Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിള്ളയുടെ കാപട്യവും തന്ത്രങ്ങളും വെള്ളാപ്പള്ളിയെ ഓർമിപ്പിച്ച ജയചന്ദ്രനും കൂറുമാറി; പേഴ്‌സണൽ സ്റ്റാഫ് കാർഡു കാട്ടി മകനെ ദുർബലനാക്കാൻ അച്ഛൻ; ചാണ്ടിയും ചെന്നിത്തലയുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്; ഗണേശ് കുമാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഇടതുമുന്നണിയും

പിള്ളയുടെ കാപട്യവും തന്ത്രങ്ങളും വെള്ളാപ്പള്ളിയെ ഓർമിപ്പിച്ച ജയചന്ദ്രനും കൂറുമാറി; പേഴ്‌സണൽ സ്റ്റാഫ് കാർഡു കാട്ടി മകനെ ദുർബലനാക്കാൻ അച്ഛൻ; ചാണ്ടിയും ചെന്നിത്തലയുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്; ഗണേശ് കുമാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഇടതുമുന്നണിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെബി ഗണേശ് കുമാറിനെ അയോഗ്യനാക്കാനുറച്ചുള്ള നീക്കങ്ങൾ ആർ ബാലകൃഷ്ണ പിള്ള തുടങ്ങിയതായി റിപ്പോർട്ട്. ഗണേശ് കുമാറിന്റെ അതിവിശ്വസ്തരെ തന്നെ അടർത്തിയെടുത്ത് കേരളാ കോൺഗ്രസ് ബിക്കുള്ളിൽ പത്തനാപുരം എംഎൽഎയെ ഒതുക്കാനാണ് നീക്കം. അതിനിടെ ഇടതു മുന്നണിയിൽ നിന്നിട്ട് കാര്യമില്ലെന്ന് ഗണേശ് കുമാർ പ്രതികരിച്ചതായാണ് സൂചന. ആർ ബാലകൃഷ്ണപിള്ള കാബിനറ്റ് പദവിയോടെ മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത് കേരളാ കോൺഗ്രസി(ബി)ന് മന്ത്രിപദം നഷ്ടമാക്കിയെന്ന വാദം പുകയുന്നതിനിടെയാണ് ഗണേശൻ മറു തന്ത്രങ്ങൾ നടത്തുന്നതായി തന്നെയാണ് സൂചന. ഇത് മനസ്സിലാക്കി ഗണേശിന്റെ വിശ്വസ്തരെ അടർത്തിയെടുത്ത് സ്റ്റാഫിൽ നിയമിക്കാനാണ് പിള്ളയുടെ നീക്കം.

സമുദായ നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് അവരെ മന്ത്രി കെ.ബി. ഗണേശ്‌കുമാറിനെതിരാക്കാനും സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് ഉന്മൂലനം ചെയ്യാനുമുള്ള നിലവാരമില്ലാത്ത പ്രവർത്തനങ്ങളാണ് ആർ ബാലകൃഷ്ണപിള്ള നടത്തുന്നതെന്നു ആരോപിച്ച തിരുവനന്തപുരത്തെ നേതാവാണ് പാച്ചല്ലൂർ ജയചന്ദ്രൻ. നടി ശ്രീവിദ്യയുടെ വിൽപ്പത്രത്തിന്റെ പേരിൽ കെ ബി ഗണേശ്കുമാർ എംഎൽഎയെ അപകീർത്തിപ്പെടുത്താനും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും ഗണേശ്കുമാറിന്റെ അഴിമതിവിരുദ്ധ പ്രവർത്തനങ്ങളെ ഭയക്കുന്നവർ ശ്രമിക്കുന്നതായി പ്രസ്താവന ഇറക്കിയ ഗണേശിന്റെ വിശ്വസ്തൻ. ജയചന്ദ്രനെ അടർത്തിയെടുത്ത് ഗണേശിന്റെ പാർട്ടിയിലെ കരുത്ത് കുറയ്ക്കാനാണ് പിള്ളയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് ജയചന്ദ്രനെ പേഴ്‌സണൽ സ്റ്റാഫിൽ കൊണ്ടുവരാൻ പിള്ള നീക്കം സജീവമാക്കിയത്. തിരുവനന്തപുരത്ത് പിള്ളയെ വെല്ലുവിളിച്ച് അഡഹോക് കമ്മറ്റിയുണ്ടാക്കിയ നേതാവാണ് ജയചന്ദ്രൻ.

ഗണേശ്‌കുമാറിനെ ഇല്ലാതാക്കാൻ ഏതു നീചപ്രവർത്തിയും നടത്താൻ മടികാണിക്കാത്ത ബാലകൃഷ്ണപിള്ള സംസ്ഥാനത്തെ പരിഹാസ്യനായ നേതാവായി മാറിക്കഴിഞ്ഞു. എൻഎസ്എസിനെ ഗണേശ്‌കുമാറിനെതിരാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ബാലകൃഷ്ണപിള്ളയുടെ കാപട്യവും തന്ത്രങ്ങളും നന്നായി അറിയാവുന്ന വെള്ളാപ്പള്ളി നടേശൻ അദ്ദേഹത്തിന്റെ തന്ത്രങ്ങളിൽ വീണതെങ്ങനെയെന്ന് അറിയില്ല. ബാലകൃഷ്ണപിള്ള വെള്ളാപ്പള്ളിയെ സന്ദർശിക്കുന്നതിനു മുമ്പുവരെ പലഘട്ടങ്ങളിലും കേരളത്തിലെ മികച്ച മന്ത്രിയായും മികച്ച ഭരണകർത്താവായും ഗണേശ്‌കുമാറിനെ വെള്ളാപ്പള്ളി നടേശൻ പുകഴ്‌ത്തിയിട്ടുള്ളതാണ്. പിള്ളയുടെ രാഷ്ട്രീയ തന്ത്രം വെള്ളാപ്പള്ളി മനസിലാക്കേണ്ടിയിരിക്കുന്നു എന്നൊക്കെ പറഞ്ഞ് സജീവമായ ജയചന്ദ്രനെ പേഴ്‌സണൽ സ്റ്റാഫിൽ എല്ലാം മറന്ന് പിള്ളയെടുക്കുമ്പോൾ അത് പുതിയ വിവാദവുമാകുന്നു.

പൊലീസിനു നൽകിയ പരാതിയിൽ പിള്ള തന്നെ കുറ്റമാരോപിച്ച വ്യക്തിയെ എതിർപ്പുകൾ മറികടന്ന് സ്റ്റാഫിൽ നിയമിക്കാൻ ആലോചിക്കുന്നത് അദ്ദേഹത്തിന്റെ അനുകൂലികൾക്കിടയിലും അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. പാർട്ടി ചെയർമാന്റെ കോലം കത്തിക്കുകയും പാർട്ടി ഓഫീസ് തകർക്കുകയും ചെയ്ത വ്യക്തിയാണ് ജയചന്ദ്രൻ എന്ന് പിള്ളയെ അനുകൂലിക്കുന്നവരും പറയുന്നു. താൻ മന്ത്രിയാകാനുള്ള സാധ്യത ഇല്ലാതാക്കിയതിലുള്ള അതൃപ്തിക്കു പുറമേ, പിള്ളയുടെ സ്റ്റാഫിലേക്ക് താൻ നിർദ്ദേശിച്ചവരെ പരിഗണിക്കാത്തതും പാരവച്ച് മറുകണ്ടം ചാടിയവരെ പരിഗണിക്കുന്നതും ഗണേശ് കുമാറിനെ അലോസരപ്പെടുത്തുന്നുണ്ട്. യു.ഡി.എഫ്. കാലത്ത് ഗണേശിന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കാനായി പിള്ളയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതിനിടെ ഗണേശ് അനുകൂലികൾ ചേർന്ന് ഗണേശ്‌കുമാർ ജനകീയവേദി എന്ന ബദൽ പ്രസ്ഥാനം ഉണ്ടാക്കിയിരുന്നു.

സാംസ്‌കാരിക സംഘടനയെന്ന് അവകാശപ്പെടുമ്പോഴും സമാന്തര രാഷ്ട്രീയ പ്രവർത്തനമായിരുന്നു രീതി. പിള്ളയെ പരസ്യമായി വെല്ലുവിളിച്ചായിരുന്നു പ്രവർത്തനം. അതിനു മുൻനിരയിലുണ്ടായിരുന്ന നേതാവ് ജയചന്ദ്രൻ. ഇനിയും ഗണേശുമായി പരസ്യമായി തെറ്റാനുള്ള സാധ്യത പിള്ള തിരിച്ചറിയുന്നു. അതുകൊണ്ടാണ് ജയചന്ദ്രനെ പോലെ ഉള്ളവരെ കൂടെ നിർത്താൻ പിള്ളയുടെ ശ്രമം. പ്രതിസന്ധി ഘട്ടത്തിലും ഒപ്പം നിന്നവരെ തഴഞ്ഞ്, ഇങ്ങനെയൊരാൾക്കു പദവി നൽകുന്നത് പിള്ളപക്ഷത്തു കടുത്ത എതിർപ്പിനു വഴിവച്ചിരിക്കുകയാണ്. ഇതോടെ പിള്ള ഗ്രൂപ്പിലെ പ്രതിസന്ധി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ശക്തമായി. ഇതോടെ പാർട്ടി പിളരുമെന്നാണ് റിപ്പോർട്ട്. എൽഡിഎഫിന്റെ ഭാഗമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതെങ്കിലും കേരളകോൺഗ്രസ്ബിയുടെ മുന്നണി പ്രവേശനം ഇപ്പോഴും അടഞ്ഞ അധ്യായമാണ്. ഈ സാഹചര്യത്തിലാണ് ഗണേശ് യുഡിഎഫിലേക്ക് കൂടുമാറാൻ തയ്യാറെടുക്കുന്നത്.

ഗണേശ് കുമാർ അതിന് മുതിർന്നാൽ എംഎൽഎ സ്ഥാനം നഷ്ടമാക്കുമെന്നാണ് ബാലകൃഷ്ണ പിള്ളയുടെ നിലപാട്. കേരളാ കോൺഗ്രസ് ബിയുടെ എംഎൽഎയാണ് ഗണേശ്. പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായ തീരുമാനമെടുത്താൽ വലിയ വിലകൊടുക്കേണ്ടി വരും. എംഎൽഎ സ്ഥാനത്ത് നിന്ന് തന്നെ അയോഗ്യനാക്കാനുള്ള അധികാരം പാർട്ടി ചെയർമാനായ തനിക്കുണ്ടെന്നാണ് ബാലകൃഷ്ണ പിള്ളയുടെ നിലപാട്. ഇടതു മുന്നണി വിട്ട് യുഡിഎഫിലേക്ക് ഗണേശ് പോയാൽ അയോഗ്യനാക്കുമെന്ന നിലപാടിൽ തന്നെയാണ് പിള്ള. സ്പീക്കറും സിപിഎമ്മുകാരനായതിനാൽ ഇതിന് വേഗത്തിൽ കഴിയുകയും ചെയ്യും. ഇതോടെ കേരളാ കോൺഗ്രസ് ബി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. പാർട്ടിയുടെ ബഹുഭൂരിഭാഗത്തേയും ഒപ്പം നിർത്തി യുഡിഎഫിലേക്ക് പോയാൽ നിയമ പോരാട്ടത്തിലൂടെ ഇതിനെ മറികടക്കാനാകും. ഇതിനുള്ള ചരടുവലികൾ ഗണേശും തുടങ്ങിയിട്ടുണ്ട്. ഇതിന് വേണ്ടിയാണ് ജയചന്ദ്രനെ പോലുള്ളവരെ അടർത്തിയെടുക്കുന്നത്.

അതിനിടെ പത്തനാപുരത്തെ എംഎൽഎ സ്ഥാനം ഗണേശ് രാജിവയ്ക്കുമെന്നും സൂചനയുണ്ട്. ഇതു ചെയ്താൽ ഗണേശിനെ അയോഗ്യനാക്കുന്നത് ഒഴിവാക്കാനാകും. അതിന് ശേഷം യുഡിഎഫ് സ്ഥാനാർത്ഥിയായി പത്തനാപുരത്ത് അവതരിക്കും. മികച്ച ജനപിന്തുണയുള്ളതിനാൽ വീണ്ടും ജയിക്കാനാകുമെന്നാണ് ഗണേശിന്റെ നിലപാട്. അങ്ങനെ വന്നാൽ പത്തനാപുരത്ത് ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൻ ഒരുക്കമാണെന്ന് ബാലകൃഷ്ണ പിള്ളയും നിലപാട് എടുത്തു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആയോഗ്യതാ കാലാവധി പി്ള്ള പിന്നിട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാം. അതുകൊണ്ട് തന്നെ എംഎൽഎ സ്ഥാനം ഗണേശ് രാജിവച്ചാൽ അച്ഛനും മകനും മാറ്റുരയ്ക്കുന്ന ഉപതെരഞ്ഞെടുപ്പ് സാധ്യതയാണ് രാഷ്ട്രീയ കേരളത്തിന് മുന്നിൽ ഇപ്പോഴുള്ളത്. അതിനിടെ ഗണേശ് പുതിയ പാർട്ടിയുണ്ടാക്കാതെ കോൺഗ്രസിൽ ചേരുമെന്നും സൂചനയുണ്ട്.

യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിയോടു ചേർന്നു നിന്നപ്പോഴും തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴും ഗണേശ് മന്ത്രിപദം ആഗ്രഹിച്ചിരുന്നു. ഇത് അസ്ഥാനത്താക്കുന്നതാണ് പിള്ളയുടെ സ്ഥാനം. പുതിയ സാഹചര്യത്തിൽ, യു.ഡി.എഫുമായി അടുക്കാനും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ അതിന്റെ ഭാഗമാകാനുമുള്ള നീക്കത്തിലാണു ഗണേശും കൂട്ടരും. അദ്ദേഹം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി നേരത്തേ ആശയവിനിമയം നടത്തിയിരുന്നു. മുന്മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സ്റ്റാഫ് അംഗങ്ങൾ നേരത്തേ ഗണേശിനെതിരേ നൽകിയ മാനനഷ്ടക്കേസുകൾ പിൻവലിച്ചു. ഇബ്രാഹിംകുഞ്ഞിനെതിരേ നേരത്തേ ഉന്നയിച്ച ആരോപണങ്ങളിൽ നിന്നു ഗണേശും പിൻവലിഞ്ഞു.

പിള്ള 56 വർഷമായി പ്രസിഡന്റായി തുടരുന്ന പത്തനാപുരം എൻ.എസ്.എസ്. താലൂക്ക് യുണിയന് അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധിയിൽ സ്വീകരണം നൽകാനെടുത്ത തീരുമാനം ഗണേശ് പക്ഷത്തിന്റെ വിയോജിപ്പ് മൂലം തിരുത്തേണ്ടിവന്നു. തുടർന്ന് പാർട്ടിയുടെ ട്രേഡ് യൂണിയനെക്കൊണ്ട് അടിമാലിയിൽ സ്വീകരണം സംഘടിപ്പിക്കേണ്ടിയും വന്നു. ഗണേശിനെ കോൺഗ്രസിലെത്തിക്കാൻ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും താൽപ്പര്യം ഏറെയാണ്. രണ്ടുപേരും സംയുക്തമായാണ് ഇതിന് ചരട് വലിക്കുന്നത്. ഈ നീക്കങ്ങളെല്ലാം ഇടതു മുന്നണി സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. പിള്ളയേയും ഗണേശിനേയും ഒരുമിച്ച് ഇടതുപക്ഷത്ത് നിലനിർത്താനാകില്ലെന്ന തിരിച്ചറിവിൽ സി.പി.എം എത്തിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP