Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രായപൂർത്തിയാകാത്ത കുട്ടികളെ പള്ളികളിലോ വൈദികർക്കൊപ്പമോ താമസിപ്പിക്കരുത്; കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം പൊറുക്കാനാവാത്ത തെറ്റ്; ലൈംഗികാതിക്രമം ശ്രദ്ധയിൽ പെട്ടാൽ പൊലീസിനെ ഉടൻ അറിയിക്കണം; ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന തമാശകളിൽ നിന്ന് വൈദികർ വിട്ടുനിൽക്കണം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിന് മാർഗ്ഗരേഖയുമായി കെസിബിസി

പ്രായപൂർത്തിയാകാത്ത കുട്ടികളെ പള്ളികളിലോ വൈദികർക്കൊപ്പമോ താമസിപ്പിക്കരുത്; കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം പൊറുക്കാനാവാത്ത തെറ്റ്; ലൈംഗികാതിക്രമം ശ്രദ്ധയിൽ പെട്ടാൽ പൊലീസിനെ ഉടൻ അറിയിക്കണം; ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന തമാശകളിൽ നിന്ന് വൈദികർ വിട്ടുനിൽക്കണം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിന് മാർഗ്ഗരേഖയുമായി കെസിബിസി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെ കത്തോലിക്ക സഭ ആരോപണങ്ങളുടെ മുൾമുനയിലായിരുന്നു. ഇരകൾക്കൊപ്പം സഭ നിൽക്കുന്നില്ലെന്ന പരാതി പൊതുസമൂഹത്തിൽ നിന്ന് ഉയർന്നിരുന്നു. ഫ്രാങ്കോയെ സംരക്ഷിക്കുന്ന തരത്തിലുള്ള ചില പ്രസ്താവനകളും ജനവികാരം എതിരാക്കി. ഈ പശ്ചാത്തലത്തിൽ, നീതിയുടെയും ന്യായത്തിന്റെയും ഒപ്പമാണ് സഭയെന്ന് ബോധ്യപ്പെടുത്താൻ കെസിബിസി പുതിയ മാർഗ്ഗരേഖയുമായി രംഗത്തെത്തി.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള മാർഗരേഖയാണ് കേരള കാത്തലിക്ക് ബിഷപ്‌സ് കൗൺസിൽ പുറത്തിറക്കിയത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം പൊറുക്കാനാവാത്ത തെറ്റാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പള്ളികളിലോ വൈദികർക്കൊപ്പമോ താമസിപ്പിക്കരുത്. ലൈംഗികാതിക്രമം ശ്രദ്ധയിൽ പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന തമാശകളിൽ നിന്ന് വൈദികരോട് വിട്ട് നിൽക്കാനും മാർഗരേഖയിൽ നിർദ്ദേശിക്കുന്നു.

കൊച്ചിയിൽ ഈയിടെ സമാപിച്ച സിറോ മലബാർ സഭ സിനഡും ലൈംഗിക അതിക്രമങ്ങൾ തടയാൻ സഭയിൽ വൈദികരും വിശ്വാസികളും ഉൾപ്പെട്ട പരാതിപരിഹാര സെൽ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. സാധാരണ മെത്രാന്മാർക്കാണ് മാർഗരേഖ നൽകാറുള്ളതെങ്കിലും ഇത്തവണ സഭയിലെ മുഴവൻ വൈദികർക്കും വിശ്വാസികൾക്കും ഇടയിൽ മാർഗരേഖ നൽകാനാണ് തീരുമാനം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങളിൽ സഭാനിയമപ്രകാരം കർശന നടപടി വേണം. ഇതോടൊപ്പം പൊലീസിനെയും അറിയിക്കണം. വൈദികർ ലൈംഗിക അതിക്രമ കേസുകളിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം. പീഡനത്തിനിരയാകുന്നവരോട് സഭയിലുള്ളവർ അനുഭാവപൂർവ്വമായ നടപടിയാണ് സ്വീകരിക്കണ്ടതെന്ന് മാർഗരേഖ ചൂണ്ടികാട്ടുന്നു.

സഭയ്‌ക്കെതിരായ സമരങ്ങളിൽ പങ്കെടുക്കുന്നവർക്ക് കർശന നടപടിയാണ് സിറോ-മലബാർ സിനഡ് ശുപാർശ ചെയ്തത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കന്യാസ്ത്രീകൾ അച്ചടക്ക നടപടി നേരിട്ടതിനു തൊട്ടു പിന്നാലെയാണ് വിഷയത്തിൽ സഭ നിലപാട് വ്യക്തമാക്കിയത്.

അരാജകത്വത്തിന്റെ അരൂപി സഭയിൽ വളരാതിരിക്കാൻ പരിശ്രമിക്കണം. സമീപകാലത്ത് ചില വൈദികരും സന്യസ്തരും ഉൾപ്പെട്ട പ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ചതായി സിനഡ് വിലയിരുത്തിയരുന്നു. ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായി മാറിയെന്നും സിനഡ് പറഞ്ഞു.

സഭയിൽ അച്ചടക്ക ലംഘനം നടത്തുന്ന വ്യക്തികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. അത് തൃപ്തികരമല്ലെങ്കിൽ ശിക്ഷാനടപടി സ്വീകരണമെന്നും സിനഡ് നിർദ്ദേശിക്കുന്നു. അച്ചടക്ക ലംഘനത്തിനെതിരായ നടപടികളെ സഭാ വിരുദ്ധ ഗ്രൂപ്പുകളുടേയും മാധ്യമങ്ങളുടേയും പിന്തുണയോടെ പ്രതിരോധിക്കാനുള്ള സമീപകാല പ്രവണത അംഗീകരിക്കാനാവില്ലെന്നും സിനഡ് പറഞ്ഞു.

സഭയ്ക്കെതിരെ വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെയും സംഘടനകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനും സിനഡ് തീരുമാനിച്ചിരുന്നു. പൊതു സമരങ്ങൾക്ക് പോകുന്ന വൈദികരും സന്യസ്തരും കാനോനിക നിയമങ്ങൾ പാലിക്കണം. ഇതിൽ വീഴ്‌ച്ച വരുത്തുന്നത് അച്ചടക്ക ലംഘനമായി പരിഗണിക്കും. വൈദികരായോ സന്യസ്തരായോ തുടരുന്ന കാലത്തോളം അവർ സഭയുടെ അച്ചടക്കവും കാനോനിക നിയമങ്ങളും പാലിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു. സഭയിലെ ഏതെങ്കിലും ആശയത്തിന്റേയോ വ്യക്തിയുടേയോ പേരിലോ വിഭാഗിത ഉണ്ടാക്കിയാലും ചേരിതിരിഞ്ഞ് ആരോപണം ഉന്നയിച്ചാലും അത് മിശിഹായുടെ ശരീരമായ സഭയെ മുറിപ്പെടുത്തുന്നതാണെന്നും ഇത് അച്ചടക്ക ലംഘനമായി കണ്ട് നടപടി സ്വീകരിക്കുമെന്നും സിനഡ് അറിയിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP