Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടക്കുന്നത് സഖാക്കളെ കെ.എ.എസിൽ തിരുകി കയറ്റാനുള്ള ശ്രമമോ? സന്ദീപ് വാര്യർ ഉയർത്തിയ ആരോപണം ഏറ്റെടുത്തു രമേശ് ചെന്നിത്തലയും; 9000 ഉത്തര കടലാസുകൾ ജീവനക്കാർ നേരിട്ട് മൂല്യനിർണയം നടത്തുമ്പോൾ അട്ടിമറി സാധ്യത കൂടുതൽ; മൂല്യനിർണയം നടത്താൻ നിയുക്തരായവരുടെ പേരു വിവരം ചോർന്നതും തിരിച്ചടി; സ്‌കാനർ നിരസിക്കുന്നതാണ് പ്രശ്നമെന്ന് വിശദീകരിച്ചു പിഎസ് സി; വിവാദം മുറുകവേ ഒഎംആർ ഷീറ്റ് അച്ചടി ഇനി സർക്കാർ പ്രസിൽ മാത്രം

നടക്കുന്നത് സഖാക്കളെ കെ.എ.എസിൽ തിരുകി കയറ്റാനുള്ള ശ്രമമോ? സന്ദീപ് വാര്യർ ഉയർത്തിയ ആരോപണം ഏറ്റെടുത്തു രമേശ് ചെന്നിത്തലയും; 9000 ഉത്തര കടലാസുകൾ ജീവനക്കാർ നേരിട്ട് മൂല്യനിർണയം നടത്തുമ്പോൾ അട്ടിമറി സാധ്യത കൂടുതൽ; മൂല്യനിർണയം നടത്താൻ നിയുക്തരായവരുടെ പേരു വിവരം ചോർന്നതും തിരിച്ചടി; സ്‌കാനർ നിരസിക്കുന്നതാണ് പ്രശ്നമെന്ന് വിശദീകരിച്ചു പിഎസ് സി; വിവാദം മുറുകവേ ഒഎംആർ ഷീറ്റ് അച്ചടി ഇനി സർക്കാർ പ്രസിൽ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) പ്രാഥമിക പരീക്ഷയുടെ ഒമ്പതിനായിരത്തോളം ഉത്തരക്കടലാസുകളണ് ജീവനക്കാർ നേരിട്ട് മൂല്യ നിർണയം നടത്തുന്നത്. കടലാസിന്റെ കുഴപ്പം കാരണം ഒ.എം.ആർ. യന്ത്രം നിരസിച്ചവയാണ് ഇത്. ജീവനക്കാർ ഇത്രയും ഉത്തരക്കടലാസുകൾ നേരിട്ട് മൂല്യനിർണയം നടത്തുമ്പോൾ പലതരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. സിപിഎമ്മിന്റെ ഇഷ്ടക്കാരെ കെ.എ.എസിൽ തിരുകി കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ബിജെപി നേതാവ് സന്ദീപ് വാര്യർ ഉയർത്തി കൊണ്ടുവന്ന ഈ ആരോപണം ഏറ്റെടുത്തിരിക്കയാണ് പ്രതിപക്ഷ നേതാവര് രമേശ് ചെന്നിത്തലയും. പൊലീസ് റാങ്ക് ലിസ്റ്റിൽ ക്രിമിനലുകൾ ഇടംപിടിച്ചതു പോലെ സമാനമായ തട്ടിപ്പിന് ഇവിടെയും സാധ്യതയുണ്ടെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെടുന്നു.

കെ.എ.എസ്. മൂല്യനിർണയം അട്ടിമറിച്ച് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള നീക്കമാണു നടക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജീവനക്കാർ നേരിട്ട് ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നത് അട്ടിമറിക്കുവേണ്ടിയാണ്. ഒന്നിച്ച് അച്ചടിച്ച ഒ.എം.ആർ. ഷീറ്റുകളിൽ ഒമ്പതിനായിരം എണ്ണത്തിന് എന്തു കുഴപ്പമാണു സംഭവിച്ചതെന്ന് സർക്കാരും പി.എസ്.സി.യും വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഫെബ്രുവരി 22-നാണ് പരീക്ഷ നടന്നത്. 100 വീതം മാർക്കുള്ള രണ്ട് പേപ്പറുകളാണുണ്ടായിരുന്നത്. 3.30 ലക്ഷം പേരാണ് അപേക്ഷിച്ചത്. മൊത്തം 6.60 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. ഏപ്രിലിലാണ് മൂല്യനിർണയം ആരംഭിച്ചത്. ഒ.എം.ആർ. കടലാസിന് കേടുപാടുണ്ടാവുകയോ നിശ്ചിത നിലവാരമില്ലാതാവുകയോ ചെയ്താൽ യന്ത്രം സ്വീകരിക്കില്ല. അവ പിന്നീട് ഉത്തരസൂചികയുമായി ഒത്തുനോക്കി നേരിട്ട് മൂല്യനിർണയം ചെയ്യുന്നതാണു പതിവ്. കെ.എ.എസിന് നിലവാരമില്ലാത്ത ഒ.എം.ആർ. കടലാസുകൾ ഉപയോഗിച്ചെന്നാണ് ആരോപണം.

കെഎഎസ് പ്രാഥമിക പരീക്ഷ എഴുതിയവരിൽ 9000 പേരുടെ ഒഎംആർ ഷീറ്റ് മാനുവലായി മൂല്യനിർണയം നടത്താൻ നിയുക്തരായവരുടെ പേരു വിവരം ചോർന്നതു വിവാദമായിരിക്കെ, പിഎസ്‌സി പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന ഒഎംആർ ഷീറ്റുകളുടെ അച്ചടി അപ്പാടെ ഇനി സർക്കാർ പ്രസിലേക്ക്. അഞ്ചോളം സെക്യൂരിറ്റി പ്രസുകളാണ് ഇതുവരെ ഒഎംആർ ഷീറ്റ് അടിച്ചിരുന്നത്. മൂല്യനിർണയം നടത്തുന്നവരുടെ പേരുകൾ ചോർന്ന സംഭവം പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷിക്കും. 3.79 ലക്ഷം പേരാണു കെഎഎസ് പ്രാഥമിക പരീക്ഷയെഴുതിയത്. മൂല്യനിർണയ സമയത്തു സ്‌കാനിങ് മെഷീൻ 9000 പേരുടെ ഒഎംആർ ഷീറ്റ് നിരസിച്ചു. തുടർന്ന് ഇതു മൂല്യനിർണയം നടത്താൻ 21 പേരെ പിഎസ്‌സി നിയോഗിച്ചു. ഇവരുടെ പേരുകൾ അടങ്ങുന്ന ഉത്തരവാണു പുറത്തായത്. എന്നാൽ മൂല്യനിർണയത്തിലെ രഹസ്യസ്വഭാവത്തെ ഇതു ബാധിക്കില്ലെന്ന് അധികൃതർ പറയുന്നു. ഒഎംആർ ഷീറ്റിനു രണ്ടു ഭാഗമുണ്ട്.

ഉദ്യോഗാർഥിയുടെ വിവരങ്ങളുള്ള ആദ്യ ഷീറ്റ് കീറിയെടുത്തു വളരെ രഹസ്യമായി മറ്റൊരു സെക്ഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടാമത്തെ ഷീറ്റ് ഫോൾസ് നമ്പറിട്ടാണു മൂല്യനിർണയത്തിന് അയയ്ക്കുന്നത്. ഇത് ആരുടെയാണെന്നു കണ്ടെത്തി കൃത്രിമം സാധിക്കില്ലെന്നു പിഎസ്‌സി അധികൃതർ പറയുന്നു. ബബിൾ കറുപ്പിച്ചാണ് ഉത്തരമെഴുതുന്നത് എന്നതിനാൽ മാർക്ക് കൂട്ടിയിടാനോ കുറയ്ക്കാനോ സാധിക്കില്ല. പരീക്ഷയുടെ ചുരുക്കപ്പട്ടിക ഈ മാസം പതിനഞ്ചോടെ തയാറാകും.

മൂല്യനിർണയത്തിനെതിരായ ആക്ഷേപങ്ങളിൽ കഴമ്പില്ലെന്ന് പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. സാധാരണ ഒന്നുമുതൽ രണ്ടുവരെ ശതമാനം ഉത്തരക്കടലാസുകൾ യന്ത്രം നിരസിക്കാറുണ്ട്. അതാണ് കെ.എ.എസിനും സംഭവിച്ചത്. കെ.എ.എസിനൊപ്പം മൂല്യനിർണയം നടത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ 36,000 ഉത്തരക്കടലാസുകളിൽ ആയിരത്തോളം എണ്ണം യന്ത്രം നിരസിച്ചിരുന്നു. ജീവനക്കാരുടെ ക്യാമ്പ് സംഘടിപ്പിച്ച് കർശന സുരക്ഷയിലാണ് ഇതിന്റെ നേരിട്ടുള്ള മൂല്യനിർണയം നടത്തുന്നത്. ഉത്തരക്കടലാസിന്റെ വേർപെടുത്തിയ 'ബി' ഭാഗം മാത്രമാണ് ജീവനക്കാരെ ഏൽപ്പിക്കുന്നത്. പിന്നീടാണ് 'എ' ഭാഗവുമായി സംയോജിപ്പിച്ച് ഫലം പ്രസിദ്ധീകരിക്കുന്നത്.

2016-ൽ വാങ്ങിയ ഉത്തരക്കടലാസുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നിശ്ചിത നിലവാരമുള്ള ഏറ്റവും വിലകുറഞ്ഞ കടലാസുകളാണ് പി.എസ്.സി. വാങ്ങുന്നത്. ഏതെങ്കിലും ഒരു പരീക്ഷയ്ക്കുവേണ്ടിമാത്രം ഉത്തരക്കടലാസുകൾ പ്രത്യേകം തയ്യാറാക്കുന്ന രീതിയില്ല. ഈ മാസംതന്നെ പ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.

അതേസമയം ടെൻഡർ വിളിക്കുമ്പോൾ സെക്യൂരിറ്റി പ്രസുകാർ പരസ്പര ധാരണയിലെത്തി തുക കൂട്ടി വയ്ക്കുന്നതും കഴിഞ്ഞ 4 കൊല്ലമായി ലഭിക്കുന്ന ഷീറ്റിന്റെ 3% വരെ മൂല്യനിർണയ സമയത്തു സ്‌കാനർ പുറന്തള്ളുന്നതുമാണ് ഒഎംആർ ഷീറ്റ് അച്ചടി അപ്പാടെ സർക്കാർ പ്രസിലേക്കു മാറ്റാൻ കാരണം. ടെൻഡർ സമയത്തു ഹാജരാക്കുന്ന സാംപിൾ കടലാസ് ആയിരിക്കില്ല പലപ്പോഴും അച്ചടിച്ചു ലഭിക്കുന്നത്. അച്ചടി സർക്കാർ പ്രസിലേക്കു മാറ്റാൻ കുറച്ചു നാളായി ചർച്ച നടക്കുകയാണ്. മാസം 3 ലക്ഷം ഒഎംആർ ഷീറ്റ് വീതം അച്ചടിച്ചു നൽകാമെന്നു പ്രിന്റിങ് വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്വകാര്യ സെക്യൂരിറ്റി പ്രസുകളിൽ നിന്ന് ഇനി ഒഎംആർ ഷീറ്റിനു ടെൻഡർ വിളിക്കില്ല. നിലവിലുള്ള ടെൻഡറിന്റെ കാലാവധി അവസാനിച്ചു. ഇതുവരെ 43 ലക്ഷം ഷീറ്റ് വാങ്ങി. ഒടുവിൽ വാങ്ങിയതു 18 ലക്ഷം ഷീറ്റാണ്.

അതാണു യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, കെഎഎസ് തുടങ്ങി പല പരീക്ഷകൾക്കും ഉപയോഗിച്ചത്. പിഎസ്‌സിയിലെ റിസർച് ആൻഡ് അനാലിസിസ് വിങ്ങിനാണ് ഒഎംആർ ഷീറ്റ് അച്ചടിക്കുന്നതിന്റെ ചുമതല. അവർ ഏതു പ്രസിനെയാണ് ഏൽപിക്കുന്നതെന്നു പിഎസ്‌സി ചെയർമാൻ, അംഗങ്ങൾ, സെക്രട്ടറി, പരീക്ഷാ കൺട്രോളർ തുടങ്ങിയവർ അന്വേഷിക്കാറില്ല.

അതിനിടെ കെ.എ.എസ്. മുഖ്യപരീക്ഷ ജൂലായിൽ രണ്ട് ദിവസങ്ങളായി നടത്തുമെന്നാണ് പി.എസ്.സി. അറിയിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലിയുള്ളവർ പ്രാഥമിക പരീക്ഷ എഴുതിയിരുന്നു. ഇവരെല്ലാം അടച്ചിടലിൽ സംസ്ഥാനത്തിന് വെളിയിലും വിദേശങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണ്. അടച്ചിടൽ പിൻവലിച്ചാലും ഇവർക്ക് ഉടൻ കേരളത്തിൽ തിരിച്ചെത്താനാകുമോ എന്ന് സംശയമാണ്. അതിനാൽ ജൂലായിൽ പരീക്ഷ നടത്തിയാൽ എല്ലാവർക്കും എഴുതാനാകുമോ എന്ന ആശങ്കയുണ്ട്.

മുഖ്യപരീക്ഷയെഴുതാൻ അർഹത നേടുന്നവരുടെ പട്ടിക മെയ്‌ പകുതിയോടെ മാത്രമേ പ്രസിദ്ധീകരിക്കാനാകൂ. അതിനുശേഷം ഒന്നരമാസത്തയോ രണ്ടുമാസത്തയാ സമയമാണ് തയ്യാറെടുപ്പിനായി ലഭിക്കുന്നത്. ഇത് തീരെ കുറവാണെന്നാണ് അപേക്ഷകർ പരാതിപ്പെടുന്നത്. മൂന്നോ നാലോ മാസത്തെ പരിശീലനകാലമെങ്കിലും അനുവദിച്ച് മുഖ്യ പരീക്ഷയ്ക്ക് വേണ്ടത്ര പ്രാമുഖ്യം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. വിവരണാത്മകരീതിയിൽ ഉത്തരമെഴുതേണ്ട മൂന്ന് പേപ്പറു കളാണ് ഈ പരീക്ഷയ്ക്കുള്ളത്. അതിനാൽ ആഴത്തിലുള്ള പഠനവും പരിശീലനവും ഉദ്യോഗാർഥികൾക്ക് വേണ്ടിവരും.

മുഖ്യപരീക്ഷയുടെ വിശദമായ പാഠ്യപദ്ധതി പി.എസ്.സിയുടെ വെബ്സൈറ്റിൽ പ്രസി ദ്ധികരിച്ചിട്ടുണ്ട്. പ്രാഥമിക പരീക്ഷയ്ക്ക് ഭേദപ്പെട്ട മാർക്ക് നേടുമെന്നുള്ളവർ മുഖ്യപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. എന്നാൽ പട്ടിക പ്രസിദ്ധീകരിച്ച് പി.എസ്.സിയിൽനിന്ന് ഉറപ്പ് ലഭിക്കാത്തതിനാൽ കാര്യക്ഷമമായി പരിശീലനം മുന്നോട്ട് കൊണ്ടുപോകാൻ ഇവരിൽ ഭൂരിഭാഗത്തിനും കഴിയുന്നില്ല. സിവിൽ സർവീസസ് തലത്തിൽ ഉയർന്ന നിലവാരത്തിലായിരിക്കും മുഖ്യപരീക്ഷയും നടത്തുന്നതെന്ന് പി.എസ്.സി. വ്യക്തമാക്കിക്കഴിഞ്ഞു. മതിയായ സാവകാശം ലഭിച്ചാലേ പരിശീലനം ഫലവത്താക്കാൻ കഴിയുവെന്നാണ് ഇവർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP