Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയും മകനും സഹോദരിയും ഉൾപ്പെടെ എട്ടു ബന്ധുക്കളെ ദുരന്തഭൂമിയിൽ കാണാതായ സുനിൽ; വീട്ടിന് ചുറ്റുമുള്ള പച്ചപ്പും വൃക്ഷങ്ങളും രക്ഷിച്ച പുഷ്പയുടെ കണ്ണീർക്കഥ; ഓടിയോടി പ്രകാശനും കുടുംബവും എത്തിയത് ബന്ധുവീട്ടിലും; നെടുകെ പിളർന്ന മുത്തപ്പൻക്കുന്ന് കവളപ്പാറക്കാർക്ക് നൽകിയത് നടുക്കുന്ന ഓർമ്മകൾ; ദുരന്തത്തെ മരങ്ങൾ ചെറുത്തു നിർത്തുന്നതിന്റെ അത്ഭുതക്കാഴ്ചയും; ഉരുൾപൊട്ടലിൽ പോറലേൽക്കാതെ 8 വീടുകളും; കവളപ്പാറക്കാർക്ക് ആ രാത്രി നൽകിയത് തീരാ വേദനകൾ

ഭാര്യയും മകനും സഹോദരിയും ഉൾപ്പെടെ എട്ടു ബന്ധുക്കളെ ദുരന്തഭൂമിയിൽ കാണാതായ സുനിൽ; വീട്ടിന് ചുറ്റുമുള്ള പച്ചപ്പും വൃക്ഷങ്ങളും രക്ഷിച്ച പുഷ്പയുടെ കണ്ണീർക്കഥ; ഓടിയോടി പ്രകാശനും കുടുംബവും എത്തിയത് ബന്ധുവീട്ടിലും; നെടുകെ പിളർന്ന മുത്തപ്പൻക്കുന്ന് കവളപ്പാറക്കാർക്ക് നൽകിയത് നടുക്കുന്ന ഓർമ്മകൾ; ദുരന്തത്തെ മരങ്ങൾ ചെറുത്തു നിർത്തുന്നതിന്റെ അത്ഭുതക്കാഴ്ചയും; ഉരുൾപൊട്ടലിൽ പോറലേൽക്കാതെ 8 വീടുകളും; കവളപ്പാറക്കാർക്ക് ആ രാത്രി നൽകിയത് തീരാ വേദനകൾ

മറുനാടൻ മലയാളി ബ്യൂറോ

കവളപ്പാറ: വിണ്ടുകീറിയ മുത്തപ്പൻകുന്നിന്റെ മുകൾഭാഗം ചെളിയുടെ പുഴപോലെ താഴേക്കു കുത്തിയൊഴുകി. ഈ ഉരുൾ പകുതിവഴി പിന്നിട്ടപ്പോൾ രണ്ടായിപ്പിരിഞ്ഞു. നടുവിൽ ഒരു തുരുത്തിനെ മാത്രം അവശേഷിപ്പിച്ച് വീണ്ടും കൂടിച്ചേർന്നു പരന്നൊഴുകി. ഇവിടെയുള്ളത് നെടിയകാലായിൽ പുഷ്പയുടേതടക്കം 8 വീടുകൾ. സംഭവസമയത്ത് പുഷ്പയും ഭർത്താവ് സുനിലും പത്തുവയസ്സുകാരനായ മകൻ ധനുഷും വീട്ടിലുണ്ടായിരുന്നു. എന്നാൽ ആർക്കും ഒന്നും സംഭവിച്ചില്ല. ദുരന്തത്തെ മരങ്ങൾ ചെറുത്ത് നിർത്തി. ഇതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബം.

''രാത്രി വീട്ടിലിരിക്കുമ്പോഴാണ് കുന്നിനുമുകളിൽ വലിയ ശബ്ദം കേട്ടത്. ഒപ്പം ചെളിയും വെള്ളവും താഴേക്കൊഴുകിയെത്തി. ഓടിക്കോ എന്നെല്ലാം അലറിവിളിക്കുന്നത് കേൾക്കാമായിരുന്നു. ഞങ്ങളും വീട്ടിൽനിന്നിറങ്ങിയോടി. അധികം മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. മുന്നിലെ തോട് നിറഞ്ഞുകവിഞ്ഞിരുന്നു. വീടിന്റെ വശങ്ങളിലൂടെ ഭയങ്കര ശബ്ദത്തോടെ മണ്ണ് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. ഇരുട്ടിൽ ഒന്നും കാണാൻ കഴിയുന്നുമില്ല. വശങ്ങളിൽനിന്ന് ചെളിയും വെള്ളവും ഞങ്ങൾ നിന്ന ഭാഗത്തേക്ക് അടിച്ചു കയറി. പിന്നിൽ വീടുനിൽക്കുന്ന ഭാഗത്തു മാത്രമാണ് പ്രശ്‌നമില്ലാതെ കണ്ടത്. ഞങ്ങൾ തിരിഞ്ഞോടി. രാത്രി വീടിനു സമീപം ഭയന്നു വിറച്ച് ഉറങ്ങാതിരുന്നു.-പുഷ്പ കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

കവളപ്പാറയിൽ അങ്ങനെ അത്ഭുതങ്ങളും ഉണ്ടായി. മണ്ണിലകപ്പെട്ടെന്നു കരുതിയ ചീരോളി പ്രകാശനും കുടുംബവും സുരക്ഷിതരെന്നു പോത്തുകല്ല് പഞ്ചായത്ത് അധികൃതർ സ്ഥിരീകരിച്ചു. പ്രകാശനും ഭാര്യയും 2 മക്കളും അടങ്ങിയ കുടുംബം എടക്കര വഴിക്കടവിലുള്ള ബന്ധുവീട്ടിൽ അഭയം തേടിയിരുന്നു. ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്തതിനാൽ 3 ദിവസത്തേക്ക് ആരെയും വിളിച്ചില്ല. ഞായറാഴ്ച വൈകിട്ടാണു പഞ്ചായത്ത് അംഗത്തെ ഫോണിൽ വിളിച്ച് സുരക്ഷിതരാണെന്ന് അറിയിച്ചത്. ഫോൺ വിളി വൈകിയതോടെയാണ് പ്രകാശനും കുടുംബവും അപകടത്തിൽ പെട്ടുവെന്ന സംശയം ശക്തമായത്.

നെടുകെ പിളർന്ന കവളപ്പാറ മുത്തപ്പൻ മലയിൽ വലിയ ദുരന്തമാണുണ്ടായത്. മലഞ്ചെരിവുകളിൽ മണ്ണിടിയുന്നതും കാര്യങ്ങൾ സങ്കീർണമാക്കി. കവളപ്പാറ എസ്ടി കോളനിയിലെ 19 കുടുംബങ്ങളുൾപ്പടെ 63പേരാണ് ദുരന്തത്തിനിരയായത്. കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് നാടിനെയാകെ ഭീതിയിലാഴ്‌ത്തി മുത്തപ്പൻകുന്ന് മലവാരം ഇടിഞ്ഞിറങ്ങിയത്. ചാലിയാർ പുഴ കരകവിഞ്ഞതിനാൽ ഏക യാത്രാമാർഗമായ പനങ്കയം പാലം വെള്ളത്തിനടിയിലായി. ഉച്ചയോടെ വെള്ളം ഇറങ്ങിയശേഷം പാലത്തിന് മുകളിൽ അടിഞ്ഞ വന്മരങ്ങൾ നീക്കംചെയ്താണ് രക്ഷാപ്രവർത്തകരെത്തിയത്. അപ്പോഴേക്കും ഈ ഗ്രാമം പൂർണ്ണമായി തന്നെ തകർന്നടിഞ്ഞു.

കവളപ്പാറയിൽ പെരുന്നാൾ ആഘോഷത്തിന് അവധി നൽകിയും ഇന്നലെ രക്ഷാപ്രവർത്തനം ഊർജിതമാിരുന്നു. കേന്ദ്ര ദുരന്ത നിവാരണ സേന, സൈന്യം, പാരാമിലിട്ടറി, ഫയർ ഫോഴ്സ്, പൊലീസ് എന്നിവർക്കൊപ്പം നാട്ടുകാരും ചേർന്നപ്പോൾ കവളപ്പാറ കണ്ടത് അതിജീവനത്തിന്റെ സ്നേഹക്കൂട്ടായ്മ. മഴ മാറിയത് രക്ഷാപ്രവർത്തനത്തിന് സഹായമായി. വീടുകളുടെ പൊടിപോലും കാണാതെ 40ഉം 50ഉം അടി മണ്ണുപുതച്ചുനിൽക്കുകയാണ് പ്രദേശം. കുഴമ്പുരൂപത്തിലുള്ള മണ്ണായതിനാൽ പ്രത്യേക സംവിധാനമൊരുക്കിയാണ് ജീവന്റെ തുടിപ്പുതേടിയുള്ള രക്ഷാപ്രവർത്തനം.

ഫയർ സർവീസിന്റെ 150 പേരടക്കമുള്ളവർ എണ്ണയിട്ട യന്ത്രംപോലെയാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. രക്ഷാപ്രവർത്തനത്തിൽ പ്രാവീണ്യമുള്ള എറണാകുളത്തുനിന്നുള്ള ഫയർ സർവീസ് സേനാംഗങ്ങളും എത്തി. കോൺക്രീറ്റ് കട്ടർ, ജനറേറ്ററുകൾ എന്നിവ കൂടുതൽ സ്ഥലത്തെത്തിച്ചു. ജെസിബി, ഹിറ്റാച്ചി തുടങ്ങിയ ഉപകരണങ്ങളും രക്ഷാപ്രവർത്തനം സുഗമമാക്കി. പാലം ഗതാഗതയോഗ്യമാക്കിയാണ് യന്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ചത്.

ദുരന്തഭൂമിയിൽ 40 അടിയോളം മണ്ണും കല്ലും മൂടിക്കിടക്കുകയാണ്. ഇന്നലെ കാലാവസ്ഥ മെച്ചപ്പെട്ടതോടെ തെരച്ചിൽ ഊർജിതമാക്കി. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ഉറ്റവർ തങ്ങളുടെ വീടുകളിരുന്ന ഇടം എന്നു ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിലാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. മൂന്നുദിവസം കൂടി ഇത്തരത്തിൽ തെരച്ചിൽ തുടരുമെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം പറഞ്ഞു. പിന്നീട് ശരീരങ്ങൾ ഒലിച്ചുപോയേക്കാവുന്ന ദൂരം കണക്കാക്കി തെരച്ചിൽ നടത്തും. എന്നിട്ടും കണ്ടെത്താനായില്ലെങ്കിൽ ബന്ധുക്കൾ മതിയെന്നു പറയുന്നതുവരെ തെരച്ചിൽ തുടരാനാണ് അധികാരികളുടെ തീരുമാനം.

തെരച്ചിലിനിടെ ലഭിക്കുന്ന തടികളും മറ്റുമുള്ളവ ടിപ്പറിൽ കയറ്റി വനാന്തർഭാഗത്ത് തള്ളുകയാണ് ചെയ്ുയന്നത്. കാണാതായവരുടെ ബന്ധുക്കൾ തെരച്ചിലിന് സദാസമയം ഒപ്പമുണ്ട്. ഭാര്യയും മകനും, സഹോദരിയും ഉൾപ്പെടെ എട്ടു ബന്ധുക്കളെ ദുരന്തഭൂമിയിൽ കാണാതായ സുനിലും രക്ഷാപ്രവർത്തകർക്കൊപ്പമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP