Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷഡ്ഡി തൂങ്ങുന്ന അംശവടി സഭയുടേതല്ല; അത് ഫ്രാങ്കോയുടെ അംശവടി; വിമർശനം മതത്തിനെതിരെ അല്ല; ഫ്രാങ്കോയ്‌ക്കെതിരെ മാത്രം; വിവാദമായതു കൊണ്ട് പുനപരിശോധനയ്ക്കും തയ്യാർ; അവാർഡ് നിർണ്ണയിച്ചത് ഏറ്റവും മികച്ച പാനലെന്നും ലളിത കലാ അക്കാദമി ചെയർമാൻ; അവാർഡ് കൊടുത്തത് ജൂറിയുടെ പരിഗണനയ്ക്ക് വന്ന കാർട്ടൂണുകളിൽ മികച്ച കാർട്ടൂണിനെന്ന് നേമം പുഷ്പരാജ്; കാർട്ടൂണിന്റെ കൈ കെട്ടരുതെന്ന് കേരള കാർട്ടൂൺ അക്കാദമിയും; കത്തോലിക്കാ സഭ തുറന്നു വിട്ട 'ഭൂതം' വിവാദമായി ആളിക്കത്തുമ്പോൾ

ഷഡ്ഡി തൂങ്ങുന്ന അംശവടി സഭയുടേതല്ല; അത് ഫ്രാങ്കോയുടെ അംശവടി; വിമർശനം മതത്തിനെതിരെ അല്ല; ഫ്രാങ്കോയ്‌ക്കെതിരെ മാത്രം; വിവാദമായതു കൊണ്ട് പുനപരിശോധനയ്ക്കും തയ്യാർ; അവാർഡ് നിർണ്ണയിച്ചത് ഏറ്റവും മികച്ച പാനലെന്നും ലളിത കലാ അക്കാദമി ചെയർമാൻ; അവാർഡ് കൊടുത്തത് ജൂറിയുടെ പരിഗണനയ്ക്ക് വന്ന കാർട്ടൂണുകളിൽ മികച്ച കാർട്ടൂണിനെന്ന് നേമം പുഷ്പരാജ്; കാർട്ടൂണിന്റെ കൈ കെട്ടരുതെന്ന് കേരള കാർട്ടൂൺ അക്കാദമിയും; കത്തോലിക്കാ സഭ തുറന്നു വിട്ട 'ഭൂതം' വിവാദമായി ആളിക്കത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കെസിബിസി തന്നെ രംഗത്തു വന്ന സാഹചര്യത്തിൽ ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരത്തിൽ സർക്കാർ ഇടപെടുന്നു. ഈ ഇടപെടലിന്റെ അടിസ്ഥാനത്തിൽ തീരുമാനം പുനഃപരിശോധിക്കാനാണ് ലളിതകലാ അക്കാദമി തീരുമാനം. പീഡന കേസിൽ പ്രതിചേർക്കപ്പെട്ട ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ ഷഡ്ഡിയുടെ ചിത്രം ചേർത്ത കാർട്ടൂണിനാണ് ഇക്കുറി കേരള ലളിത കലാ അക്കാദമിയുടെ മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം നൽകിയത്. ഈ തീരുമാനമാണ് കത്തോലിക്കാ സഭയുടെയും കെസിബിസിയുടെയും പ്രതിഷേധത്തെ തുടർന്ന് ഇപ്പോൾ പുനഃപരിശോധിക്കുന്നത്. എന്നാൽ അവാർഡ് തിരികെ വാങ്ങിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ, കാർട്ടൂണിസ്റ്റിന് നൽകിയ പുരസ്‌കാര തീരുമാനം പുനഃപരിശോധിക്കണമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ ലളിതകലാ അക്കാദമി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം മുന്നിലുള്ളതുകൊണ്ട് തന്നെയാണ് അക്കാദമി പുരസ്‌കാരം പുനഃപരിശോധിക്കാമെന്ന് അക്കാദമി അധികൃതരും പറയുന്നത്.

പുരസ്‌ക്കാര തീരുമാനം പുനഃപരിശോധിക്കും എന്ന് മാത്രമാണ് തീരുമാനമെടുത്തത്. തീരുമാനമെടുത്തതിൽ ലളിതകലാ അക്കാദമിക്ക് പിഴച്ചിട്ടില്ല. അവാർഡ് തീരുമാനം ജൂറിക്ക് വിടുകയാണ് ചെയ്തത്. ജൂറിക്ക് പിഴച്ചോ എന്ന് ജൂറി തീരുമാനിക്കേണ്ട കാര്യമാണ്. അക്കാദമി തീരുമാനിക്കേണ്ട കാര്യമല്ല. കേരളത്തിലെ മികച്ച ജൂറിമാരാണ് ജഡ്ജിങ് പാനലിൽ ഉണ്ടായിരുന്നത്. പിഴയ്ക്കുന്ന തീരുമാനമൊന്നും അവരുടെ കയ്യിൽ നിന്ന് വരാറില്ല. ജൂറി തീരുമാനം ഞങ്ങൾ സ്വീകരിക്കുകയാണ് ഞങ്ങൾ ചെയ്തത്. പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ ആണ് ജൂറി പാനലിലെ ഒരാൾ, പി.വി.കൃഷ്ണൻ ആണ് രണ്ടാമത് ജഡ്ജി, മധു ഓമല്ലൂർ ആണ് മൂന്നാമതായി ജൂറി പാനലിൽ ഉണ്ടായിരുന്നത്. ഇവരുടെ തീരുമാനം പിഴയ്ക്കും എന്നൊന്നും അക്കാദമി കരുതുന്നില്ല. ജൂറിയുടെ പരിഗണനയ്ക്ക് വന്ന കാർട്ടൂണുകളിൽ മികച്ച കാർട്ടൂണിനാണ് പുരസ്‌ക്കാരം നൽകിയത്. കഴിഞ്ഞ തവണ കടക്കുപുറത്ത് എന്ന കാർട്ടൂണിനു ഗോപീകൃഷ്ണനാണ് അവാർഡ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്.ഇത്തരമൊരു മഹത്തായ സഹിഷ്ണുത കേരളത്തിനുണ്ട്. ജൂറി തീരുമാനത്തിൽ അക്കാദമി ഇടപെടാറില്ല. ജൂറി തീരുമാനത്തെ അന്തിമമായി തന്നെയാണ് അക്കാദമി കാണുന്നത്.

ഒരു ജൂറിയെ തീരുമാനിക്കുകയും പുരസ്‌ക്കാരത്തിൽ ഇടപെടുകയും ചെയ്യുന്നത് അക്കാദമിയുടെ രീതിയല്ല. അതുകൊണ്ട് തന്നെ ജൂറി വിധിച്ച കാർട്ടൂണിനാണ് അവാർഡ് നൽകിയത്. കാർട്ടൂണിൽ ഉള്ളത് സഭയുടെ കൈവശമുള്ള അംശവടിയല്ല അത് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിൽ മാത്രമുള്ള അംശവടിയാണ്. ഈ അംശവടിയിലാണ് ഷെഡ്ഡി തൂങ്ങുന്നത്. ഫ്രാങ്കോയുടെ കയ്യിലുള്ള ഈ അംശവടി ഫ്രാങ്കോയുടെ കയ്യിൽ മാത്രമുള്ള അംശവടിയാണ്. മതനേതാക്കളുടെ കയ്യിലുള്ള അംശവടിയല്ല. വിമർശനം ഫ്രാങ്കോയ്ക്ക് നേരെയാണ്. അല്ലാതെ മതത്തിന്റെ നേരെയല്ല. എന്തായാലും തീരുമാനം പുനഃപരിശോധിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് വിദഗ്ധ സമിതിയെ വയ്ക്കും. ഈ സമിതി തീരുമാനം പുനഃപരിശോധിക്കും. പക്ഷെ വിദഗ്ധ സമിതി ആരാകണമെന്നോ സമിതിയുടെ ഘടന എന്താണെന്നോ എന്ന കാര്യത്തിൽ തീരുമാനം ഒന്നും വന്നിട്ടില്ല-നേമം പുഷ്പരാജ് പറയുന്നു.

കാർട്ടൂൺ അക്കാദമി പുരസ്‌ക്കാര നിർണ്ണയം വിവാദമായതോടെ പിണറായി സർക്കാർ വലിയ വിവാദത്തിലാണ് എത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19ലും ഇടതുപക്ഷം തോറ്റു. ഇതിന് കാരണം വിശ്വാസികൾ കൈവിട്ടതാണെന്ന് ഇപ്പോൾ സിപിഎം തിരിച്ചറിയുന്നു. തെറ്റു തിരുത്താനുള്ള ആലോചനയിലാണ്. അതുകൊണ്ട് തന്നെ ന്യൂനപക്ഷത്തെ ഒപ്പം കൂട്ടിയുള്ള മറുതന്ത്രമാണ് പയറ്റുന്നത്. ഇതിനും തിരിച്ചടിയായാണ് കാർട്ടൂൺ പുരസ്‌ക്കാര നിർണ്ണയം വന്നത്. പുരസ്‌ക്കാരം നൽകിയ കാർട്ടൂണിനെതിരെ വളരെ ശക്തമായാണ് കെസിബിസി പ്രതികരിച്ചത്. ന്യൂനപക്ഷ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുമ്പോഴും സിപിഎം ഭരിക്കുന്ന സർക്കാർ വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കെസിബിസി രംഗത്തു വന്നത്. ഇത് പിണറായി സർക്കാരിന് വലിയ വെല്ലുവിളിയായി മാറി. ഇതോടെയാണ് കാർട്ടൂൺ പുരസ്‌ക്കാര നിർണ്ണയത്തിൽ സർക്കാർ ഇടപെടുന്നത്.

പീഡന കേസിൽ പ്രതിചേർക്കപ്പെട്ട ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ ഷഡ്ഡിയുടെ ചിത്രം ചേർത്ത കാർട്ടൂണിനു പുരസ്‌കാരം നൽകിയ തീരുമാനമാണ് വിവാദമായത്. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒപ്പം നിൽക്കാത്തതിനുള്ള പ്രതികാരം എന്ന് ആരോപിച്ചാണ് കത്തോലിക്കാ സഭ രംഗത്ത് വരുന്നത്. ഇതോടെ പിണറായി സർക്കാർ വീണ്ടും വിശ്വാസ വിവാദത്തിൽ അകപ്പെട്ട പ്രശ്‌നം വന്നു. വരുന്ന തെരഞ്ഞെടുപ്പുകളുടെ ഫലത്തെ നിർണ്ണായകമായി സ്വാധീനിക്കാവുന്ന വിവാദം. ശബരിമലയിലെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാരിന് ഇത് കടുത്ത വെല്ലുവിളിയായി മാറി. ഇതേ കേസിൽ പെട്ട ഇതര മത നേതാക്കളുടെ ചിത്രം വരയ്ക്കാൻ പേടി കാണും. കുരിശിനെ അവഹേളിച്ചത് മോശമായിപ്പോയി എന്ന വികാരമാണ് കത്തോലിക്കാ സഭ വിശ്വാസികളിലേക്ക് പകർന്നു നൽകുന്നത്. പ്രകോപനം ഉണ്ടാക്കുന്ന പുരസ്‌കാര പ്രഖ്യാപനം എന്നാണ് ലളിത കലാ അക്കാഡമിയുടെ പുരസ്‌കാരത്തെ സഭ വിശേഷിപ്പിക്കുന്നത്. പരസ്യമായി തന്നെ പ്രതിഷേധവും അറിയിച്ചു.

ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്ന് കെ സി ബി സി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് ആരോപിക്കുന്നു. ഇടതു പക്ഷ തോൽവിക്ക് കാരണം ഇതൊക്കെ തന്നെ. വിശ്വാസികളെ നിന്ദിച്ച് ബംഗാളിന് പഠിക്കുന്ന മണ്ടന്മാർ-എന്നാണ് വിശ്വാസികൾ ഈ പ്രതിഷേധ കുറിപ്പിന് താഴെ ഫെയ്സ് ബുക്കിൽ കുറിക്കുന്നത്. അതായത് ക്രൈസ്തവ സഭകൾ പിണറായിയെ ഇനി പിന്തുണയ്ക്കാനിടയില്ല. ആറു നിയമസഭാ ഉപ തെരഞ്ഞടുപ്പുകൾ ഉടനെത്തും. ഇതിൽ വട്ടിയൂർക്കാവും കോന്നിയും കൊച്ചിയും പാലയും ജയിക്കാൻ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനാണ് സിപിഎം നീക്കം. ഇതിനിടെയാണ് പുതിയ വിവാദം ഉയർന്നു വന്നത്.

<ു>കേരള ലളിതകലാ അക്കാഡമിയുടെ ഫോട്ടോഗ്രഫി, കാർട്ടൂൺ പുരസ്‌കാരങ്ങൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് സാഫി (ഫോട്ടോഗ്രഫി), കെ.കെ. സുഭാഷ് (കാർട്ടൂൺ), അനൂപ് കൃഷ്ണ, ലിഷോയ് നാരായണൻ (ഫോട്ടോഗ്രഫി ഓണറബിൾ മെൻഷൻ പുരസ്‌കാരം), എ. സതീഷ് കുമാർ, മാതൃഭൂമി ചീഫ് സബ് എഡിറ്റർ ഉണ്ണിക്കൃഷ്ണൻ (കാർട്ടൂൺ ഓണറബിൾ മെൻഷൻ പുരസ്‌കാരം) എന്നിവർക്കാണ് പുരസ്‌കാരം. ഇതിൽ കെകെ സുഭാഷിന്റെ കാർട്ടൂണിന്റെ പേരിലാണ് വിവാദം. 135 ഫോട്ടോഗ്രാഫുകൾ സംസ്ഥാന പുരസ്‌കാര പരിഗണനയ്ക്കായി ലഭിച്ചു. കാർട്ടൂൺ പ്രദർശനത്തിൽ പങ്കെടുക്കാനും പുരസ്‌കാരത്തിനുമായി 29 അപേക്ഷകളാണ് ലഭിച്ചത്. പ്രാഥമിക മൂല്യനിർണയത്തിൽ സംസ്ഥാന പ്രദർശനത്തിന് 22 പേരുടെ സൃഷ്ടികളും തിരഞ്ഞെടുത്തു. ഈ അവാർഡ് പ്രഖ്യാപനമാണ് വിവാദങ്ങൾക്ക് ഇട നൽകിയത്.

കാർട്ടൂണിന്റെ കൈ കെട്ടരുത്- കേരള കാർട്ടൂൺ അക്കാദമി

കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ കാർട്ടൂൺ അവാർഡിനെ കുറിച്ച് ഉണ്ടായ വിവാദം അത്യന്തം ഖേദകരമാണെന്ന് കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി തോമസ് ആന്റണി പ്രതികരിച്ചു. അവാർഡ് നിർണയിച്ചത് കേരളത്തിലെ പ്രമുഖരായ കാർട്ടൂണിസ്റ്റുകൾ ഉൾപ്പെട്ട സമിതിയാണ്.അത് അംഗീകരിക്കേണ്ടത് കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയാണ്. വിമർശനകലയായ കാർട്ടൂണിന്റെ കൈ കെട്ടിയാൽ അതിന്റെ അർത്ഥം തന്നെ നഷ്ടമാകും.ഇന്ത്യയിലെത്തന്നെ പ്രമുഖ കാർട്ടൂണിസ്റ്റുകളുടെ നാടാണ് കേരളം. തന്റെ കലയിലൂടെആരെയും തുറന്ന് വിമർശിച്ച കുഞ്ചൻ നമ്പ്യാരുടെ മഹനീയ പൈതൃകം കേരളത്തിനുണ്ട്.പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിനെ നിരന്തരം വരകളിലൂടെ വിമർശിക്കാൻ സുഹൃത്തു കൂടിയായ കാർട്ടൂണിസ്റ്റ് ശങ്കർ മടി കാണിച്ചിട്ടില്ല. അതിന്റെ പിന്തുടർച്ച മലയാളത്തിലെ കാർട്ടൂണിനുമുണ്ട് എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.

വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ താൽപര്യങ്ങളുടെ കണ്ണടകളിലൂടെ നർമത്തെ കാണുന്നതും അധിക്ഷേപിക്കുന്നതും ദുഃഖകരമാണ്. തുറന്ന വിമർശനത്തിലൂടെ ഭരണകർത്താക്കളെ ഉൾപ്പടെ നിശിതമായി വിമർശിച്ച തിരഞ്ഞെടുപ്പ് കാലമാണ് ഈയടുത്ത് കഴിഞ്ഞത് .ചിരി വരയുടെ കൈ കെട്ടരുത് എന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. തുറന്ന മനസോടെ വിമർശനവരകൾ ആസ്വദിക്കാനുള്ള അന്തരീക്ഷം പുലരട്ടെ. ചിരിയും ചിന്തയും മായാതിരിക്കട്ടെ-തോമസ് ആന്റണി പ്രതികരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP