം 90. ഇപ്പോൾ 1,07,682 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 ശതമാനമാണ്. ഏറ്റവും ഉയർന്ന നിരക്ക് മലപ്പുറം ജില്ലയിലാണ്. 13.8 ശതമാനമാണ് അവിടത്തെ ടിപിആർ. 8.8 ശതമാനമുള്ള കോട്ടയത്താണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോട്ടയത്തിനു പുറമേ ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ടിപിആർ 10 ശതമാനത്തിലും താഴെയാണ്. ബാക്കി 10 ജില്ലകളിലും 10 മുതൽ 13.80 ശതമാനം വരെയാണ് നിരക്ക് കാണിക്കുന്നത്.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റിയുടെ ഉയർച്ചാ നിരക്കിൽ 15 ശതമാനം കുറവു വന്നിട്ടുണ്ട്. കേസുകളുടെ വളർച്ചാ നിരക്കിൽ 42 ശതമാനവും കുറവു വന്നിട്ടുണ്ട്. ജൂൺ 11, 12, 13 ദിവസങ്ങളിലെ പുതിയ കേസുകളുടെ ശരാശരി എണ്ണത്തേക്കാൾ 4.2 ശതമാനം കുറവ് കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്. ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ 14.43 ശതമാനം കുറവാണുണ്ടായത്. 10.04 ശതമാനം കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുമുണ്ടായി.

40 ദിവസത്തോളം നീണ്ട ലോക്ഡൗണിനെത്തുടർന്ന് രോഗവ്യാപനത്തിൽ വന്ന കുറവ് കണക്കിലെടുത്ത് ഇളവുകൾ വരുത്തി നമ്മുടെ സംസ്ഥാനം മുന്നോട്ടു പോവുകയാണ്. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് അതിനനുസൃതമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. ഈ നിയന്ത്രണങ്ങളോട് പൂർണമായ സഹകരണം എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണം. ലോക്ഡൗൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത ഇനിയും തുടരണം.

തീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റാ വൈറസിനെയാണ് നമ്മളിപ്പോൾ അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് തന്നെ കർശനമായ രീതിയിൽ മുൻകരുതലുകൾ സ്വീകരിക്കണം. ഇരട്ട മാസ്‌ക്കുകൾ ധരിക്കാനും ചെറിയ കൂടിച്ചേരലുകൾ പോലും ഒഴിവാക്കാനും പൊതുസ്ഥലത്തെന്ന പോലെ വീടുകൾക്കകത്തും കരുതലുകൾ സ്വീകരിക്കാനും ശ്രദ്ധിക്കണം. മുൻപ് നിരവധി തവണ വിശദമാക്കിയതു പോലെ അടുത്ത് ഇടപഴകലുകളും ആൾക്കൂട്ടങ്ങളും ഒഴിവാക്കണം. കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത പുലർത്തണം. അടഞ്ഞ സ്ഥലങ്ങളും വേണ്ട. വായു സഞ്ചാരമുള്ളിടങ്ങളിലാകണം ഇടപഴകലുകൾ.

മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ട് എന്നതും കണക്കിലെടുക്കണം. സമൂഹമെന്ന നിലയ്ക്ക് നമ്മളൊന്നാകെ ജാഗ്രത പുലർത്തിയാൽ മൂന്നാം തരംഗത്തെ തടയാൻ സാധിക്കും. ഡെൽറ്റാ വൈറസിനേക്കാൾ വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിർഭാവം

മൂന്നാമത്തെ തരംഗത്തിലുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് നമ്മുടെ നിയന്ത്രണങ്ങൾ വിട്ടു വീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോവുക തന്നെ വേണം. മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ ആരോഗ്യമേഖലയിലെ വിദഗ്ധരിൽ നിന്നും ഉണ്ടാകുന്നുണ്ട്. അത്തരം ചർച്ചകളും പഠനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ഏറ്റവും മോശം സാഹചര്യത്തെ നേരിടാൻ ആവശ്യമായ തയ്യാറെടുപ്പ് തന്നെയാണ് സർക്കാർ നടത്തുന്നത്. ഒരു തരത്തിലുള്ള അലംഭാവവും ഇക്കാര്യത്തിൽ ഉണ്ടാവില്ല.

കുട്ടികളുടെ വാക്‌സിനുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ വിജയകരമായി മുന്നോട്ടു പോകുന്നു എന്ന വാർത്തകൾ പ്രത്യാശ നൽകുന്നു. 12 മുതൽ 18 വയസ്സു വരെയുള്ളവർക്ക് വേണ്ട വാക്‌സിനേഷൻ അധികം വൈകാതെ ലഭ്യമായേക്കാം. അമേരിക്കയിൽ ആ പ്രായപരിധിയിൽ പെട്ട കുട്ടികൾക്ക് വാക്‌സിനേഷൻ നൽകിത്തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.

കേരളത്തിൽ ഏകദേശം 40 ശതമാനം പേർക്ക് ആദ്യത്തെ ഡോസ് വാക്‌സിൻ ഇതുവരെ നൽകാൻ സാധിച്ചു എന്നത് ആശ്വാസകരമായ കാര്യമാണ്. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് ത്വരിത ഗതിയിൽ അതിന്റെ വിതരണം നമ്മൾ നടത്തുന്നുണ്ട്. അതിനു പുറമേ, ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്ത വിധം ഒട്ടും തന്നെ പാഴായിപ്പോകാതെ വാക്‌സിൻ നമുക്ക് വിതരണം ചെയ്യാൻ സാധിക്കുന്നു. വാക്‌സിനേഷൻ കൂടുതൽ വേഗത്തിൽ മുന്നോട്ടു കൊണ്ടു പോകാൻ ആവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്.

അതേ സമയം വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനും നമ്മൾ ശ്രദ്ധിക്കണം. വാക്‌സിൻ കേന്ദ്രങ്ങൾ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറരുത്. അധികൃതരും ജനങ്ങളും ഇക്കാര്യത്തിൽ ഒരു പോലെ ഉത്തരവാദിത്വത്തോടെ പെരുമാറണം. വാക്‌സിൻ ലഭിക്കുന്നില്ല എന്ന ഭീതിയോടെ ആരും പ്രവർത്തിക്കരുത്. വാക്‌സിൻ ലഭ്യമാകുന്നതിനനുസരിച്ച് ഒട്ടും താമസിപ്പിക്കാതെ അതു വിതരണം ചെയ്യുന്നുണ്ട്. എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുക തന്നെ ചെയ്യും. പക്ഷേ, വാക്‌സിൻ ലഭിക്കുന്നില്ല എന്ന ആശങ്കയോടെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വന്ന് ആൾക്കൂട്ടം സൃഷ്ടിച്ചാൽ രോഗബാധയുണ്ടാവുകയും ജീവൻ അപകടത്തിലാവുകയുമാണ് ചെയ്യുക എന്നോർക്കുക.

വാക്‌സിൻ വലിയൊരു ശതമാനം ആളുകൾക്ക് ലഭിച്ച് സാമൂഹിക പ്രതിരോധം ആർജ്ജിക്കാൻ സാധിക്കുന്നത് വരെ ജാഗ്രത കർശനമായി പാലിക്കേണ്ട ഉത്തരവാദിത്വം നമ്മൾ നിറവേറ്റണം.

ബ്‌ളാക് ഫംഗസ് അഥവാ മ്യൂകർ മൈകോസിസ് പുതുതായി ഒരു കേസാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ റിപ്പോർട്ട് ചെയ്തത് 73 കേസുകളാണ്. അതിൽ 50 പേർ ഇപ്പോളും ചികിത്സയിലാണ്. 8 പേർ രോഗവിമുക്തരാവുകയും 15 പേർ മരണപ്പെടുകയും ചെയ്തു.

സർക്കാർ ആശുപത്രികളിൽ നിലവിലുള്ളത് 3,040 ഐസിയു കിടക്കകളാണ്. അതിൽ 1,137 കിടക്കകൾ കോവിഡ് രോഗികളുടേയും 736 കിടക്കകൾ കോവിഡേതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ 61.6% ശതമാനം ഐസിയു കിടക്കകളിലാ ണിപ്പോൾ ആളുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7,468 ഐസിയു ബെഡുകളിൽ 1,091 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

സർക്കാർ ആശുപത്രികളിൽ നിലവിൽ ഉള്ള ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2,293 ആണ്. അതിൽ 611 വെന്റിലേറ്ററുകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 163 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 33.8 ശതമാനമാണ് ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 2432 വെന്റിലേറ്ററുകളിൽ 508 എണ്ണമാണ് നിലവിൽ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ കുട്ടികളുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് പീഡിയാട്രിക് ഇന്റൻസീവ് കെയർ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്. മുതിർന്നവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ കുട്ടികളിലെ ചികിത്സയ്ക്കുള്ള വിപുലീകരണവും നടത്തും. മെഡിക്കൽ കോളേജ് ആശുപത്രികളിൽ അധികമായി 10 കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു. സ്ഥാപിക്കുകയോ നിലവിലുള്ള പീഡിയാട്രിക് ഐ.സി.യു.വിലെ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുകയോ ചെയ്യും. ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി തുടങ്ങിയവയിൽ എച്ച്.ഡി.യു. (ഹൈ ഡിപ്പന്റൻസി യൂണിറ്റ്) സ്ഥാപിക്കും. അതല്ലെങ്കിൽ നിലവിലുള്ള പീഡിയാട്രിക് ഐ.സി.യു./എച്ച്.ഡി.യു.വിലെ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയിൽ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവ് കാണുന്നുണ്ട്. നഗരത്തിലെ തിരക്ക് കുറയ്ക്കുക തന്നെ വേണം. ജില്ലയിൽ ഡി കാറ്റഗറിയിൽ വരുന്ന ആറു തദ്ദേശ സ്ഥാപനങ്ങളിലാണു ട്രിപ്പിൾ ലോക്ക്ഡൗണിനു സമാനമായ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. സി കാറ്റഗറിയിൽ 38 തദ്ദേശ സ്ഥാപനങ്ങളും ബി കാറ്റഗറിയിൽ തിരുവനന്തപുരം കോർപ്പറേഷൻ അടക്കം 31 തദ്ദേശ സ്ഥാപനങ്ങളും എ കാറ്റഗറിയിൽ മൂന്നു തദ്ദേശ സ്ഥാപനങ്ങളുമാണുള്ളത്.

കൊല്ലത്ത് പുനലൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ്, ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി രോഗികൾക്കായി പോസിറ്റീവ് ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കി. പ്ലാന്റേഷൻ കോർപ്പറേഷൻ മേഖലയിലെ ലയങ്ങളിൽ താമസിച്ചിരുന്ന മുഴുവൻ രോഗബാധിതരെയും ഡി.സി.സികളിലേക്ക് മാറ്റി താമസിപ്പിച്ചു.

ആലപ്പുഴ ജില്ലയിൽ കോവിഡ് ബാധിച്ച ക്ഷീരകർഷകരുടെ വളർത്തുമൃഗങ്ങളെ സംരക്ഷിക്കാനും കർഷകർക്ക് സഹായം നൽകാനും ജില്ലാ പഞ്ചായത്ത് 'ദയ' എന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്നവരെ കണ്ടെത്തി പരിചരണം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയായ 'ഒറ്റയ്ക്കല്ല കൂടെയുണ്ട് കോട്ടയം' നാളെ തുടങ്ങുകയാണ്. കോവിഡ് മരണങ്ങൾ, രോഗബാധ, ആശുപത്രിവാസം, സമ്പർക്ക വിലക്ക്, ലോക് ഡൗൺ തുടങ്ങിയവ നിരവധി പേർക്ക് മാനസിക സംഘർഷങ്ങൾക്ക് കാരണമാകാൻ ഇടയുള്ള സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി പദ്ധതി നടപ്പാക്കുന്നത്. വാർഡ്തല സമിതികൾ, പ്രഫഷണൽ
കൗൺസലർമാർ, അഞ്ഞൂറോളം സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദ വിദ്യാഥികൾ എന്നിവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനർത്ഥം ഈ സ്ഥലങ്ങളിൽ കോവിഡ് നിലവിലില്ല എന്നല്ല. നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ചില സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടു. പൊലീസിന്റെ നിർദ്ദേശം മറികടക്കുന്നതും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും കണ്ടുവരുന്നു. ഇത്തരം സംഭവങ്ങളിൽ നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കാറ്റഗറി എ, ബി വിഭാഗങ്ങളിൽപ്പെട്ട സ്ഥലങ്ങളിലും ഇതു ബാധകമാണ്.

പല സ്ഥലങ്ങളിലും ക്വാറന്റയിനിൽ കഴിയുന്നവർ വീട്ടിൽ ഇരിക്കാതെ പുറത്തിറങ്ങുന്നുണ്ട്. ഇങ്ങനെ പുറത്തിറങ്ങുന്നവരെ കണ്ടെത്തി കൗൺസലിങ് നൽകി വീടുകളിലേയ്ക്ക് മടക്കുകയാണ് ഇതുവരെ പൊലീസ് ചെയ്തിരുന്നത്. ചില സ്ഥലങ്ങളിൽ നിയമാനുസൃതം പിഴയും ഈടാക്കിയിട്ടുണ്ട്. ക്വാറന്റയിൻ ലംഘിക്കുന്നത് രോഗവ്യാപനം വർദ്ധിപ്പിക്കുമെന്നതിനാൽ നിയമലംഘകർക്കെതിരെ കേരള പകർച്ചാവ്യാധി നിയമം, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ് എന്നിവയനുസരിച്ച് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി.

കോവിഡ് അല്ലാത്ത രോഗങ്ങൾക്കുള്ള ചികിത്സ എല്ലാ തലത്തിലും ഘട്ടം ഘട്ടമായി ആരംഭിക്കണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. . അത് ആരംഭിക്കുമ്പോഴേക്കാണ് രണ്ടാം തരംഗം വന്നത്. അതുകൊണ്ട് വീണ്ടും കോവിഡ് ചികിത്സയിലേക്ക് മാറേണ്ടി വന്നു. ഇനി നോൺ കോവിഡ് ചികിൽസ ആരംഭിക്കണം എന്നാണ് കാണുന്നത്.

മുഴുവൻ മെഡിക്കൽ വിദ്യാർത്ഥികളെയും ഡോക്ടർമാരെയും വാക്‌സിനേറ്റ് ചെയ്തിട്ടുണ്ട്. പി ജി വിദ്യാർത്ഥികൾ, ഹൗസ് സർജന്മാർ എന്നിവരുടെ പഠനം പൂർത്തിയാക്കണം. എങ്കിൽ മാത്രമേ അവരുടെ സേവനം ചികിത്സാ രംഗത്ത് പൂർണ്ണ തോതിൽ ഭാവിയിൽ ഉപയോഗിക്കാനാവൂ. അത് കണ്ടുകൊണ്ടുള്ള നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ബാംങ്കിങ് ഇടപാടുകൾ വീട്ടിലിരുന്ന് ഓൺലൈനായി നടത്തുന്നത് പ്രോത്സാഹിപ്പിക്കണം. അതിലൂടെ ജനക്കൂട്ടം വലിയ തോതിൽ ബാങ്കുകളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാം. ബാങ്ക് അധികൃതരെ വിളിച്ചാൽ ഇതിനുള്ള സഹായം ലഭിക്കും. സഹായം നൽകാനുള്ള കാര്യങ്ങൾ ബാങ്ക് ജീവനക്കാരും ചെയ്യണം.

വിദേശത്ത് പോകുന്നരുടെ സർട്ടിഫിക്കറ്റ് പ്രശ്‌നത്തിൽ ചില കുറവ് ഇപ്പോഴുണ്ട്. അടിയന്തിരമായി അവ പരിഹരിക്കാൻ നടപടി സ്വീകരിക്കും.വാക്‌സിൻ രജിസ്‌ട്രേഷൻ കാര്യത്തിൽ ഭിന്നശേഷിക്കാർ, മുതിർന്ന പാരന്മാർ, കാഴ്ച പരിമിതർ, നിരക്ഷരർ എന്നിവരുടെ കാര്യത്തിൽ മറ്റുള്ളവരുടെ സഹായം വേണ്ടി വരും. വളണ്ടിയർമാർ താമസ സ്ഥലത്തെത്തി അവരെ സഹായിക്കാനാകണം. ഫീസ് അടച്ചില്ലെന്ന പേരിൽ ഓൺലൈൻ ക്ലാസിൽ പ്രവേശിപ്പിക്കാത്ത സംഭവങ്ങളിൽ ശക്തമായ നടപടിയെടുക്കും. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നടപടി എടുക്കുവാൻ നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP