Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രായപരിധി കഴഞ്ഞിട്ടും സർവ്വീസിൽ നിന്ന് വിരമിക്കാതെ കേരള കാർഷിക സർവ്വകലാശാലയിൽ വിലസുന്നത് രണ്ടു ലൈബ്രേറിയന്മാർ; സർവ്വീസിൽ തുടരുന്ന പല ലൈബ്രേറിയന്മാർക്കും യുജിസി.നിഷ്‌കർഷിക്കു ബിരുദങ്ങൾ പോലുമില്ല; മറുനാടൻ വാർത്തയെ തുടർന്ന് ലൈബ്രറിയിലെ ക്രമക്കേടുകളെ സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ സർക്കാരും സർവ്വകലാശാലയും കൂടി മുക്കുന്നതായും റിപ്പോർട്ട്

പ്രായപരിധി കഴഞ്ഞിട്ടും സർവ്വീസിൽ നിന്ന് വിരമിക്കാതെ കേരള കാർഷിക സർവ്വകലാശാലയിൽ വിലസുന്നത് രണ്ടു ലൈബ്രേറിയന്മാർ; സർവ്വീസിൽ തുടരുന്ന പല ലൈബ്രേറിയന്മാർക്കും യുജിസി.നിഷ്‌കർഷിക്കു ബിരുദങ്ങൾ പോലുമില്ല; മറുനാടൻ വാർത്തയെ തുടർന്ന് ലൈബ്രറിയിലെ ക്രമക്കേടുകളെ സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ സർക്കാരും സർവ്വകലാശാലയും കൂടി മുക്കുന്നതായും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അമ്പത്താറു വയസ്സ് പൂർത്തിയാക്കിയിട്ടും സർവ്വീസിൽ നിന്ന് വിരമിക്കാതെ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ അനുഭവിച്ചുകൊണ്ട് രണ്ടു ലൈബ്രേറിയന്മാർ കേരള കാർഷിക സർവ്വകലാശാലയിൽ പ്രൊ ചാൻസിലർ കൂടിയായ കൃഷിമന്ത്രി വി എസ്. സുനിൽകുമാറിന്റെ മൂക്കിനുതാഴെ വിലസുന്നു. ഇവരിൽ ഒരാൾ ഇപ്പോൾ സ്ത്രീപീഡന കേസിൽ പ്രതിയാണ്. ഇരുവരും സർവ്വീസ് ചട്ടങ്ങൾക്ക് പുറത്ത് അനധികൃതമായി സർവ്വകലാശാലയുടെ കോടികൾ വിലമതിക്കുന്ന ഗവേഷണ രേഖകളുടേയും ആസ്തിയുടേയും അധിപരായി അനന്തമായി തുടരുകയാണ്. തീർന്നില്ല, സർവ്വീസിൽ തുടരുന്ന പല ലൈബ്രേറിയന്മാർക്കും യുജിസി.നിഷ്‌കർഷിക്കുന്ന ബിരുദങ്ങൾ പോലുമില്ല. കോടികളുടെ കേന്ദ്ര ശമ്പള ഫണ്ട് ചോർത്തുന്ന ഇവർ അംഗീകാരമില്ലാത്ത വിദൂര വിദ്യാഭ്യാസ ബിരുദത്തിന്റെയും സർവ്വകലാശാലയിലെ പാർട്ടി സഖാക്കളുടെയും സംസ്ഥാന-കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെയും ബലത്തിലാണ് വിലസുന്നത്.

ഒന്നരക്കൊല്ലം മുമ്പ് വിരമിക്കേണ്ടിയിരുന്ന ലൈബ്രേറിയന്മാരായ കെ.പി. സത്യനും ഏതാണ്ട് ഒരു കൊല്ലം മുമ്പ് വിരമിക്കേണ്ടിയിരുന്ന എ.ടി. ഫ്രാൻസിസും സർവ്വകലാശാലയിൽ ലൈബ്രേറിയന്മാരായി ഇപ്പോൾ തുടരുന്നത് അനന്തമായ കാലത്തേക്കാണ്. യുജിസി ശമ്പള സ്‌കെയിലിൽ ആറക്കത്തിൽ കൂടുതൽ ശമ്പളമാണ് ഇവർ വാങ്ങുന്നത്. കേരള സർവ്വീസ് ചട്ടങ്ങൾക്ക് പുറത്താണ് ഇവർ സർവ്വകലാശാലയിൽ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവർക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടികളും സർവ്വകലാശാലക്ക് സ്വീകരിക്കാനും കഴിയില്ല.

ഈയ്യിടെ സ്ത്രീപീഡന കേസ്സിൽ കുരുങ്ങിയ ഒരു ലൈബ്രേറിയനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സർവ്വകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. അവസാനം കേസ് പൊലീസിനു വിട്ടുകൊണ്ട് സർവ്വകലാശാല തലയൂരിയെങ്കിലും രണ്ടാഴ്ചയോളമായി ഇയാൾ ഒളിവിലാണ്. ഏറെ ഉത്തരവാദിത്തമുള്ള ലൈബ്രേറിയൻ തസ്തികയിൽ കോടതിയുടെ ബലത്തിൽ മാത്രം അവരോധിക്കപ്പെട്ട ഇയാൾ ഗുരുതരമായ സ്ത്രീപീഡന കേസിൽ പെട്ടിട്ടും സർവ്വകലാശാല ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പരക്കെ ആക്ഷേപമുണ്ട്. ഇത്തരം കേസുകളിൽ നിയമാനുസൃതം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയാണ് പതിവെങ്കിലും സർവ്വകലാശാല ഇക്കാര്യത്തിൽ ഒളിച്ചുകളി നടത്തുകയാണെന്നും ആക്ഷേപമുണ്ട്.

അതേസമയം പ്രാദേശിക ഇടതുപക്ഷ സഖാക്കളും സർവ്വകലാശാലയിലെ ഇടതുപക്ഷ സംഘടനയിലെ ചിലരും കൂടി കഴിഞ്ഞ ദിവസം ഇരയുടെ വീട്ടിൽ ചെന്നു കണ്ട് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നു. സർവ്വകലാശാലയിൽ ഇതിനുമുമ്പ് നടന്ന എല്ലാ സ്ത്രീപീഡന കേസുകളിലും സർവ്വകലാശാലയിലെ തന്നെ ചില മധ്യവർത്തികൾ ഇരകൾക്ക് പണം കൊടുത്ത് കേസുകൾ ഒത്തുതീർക്കുകയായിരുന്നു. എന്നാൽ ലൈബ്രേറിയൻ പീഡിപ്പിച്ചെന്നുപറയുന്ന ഈ കേസിലെ ഇര പീഡനാരോപണത്തിൽ തന്നെ ഉറച്ചുനിൽക്കുന്നതായി സർവ്വകലാശാല വനിത സെല്ലിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ അറിയിച്ചതായാണ് റിപ്പോർട്ട്. തന്നെ പണം നൽകി കേസിൽ നിന്ന് പിന്മാറാൻ സ്വാധീനിച്ച സംഭവവും ഇര വെളിപ്പെടുത്തിയതായാണ് വിവരം

കേസ് അന്വേഷിക്കുന്ന ധനകാര്യ വകുപ്പിന്റേയും സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടുകൾ പുറത്തുവരുന്നില്ല സർവ്വകലാശാല ലൈബ്രേറിയന്മാരുടെ നിയമനത്തിലെ ഗുരുതരമായ ക്രമക്കേടുകളെ കുറിച്ച് 2018 ജനുവരിയിൽ മറുനാടൻ പുറത്തുവിട്ട വാർത്തയെ തുടർന്ന് സംസ്ഥാന ധനകാര്യവകുപ്പിന്റെ ആറംഗസംഘവും തൃശൂർ സ്‌പെഷ്യൽ ബ്രാഞ്ച് സിഐ.ഡി.യും ഡി.വൈ.എസ്‌പി.യും സർവ്വകലാശാലയിൽ സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. എന്നാൽ അന്വേഷണം നടന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും രണ്ടു റിപ്പോർട്ടുകളും പുറത്തുവന്നില്ല. ലൈബ്രേറിയന്മാർ അനധികൃതമായി അനുഭവിച്ചുപോരുന്ന യുജിസി. ഫണ്ടുമായി ബന്ധപ്പെട്ട കഴിഞ്ഞ പത്തുവർഷത്തെ ഫയലുകളും അന്വേഷണ സംഘങ്ങൾ പരിശോധിച്ചതായാണ് അറിയാൻ കഴിയുന്നത്.

ധനകാര്യ വകുപ്പിന്റെ അന്വേഷണത്തിൽ പുറത്തുവന്ന ചില നിർണ്ണായകമായ വസ്തുതകളിന്മേൽ കൃഷിവകുപ്പിന്റെ കൂടി സ്ഥിരീകരണം ആവശ്യമായി വന്നതിന്റെ അടിസ്ഥാനത്തിൽ ഫയൽ ഇപ്പോൾ കൃഷിവകുപ്പിൽ കുരുങ്ങിക്കിടക്കുകയാണ്. ധനകാര്യ വകുപ്പ് കൃഷിവകുപ്പിന് കൂടെക്കൂടെ കത്തയച്ചിട്ടും യാതൊരുവിധ മറുപടിയും കിട്ടുന്നില്ലെന്ന് ധനകാര്യവകുപ്പ് വൃത്തങ്ങൾ പറയുന്നു. പാർട്ടി സഖാക്കളുടെയും കൃഷിമന്ത്രിയുടെയും ഇടപെടൽ മൂലമാണ് റിപ്പോർട്ട് പുറത്തുവരാത്തതെന്ന ആരോപണവും ഇപ്പോൾ ശക്തമാണ്. അതേസമയം യുജിസി. വിരമിക്കൽ ആനുകൂല്യങ്ങൾക്കായി പാർട്ടി സഖാക്കളായ ലൈബ്രേറിയന്മാരുടെ കേസിൽ ഹൈക്കോടതി വിധി രണ്ടുമാസം മുമ്പ് പുറത്തുവന്നിട്ടും സർവ്വകലാശാല നടപടിയൊന്നും എടുത്തിട്ടില്ല. സഖാക്കൾക്ക് അനുകൂലമായ വിധത്തിൽ തീരുമാനം എടുക്കാനായി സർവ്വകലാശാല എക്‌സിക്യുട്ടീവ് കമ്മറ്റിക്ക് വഴിവിട്ടുകൊണ്ട് സമയം അനുവദിക്കുന്നതുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും ആരോപണമുണ്ട്. അതേസമയം സർവ്വകലാശാല ഈ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകുന്നുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

കേസ് അന്വേഷിക്കുന്ന സ്‌പെഷ്യൽ ബ്രാഞ്ചിനെയും സർവ്വകലാശാല തെറ്റിദ്ധരിപ്പിക്കുന്നു
അതിന്നിടെ 2018 ഏപ്രിൽ മാസം 10 ന് ഈ കേസ് അന്വേഷിക്കുന്ന തൃശൂർ സ്‌പെഷ്യൽ ബ്രാഞ്ച് സർവ്വകലാശാലക്ക് കത്ത് നമ്പർ 732/എസ്.ബി.സിഐ.ഡി./ടി.സി.ആർ-ഡി/18 പ്രകാരം കൊടുത്ത 17 ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യാവലിക്ക് സർവ്വകലാശാല കൊടുത്ത ചില മറുപടികൾ തെറ്റിദ്ധരിപ്പിക്കുന്നവയായിരുന്നതായും അറിയാൻ കഴിയുന്നു. തൃശൂർ ബ്രാഞ്ച് സിഐ.ഡി. ക്ക് കൊടുത്ത തെറ്റായ വിവരങ്ങളുടെ രേഖ സർവ്വകലാശാല പൂഴ്‌ത്തിയതായും പറയപ്പെടുന്നു. സർവ്വകലാശാല അധികൃതർ വെളിച്ചം കാണിക്കാത്ത ആ രേഖകൾ മറുനാടൻ മലയാളി ഇപ്പോൾ പുറത്തുവിടുന്നു.

ഈ ചോദ്യാവലിയിലെ നമ്പർ 3,4,6,7,8,9,11,12,13,15 പ്രകാരമുള്ള ചോദ്യങ്ങൾക്ക് സർവ്വകലാശാല കൊടുത്ത വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നവയാണെന്ന് പറയപ്പെടുന്നു. യുജിസി. ആനുകൂല്യങ്ങൾക്കായുള്ള അക്കാദമി യോഗ്യതകളിൽ അവശ്യം വേണ്ട പി.എച്ച്.ഡി., NET/SLET എന്നിവയെ കുറിച്ച് കൃത്യമായി പറയുന്നില്ല. 1996, 2010 യുജിസി. ചട്ടങ്ങളെക്കുറിച്ചും ബോധപൂർവ്വം പറയുന്നില്ല. സർവ്വകലാശാല ലൈബ്രേറിയന്മാർക്ക് നൽകിവരുന്ന യുജിസി. ശമ്പള സ്‌കെയിലും സംസ്ഥാന സർക്കാർ നൽകുന്ന ശമ്പള സ്‌കെയിലും ഒന്നാണെന്ന് പറഞ്ഞുകൊണ്ട് ചോദ്യം (6)ൽ തെറ്റിദ്ധരിപ്പിക്കുന്നു. ചോദ്യം (7)ൽ പരാമർശിക്കുന്ന യുജിസി. ആനുകൂല്യം കൈപറ്റുന്ന വ്യക്തിക്ക് പി.എച്ച്.ഡി., NET/SLET ഇല്ലെന്ന യാഥാർഥ്യം ഒളിപ്പിച്ചുവയ്ക്കുന്നു. ചോദ്യം (8),(9) എന്നിവയിൽ പരാമർശിച്ചിട്ടുള്ള ഉത്തരവുകൾക്കും തീയ്യതികൾക്കും കൃത്യതയില്ല. വിദൂര വിദ്യാഭ്യാസം വഴി യുജിസി. അംഗീകാരമില്ലാത്ത ബിരുദങ്ങൾ അസാധുവാക്കിയ സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിൽ കൂടിയ തീയ്യതികൾ നല്കിയതും തെറ്റാണ്. ചോദ്യം (5)ൽ പരാമർശിച്ചിട്ടുള്ള യുജിസി. നിരക്കിൽ ശമ്പളം വാങ്ങുന്ന 19 പേരിൽ 6 മുതൽ 19 വരെയുള്ളവരുടെ ഉത്തരവിന്റെ തീയ്യതികൾ കൊടുത്തിട്ടില്ല. അനധികൃതമായി യോഗ്യതയില്ലാത്ത ലൈബ്രേറിയന്മാർക്ക് യുജിസി. നടപ്പാക്കിയതിലെ ഗുരുതരമായ വീഴ്‌ച്ചകളും കെടുകാര്യസ്ഥതയും മറച്ചുവക്കാനാണ് സർവ്വകലാശാല സ്‌പെഷ്യൽ ബ്രാഞ്ചിനെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന ആക്ഷേപം.

സർവ്വകലാശാലയിലെ ലൈബ്രേറിയന്മാരുടെ അനധികൃതമായ സർവ്വീസിൽ തുടരൽ സംബന്ധിച്ച് മറുനാടൻ നേരത്തെ വാർത്ത പുറത്തുവിട്ടിരുന്നു. വാർത്ത പുറത്തുവന്ന ഉടൻതന്നെ യുജിസി.അംഗീകാരമില്ലാത്ത ബിരുദങ്ങളുമായി സർവ്വകലാശാലയിൽ വിലസിയുരുന്ന സെബാസ്റ്റ്യൻ എന്നൊരു ലൈബ്രേറിയൻ അറുപതിൽ വിരമിക്കാൻ കാത്തു നിൽക്കാതെ ചാർജ്ജ് സഹപ്രവർത്തകന് കൊടുത്ത് അമ്പത്താറിന്റെ റിട്ടയർമെന്റിനു അനുബന്ധമായ ലീവെടുത്ത് കസേര കാലിയാക്കിയിരുന്നു. മതിയായ യോഗ്യതയില്ലാത്ത മറ്റൊരു ലൈബ്രേറിയനായ ഷേർളി നേരത്തെ തന്റെ പ്രൊമോഷൻ തിരിച്ചെടുക്കാൻ വേണ്ടി സർവ്വകലാശാലയോട് രേഖാമൂലം അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇപ്പോഴും സർവ്വകലാശാലയിലെ അധികൃതരുടെ പിടിപ്പുകേടുകൊണ്ട് അമ്പത്താറു വയസ്സ് പൂർത്തിയാക്കിയിട്ടും സർവ്വകലാശാലയുടെ ഭരണാധികാരികളുടെ സംരക്ഷണത്തിൽ സർവ്വീസിൽ തുടരുന്ന വിദ്വാന്മാരുണ്ട്.

നേരത്തെ കോടതി വിധി നടപ്പാക്കിയതിലും പാകപ്പിഴയെന്ന് സർവ്വകലാശാല ഓഡിറ്റ് വിഭാഗം
ഇതിനിടെ 56 വയസിനു ശേഷവും കാർഷിക സർവ്വകലാശാല സർവ്വീസിൽ തുടർന്ന ലൈബ്രേറിയൻ ആർ. മനോഹർ സമ്പാദിച്ച WP(C) No.13809/2011 എന്ന കോടതി വിധിയിന്മേൽ മനോഹറിനു കൊടുത്ത പ്രൊമോഷനുകളും അദ്ദേഹത്തിന്റെ ബിരുദങ്ങളുടെ വിശ്വാസ്യതയും സർവ്വകലാശാല ഓഡിറ്റ് വിഭാഗം ചോദ്യം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ ഇപ്പോഴും തടഞ്ഞുവച്ചിരിക്കുകയാണെന്നും പറയപ്പെടുന്നു. നിയമാനുസൃതം 2012 മെയ്‌ 31നു വിരമിക്കേണ്ട മനോഹർ നിർബന്ധിതമായി വിരമിച്ചത് 2015 മാർച്ച് 31 ന്. ഓഡിറ്റ് നിർദ്ദേശിക്കും പ്രകാരം ശമ്പളം പുനഃക്രമീകരിച്ചാൽ മനോഹർ തിരിച്ചടക്കേണ്ടി വരിക അര കോടിയോളം രൂപയെന്നും പറയപ്പെടുന്നു. മാത്രമല്ല, മനോഹറിന് യുജിസി. സ്‌കെയിലിൽ പ്രൊമോഷൻ കൊടുക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടത്ര യോഗ്യതകൾ ഉണ്ടായിരുന്നെല്ലെന്ന വിവരാവകാശ രേഖകളും മറുനാടൻ മലയാളിക്ക് ലഭിച്ചു. ഇത് സംബന്ധിച്ച് ഓഡിറ്റ് 2018 ഏപ്രിൽ മാസം ഇറക്കിയ രേഖകളും ഇതോടൊപ്പം മറുനാടൻ മലയാളി പുറത്തുവിടുകയാണ്.

അംഗീകാരമില്ലാത്ത വ്യാജ ബിരുദങ്ങളുമായി ലൈബ്രേറിയന്മാർ
ധനകാര്യ അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്ന് അറിയാൻ കഴിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. യുജിസി. അംഗീകാരമില്ലാത്ത വ്യാജ ബിരുദങ്ങളുമായി കാർഷിക സർവ്വകാലാശാലയിലെ ലൈബ്രേറിയന്മാർ യുജിസി. നിരക്കിൽ ശമ്പളാനുകൂല്യങ്ങളടക്കം അടിച്ചുമാറ്റിയത് ഏകദേശം ഒരു കോടിയോളം രൂപ. അടിസ്ഥാന യോഗ്യതപോലുമില്ലാത്ത ലൈബ്രേറിയനും അടിച്ചുമാറ്റി ലക്ഷങ്ങൾ. യുജിസി. അംഗീകാരമില്ലാത്ത വ്യാജ ബിരുദങ്ങൾക്ക് അംഗീകാരം കൊടുത്തത് ഇടതുപക്ഷ സംഘടനയുടെ നേതാക്കളെന്നും ആരോപണം.

തമിഴ് നാട്ടിലെ സേലം ആസ്ഥാനമാക്കിയ വിനായക മിഷൻസ് സർവ്വകാലാശാലയിൽ നിന്നും വിദൂരവിദ്യാഭ്യാസ പദ്ധതിയിലൂടെ യുജിസി.അംഗീകാരമില്ലാത്ത ബിരുദങ്ങളുമായി കാർഷിക സർവ്വകാലാശാലയിൽ കയറിപ്പറ്റിയ ലൈബ്രേറിയന്മാർക്ക് കസേര ഒരുക്കിയത് ഇടതു-വലതു സംഘടനകൾ തട്ടിക്കൂട്ടിയ ഡോ. ജിം തോമസ് കമ്മറ്റിയാണ്. യുജിസി. അംഗീകാരമില്ലാത്ത ബിരുദങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ഈ കമ്മറ്റി റിപ്പോർട്ട് തയ്യാറാക്കും മുമ്പുതന്നെ സർവ്വകാലാശാലയുടെ കോടികൾ ലൈബ്രേറിയന്മാർ അടിച്ചുമാറ്റിയിരുന്നു. റിപ്പോർട്ട് മന:പ്പൂർവ്വം വൈകിപ്പിച്ച് കോടികൾ അടിച്ചുമാറ്റാൻ അവസരം കൊടുത്തു. കമ്മറ്റിയുടെ നടത്തിപ്പും ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്തുകൊണ്ട് ഒരു കമ്മറ്റി അംഗമായ ഡോ. നമീർ വിട്ടു നിന്നിട്ടും വ്യാജബിരുദങ്ങൾക്ക് എ പ്ലസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ് ഡോ.ജിം തോമസ് കമ്മറ്റിയും സർവ്വകലാശാലയിലെ ഭരണം കയ്യാളുന്ന ഉദ്യോഗസ്ഥരും. ഡോ. ജിം തോമസ് കമ്മറ്റി റിപ്പോർട്ട് സർവ്വകലാശാലയുടെ എക്‌സിക്യുട്ടീവ് കമ്മറ്റിയിൽ വച്ച് തന്ത്രപൂർവ്വം അംഗീകരിച്ചെടുത്ത് പിന്നീട് കോടതിയിൽ സമർപ്പിച്ചുകൊണ്ട് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു തൽപ്പര കക്ഷികളുടെ കുതന്ത്രം.

അസിസ്റ്റന്റ് ലൈബ്രേറിയന്മാർക്കും യുജിസി.യും അറുപതിൽ വിരമിക്കലും
കാർഷിക സർവ്വകാലാശാലയിൽ 2001 നുശേഷം ലൈബ്രേറിയന്റെ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചിട്ടില്ല. നാളിതുവരെ അസിസ്റ്റന്റ് ലൈബ്രേറിയന്മാർ ഈ തസ്തികയുടെ ചാർജ് ചുമന്നുകൊണ്ടുനടക്കുകയാണ്. ഇതിന്നിടെയാണ് അസിസ്റ്റന്റ് ലൈബ്രേറിയന്മാർ സർവ്വകാലാശാല വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ എടുക്കാൻ തുടങ്ങിയത്. സർവ്വകാലാശാല അദ്ധ്യാപകർ എടുക്കേണ്ട ക്ലാസ്സുകൾ അദ്ധ്യാപകർ തന്നെ സർവ്വകാലാശാല ലൈബ്രേറിയന്മാർക്ക് മറിച്ചുവിറ്റു.

പിന്നെ അതതു കാലത്തെ രാഷ്ട്രീയ കക്ഷികൾക്ക് ചുങ്കം കൊടുത്തുകൊണ്ട് ലൈബ്രേറിയന്മാർ കാർഷിക സർവ്വകാലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർമാർക്ക് തുല്യമായ യുജിസി.ശമ്പളം വാങ്ങി ആദ്യം 55 വയസ്സിലും പിന്നീട് 56 വയസ്സിലും റിട്ടയർ ചെയ്തു. എന്നാൽ കാർഷിക സർവ്വകാലാശാലയുടെ ചട്ടം 26(a) പ്രകാരം ലൈബ്രേറിയന്മാർ അദ്ധ്യാപകർക്ക് തുല്യരല്ല. അതുകൊണ്ടുതന്നെ അദ്ധ്യാപകരുടെ യുജിസി. നിരക്കിലുള്ള ശമ്പളത്തിന് അർഹതയുമില്ലെന്ന് സർവ്വകാലാശാല കോടതിയിൽ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.

അതേസമയം 2013 ൽ യുജിസി. ചട്ടപ്രകാരം സർവ്വകാലാശാല ലൈബ്രേറിയന്മാർ അറുപതുവയസ്സിൽ വിരമിച്ചാൽ മതിയെന്ന ഒരു വിധി സമ്പാദിക്കുകയായിരുന്നു മറ്റൊരു ലൈബ്രേറിയനായിരുന്ന കെ.എസ്. അമ്പിളി. ഈ വിധിയുടെ അടിസ്ഥാനത്തിൽ സർവ്വീസിൽ നിന്ന് ചട്ടപ്രകാരം വിരമിച്ച അവർക്ക് ഉപാധികളോടെ ആനുകൂല്യങ്ങൾ അനുവദിക്കുകയായിരുന്നു. ഈ ആനുകൂല്യങ്ങൾ അനുവദിച്ചുകിട്ടാൻ അവർ സർവ്വകാലാശാലയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ചുങ്കം കൊടുത്തത്തെന്ന് പറയപ്പെടുന്നത് രണ്ടര ലക്ഷം രൂപ. കൂടിയ അളവിൽ അതെ ചുങ്കം ഇന്നും തുടരുന്നതായാണ് അറിയാൻ കഴിയുന്നത്.

ലൈബ്രേറിയന്മാരുടെ സേവന വേതന വ്യവസ്ഥകളിൽ സുതാര്യവും കൃത്യവുമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി അന്ന് സർവ്വകാലാശാലക്ക് നിർദ്ദേശം കൊടുത്തതുമാണ്. എന്നാൽ നാളിതുവരെ സർവ്വകാലാശാല ഇക്കാര്യത്തിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ ഉപാധികളോടെ നടപ്പാക്കിയതും സർവ്വകാലാശാല സുതാര്യവും കൃത്യവുമായ ഉത്തരവ് പുറപ്പെടുവിക്കാത്തതുമായ ആ പഴയ വിധിയുടെ മറവിലാണ് ഇപ്പോഴും സർവ്വകാലാശാലയിൽ യുജിസി. ശമ്പള സ്‌കെയിലും അനധികൃത ആനുകൂല്യങ്ങളും അസിസ്റ്റന്റ്‌റ് ലൈബ്രേറിയന്മാർ കവർന്നുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP