Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയെ കിട്ടിയപ്പോൾ ബിജെപിക്കാർ കീഴാറ്റൂരിനെ മറന്നു; ബൈപ്പാസ് കീഴാറ്റൂർ വയലിലൂടെ എന്ന് കേന്ദ്രസർക്കാർ അന്തിമ വിജ്ഞാപനം ഇറക്കിയതോടെ ബിജെപിയുടെ വാക്ക് വിശ്വസിച്ച വയൽക്കിളികൾ ശശിയായി; ഒപ്പം നിന്ന് ചതിച്ച ബിജെപി തനി സ്വഭാവം കാണിച്ചെന്ന് സുരേഷ് കീഴാറ്റൂർ: അയ്യപ്പ ഭക്തർ കരുതി ഇരിക്കുക ബിജെപി കാലു വാരുന്നതിങ്ങനെ എന്ന് സോഷ്യൽ മീഡിയ

ശബരിമലയെ കിട്ടിയപ്പോൾ ബിജെപിക്കാർ കീഴാറ്റൂരിനെ മറന്നു; ബൈപ്പാസ് കീഴാറ്റൂർ വയലിലൂടെ എന്ന് കേന്ദ്രസർക്കാർ അന്തിമ വിജ്ഞാപനം ഇറക്കിയതോടെ ബിജെപിയുടെ വാക്ക് വിശ്വസിച്ച വയൽക്കിളികൾ ശശിയായി; ഒപ്പം നിന്ന് ചതിച്ച ബിജെപി തനി സ്വഭാവം കാണിച്ചെന്ന് സുരേഷ് കീഴാറ്റൂർ: അയ്യപ്പ ഭക്തർ കരുതി ഇരിക്കുക ബിജെപി കാലു വാരുന്നതിങ്ങനെ എന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ബൈപ്പാസ് നിർമ്മാണത്തിൽ കീഴാറ്റൂർ വയലിനെ ഒഴിവാക്കി തരാമെന്ന് പറഞ്ഞ് വയൽക്കിളികൾക്കൊപ്പം കൂടിയ ബിജെപി ഒടുവിൽ അവരെ ചതിച്ചു. സിപിഎമ്മിന്റെ കോട്ടയായ കീഴാറ്റൂരിൽ നിന്നും വയൽക്കിളികളെ സമരത്തിന്റെ പേരിൽ ഒപ്പം നിർത്തിയ ബിജെപി കാലുവാരി. ഒടുവിൽ പിണറായി വിജയൻ നിർദ്ദേശിച്ച അലൈന്റ്‌മെന്റിലൂടെ തന്നെ ബൈപ്പാസിന് അനുമതി നൽകി കേന്ദ്ര സക്കാർ വിജ്ഞാപനം ഇറക്കി. ഇതോടെ ബിജെപിയുടെ വാക്ക് വിശ്വസിച്ച വയൽക്കിളികൾ ശശിയായി.

പരിസ്ഥിതി സംഘടനകളും സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും സമരത്തിന് പ്രത്യക്ഷ പിന്തുണയുമായി രംഗത്ത് വന്നിരുന്നെങ്കിലും ബിജെപി മാത്രമാണ് സജീവമായി രംഗത്തുണ്ടായിരുന്നത്. കീഴാറ്റൂർ സമര നേതാക്കളായ സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകി എന്നിവരുൾപ്പെടുന്ന സംഘത്തെ ഡൽഹിയിലെത്തിച്ച് വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. എന്നാൽ ശബരിമല വിഷയം വന്നതോടെ ബിജെപിക്കാർ കീഴാറ്റൂരിനെ പൂർണ്ണമായും ഉപേക്ഷിച്ചു. ഇതോടെ കേന്ദ്ര സർ്കകാർ പിണറായി വിജയന്റെ നിർദ്ദേശത്തെ അംഗീകരിച്ചു ദേശിയ പാതയ്ക്ക് വയലിലൂടെ തന്നെ അനുമതി നൽകുക ആയിരുന്നു. ഇതോടെ രണ്ട് വർഷം നീണ്ടുനിന്ന വയൽക്കിളികളുടെ സമരം ബിജെപിയുടെ ഇടപെടലിൽ കുട്ടിച്ചോറായി.

ആദ്യം സിപിഎം ജനങ്ങളെ വഞ്ചിച്ചുവെങ്കിൽ, പിന്നീട് കൊണ്ടുനടന്ന ബിജെപിയും തങ്ങളെ പെരുവഴിയിലാക്കി എന്നാണ് വയൽകിളികൾ പറയുന്നത്. സിപിഎമ്മും ബിജെപിയും ഒരേതൂവൽ പക്ഷികളാണെന്ന് സമര നായകൻ സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു. തെറ്റായ വികസന നയത്തിനെതിരെ പോരാടി പരാജയപ്പെട്ടവർ എന്ന് പറഞ്ഞ് വയൽക്കിളികളെ പരിഹസിച്ചാലും ഈ പോരാട്ടത്തിൽ തിരിച്ചറിഞ്ഞ അറിവുകളുടെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

വിജ്ഞാപനം മരവിപ്പിക്കുമെന്നായിരുന്നു ബിജെപി നിലപാട് സ്വീകരിച്ചിരുന്നത്. തുടർന്ന് ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട ത്രീഡി നോട്ടിഫിക്കേഷൻ പുറത്തെത്തിയ സമയത്ത് വയൽക്കിളി സമരസമിതി നേതാക്കളായ മമ്പറം ജാനകിയെയും സുരേഷ് കീഴാറ്റൂരിനെയും ബിജെപി സംഘം ഡൽഹിയിലെത്തിച്ചു. ഇവരും ബിജെപി നേതാക്കളും ഉൾപ്പെട്ട സംഘം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുകയും ത്രീഡി നോട്ടിഫിക്കേഷൻ മരവിപ്പിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ അന്തിമവിജ്ഞാപനം വന്നതോടെ വയൽക്കിളികൾക്ക് നൽകിയ ഉറപ്പുകൾ പാഴായി. വയൽക്കിളികളെ തേച്ചു കൊണ്ട് ബിജെപിക്കാർ കൂട്ടത്തോടെ ശബരിമലയിലേക്ക് കുടിയേറുകയും ചെയ്തു. ഇതോടെ അയ്യപ്പ ഭക്തരോട് കരുതി ഇരിക്കാനും ബിജെപിയെ വിശ്വസിച്ച് സമരത്തിനിറങ്ങിയ നിങ്ങളുടെ ഗതിയും ഇതായിരിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.

നേരത്തെ അളന്ന് സ്ഥലം നിർണയിച്ച കീഴാറ്റൂർ വയലിലൂടെ തന്നെ ബൈപ്പാസ് കടന്നുപോകുമെന്നാണ് റോഡ്സ് ആൻഡ് ഹൈവേസ് ഇന്ന് മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിജ്ഞാപനം വ്യക്തമാക്കുന്നത്. ഇതിൽ ഉൾപ്പെടുന്ന ഭൂവുടമകളുടെ ഹിയറിങ്ങിന് തീയതിയും വിജ്ഞാപനത്തിൽ ചേർത്തിട്ടുണ്ട്. അന്തിമവിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിൽ ഇനി സമരവുമായി മുന്നോട്ടുപോകാനാകില്ലെന്ന് വയൽക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഇനിയെന്തു നടപടി സ്വീകരിക്കും എന്നതിനെ കുറിച്ച് കൂടിയാലോചിക്കാൻ ചൊവ്വാഴ്ച വൈകുന്നേരം യോഗം ചേരുമെന്നും സുരേഷ് അറിയിച്ചു.

അലൈന്മെന്റ് മാറ്റുമെന്ന കള്ളപ്രചാരണവും വാഗ്ദാനവും നൽകി വയൽക്കിളികളെയും കീഴാറ്റൂരിലെ ജനങ്ങളെയും ബിജെപി വഞ്ചിച്ചെന്ന് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി പി.ജയരാജൻ. ബിജെപി വഞ്ചിച്ചെന്ന് വയൽക്കിളികൾ കേരളത്തോട് തുറന്ന് സമ്മതിക്കണം. ഒരു വികസനവിഷയത്തെ സംഘപരിവാർ ഒരു വശത്തും ജമാ അത്തെ ഇസ്ലാമി മറുവശത്തും നിന്ന് ദുരുപയോഗം ചെയ്തതിന്റെ ഏറ്റവും പുതിയ അധ്യായമാണിതെന്നും പി.ജയരാജൻ പറഞ്ഞു.

പാരിസ്ഥിതികാഘാതപഠനമുൾപ്പടെ എല്ലാം നടത്തിയ ശേഷമാണ് കീഴാറ്റൂരിൽ ബൈപ്പാസ് അലൈന്മെന്റ് നിശ്ചയിച്ചത്. എന്നാൽ ബിജെപിയുടെ പ്രചാരണം ഈ അലൈന്മെന്റ് മാറ്റുമെന്നായിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടി വയൽക്കിളികൾക്ക് സംഘപരിവാർ പിന്തുണ നൽകി. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാനുള്ളതല്ലെന്ന ബിജെപിയുടെ നിലപാട് തെളിയിക്കപ്പെട്ടു.

സമവായത്തിന്റെ അടിസ്ഥാനത്തിലാണ് പലയിടത്തും ബൈപ്പാസ് കൊണ്ടുവരാൻ നിശ്ചയിച്ചത്. കീഴാറ്റൂരിൽ ഭൂരിഭാഗം ജനങ്ങളും ബൈപ്പാസിനെതിരല്ല. പാർട്ടിയോട് അനുഭാവമുള്ള പലരും കാര്യങ്ങൾ മനസ്സിലാക്കി ഭൂമി വിട്ടു നൽകാൻ സമ്മതിച്ചതാണ്. വയൽക്കിളികളുടെ നേതൃത്വത്തിലുള്ള ചിലർ മാത്രമാണ് സമരത്തിൽ തുടരുന്നത്.

'ഒരു വശത്ത് ജമാ അത്തെ ഇസ്ലാമിയും മറുവശത്ത് സംഘപരിവാറുമാണ് കീഴാറ്റൂർ സമരത്തിന് പിന്തുണ നൽകിയത്. ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമം 'കീഴാറ്റൂരിൽ സിംഗൂർ ആവർത്തിക്കുമോ?' എന്ന് പോലും എഴുതി. ഇപ്പോൾ ഇരുകൂട്ടരും ചെയ്തതെന്താണ്? വയൽക്കിളികൾ തുറന്ന് പറയണം.' പി.ജയരാജൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP