Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവളപ്പാറയിലെ ദുരന്തഭൂമിയിൽ ഒരുമാർഗ്ഗവും കാണാതെ നാട്ടുകാർ വലഞ്ഞപ്പോൾ എല്ലാവർക്കുമായി പള്ളിയുടെ വാതിലുകൾ തുറന്നുകൊടുത്തു; സ്ത്രീകൾ നമസ്‌കരിക്കാൻ ഉപയോഗിക്കുന്ന ഹാൾ പോസ്റ്റ്‌മോർട്ടത്തിനായി വിട്ടുനൽകി; പോത്തുകല്ലിലെ മുജാഹിദ് പള്ളി കാട്ടിയ മാതൃകയ്ക്ക് ഒരുലക്ഷം രൂപയുടെ പാരിതോഷികം കൈമാറി കേരള വഖഫ് ബോർഡ്

കവളപ്പാറയിലെ ദുരന്തഭൂമിയിൽ ഒരുമാർഗ്ഗവും കാണാതെ നാട്ടുകാർ വലഞ്ഞപ്പോൾ എല്ലാവർക്കുമായി പള്ളിയുടെ വാതിലുകൾ തുറന്നുകൊടുത്തു; സ്ത്രീകൾ നമസ്‌കരിക്കാൻ ഉപയോഗിക്കുന്ന ഹാൾ പോസ്റ്റ്‌മോർട്ടത്തിനായി വിട്ടുനൽകി; പോത്തുകല്ലിലെ മുജാഹിദ് പള്ളി കാട്ടിയ മാതൃകയ്ക്ക് ഒരുലക്ഷം രൂപയുടെ പാരിതോഷികം കൈമാറി കേരള വഖഫ് ബോർഡ്

ജംഷാദ് മലപ്പുറം

മലപ്പുറം: ഉരുൾപൊട്ടലിനെ തുടർന്നു ദുരന്തഭൂമിയായി മാറിയ കവളപ്പാറയിൽ നിന്നും ലഭിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ തുറന്ന് കൊടുത്ത മസ്ജിദിന് ഒരു ലക്ഷംരൂപയുടെ പാരിതോഷികം കൈമാറി കേരളാ വഖഫ് ബോർഡ്. രക്ഷാപ്രവർത്തകർ കണ്ടെത്തുന്ന മൃതദേഹങ്ങൾ ജാതിമത ഭേദമന്യേ പോസ്റ്റ് മോർട്ടം നടത്തുന്നതിന് സൗകര്യമൊരുക്കിയാണ് മസ്ജിദുൽ മുജാഹിദീൻ പള്ളി കമ്മിറ്റി മാതൃകയായി മാറിയത്. നിലമ്പൂർ കവളപ്പാറയിൽ നടന്ന ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരെ പോസ്റ്റ് മോർട്ടം നടത്തുന്നതിന് പോത്തുകല്ലിലെ മുജാഹിദ് പള്ളിയിലാണ് ഭാരവാഹികൾ മുഴുവൻ സൗകര്യമൊരുക്കി മാതൃക കാണിച്ചിരുന്നത്. പള്ളി കമ്മിറ്റിയെ വഖഫ് ബോർഡ് ആദരിച്ചു.

പള്ളി കമ്മിറ്റി സ്വീകരിച്ച മാനുഷിക പരിഗണനയിലുള്ള സന്ദർഭോചിതമായ ഈ തീരുമാനം പ്രത്യേക പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് നാടിന്റെ യശസ്സുയർത്തിയ നടപടി സ്വീകരിച്ച പള്ളി കമ്മറ്റിയെ ആദരിച്ചത്. പള്ളിക്ക് വഖ്ഫ് ബോർഡിന്റെ പ്രത്യേക പാരിതോഷികമായി ഒരു ലക്ഷം രൂപയുടെ ചെക്ക് കമ്മറ്റി അധികൃതർക്ക് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ കൈമാറി. പോത്തുകല്ല് ബസ് സ്റ്റാന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ വഖ്ഫ് ബോർഡ് അംഗം ടി.പി അബ്ദുള്ളക്കോയ മദനി അധ്യക്ഷത വഹിച്ചു. പരിപാടി വഖ്ഫ് ബോർഡ് ചെയർമാൻ ഉദ്ഘാടനം ചെയ്തു. പി വി അബ്ദുൽ വഹാബ് എംപി മുഖ്യാതിഥിയായിരുന്നു.

ഡോ. ധർമാനന്ദ സ്വാമികൾ , ഫാദർ മാത്യൂസ് വട്ടിയാനിക്കൽ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതൻ, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരൻ പിള്ള, വഖഫ് ബോർഡ് അംഗങ്ങളായ എം.സി മായിൻ ഹാജി, അഡ്വ.പിവി സൈനുദ്ദീൻ, അഡ്വ. എം. ഷറഫുദ്ദീൻ, വഖ്ഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബി.എം ജമാൽ, മഹല്ല് കമ്മറ്റി ഭാരവാഹികൾ, വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.

കവളപ്പാറ ദുരന്തമുഖത്തു നിന്നുള്ള മൃതശരീരങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ പോത്തുകല്ലിലെ ജുമാമസ്ജിദ് തുറന്നുകൊടുത്ത പള്ളിക്കമ്മിറ്റി ഭാരവാഹികളെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തുവന്നിരുന്നു. പോസ്റ്റ്‌മോർട്ടം സൗകര്യമുള്ള നിലമ്പൂർ താലൂക്ക് ആശുപത്രി ദുരന്തസ്ഥലത്ത് നിന്നും 45കിലോമീറ്റർ ദൂരത്താണെന്നുള്ളത് പോസ്റ്റ്‌മോർട്ടം നടപടികൾ വൈകുന്നതിന് കാരണമായതിനെ തുടർന്നാണ് പള്ളിയുടെ ഒരു ഭാഗം വിട്ടുകൊടുത്തത്. ഇവിടുന്നുലഭിക്കുന്ന മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സ്ത്രീകൾ നമസ്‌കരിക്കാൻ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേർന്ന കൈകാലുകൾ കഴുകാനുള്ള ഇടവും പോസ്റ്റ്‌മോർട്ട നടപടികൾ നടത്താനായി വിട്ടുനൽകിയത്.

ഇതിനായി മദ്രസയിൽ നിന്നുള്ള ബെഞ്ചും ഡെസ്‌കുകളും മൃതദേഹം കഴുകാൻ ഉപയോഗിക്കുന്ന ടേബിളുമെല്ലാം സൗകര്യങ്ങൾക്കുവേണ്ടി പള്ളിയിലുള്ളവർ വിട്ടുനൽകി. അഞ്ച് പോസ്റ്റുമോർട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകൾ ചേർത്തുവച്ച് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റുമോർട്ടം മുറിയിൽ വച്ച് നടത്തുന്നത് പോലെയല്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ ഏറ്റവും പര്യാപ്തമായ സ്ഥലം തന്നെയാണ് പള്ളിയിൽ ലഭ്യമായതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ 45 കിലോമീറ്റർ ദൂരം കൊണ്ടുപോവുന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു.

പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു ഏറ്റവും അടുത്ത ആശുപത്രി എങ്കിലും സൗകര്യം തീരെ കുറവായതിനാൽ അവിടെയും പോസ്റ്റ്‌മോർട്ടം നടത്താൻ ബുദ്ധിമുട്ടായിരുന്നു. സമീപത്തെ സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതിനാൽ ഇവിടേയും പോസ്റ്റ്‌മോർട്ടം നടത്താൻ കഴിഞ്ഞില്ല. തുടർന്നാണ് സംഭവസ്ഥലത്ത് നിന്നും പത്തു മിനിറ്റ് മാത്രം ദൂരത്തുള്ള പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികളെ അധികൃതർ സമീപിച്ചത്. പൂർണസമ്മതം നൽകുന്നതിനൊപ്പം തുടർനടപടികൾക്ക് ആവശ്യമായ സൗകര്യവും ഭാരവാഹികൾ ചെയ്തുനൽകി. വെള്ളിയാഴ്‌ച്ച ദിവസങ്ങളിൽ സ്ത്രീകൾ ജുമുഅ നമസ്‌കരിക്കുന്ന പ്രത്യേക ഹാളാണ് പോസ്റ്റ്‌മോർട്ടത്തിനുള്ള മുറിയായി സജ്ജീകരിച്ചത്. ഇവിടെവെച്ച് തുറന്നുകൊടുത്ത ചൊവ്വാഴ്ച മാത്രം നാലുമൃതദേഹങ്ങളാണ് പോസ്റ്റ്‌മോർട്ടം ചെയ്തത്.
മലപ്പുറം ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് പള്ളിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തതെന്ന് പോസ്റ്റ്‌മോർട്ടത്തിന് നേതൃത്വം നൽകുന്ന മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP