Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജൂറി ചെയർമാനായി മധു അമ്പാട്ടിനെയും അംഗങ്ങളെയും തീരുമാനിച്ച് ഉത്തരവിറങ്ങിയത് ബുധനാഴ്ച; വിലക്ക് നിലനിൽക്കേ എസി തിയേറ്ററിൽ ജൂറി അംഗങ്ങൾക്കായി സ്‌ക്രീനിങ്; മകന്റെ സിനിമ എത്തിയപ്പോൾ എതിർത്ത മഹേഷ് പഞ്ചുവിനെ തെറുപ്പിച്ചതിന് പിന്നിലും ചെയർമാന്റെ ഇടപെടൽ; സിനിമാ സ്‌ക്രീനിംഗിന് ധൃതി കൂട്ടുന്നതിനു പിന്നിലും സ്വന്തക്കാരെ കിരീടം ചൂടിക്കാനുള്ള നീക്കങ്ങൾ; കൊറോണ ഭീതി തുടരവേ എസി തിയേറ്ററിൽ സ്‌ക്രീനിങ് നടത്താൻ കമലിന്റെ രഹസ്യനീക്കം; കാറ്റിൽപ്പറത്തുന്നതുകൊറോണ പ്രോട്ടോക്കോൾ തന്നെ

ജൂറി ചെയർമാനായി മധു അമ്പാട്ടിനെയും അംഗങ്ങളെയും തീരുമാനിച്ച് ഉത്തരവിറങ്ങിയത് ബുധനാഴ്ച; വിലക്ക് നിലനിൽക്കേ എസി തിയേറ്ററിൽ ജൂറി അംഗങ്ങൾക്കായി സ്‌ക്രീനിങ്; മകന്റെ സിനിമ എത്തിയപ്പോൾ എതിർത്ത മഹേഷ് പഞ്ചുവിനെ തെറുപ്പിച്ചതിന് പിന്നിലും ചെയർമാന്റെ ഇടപെടൽ; സിനിമാ സ്‌ക്രീനിംഗിന് ധൃതി കൂട്ടുന്നതിനു പിന്നിലും സ്വന്തക്കാരെ കിരീടം ചൂടിക്കാനുള്ള നീക്കങ്ങൾ; കൊറോണ ഭീതി തുടരവേ എസി തിയേറ്ററിൽ സ്‌ക്രീനിങ് നടത്താൻ കമലിന്റെ രഹസ്യനീക്കം; കാറ്റിൽപ്പറത്തുന്നതുകൊറോണ പ്രോട്ടോക്കോൾ തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളം കൊറോണ ഭീതിയിൽ അമർന്നിരിക്കെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾക്കുള്ള സ്‌ക്രീനിങ് നടത്താൻ ചലച്ചിത്ര അക്കാദമിയുടെ രഹസ്യനീക്കം. കൊറോണ വ്യാപനം തടയാൻ പിണറായി സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കവേയാണ് എല്ലാ നിർദ്ദേശങ്ങളും കാറ്റിൽപ്പറത്തി സ്‌ക്രീനിങ് നടത്താൻ അക്കാദമി ചെയർമാൻ കമലും വൈസ് ചെയർപേഴ്‌സൺ ബീനാ പോളും ശ്രമം നടത്തുന്നത്. പുതിയ അക്കാദമി സെക്രട്ടറിയായ അജോയ് ചന്ദ്രൻ തിങ്കളാഴ്ച ചാർജ് എടുക്കുമ്പോൾ ചൊവാഴ്ച മുതൽ ചിത്രങ്ങൾക്ക് സ്‌ക്രീനിങ് നടത്താനാണ് നീക്കം നടക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത തീരുമാനത്തിനു തീർത്തും കടകവിരുദ്ധമായാണ് സാംസ്‌കാരിക മന്ത്രി എ.കെ.ബാലനും അക്കാദമി ചെയർമാൻ കമലും നീങ്ങുന്നത്. രാജ്യമാകമാനം സിനിമാ തിയേറ്ററുകൾ അടച്ചിട്ടിരിക്കെയാണ് എസി തിയേറ്ററിൽ ജൂറി അംഗങ്ങൾക്കായി സ്‌ക്രീനിങ് നടത്താൻ കമൽ തീരുമാനിച്ചിരിക്കുന്നത്. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്റെ പിന്തുണയാണ് തീരുമാനമായി മുന്നോട്ടു പോകാൻ കമലിന് പ്രേരണയാകുന്നത് എന്നാണ് അറിയുന്നത്.

2019-ലെ സിനിമാ അവാർഡുകൾ തീരുമാനിക്കാൻ ജൂറിയെ നിയമിക്കാനുള്ള ധൃതി പിടിച്ചുള്ള തീരുമാനവും സ്‌ക്രീനിംഗിന് അനുബന്ധമായി സാംസ്‌കാരിക വകുപ്പിന്റെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട്. പ്രമുഖ ഛായാഗ്രാഹകൻ മധു അമ്പാട്ടിനെയാണ് ജൂറി ചെയർമാനായി നിയമിച്ചിരിക്കുന്നത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, നടി അർച്ചന, ക്യാമറാമാൻ വിപിൻ മോഹൻ എഡിറ്റർ ഭൂമിനാഥൻ, സൗണ്ട് എഞ്ചിനീയർ കെ.രാധാകൃഷ്ണൻ, സംഗീത സംവിധായകൻ ബേർണി. ടി.ഡി.രാമകൃഷ്ണൻ എന്നിവരാണ് ജൂറി അംഗങ്ങൾ. മെമ്പർ സെക്രട്ടറിയായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രനുമുണ്ട്. എഴുത്തുകാരൻ ഡോ.വി.രാജകൃഷ്ണൻ ചെയർമാനായി രചനാ വിഭാഗം വേറെയുമുണ്ട്. കൊറോണയിൽ കേരളം നിശ്ചലമായിക്കൊണ്ടിരിക്കവേ ഈ ബുധനാഴ്ചയാണ് സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങൾക്കുള്ള ജൂറിയെ തീരുമാനിച്ചുകൊണ്ട് സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവിറങ്ങുന്നത്. ജനറൽ കൗൺസിലും പുനഃസംഘടിപ്പിച്ച് ഉത്തരവായിട്ടുണ്ട്. നടനമാരായ ഇന്ദ്രൻസ്, പ്രേംകുമാർ, സംവിധായകൻ അനിൽ നാഗേന്ദ്രൻ, കെ.ആർ.നാരായണൻ, ദേശീയ ഫിലിം ഇൻസ്റ്റിട്ട്യുട്ട് ഡയറക്ടർ ശങ്കർ മോഹൻ, ജോർജ് മാത്യു എന്നിവരെയാണ് ജനറൽ കൗൺസിലെക്ക് നാമനിർദ്ദേശം ചെയ്തത്. തന്റെ സിനിമ അവാർഡിനു പരിഗണിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി ഇന്ദ്രൻസ് സ്ഥാനം രാജിവെച്ചിട്ടുണ്ട്.

സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കിയ ബുധനാഴ്ച അടക്കമുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഭരണ നേതൃത്വം കൊറോണയുമായി ബന്ധപ്പെട്ടുള്ള ത്വരിത നീക്കങ്ങളിലായിരുന്നു. ഈ ദിവസങ്ങളിലാണ് കേരളത്തിൽ ശക്തമായ കൊറോണ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. ഇന്നു സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരാഴ്ചയാണ് കാസർകോടിനു അവധി നൽകിയിരിക്കുന്നത്. ഇനി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം സി-ഡിവിഭാഗം ജീവനക്കാർ എത്തിയാൽ മതി. എല്ലാ ശനിയാഴ്ചയും മാർച്ച് മുപ്പത്തിയൊന്നു വരെ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. സുപ്രധാനമായ തീരുമാനങ്ങളാണ് ഈ ആഴ്ച സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. സർക്കാർ ഈ രീതിയിൽ എരിപൊരി സഞ്ചാരത്തിലേർപ്പെടെയാണ് അതെല്ലാം വിസ്മരിച്ച് ബുധനാഴ്ച ജൂറിയെ തീരുമാനിക്കാനും അത് ഉത്തരവായി പുറത്തിറക്കാനും സാംസ്‌കാരിക വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടി വന്നത്. കൊറോണയല്ലാ ചലച്ചിത്ര അവാർഡാണ് മുഖ്യവിഷയം എന്ന പ്രതീതിയാണ് സാംസ്‌കാരിക വകുപ്പിന്റെ നടപടി ഉയർത്തിയിരിക്കുന്നത്. ധൃതി പിടിച്ചുള്ള ഈ ഉത്തരവ് തന്നെ നിലനില്ക്കവേയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾക്ക് സ്‌ക്രീനിങ് ഏർപ്പെടുത്താൻ അക്കാദമി സെക്രട്ടറി കമൽ രഹസ്യ നീക്കം നടത്തുന്നത്. അടച്ചിട്ട എസി തിയേറ്ററിൽ ജൂറി അംഗങ്ങൾ സ്‌ക്രീനിംഗിന് ഇരുന്നാൽ സർക്കാർ ഏർപ്പെടുത്തിയ കൊറോണ പ്രോട്ടോക്കോൾ ലംഘനമായി ചലച്ചിത്ര അക്കാദമി ചെയർമാന്റെ നടപടി മാറും. കൊറോണയുമായി ബന്ധപ്പെട്ടു കർശന നിർദ്ദേശങ്ങൾ ജനങ്ങൾക്കായി നൽകിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഇതെല്ലാം മറികടന്നു രഹസ്യ സ്‌ക്രീനിംഗിനുള്ള നീക്കവുമായി കമൽ മുന്നോട്ടു പോകുന്നത്.

ചലച്ചിത്ര അക്കാദമി ജൂറിയെ തീരുമാനിക്കുന്നത് സാംസ്‌കാരിക വകുപ്പാണ്. പക്ഷെ അവാർഡിന്റെ എല്ലാ തലങ്ങളിലും ശക്തമായ പിടിമുറുക്കലാണ് കമൽ നടത്തുന്നത്. കമൽ തീരുമാനിച്ചയാളെ ജൂറി ചെയർമാനായി നിയമിക്കുകയാണ് സാംസ്‌കാരിക വകുപ്പ് ചെയ്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. എല്ലാ ധാർമ്മികതകളും കാറ്റിൽപ്പറത്തി കമൽ മുന്നോട്ടു പോയപ്പോഴാണ് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു കമലുമായി ഉടക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ മകൻ ജനൂസ് മുഹമ്മദിന്റെ ചിത്രം സംസ്ഥാന പുരസ്‌കാര നിർണയ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് മഹേഷ് പഞ്ചു നിലപാടെടുത്തിരുന്നു. ഈ മഹേഷ് പഞ്ചുവിനെ കറിവേപ്പില പോലെ എടുത്ത് കളഞ്ഞാണ് പുതിയ അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രനെ കമൽ തീരുമാനിച്ചത്. തീരുമാനം സാംസ്‌കാരിക വകുപ്പാണെങ്കിലും പിന്നിൽ കമൽ തന്നെ. അക്കാദമി ജനറൽ കൗൺസിലിലേക്ക് നാമനിർദ്ദേശം വന്നപ്പോൾ ഇന്ദ്രൻസ് അക്കാദമി ജനറൽ കൗൺസിലിൽ നിന്നും രാജിവെച്ചിട്ടുണ്ട്. തന്റെ സിനിമ അവാർഡ് പരിഗണനയ്ക്ക് വരുന്നുണ്ട് അതിനാൽ ജനറൽ കൗൺസിലിൽ തുടരാൻ പ്രയാസമുണ്ട് എന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. അവാർഡുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ജനറൽ കൗൺസിൽ ഇടപെടുന്നില്ല. പക്ഷെ ധാർമ്മികത ആയുധമാക്കിയാണ് ഇന്ദ്രൻസ് രാജിവെച്ചത്. പക്ഷെ അക്കാദമി എക്‌സിക്യുട്ടീവ് കമ്മറ്റി അവാർഡുമായി ബന്ധപ്പെട്ട ജൂറി ചെയർമാനെ തീരുമാനിക്കുന്ന കാര്യങ്ങളിൽ വരെ ഇടപെടും. ഈ എക്‌സിക്യുട്ടീവ് കമ്മറ്റിയിൽ കമലുണ്ട്. ബീനാ പോളുമുണ്ട്. ഇന്ദ്രൻസ് അനുവർത്തിക്കുന്ന ധാർമ്മികത തന്നെയാണ് അക്കാദമി ചെയർമാൻ എന്ന നിലയിൽ കമലിൽ നിന്നും പ്രതീക്ഷിക്കുന്നത്. പക്ഷെ കാര്യങ്ങൾ കമൽ തീരുമാനിക്കും പോലെ അധാർമികമായാണ് മുന്നോട്ടു പോയത്.

2019-ലെ അവാർഡ് പരിഗണനാ പട്ടികയിൽ നിന്ന് തന്റെ മകനായ ജനൂസ് മുഹമ്മദിന്റെ ചിത്രം നയൻ പുറത്താകുമെന്ന് കമൽ ഭയപ്പെട്ടിരുന്നു. സംസ്ഥാന പുരസ്‌കാര നിർണയ പട്ടികയിൽ നിന്ന് നയൻ ഒഴിവാക്കണമെന്നാണ് അക്കാദമി സെക്രട്ടറിയായ മഹേഷ് പഞ്ചു നിലപടെടുത്തിരുന്നത്. ഈ നിലപാടിൽ അസ്വസ്ഥനായാണ് മഹേഷ് പഞ്ചുവിനെ തെറുപ്പിക്കാനുള്ള നീക്കങ്ങളുമായി കമൽ മുന്നോട്ട് പോയത്. മഹേഷ് പഞ്ചുവിനെ തെറുപ്പിച്ചില്ലെങ്കിൽ താനും ബീനാ പോളും ലും അടങ്ങുന്ന വൻ നിര രാജി വയ്ക്കും എന്നാണ് സാംസ്‌കാരിക മന്ത്രി എ.കെ.ബാലനെക്കണ്ട് കമൽ ഭീഷണി മുഴക്കിയത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇത്തവണത്തെ ചലച്ചിത്ര പുരസ്‌ക്കാര പരിഗണനയിലേക്ക് മകൻ ജനൂസ് മുഹമ്മദിന്റെ ചിത്രം എത്തിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെയായിരുന്നു കമലിന്റെ മുഴുവൻ നീക്കങ്ങളും. പുരസ്‌കാരത്തിന് എത്തുന്ന സിനിമകളുമായി തങ്ങൾക്ക് യാതോരു ബന്ധവുമില്ലെന്ന് ജൂറി ചെയർമാനും ജൂറി അംഗങ്ങളും എഴുതി നൽകും. എന്നാൽ അക്കാദമി എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഇങ്ങനെ എഴുതി നൽകില്ല. ജൂറിയെ തീരുമാനിക്കുന്നത് അക്കാദമി എക്‌സിക്യുട്ടീവ് അംഗങ്ങളാണ്. അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് എല്ലാ ഇടപെടലും നടത്തുന്നത് എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. ജൂറിയെ തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ വരെ. ഇവരുടെ തീരുമാനത്തിലാണ് സാംസ്‌കാരിക മന്ത്രി ഒപ്പ് വയ്ക്കുന്നത്. പരസ്യമായ രഹസ്യങ്ങളാണ് ഇതെല്ലാം തന്നെ.

അവാർഡ് ചിത്രങ്ങളുമായി തങ്ങൾക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ജൂറി എഴുതി നൽകുമ്പോൾ തങ്ങൾക്ക് പുരസ്‌ക്കാരത്തിനു പരിഗണിക്കുന്ന ചിത്രങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് എക്‌സിക്യുട്ടീവ് അംഗങ്ങൾ എഴുതി നൽകുന്നില്ല. ഇതാണ് കമലിന്റെയും കൂട്ടരുടെയും തുറുപ്പ് ചീട്ട്. എല്ലാ ജൂറിയുടെ മേൽ വെച്ചു കെട്ടി അണിയറയിൽ കമലും ബീനാ പോളും അടക്കമുള്ള ടീം എല്ലാ നീക്കങ്ങളും നടത്തും. കമൽ അക്കാദമി ചെയർമാനായി ഇരിക്കുമ്പോൾ കമലിന്റെ മകന്റെ സിനിമ അവാർഡ് പരിഗണനയ്ക്ക് എത്തുന്നത് ഒഴിവാക്കണം എന്നായിരുന്നു സ്ഥാനം തെറിച്ച അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ നിലപാട്. ഇതോടെ മഹേഷ് പഞ്ചുവിന്റെ സ്ഥാനം തന്നെ കമൽ തെറുപ്പിച്ചു. അധാർമ്മികമായ നിലപാട് തന്നെയാണ് അക്കാദമി തലപ്പത്തിരുന്നു കമലും കൂട്ടരും ചെയ്യുന്നത്. ഇതിന്നെതിരെയാണ് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ-മൈക്ക എതിർപ്പുമായി രംഗത്തുള്ളത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ മകൻ ജനൂസ് മുഹമ്മദിന്റെ ചിത്രം സംസ്ഥാന പുരസ്‌കാര നിർണയ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മുൻ നിർത്തി മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലനും പരാതി നൽകിയിരുന്നു ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയൻ പരിഗണിക്കരുതെന്നാണ് ആവശ്യം. അംഗീകാരത്തിനായി ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്താൻ ഇടയുണ്ടെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. ഈ കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലും മൈക്ക ഹർജി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP