Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ മൂർധന്യത്തിൽ; ആരും പട്ടിണി കിടക്കരുത്; സമൂഹ അടുക്കളകൾ വീണ്ടും തുറക്കാൻ നിർദ്ദേശം; പഞ്ചായത്ത് തലത്തിൽ കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കാൻ മന്ത്രിസഭായോഗ തീരുമാനം; ഗൃഹ പരിചരണത്തിനും ചികിത്സയ്ക്കും തുല്യ പ്രാധാന്യം നൽകും

കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ മൂർധന്യത്തിൽ; ആരും പട്ടിണി കിടക്കരുത്; സമൂഹ അടുക്കളകൾ വീണ്ടും തുറക്കാൻ നിർദ്ദേശം; പഞ്ചായത്ത് തലത്തിൽ കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കാൻ മന്ത്രിസഭായോഗ തീരുമാനം; ഗൃഹ പരിചരണത്തിനും ചികിത്സയ്ക്കും തുല്യ പ്രാധാന്യം നൽകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സമൂഹ അടുക്കളകൾ അടക്കം വീണ്ടും തുടങ്ങാൻ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമൂഹ അടുക്കളകൾ വീണ്ടും തുടങ്ങാനാണ് നീക്കം. ഇത് സംബന്ധിച്ച് മന്ത്രിസഭാ യോഗം ഇന്ന് തീരുമാനം കൈക്കൊണ്ടു. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ മൂർധന്യത്തിലെത്തിയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രോഗപ്പകർച്ച സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ആരും പട്ടിണി കിടക്കാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ സമൂഹ അടുക്കള വീണ്ടും തുടങ്ങണം. പഞ്ചായത്ത് തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജീവമാക്കാനും യോഗം തീരുമാനിച്ചു.

കോവിഡ് ബാധിച്ചാൽ ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും തുല്യ പ്രാധാന്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജും വ്യക്തമാക്കി. ഓമിക്രോൺ വകഭേദത്തിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്രതിരോധ തന്ത്രമാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചത്. മൂന്നാം തരംഗത്തിലും ഒന്നും രണ്ടും തരംഗത്തിൽ നിന്നും വ്യത്യസ്തമായ പ്രതിരോധ മാർഗങ്ങളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 'ഓമിക്രോൺ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരിൽ സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മഹാഭൂരിപക്ഷത്തിനും പ്രത്യേക യഞ്ജത്തിലൂടെ വാക്സിൻ നൽകാനായി. അതേസമയം ഒമിക്രോണെ നിസാരമായി കാണരുത്. 97 ശതമാനത്തോളം രോഗികൾ വീടുകളിൽ ഗൃഹ പരിചരണത്തിലാണ്. വീട്ടിൽ വിദഗ്ധമായ പരിചരണം അത്യാവശ്യമാണ്. ആർക്കൊക്കെ ഗൃഹ പരിചരണം എടുക്കാൻ കഴിയും. ഇതു സംബന്ധിച്ച് കൃത്യമായ പരിശീലനം ആവശ്യമാണ്. ഇതിലെല്ലാം കൃത്യമായ അവബോധം നൽകാനാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്.

കോവിഡ് വ്യാപന സമയത്ത് പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. അവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പരിശീലനം നൽകുന്നത്. പൊതുജനത്തിന് ഇതേറെ പ്രയോജനപ്പെടും. ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ, മരുന്ന് ലഭ്യത എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. ഈ പരിശിലീനം ഏറ്റവും ഫലപ്രദമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.

കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സർക്കാർ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ എന്നിവ ചർച്ച ചെയ്തു.

ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടി സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ബിപിൻ ഗോപാൽ, കൊല്ലം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പീഡിയാട്രിക്സ് വിഭാഗം അസോ. പ്രൊഫസർ ഡോ. ഷീജ സുഗുണൻ, കോഴിക്കോട് മെഡിക്കൽ കോളേജ് എമർജൻസി വിഭാഗം മേധാവി ഡോ. ചാന്ദിനി, സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റി ഡയറക്ടർ ഡോ. രമേഷ്, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീന, ട്രെയിനിങ് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ദിവ്യ എന്നിവർ സംസാരിച്ചു.

ഇതിനിടെ സംസ്ഥാനത്ത് ഇന്നലെ 49,771 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂർ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂർ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസർഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP