Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനത്തിൽ നിന്ന് കുടിയിറക്കിയ ആദിവാസി കുടുംബത്തെ തിരിഞ്ഞ് നോക്കാതെ ഇടത് സർക്കാർ; 75 വർഷം വനഭൂമിയിൽ താമസിച്ച കുടുംബത്തെ കുടിയൊഴിപ്പിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടും ലൈഫ് മിഷനിൽ പോലും വീടില്ല; ആദിവാസി പുനരധിവാസത്തിന് ഭൂമിയും ഇവർക്ക് അന്യം; വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് കയറുവാൻ പോലും വിലക്ക്; മുഴുപട്ടിണിയാലായി ഈ കുടുംബങ്ങൾ

മറുനാടൻ ഡെസ്‌ക്‌

സുൽത്താൻ ബത്തേരി: ആദിവാസികളോടുള്ള ഇടത് സർക്കാരിന്റെ ക്രൂരതയുടെ ഒടുവിലത്തെ ഉദാഹരണം പുറത്ത്. വനത്തിൽ നിന്ന് കുടിയിറക്കിയ ആദിവാസി കുടുംബങ്ങളെ തിരിഞ്ഞു നോക്കാതെയുള്ള സർക്കാർ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്. വയനാട് സുൽത്താൻ ബത്തേരിയിലെ കൊമ്മഞ്ചേരി വനത്തിൽ നിന്ന് പുറത്താക്കിയ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട നാല് കുടുംബങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷമായി ദുരിത ജീവിതത്തിന് ഇരയാകേണ്ടി വന്നിരിക്കുന്നത്. കോവിഡ് കാലം വന്നതോടെ മുഴുപട്ടിണിയിലാണ് ഇന്ന് ഈ കുടുംബങ്ങൾ.

ബത്തേരി മുനിസിപ്പാലിറ്റിക്കു കീഴിൽ വരുന്ന കൊമ്മഞ്ചേരി വനപ്രദേശത്തോട് ചേർന്ന സ്ഥലത്താണ് ഈ കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്നത്. ഇപ്പോൾ താമസിക്കുന്നയിടത്തു നിന്ന് അഞ്ചു കിലോമീറ്ററോളം അകലെ ഉൾവനത്തിലാണ് 75 വർഷത്തോളമായി ഈ കുടുംബങ്ങൾ താമസിച്ചിരുന്നത്. എന്നാൽ അഞ്ചു വർഷം മുമ്പ് ഈ കുടുംബങ്ങളെ ഇവിടെ നിന്ന് സർക്കാർ കുടിയിറക്കുകയായിരുന്നു. വനാവകാശ നിയമപ്രകാരം ഇവർക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ഹനിച്ചുകൊണ്ടാണ് കുടിയിറക്കിയത്.

സ്വയം സന്നദ്ധ കുടിയൊഴിപ്പിക്കൽ പദ്ധതി നിലവിലുണ്ടെങ്കിലും ഇതിന്റെ ആനുകൂല്യങ്ങളും ഇവർക്ക് ലഭിച്ചിട്ടില്ല. സ്വയം സന്നദ്ധ കുടിയൊഴിപ്പിക്കൽ പദ്ധതി പ്രകാരം കുടുംബം ഒന്നിന് 10 ലക്ഷം രൂപ വീട് വയ്ക്കാനും ഭൂമി വാങ്ങാനുമായി സർക്കാർ ഫണ്ടുണ്ട്. എന്നാൽ ഇത് ലഭിക്കാത്തതിനാൽ ഷെഡുകളിൽ കഴിയാൻ ഇവർ നിർബന്ധിതരായിരിക്കുകയാണ്. ചെതലയം, ചീയ്യമ്ബം, വനലക്ഷ്മി എസ്റ്റേറ്റ്, മേപ്പാടി ചെമ്ബ്ര എന്നിവിടങ്ങളിൽ ആദിവാസി പുനരധിവാസത്തിന് ഭൂമി സർക്കാർ മാറ്റിവച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രയോജനവും ഇവർക്ക് ഇത്രയും വർഷമായി ലഭിച്ചിട്ടില്ല.

ഇവിടെ വസിക്കുന്ന ബിന്ദു എന്ന യുവതിയുടെ പ്രസവം അവർ താമസിക്കുന്ന ഷെഡിൽ തന്നെയായിരുന്നു. പ്രസവം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രമായിട്ടുള്ള ബിന്ദു മിക്കവാറും ദിവസങ്ങളിൽ പട്ടിണിയിലാണ്. കുഞ്ഞിന് പാലു കൊടുക്കുവാൻ പോലും ശരിയായി ആഹാരം കഴിക്കാത്തതു കാരണം ഈ സ്ത്രീക്ക് കഴിയുന്നില്ല. ഭർത്താവിന് വല്ലപ്പോഴു കിട്ടുന്ന കൂലി പണിയിൽ നിന്ന് കിട്ടുന്ന വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞു വരുന്ന ഈ കുടുംബം കോവിഡ് വന്ന ശേഷം കൂലി പണി ഇല്ലാതാകുകയും കഠിനമായ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു. ബിന്ദുവിന്റ ഭർത്താവിന്റെ ചേട്ടൻ വാങ്ങുന്ന റേഷൻ പകുതി ഇവർക്കും കൊടുക്കും അത് മാത്രമാണ് ഏക ആശ്രയം.

സ്‌കൂളിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികളാണ് ഇവിടെ ഉള്ളത്. അവർ ഓൺലൈൻ പഠനത്തിന് ആശ്രയിക്കുന്നത് ഒരു കിലോമീറ്റർ അകലെയുള്ള കൊമ്ബന്മൂല കാട്ടുനായ്ക്ക കോളനിയിലെ പഠന മുറിയെയാണ്. വെളിച്ചത്തിനായി സോളർ പാനലാണ് ഈ കുടുംബങ്ങളുടെ ഏകാശ്രയം. കുടി വെള്ളത്തിന് ആശ്രയിക്കുന്നത് വയലിൽ ഉണ്ടാക്കിയിട്ടുള്ള ചെറിയ കെണിയാണ് ( ചെറിയ താഴ്ചയില്ലാത്ത ഓലി) എന്നതും സർക്കാർ ഇവരോട് കാണിക്കുന്ന വിവേചനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

വനത്തിലായിരുന്നെങ്കിൽ കാട്ടുകിഴങ്ങടക്കമുള്ള ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് ജീവിക്കാമായിരുന്നെന്നും ഇങ്ങനെ പട്ടിണി കിടക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നുമാണ് ഇവർ പറയുന്നത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് കയറുവാൻ വനംവകുപ്പധികൃതർ അനുവദിക്കുന്നില്ല. ആദിവാസി പ്രമോട്ടറും മറ്റു ബന്ധപ്പെട്ട അധികാരികളും ഈ കുടുംബങ്ങളുടെ ദുരിതാവസ്ഥയെ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആദിവാസി പ്രവർത്തക അമ്മിണി പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP