Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202415Friday

പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്‌റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ

പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്‌റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്...... വരിക്കാശ്ശേരി മനയിൽ വീണ്ടും മംഗലശ്ശേരി നീലകണ്ഠൻ എത്തി. ജീപ്പിൽ മുൻ സീറ്റിൽ ഇരുന്ന് മലയാളിയുടെ മനസ്സിൽ ബിംബമായി മാറിയ നായക വില്ലൻ. എന്നാൽ ജീവിതത്തിൽ ഇത്തരം കഥാപാത്രങ്ങളുടെ പ്രസക്തി ചവറ്റു കുട്ടയിലാണ്. പ്രത്യേകിച്ച് കേരളത്തിലെ ഒരു ജനപ്രതിനിധി മംഗലശ്ശേരി നീലകണ്ഠനായാൽ അത് ജനാധിപത്യത്തിന്റെ പരാജയമാകും. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ കെബി ഗണേശ് കുമാർ എന്ന നടനുമുണ്ട്. പക്ഷേ അദ്ദേഹം ഒരു ജനപ്രതിനിധിയാണ്. അത് മറന്നതാണ് ഇന്നലെ പത്തനാപുരത്തുകാർ കണ്ടത്.

കെ.ബി.ഗണേശ്‌കുമാർ എംഎൽഎക്കു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസും കാഴ്ചക്കാരായി. അതിൽ എല്ലാം ഉപരി സ്വന്തം മണ്ഡലത്തിലെ വോട്ടർമാരെ സ്വന്തം അനുയായികൾ വളഞ്ഞിട്ട് അടിക്കുമ്പോൾ വാഹനത്തിനുള്ളിൽ കുസലില്ലാതെ ഇരുന്ന ജനപ്രതിനധി. ഒരു പക്ഷേ കേരളത്തിൽ തന്നെ ആദ്യ സംഭവമാകും ഇത്. കൺമുന്നിൽ അടിപിടിയുണ്ടായാൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാത്ത ജനപ്രതിനിധികൾ ഇതിന് മുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പുതു ചരിത്രം രചിക്കുകയാണ് കെബി ഗണേശ് കുമാർ.

ഗണേശ്‌കുമാർ പങ്കെടുത്ത കോക്കാട് ക്ഷീര ഉൽപാദകസംഘം കെട്ടിടം ഉദ്ഘാടനച്ചടങ്ങിലാണു കേരള കോൺഗ്രസ് (ബി), കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് 3 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ്, പ്രദീപ് കോട്ടാത്തലയ്‌ക്കെതിരെ കേസെടുക്കാൻ ആദ്യം വിസമ്മതിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണു സംഭവങ്ങളുടെ തുടക്കം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് അംഗത്തെയും കെട്ടിടം ഉദ്ഘാടനത്തിനു വിളിക്കാതിരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രദേശത്തു പോസ്റ്ററുകൾ പതിച്ചിരുന്നു.

ഇതു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം കീറിക്കളഞ്ഞതായി കോൺഗ്രസ് ആരോപിക്കുന്നു. ഉദ്ഘാടനച്ചടങ്ങിന് എംഎൽഎ എത്തിയപ്പോൾ പ്ലാക്കാർഡുകളുമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. കരിങ്കൊടിയും കാട്ടി. ഇതോടെയാണ് പ്രദീപ് യുദ്ധത്തിന് ഇറങ്ങിയത്. മുഷ്ടി കൊണ്ട് കോൺഗ്രസുകാരെ നേരിട്ടു. പൊലീസും എംഎൽഎയും കാഴ്ചക്കാരും. തനിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് ഇതായിരിക്കും ഗതിയെന്ന ഭാവത്തിൽ യുഡിഎഫിന് വേണ്ടി മത്സരിച്ച് ജയിച്ച ചരിത്രമുള്ള ഗണേശ് കുമാർ വണ്ടിയിൽ തന്നെ ഇരുന്നു. പൊലീസിനും കാഴ്ചക്കാരാകേണ്ടി വന്നു. ഭരണ പക്ഷത്തെ എംഎൽഎയുടെ സാന്നിധ്യമായിരുന്നു ഇത്.

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച വ്യക്തിയാണ് പ്രദീപ് കോട്ടാത്തല. ജയിൽ വാസം കഴിഞ്ഞു പുറത്തിറങ്ങിയേ ഉള്ളൂ. ജാമ്യ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് പത്തനാപുരത്ത് പ്രദീപ് നടത്തിയത്. കേസെടുത്താൽ കുടുങ്ങും. അതുകൊണ്ട് തന്നെ പൊലീസ് മൗനത്തിലുമാണ്. അടികൊണ്ടവർക്കെതിരെ കേസെടുക്കുകയാണ് പിണറായിയുടെ പൊലീസ്. അങ്ങനെ ഇടതുപക്ഷത്ത് സിനിമാക്കാരനായ എംഎൽഎയെ അടുപ്പിച്ചു നിർത്തുന്നു. ഗണേശ് കുമാറിന്റെ പ്രചരണത്തിന് മോഹൻലാൽ എത്തുമെന്നും സിപിഎമ്മിന് അറിയാം. അങ്ങനെ അതും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഗുണകരമാക്കാനാണ് നീക്കം.

പത്തനാപുരത്തെ അതിക്രമത്തിൽ ഗണേശ് കുമാറിന്റെ പിഎയ്‌ക്കെതിരെ കേസെടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും കുന്നിക്കോട് പൊലീസ് സ്റ്റേഷൻ വളയുകയും ചെയ്തു. നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രദീപിനെതിരെ ഒടുവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുബിൻ, രാജു, സുധീഷ് എന്നിവർക്കാണു മർദനമേറ്റത്.

എംഎൽഎയ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് എത്തിയ കോൺഗ്രസ് പ്രവർത്തകരെ നേരിടാൻ പ്രദീപും എംഎൽഎയുടെ ഡ്രൈവറും ഉൾപ്പെടെയുള്ളവർ ചാടി വീണു. തുടർന്ന് എംഎൽഎയുടെയും പൊലീസിന്റെയും കൺമുന്നിൽ പ്രവർത്തകരെ സംഘം മർദിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് വെട്ടിലായി. തുടർന്നാണു കേസെടുത്തത്. എംഎൽഎക്കെതിരെ കരിങ്കൊടി കാണിച്ചതാണ് പ്രശ്‌നത്തിനു കാരണമെന്നും കോൺഗ്രസ് പ്രവർത്തകരാണ് മർദനം നടത്തിയതെന്നും കേരള കോൺഗ്രസ്(ബി) പ്രവർത്തകർ ആരോപിച്ചു. തങ്ങളുടെ പ്രവർത്തകനു പരുക്കേറ്റെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP