Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണി എൽഡിഎഫിൽ പോയാൽ മോൻസ് ജോസഫ് പാർട്ടി വിടും; ഇരിങ്ങാലക്കുട ഉറപ്പായില്ലെങ്കിൽ ഉണ്ണിയാടനും യുഡിഎഫിലേക്ക്; പിജെ ജോസഫ് മനസ്സ് മാറ്റിയതോടെ പ്രധാന തലവേദന ഒഴിഞ്ഞ ആശ്വാസത്തിൽ പാർട്ടി ചെയർമാൻ; കോട്ടയത്തിന് പുറമേ പത്തനംതിട്ടയും നൽകാമെന്ന് സിപിഎം; ജോസ് കെ മാണിക്ക് താൽപ്പര്യം ഇടതുപക്ഷം തന്നെ; പഴയ സീറ്റുകൾ ഉറപ്പ് നൽകി കോൺഗ്രസും; മാണിയുടെ മനസ്സിൽ എന്ത്?

മാണി എൽഡിഎഫിൽ പോയാൽ മോൻസ് ജോസഫ് പാർട്ടി വിടും; ഇരിങ്ങാലക്കുട ഉറപ്പായില്ലെങ്കിൽ ഉണ്ണിയാടനും യുഡിഎഫിലേക്ക്; പിജെ ജോസഫ് മനസ്സ് മാറ്റിയതോടെ പ്രധാന തലവേദന ഒഴിഞ്ഞ ആശ്വാസത്തിൽ പാർട്ടി ചെയർമാൻ; കോട്ടയത്തിന് പുറമേ പത്തനംതിട്ടയും നൽകാമെന്ന് സിപിഎം; ജോസ് കെ മാണിക്ക് താൽപ്പര്യം ഇടതുപക്ഷം തന്നെ; പഴയ സീറ്റുകൾ ഉറപ്പ് നൽകി കോൺഗ്രസും; മാണിയുടെ മനസ്സിൽ എന്ത്?

ബി രഘുരാജ്‌

കോട്ടയം: കേരളാ കോൺഗ്രസിനെ പിളരരുതെന്നാണ് കെഎം മാണിയുടെ ആഗ്രഹം. മുന്നണി സംവിധാനത്തിൽ അല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും അറിയാം. അതുകൊണ്ട് തന്നെ നാളെ തുടങ്ങുന്ന കേരളാ കോൺഗ്രസിന്റെ മഹാസമ്മേളനം നിർണ്ണായകമാകും. മുന്നണി പ്രവേശനത്തിൽ കെഎം മാണിയുടെ തീരുമാനമാകും നടപ്പാക്കുക. എന്നാൽ വിവിധ അഭിപ്രായങ്ങളെ ഏകോപിപ്പിച്ച് അന്തിമ തീരുമാനത്തിലെത്താണ് മാണിയുടെ ശ്രമം. മാണി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് പിജെ ജോസഫ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജോസഫിനെ വിശ്വാസത്തിലെടുത്തൊരു തീരുമാനമാകും മാണി എടുക്കുക. കോട്ടയം എംപിയും മാണിയുടെ മകനുമായ ജോസ് കെ മാണിക്ക് ഇടതുപക്ഷത്തോട്ടാണ് താൽപ്പര്യം. ഇടതുപക്ഷം നൽകുന്ന ഓഫർ മികച്ചതാണെന്ന അഭിപ്രായം ജോസ് കെ മാണിക്കുണ്ട്.

മോൻസ് ജോസഫാണ് വലിയ തലവേദന. യുഡിഎഫിനൊപ്പമേ താനുള്ളൂവെന്ന് മോൻസ് ജോസഫ് അറിയിച്ചു കഴിഞ്ഞു. അതായത് കേരളാ കോൺഗ്രസ് യുഡിഎഫ് വിട്ടാൽ മോൻസ് പാർട്ടി വിടും. കോൺഗ്രസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമാകാനാണ് മോൻസിന്റെ താൽപ്പര്യം. കേരളാ കോൺഗ്രസിന് മാണിയുൾപ്പെടെ ആറ് പേരാണുള്ളത്. ഇതിൽ ജയരാജും റോഷി അഗസ്റ്റിനും മാണിക്കൊപ്പം നിൽക്കും. സിഎഫ് തോമസിനും മാണിയോട് പഴയ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ സിഎഫ് തോമസിന്റെ നിലപാട് നിർണ്ണായകമാകും. പിജെ ജോസഫ്, മാണിക്കൊപ്പം നിന്നാൽ സിഎഫും കേരളാ കോൺഗ്രസിൽ ഉറച്ചു നിൽക്കും. അതായത് പിജെയെ അടുപ്പിക്കാനായാൽ മോൻസ് മാത്രമാകും എംഎൽഎമാരിൽ മാണിക്ക് വെല്ലുവിളിയാകുക.

ഇരിങ്ങാലക്കുടക്കാരൻ തോമസ് ഉണ്ണിയാടനും മുന്നണി മാറ്റത്തിൽ ആശങ്കയിലാണ്. യുഡിഎഫിനൊപ്പം നിന്നാൽ തനിക്ക് അടുത്ത തവണയും ഇരിങ്ങാലക്കുട മത്സരിക്കാനാകും. ഇടതു പക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് അത്. അതിനാൽ മുന്നണി മാറിയാൽ ഈ സീറ്റ് കേരളാ കോൺഗ്രസിന് കിട്ടുമെന്ന് ഉറപ്പില്ല. ഇരിങ്ങാലിക്കുടയിലാണ് ഉണ്ണിയാടന് ബന്ധങ്ങളുമുള്ളത്. അതുകൊണ്ട് തന്നെ മാണിക്കൊപ്പം ഇടതുപക്ഷത്ത് എത്താൻ തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുട ഉറപ്പിക്കണമെന്നും മാണിയോട് ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ ഈ ഘട്ടത്തിൽ ഉറപ്പു നൽകാൻ സിപിഎം തയ്യാറുമല്ല. അതുകൊണ്ട തന്നെ ഉണ്ണിയാടനും മാണിയെ കൈവിടാൻ സാധ്യത ഏറെയാണ്. പിജെ ജോസഫിന്റെ പിന്തുണയുണ്ടെങ്കിൽ ഈ വെല്ലുവിളികളെ മറികടക്കാമെന്നാണ് മാണിയുടെ പ്രതീക്ഷ.

ഏറ്റുമാനൂരും കുട്ടനാടും തിരുല്ലയിലും കേരളാ കോൺഗ്രസായിരുന്നു യുഡിഎഫിൽ മത്സരിച്ചിരുന്നത്. ഏറ്റുമാനൂരിൽ സിപിഎം നേതാവ് സുരേഷ് കുറുപ്പാണ് എംഎൽഎ. കുട്ടനാട്ടിൽ എൻസിപിയുടെ തോമസ് ചാണ്ടിയും തിരുവല്ലയിൽ മന്ത്രി മാത്യു ടി തോമസും. അതുകൊണ്ട് തന്നെ ഈ സീറ്റ് ഇടതുപക്ഷത്ത് എത്തിയാലും സിപിഎമ്മിന് കിട്ടാൻ സാധ്യതയില്ല. എൻസിപിയുടേയും ദള്ളിന്റെ സീറ്റുകളിൽ കേരളാ കോൺഗ്രസിന് താൽപ്പര്യം ഏറെയാണ്. മൂന്ന് സീറ്റും കേരളാ കോൺഗ്രസിന്റെ കുത്തകകളായിരുന്നു ഒരു കാലത്ത്. അതിനാൽ ഈ സീറ്റുകൾ ലക്ഷ്യമിടുന്ന നിരവധി പേർ മാണി ഗ്രൂപ്പിലുണ്ട്. ഈ സീറ്റുകൾ കിട്ടില്ലെന്ന് ഉറപ്പായാൽ അവരെല്ലാം യുഡിഎഫിലേക്ക് ചുവടുമാറാൻ സാധ്യത ഏറെയാണ്. ഇതും മാണിയെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ട്.

ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസിന്റെ ഭാവി രാഷ്ട്രീയത്തിൽ ഏറെ നിർണായകമാണ് നാളെ കോട്ടയത്തു തുടങ്ങുന്ന സംസ്ഥാന സമ്മേളനം. നേതൃമാറ്റവും മുന്നണി പ്രവേശനവും സമ്മേളനത്തിൽ മുഖ്യ അജൻഡയായിരുന്നെങ്കിലും ഈ രണ്ടു വിഷയങ്ങളും കൂടുതൽ ചർച്ചകൾക്കായി മാറ്റിയെന്നാണ് നേതൃത്വം പറയുന്നത്. പാർട്ടിയുടെ തലപ്പത്തേക്കു ജോസ് കെ. മാണിയെ കൊണ്ടുവരുന്നതിനെ അംഗീകരിക്കില്ലെന്നു മോൻസ് ജോസഫ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ. ഭാവി രാഷട്രീയ നിലപാടുകൾ സംബന്ധിച്ച് അണികളെ ബോധ്യപ്പെടുത്തേണ്ടതുള്ളതിനാൽ ഇതു സംബസിച്ച സൂചനകൾ കെ.എം. മാണി സമ്മേളനത്തിൽ നൽകും. എന്തു തന്നെയായാലും സമ്മേളനശേഷവും പാർട്ടിയുടെ പ്രാധാന്യം ഇരു മുന്നണികളിലും സജീവ ചർച്ചയാക്കി നിർത്തുക തന്നെയാകും നേതൃത്വം ഉന്നം വയ്ക്കുക.

അതിനിടെ മുന്നണി പ്രവേശനത്തിൽ കേരള കോൺഗ്രസ് എടുക്കുന്ന തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് വൈസ് ചെയർമാൻ ജോസ് കെ. മാണിയും വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളന ശേഷം മുന്നണി പ്രവേശനം ചർച്ച ചെയ്യുമെന്നും പറഞ്ഞു. ഇടതുമുന്നണിയിലെത്താൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് സിപിഎമ്മിന്റെ വാഗ്ദാനം രണ്ടു മന്ത്രിസ്ഥാനവും രണ്ടു ലോക്സഭാ സീറ്റുമാണെന്നാണ് സൂചന. മാണി-ജോസഫ് വിഭാഗങ്ങൾ പിളരാതെ നിലവിലുള്ള എംപിമാരും എംഎ‍ൽഎമാരും ഒന്നിച്ച് എൽ.ഡി.എഫിലെത്തണമെന്നാണ് സിപിഎമ്മിന്റെ ഡിമാൻഡ്. എന്നാൽ മൂന്നു മന്ത്രിസ്ഥാനം, മൂന്നു പാർലമെന്റ് സീറ്റ്, 22 നിയമസഭാ സീറ്റ് എന്നിവ ഉറപ്പുനൽകണമെന്നാണ് മാണിഗ്രൂപ്പിന്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് ഏല്ലാവരേയും ഒരുമിപ്പിച്ച് ഇടതുപക്ഷത്തേക്ക് നീങ്ങാൻ മാണിയുടെ ശ്രമം.

കേരള കോൺഗ്രസ് എം സംസ്ഥാന സമ്മേളനത്തിനു നാളെ അഞ്ചിനു പാർട്ടി ചെയർമാൻ കെ.എം.മാണി പതാക ഉയർത്തും. 15നു പ്രകടനവും സമ്മേളനവും. 16നു പ്രതിനിധി സമ്മേളനവും നടക്കും. വിളംബര റാലി അഞ്ചു മണിയോടെ നഗരത്തിലെത്തും. തുടർന്നു ജോസ് കെ.മാണി എംപി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ജാഥ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിലേക്ക്. തുടർന്നു പാർട്ടി ചെയർമാൻ കെ.എം.മാണി പതാക ഉയർത്തും. 15നു മൂന്നു മണിയോടെ കഞ്ഞിക്കുഴി, എസ്.എച്ച് മൗണ്ട്, കോടിമത എന്നിവിടങ്ങളിൽ നിന്നു ചെറു പ്രകടനമായി നാഗമ്പടത്ത് പ്രവർത്തകർ എത്തും. അഞ്ചരയോടെ ചേരുന്ന സമ്മേളനത്തിൽ പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് അധ്യക്ഷത വഹിക്കും.

ചെയർമാൻ കെ.എം.മാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. 16നു പത്തിനു ഹോട്ടൽ ഐഡയിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നു തിരഞ്ഞെടുത്ത നേതാക്കൾ പങ്കെടുക്കും. ഈ സമ്മേളനത്തിലാണ് നിർണായക രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP