Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീണ ഇടങ്കോൽ ഇടാതിരിക്കാൻ മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്ര തിരഞ്ഞടുപ്പ് കമ്മീഷന്റെ അനുമതിയോടെ; ചട്ടലംഘനം ഉണ്ടാകാതിരിക്കാൻ സ്പോൺസറാകുന്നത് കെഎസ്എഫ്ഇ; തുടക്കത്തിൽ ഇഴഞ്ഞ പ്രവാസി ചിട്ടിക്ക് പിണറായിയുടെ ദുബായ് സന്ദർശനത്തോടെ ജീവൻ വെയ്ക്കുന്നു; കെ എം മാണി എതിർത്ത ചിട്ടിയെ വികസനത്തിന് ഉപയോഗപ്പെടുത്താൻ തോമസ് ഐസക്കും; നാട്ടിലെ സ്വത്തു വിറ്റും യുകെയിൽ നിക്ഷേപം നടത്തുന്ന ലണ്ടൻ മലയാളികളുടെ മനസ് മാറ്റാൻ മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രക്കാകുമോ?

മീണ ഇടങ്കോൽ ഇടാതിരിക്കാൻ മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്ര തിരഞ്ഞടുപ്പ് കമ്മീഷന്റെ അനുമതിയോടെ; ചട്ടലംഘനം ഉണ്ടാകാതിരിക്കാൻ സ്പോൺസറാകുന്നത് കെഎസ്എഫ്ഇ; തുടക്കത്തിൽ ഇഴഞ്ഞ പ്രവാസി ചിട്ടിക്ക് പിണറായിയുടെ ദുബായ് സന്ദർശനത്തോടെ ജീവൻ വെയ്ക്കുന്നു; കെ എം മാണി എതിർത്ത ചിട്ടിയെ വികസനത്തിന് ഉപയോഗപ്പെടുത്താൻ തോമസ് ഐസക്കും; നാട്ടിലെ സ്വത്തു വിറ്റും യുകെയിൽ നിക്ഷേപം നടത്തുന്ന ലണ്ടൻ മലയാളികളുടെ മനസ് മാറ്റാൻ മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രക്കാകുമോ?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പാലാ ബിഷപ്പ് ഹൗസിനു അടുത്ത് ഒന്നരയേക്കർ റബർ തോട്ടം. കിട്ടുന്ന വിലയ്ക്ക് കൊടുക്കാൻ തയ്യാർ. ബ്രിട്ടീഷ് മലയാളിയിൽ സ്ഥല വിൽപ്പന പരസ്യത്തിൽ കൊടുക്കാൻ ഉള്ള അന്വേഷണമാണ്. വിളിച്ച ആൾ പറയുന്നത് ന്യായം. പ്രായം അറുപതു ആകുന്നു. നാട്ടിലെ സ്വത്തു വകകൾ വിറ്റു യുകെയിൽ പണം എത്തിച്ചു ഒരു വീടോ മറ്റോ വാങ്ങി മക്കൾക്കു നൽകിയാൽ അത്രയും ആയി. നാട്ടിൽ കിടന്നാൽ അന്യാധീനപ്പെട്ടു പോകാൻ കാരണമായേക്കും. സ്വത്തുക്കൾ നോക്കി നടത്തുന്ന ബന്ധുക്കൾ യുകെയിൽ ഉള്ളവർക്ക് നാട്ടിൽ ഒക്കെ സ്വത്തു എന്തിനാ എന്ന മനോഭാവത്തിലാണ് പെരുമാറുന്നത്. അതിനാൽ മനസും ശരീരവും ആരോഗ്യത്തോടെ ഉള്ളപ്പോൾ തന്നെ വേണ്ട വിധം കാര്യങ്ങൾ ചെയ്യാനാണ് ഈ സ്ഥല വിൽപ്പന. ഷെഫീൽഡിലെ ജോർജ് കുര്യൻ (അപരനാമം) പറയുന്ന കാര്യം അൽപം ന്യായവുമാണ്. മലയാളം പറയാൻ അറിയാതെ യുകെയിലെ മലയാളി കുട്ടികൾക്ക് നാട്ടിലെ പൈതൃക സ്വത്തിനോന്നും അവകാശം പറഞ്ഞു ചെല്ലാൻ സമയവും താല്പര്യവും ഉണ്ടാകില്ല. ജീവിതം ഇനി ഇവിടെ തന്നെ എന്ന് തീരുമാനിച്ചു തുടങ്ങിയ നിലക്ക് ജോർജ് കുര്യനെ പോലെ ചിന്തിക്കുന്നവർ അനേകമാണ്.

യുകെയിലെ പൊതു മലയാളി സമൂഹത്തിന്റെ ഒരു പരിപ്രേക്ഷ്യമാണ് ജോർജ് കുര്യൻ. സാഹചര്യം ഇതായിരിക്കെയാണ് പ്രവാസികൾക്ക് ചിട്ടി എന്ന പേരിൽ ആളെ പിടിക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ലണ്ടനിൽ അടുത്ത ആഴ്ച എത്തുന്നത്. എന്നാൽ നിക്ഷേപങ്ങളെ സംബന്ധിച്ച് കൂടുതൽ മുൻ കരുതലുമായി നീങ്ങുന്ന യുകെ മലയാളികൾ ജീവിതാസ്വാദനത്തിന്റെ മധ്യവേനൽ പിന്നിട്ടു സായാഹ്ന വിശ്രമത്തിനു കരുതൽ എടുക്കുമ്പോൾ കേരള മുഖ്യന്റെയും ധനമന്ത്രിയുടെയും യാത്ര എത്രമാത്രം ഫലപ്രദമാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പൊതു തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നൽകിയ അനുമതിയുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശ യാത്ര.

ഇത് സംബന്ധിച്ച് സർക്കാർ നൽകിയ അപേക്ഷ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തിരഞ്ഞെടുപ്പു ഓഫിസർക്ക് അയക്കുക ആയിരുന്നു. തുടർന്ന് വിദേശ യാത്ര തിരഞ്ഞെടുപ്പു ചട്ട പരിധിയിൽ ഉൾപ്പെടുന്നില്ല എന്ന് വക്തമാക്കിയതിനാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകുക ആയിരുന്നു എന്ന് ഓഫിസ് വൃത്തങ്ങൾ ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കി. അതേ സമയം യാത്രയുടെ ഫണ്ടിങ് സർക്കാർ സംവിധാനത്തിൽ ആയതിനാൽ യാത്രയുടെ വിഷാദശാംശങ്ങൾ തിരഞ്ഞെടുപ്പു കമ്മീഷൻ പരിഗണിക്കുമെന്നും എന്തെങ്കിലും ചട്ട ലംഘനം ഉണ്ടായാൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ സൂചിപ്പിച്ചു. ഇതോടെ കെഎസ്എഫ്ഇ സ്പോൺസർ ആകും എന്ന് പ്രതീക്ഷിക്കുന്ന യാത്രയുടെ വിശദംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനും നിരീക്ഷിക്കുകയാണ്. ഇക്കാരണത്താൽ ഔദ്യോഗിക പരിപാടികളിൽ മാത്രമാകും മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കുക എന്നും സൂചന ലഭിച്ചു.

തുടക്കത്തിൽ കിഫബിയും നോർക്കയും ഏറ്റെടുക്കാൻ ആലോചിച്ച യാത്രയാണ് ഇപ്പോൾ കെഎസ്എഫ്ഇയുടെ ചുമതലയിൽ എത്തിയിരിക്കുന്നത്. നേരത്തെ മസാല ബോണ്ട് നിക്ഷേപകരുടെ കൂട്ടായ്മയെ സമീപിച്ചു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്ര സുഗമമാക്കാൻ ശ്രമം നടത്തിയെങ്കിലും അതിനു ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അനുവാദം നൽകിയില്ലെന്നാണ് സൂചന. മാത്രമല്ല നെതർലാന്റിലും ജനീവയിലും ഒക്കെ എത്തുന്ന യാത്ര സംഘത്തിന്റെ ചെലവ് ഭീമം ആയതിനാൽ അതേറ്റെടുക്കാൻ ലണ്ടൻ സംഘം തയാറായിരുന്നുമില്ല. തുടർന്നാണ് പ്രതിസന്ധി മറികടക്കാൻ കെഎസ്എഫ്ഐയെ കൂട്ടുപിടിച്ചതും പേരിനു ലണ്ടനിൽ പ്രവാസി ചിട്ടി ലോഞ്ചിങ് ഉൾപ്പെടുത്തിയതും. യാത്രയുടെ പേരിൽ ഭാവിയിൽ വിവാദം ഉണ്ടായാൽ മറികടക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ബുദ്ധിപൂർവം കരുനീക്കിയതും കൗതുകമാണ്.

യാത്ര സംബന്ധിച്ച മുഴുവൻ കാര്യങ്ങളും ചെയ്തിരിക്കുന്നത് ധനമന്ത്രിയുടെ ഓഫീസാണ്. യാത്ര പരിപാടിയുടെ വിശദംശങ്ങൾ പോലും മുഖ്യമന്ത്രിയുടെ ഓഫിസിനു ലഭ്യമല്ല. ഇന്ത്യ കഴിഞ്ഞാൽ സിപിഎമ്മിന് പോളിറ്റ് ബ്യുറോ സംവിധാനമുള്ള ലണ്ടനിലെ പാർട്ടി വൃത്തങ്ങൾക്കും യാത്ര സംബന്ധിച്ച കൃത്യമായ സൂചനയില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഒന്നും അറിയില്ല എന്ന മറുപടിയാണ് അംനൗഷണങ്ങൾക്കു നൽകുന്നത്. എല്ലാ കാര്യങ്ങളും ധന മന്ത്രി ഏറ്റെടുത്തതിനാൽ കൂടിയാണ് യാത്രയിൽ കെ എസ് എഫ് ഐ ഇടം പിടിക്കുന്നത്. എന്നാൽ യാത്ര സംഘത്തിൽ ഇതുവരെ കെ എസ എഫ് ഇ ചെയര്മാന് ഉൾപ്പെട്ടതായി സൂചനയില്ല. നാല് രാജ്യങ്ങൾ സന്ദർശിക്കുന്ന യാത്ര പരിപാടിയിൽ പ്രവാസി ചിട്ടി ലോഞ്ചിങ് ലണ്ടനിൽ മാത്രമാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നെതർലാന്റിലും മറ്റും മലയാളി സംഘടാകളുമായുള്ള കൂടിക്കാഴ്ചയും സംഘം പ്ലാൻ ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നാല് രാജ്യങ്ങളിലെ സന്ദർശന ചിലവും കെഎസ്എഫ്ഇ ആണോ ഏറ്റെടുത്തിരിക്കുന്നതെന്നും നാലു രാജ്യങ്ങളിലും ചിട്ടി വിൽപ്പന ഉണ്ടാകുമോ എന്നും സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അതിനിടെ കിഫ്ബി വഴി വികസന പദ്ധതികൾക്ക് പണം കണ്ടെത്താൻ ആരംഭിച്ച തോമസ് ഐസക്കിന്റെ സ്വപ്ന പദ്ധതിയായ പ്രവാസി ചിട്ടി തുടക്കത്തിൽ പരസ്യം നൽകിയ പൈസക്ക് പോലും ഉള്ള ബിസിനസ് കണ്ടെത്തിയിരുന്നില്ല. പിന്നീട് മുഖ്യമന്ത്രി നടത്തിയ ദുബായ് യാത്രയെ തുടർന്ന് പാർട്ടി അനുഭാവികളുടെ കഠിന പരിശ്രമ ഫലമായിട്ടാണ് ഈ പദ്ധതിക്ക് ജീവൻ വച്ചിരിക്കുന്നത്. ഗൾഫ് മലയാളികൾക്ക് സുരക്ഷിത നിക്ഷേപം ജീവിതത്തിന്റെ ഭാഗം കൂടി ആയതിനാൽ കൂടുതൽ പേരെ ചിട്ടിയിൽ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ യൂറോപ്യൻ, അമേരിക്കൻ മലയാളികൾ ഇത്തരം നിക്ഷേപങ്ങളിൽ താൽപ്പര്യം കാട്ടുക എന്നത് സ്വാഭാവികമല്ല. കാരണം സർക്കാർ പറയുന്ന പെൻഷനും ആരോഗ്യ ഇൻഷുറൻസും എല്ലാം യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും നൽകുന്നതിനാൽ പ്രവാസി ചിട്ടിയിൽ എൻ ആർ ഐ നിക്ഷേപകർക്ക് അധിക താൽപ്പര്യം ഉണ്ടാകാൻ സാധ്യതയും കുറവാണ്.

മറ്റു രാജ്യങ്ങളിൽ പൗരത്വം ഉള്ളവർക്ക് ഇന്ത്യയിലെ നിക്ഷേപങ്ങൾ കാലാവധി പൂർത്തിയാകുമ്പോൾ പണം മടക്കി കിട്ടാനുള്ള നിയമ നൂലാമാലകളും ഇത്തരം നിക്ഷേപങ്ങളിൽ നിന്നും പിന്നോക്കം നിൽക്കാൻ കാരണമാണ്. എൽ ഐ സി അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഇത്തരം പ്രതിസന്ധിയാണ് പ്രവാസികൾക്കിടയിൽ നേരിടുന്നത്. പ്രവാസി ചിട്ടി റിസർവ് ബാങ്ക് ചട്ടങ്ങൾക്ക് എതിരാണെന്ന് അന്തരിച്ച മുൻ ധനമന്ത്രി കെ എം മാണി പരസ്യമായി വിയോജനക്കുറിപ്പ് നടത്തിയിരുന്നു. എന്നാൽ അതിനു കൃത്യമായി നിയമസഭയിൽ മറുപടി നൽകാൻ തോമസ് ഐസക് തയ്യാറാകാതിരുന്നതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ആരോപണത്തിന് മറുപടി നൽകാൻ വെല്ലുവിളി ഉയർത്തിയിരുന്നു. ഒരു വർഷം പിന്നിടുന്ന പദ്ധതിയിൽ നൂറു കോടിയിലേറെ സമാഹരിക്കപ്പെട്ടു എന്നാണ് സർക്കാർ ഉയർത്തുന്ന അവകാശ വാദം. ചിട്ടി പണം തീരദേശ ഹൈവേ നിർമ്മാണത്തിന് ഉപയോഗിക്കാൻ ആണ് സർക്കാർ ശ്രമം. സർക്കാർ സ്‌കൂളുകളുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP