Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ഥലത്തെ പ്രധാന ഫേസ്‌ബുക്ക് കൂട്ടായ്മയിൽ അംഗമായ ശേഷം കൂട്ടുകാരിയുടെ മാരകരോഗം കാണിച്ച് യുവാക്കളിൽ നിന്ന് പണം തട്ടി; തട്ടിപ്പ് പുറത്തായപ്പോൾ ചോദ്യം ചെയ്ത യുവാക്കൾക്ക് മുന്നിൽ ആദ്യം സമസ്താപരാധവും ഏറ്റു പറഞ്ഞ് മാപ്പപേക്ഷ; പിന്നീട് സ്വരം മാറ്റി ഭീഷണിയും കള്ളക്കേസും; ഭീഷണിക്ക് കൊഴുപ്പേകാൻ ഉപയോഗിച്ചത് നിർമ്മാതാവ് സുരേഷ്‌കുമാറിനും മോഹൻലാലിനുമൊപ്പം യുവതി നിൽക്കുന്ന ചിത്രങ്ങളും: കുന്നന്താനം കവല ഗ്രൂപ്പിൽ അടിപൊട്ടുമ്പോൾ വെളിച്ചത്തു വരുന്നത് വൻ തട്ടിപ്പ് റാക്കറ്റിന്റെ വിവരം

സ്ഥലത്തെ പ്രധാന ഫേസ്‌ബുക്ക് കൂട്ടായ്മയിൽ അംഗമായ ശേഷം കൂട്ടുകാരിയുടെ മാരകരോഗം കാണിച്ച് യുവാക്കളിൽ നിന്ന് പണം തട്ടി; തട്ടിപ്പ് പുറത്തായപ്പോൾ ചോദ്യം ചെയ്ത യുവാക്കൾക്ക് മുന്നിൽ ആദ്യം സമസ്താപരാധവും ഏറ്റു പറഞ്ഞ് മാപ്പപേക്ഷ; പിന്നീട് സ്വരം മാറ്റി ഭീഷണിയും കള്ളക്കേസും; ഭീഷണിക്ക് കൊഴുപ്പേകാൻ ഉപയോഗിച്ചത് നിർമ്മാതാവ് സുരേഷ്‌കുമാറിനും മോഹൻലാലിനുമൊപ്പം യുവതി നിൽക്കുന്ന ചിത്രങ്ങളും: കുന്നന്താനം കവല ഗ്രൂപ്പിൽ അടിപൊട്ടുമ്പോൾ വെളിച്ചത്തു വരുന്നത് വൻ തട്ടിപ്പ് റാക്കറ്റിന്റെ വിവരം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നാട്ടിലെ പുരോഗമന ആശയക്കാരായ യുവജനങ്ങളെ ഉൾക്കൊള്ളിച്ച് ഒരു പറ്റം യുവാക്കൾ രൂപീകരിച്ച ഫേസ്‌ബുക്ക്-വാട്സാപ്പ് കൂട്ടായ്മയിൽ നുഴഞ്ഞു കയറിയ യുവതി നടത്തിയത് വൻ തട്ടിപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ വിശ്വാസമാർജിച്ച ശേഷം ഗുരുതര കരൾ രോഗം ബാധിച്ച കൂട്ടുകാരിയുടെ ചികിൽസാ ചെലവിനാണെന്ന് പറഞ്ഞാണ് നിർധന കുടുംബാംഗങ്ങളായ യുവാക്കളിൽ നിന്ന് പണം തട്ടിയത്. ഇതിനായി മറ്റൊരു യുവതിയുടെ ചിത്രവും കള്ളപ്പേരും ഉപയോഗിച്ച് വ്യാജഫേസ് ബുക്ക് അക്കൗണ്ട് സൃഷ്ടിക്കുകയും ചെയ്തു. സംശയം തോന്നിയ യുവാക്കൾ നടത്തിയ അന്വേഷണത്തിൽ തങ്ങൾക്കൊപ്പം ഗ്രൂപ്പിലുള്ള യുവതിയാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി.

ഇതിനായി അടുത്ത കൂട്ടുകാരിയുടെ ഫോട്ടോയും ശബ്ദവും ഉപയോഗിച്ചെന്ന് മനസിലാവുകയും ചെയ്തു. തട്ടിപ്പിന്റെ വിവരങ്ങൾ എല്ലാം ശേഖരിച്ച ശേഷം യുവാക്കൾ ബന്ധപ്പെട്ടപ്പോൾ യുവതി ആദ്യ സകല തെറ്റുകുറ്റവും ഏറ്റു പറഞ്ഞു. താൻ സൃഷ്ടിച്ചത്് വ്യാജ പ്രൊഫൈലാണെന്ന് സമ്മതിക്കുകയും ചെയ്തു. താൻ യുവാക്കളിൽ നിന്ന് പല ഗഡുക്കളായി വാങ്ങിയ അറുപത്തി രണ്ടായിരം രൂപ തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇത് ഒരു ദിവസത്തെ കഥ. പിറ്റേന്ന് കഥ മാറി. തന്നെ യുവാക്കൾ ഭീഷണിപ്പെടുത്തുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി. ഇതേപ്പറ്റി അന്വേഷിക്കാൻ വേണ്ടി യുവതിയെ വിളിച്ച ചാനൽ ജേർണലിസ്റ്റിന്റെ പേരിലാണ് പരാതി.

ഇതു കിട്ടിയ പാടേ തിരുവല്ല പൊലീസ് നടപടിയും തുടങ്ങി. ഇതോടെ പ്രവാസിയായ യുവാവ് മുഖ്യമന്ത്രി, ഡിജിപി, പത്തനംതിട്ട എസ്‌പി എന്നിവർക്കും പരാതി നൽകി. തിരുവല്ല കുന്നന്താനം കേന്ദ്രീകരിച്ച് ഒരു പറ്റം യുവാക്കൾ രൂപീകരിച്ച ഫേസ് ബുക്ക് ഗ്രൂപ്പിലാണ് അംഗമായ യുവതി തട്ടിപ്പ് നടത്തിയത്. ഇതിനായി ഉപയോഗിച്ചതാകട്ടെ മോഹൻലാൽ, ദിലീപ്, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും. എന്തു വന്നാലും സഹായിക്കാൻ തനിക്ക് ഇവരൊക്കെ ഉണ്ട് എന്നാണ് യുവതിയുടെ ഭീഷണി. യുവതിയുടെ കൂട്ടുകാരിക്ക് കരൾരോഗത്തിന് ചികിൽസിക്കാൻ പണം നൽകിയ യുവാക്കൾ ഇപ്പോൾ തെറ്റുകാരായിരിക്കുകയാണ്.

ഗൾഫിലും ബംഗളൂരുവിലും ജോലി ചെയ്യുന്ന യുവാക്കൾക്കാണ് പണം നഷ്ടമായിരിക്കുന്നത്. രോഗബാധിതയായ പെൺകുട്ടിയാണ് എന്ന പേരിൽ സ്മിത മേനോൻ എന്ന വ്യാജപ്രൊഫൈൽ സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരി ചെയ്തത്. ഇതിനായി അടുത്ത സുഹൃത്തായ യുവതിയുടെ ചിത്രമാണ് ഉപയോഗിച്ചത്. പടം ഒറിജിനലും പേരും അക്കൗണ്ടും വ്യാജമാണെന്നും മനസിലായതോടെ യുവാക്കൾ പടത്തിലുള്ള യുവതിയെ കണ്ടെത്തി. നിങ്ങളുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നുണ്ടെന്ന് യുവാക്കൾ ഇവരെ അറിയിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതോടെ ഈ യുവതിക്കും തട്ടിപ്പിൽ പങ്കുള്ളതായി സംശയം ഉയർന്നിരിക്കുകയാണ്.

45,000 രൂപ നഷ്ടമായ പ്രവാസി യുവാവ് നൽകിയ പരാതി ഇങ്ങനെ:

സർ,

ഞാൻ കുവൈറ്റിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. എന്റെ നാടായ കുന്നന്താനത്ത് കവല എന്ന പേരിൽ പ്രവർത്തിക്കുന്ന പുരോഗമന യുവജന കൂട്ടായ്മയിൽ അംഗമാണ് ഞാൻ. ഈ കൂട്ടായ്മയിലുള്ള ...... എന്നയാൾ എന്റെ കൈയിൽ നിന്നും 45,000 രൂപ തട്ടിയെടുത്തു. എന്റെ അന്വേഷണത്തിൽ കൂട്ടായ്മയിലെ മറ്റ് അംഗങ്ങളിൽ നിന്ന് പതിനായിരം, അയ്യായിരം, രണ്ടായിരം രൂപ എന്നിങ്ങനെയും തട്ടിയെടുത്തതായി അറിയാൻ കഴിഞ്ഞു. പണം തട്ടിയെടുക്കലിന്റെ വിശദാംശങ്ങൾ താഴെ പറയും പ്രകാരമാണ്.

1 . സ്മിത മേനോൻ എന്ന പെൺകുട്ടിക്ക് കരൾ രോഗമാണെന്നും കരൾ മാറ്റി വക്കണം എന്ന് പറഞ്ഞാണ് ..... എന്റെ കൈയിൽ നിന്ന് പണം തട്ടിയത്.

2. സ്മിത മേനോൻ എന്ന വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ....... പറഞ്ഞിട്ടാണ് ചോദിക്കുന്നത് എന്ന് മെസഞ്ചിൽ അറിയിച്ച ശേഷം നിരവധി തവണ സഹായ അഭ്യർത്ഥന നടത്തി. ഒരാളുടെ ജീവനാണല്ലോ വലുത് എന്ന് വിചാരിച്ച് കടം വാങ്ങിയാണ് പണം കൊടുത്തത്.

3. ആദ്യം മുപ്പതിനായിരം രൂപയും രണ്ടാമതായി പതിനയ്യായിരം രൂപയുമാണ് കൊടുത്തത്.

4. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരുന്നു തട്ടിപ്പ്.

5. പണം .......യുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. സ്മിതയെ നേരിൽ കാണുമ്പോൾ കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് .... തന്റെ അക്കൗണ്ടിൽ എന്നെക്കൊണ്ട് പണം ഇടീച്ചത്.

6. മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ആദ്യം പണം വാങ്ങിയ ആളിനോട്് വീണ്ടും പണം ആവശ്യപ്പെട്ടു. സംശയം തോന്നിയ യുവാവ് ചാനൽ മാധ്യമ പ്രവർത്തകനായ സഹോദരനോട് ഇക്കാര്യം പറയുകയും ചെയ്തതോടെയാണ് ഇതൊരു വലിയ തട്ടിപ്പാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടത്.

7. മാധ്യമപ്രവർത്തകൻ നിർദ്ദേശിച്ചതനുസരിച്ച് .....യുമായും സ്മിതാ മേനോനോടും തുടർന്നും ഞാൻ ചാറ്റ് ചെയ്തു. കൂടുതൽ കൂടുതൽ സംസാരിക്കുന്തോറും തട്ടിപ്പ് കൂടുതൽ കൂടുതൽ വ്യക്തമായി.

8. രണ്ട് ദിവസം മുമ്പ് സ്മിതാ മേനോന്റെ അക്കൗണ്ടിൽ നിന്ന് കവർ ഫോട്ടോയും മറ്റ് ഫോട്ടോകളും നീക്കം ചെയ്തതായി മനസിലായി. തട്ടിപ്പാണെന്ന് മനസിലാക്കുന്നതായിരുന്നു ഈ നടപടി.

9. ഇതിനിടെ സ്മിതാ മേനോൻ ബാംഗ്ലൂരിൽ എത്തിയതായി ലൈവ് പ്ലേസ് സ്റ്റാറ്റസ് അപ് ലോഡ് ചെയ്തു. തട്ടിപ്പിനിരയായ ഞങ്ങൾ സ്മിതാ മേനോനോടും യയയയയയയോടും മെസഞ്ചറിൽ ഒരേ സമയം സംസാരിച്ചു. എന്നാൽ വ്യത്യസ്ഥമായ മറുപടികളാണ് ഇരുവശത്തു നിന്നും ലഭിച്ചത്.

10. ബാംഗ്ലൂരിൽ താമസിക്കുന്ന ഞങ്ങളിൽ ഒരാൾ സ്മിതയെ കാണണം എന്ന് .....യോട് ആവശ്യപ്പെട്ടെങ്കിലും ..... അതിന് തയ്യാറായില്ല. സ്മിത ബാംഗ്ലൂരിൽ വന്നിട്ടില്ല എന്നായിരുന്നു .......യുടെ മറുപടി.

11. കഴിഞ്ഞ 16 ന് രാത്രി ......യോട് കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പണം തിരികെ നൽകാമെന്നും പ്രശ്നമുണ്ടാക്കല്ലന്നുമായിരുന്നു .....യുടെ മറുപടി. അബദ്ധം പറ്റിയതാണെന്നും കേസാക്കല്ലെന്നും അപേക്ഷിച്ചു.

12. .......യും ഭർത്താവും തമ്മിൽ പ്രശ്നമായെന്ന് കവല എക്സിക്യൂട്ടീവ് എഡിറ്റർ അറിയിച്ചു. ഞങ്ങൾ വീണ്ടും വിളിച്ചു. ആത്മഹത്യയല്ലാതെ മറ്റൊരു മാർഗമില്ലെന്ന് ....... പറഞ്ഞു. .......യുടെ 13 ലക്ഷം രൂപാ ആരോ തട്ടിയെടുത്തതായും പറഞ്ഞു. എന്നാൽ തട്ടിപ്പിന് പിന്നിൽ ആരാണെന്ന് പറയാൻ ...... തയ്യാറായതുമില്ല.

13. സജിയും .....യും തമ്മിൽ ഈ വിഷയം സംസാരിക്കുകയും തുടർന്ന് ബി പി കൂടുകയും ചെയ്തതിനെ തുടർന്ന് ........യെ കുന്നന്താനം ചെങ്ങരൂർ ചിറയിലെ ശാസ്താ ആശുപത്രിയിൽ അഡ്‌മിറ്റാക്കി. ഇതിനിടക്കും ...... ഞങ്ങളെ വിളിച്ച് കേസ് കൊടുക്കരുതെന്നും പറ്റിപ്പോയതാണെന്നും പറഞ്ഞ് ക്ഷമ ചോദിക്കുന്നുണ്ടായിരുന്നു.

13. കവലയിൽ പ്രവർത്തിക്കുന്ന മിക്കവരേയും ഞങ്ങൾ കാര്യങ്ങൾ ബോധ്യപ്പെടുത്തി. കേസ് കൊടുക്കണം എന്നും പിന്തുണക്കാമെന്നും കൂട്ടായ്മയിലെ അംഗങ്ങളിൽ മിക്കവരും വ്യക്തമാക്കി. കേസ് കൊടുക്കാൻ ഞാൻ തയ്യാറായിരുന്നെങ്കിലും ഞാൻ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു.

14. കവലയുടെ മാനേജിങ് എഡിറ്റർ നടത്തിയ നിർണായക ഇടപെടലിൽ സ്മിത മേനോൻ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഉപയോഗിച്ചിരുന്ന ഫോട്ടോകൾ ........ എന്ന പെൺകുട്ടിയുടേതാണ് എന്ന് മനസിലായി.

15. ......, ....... അയൽവാസിയും സുഹൃത്തുമാണ്. ഇവർ ഒരുമിച്ച് കഴിഞ്ഞയിടെ ആലപ്പുഴയിലെ ഒരു ഷൂട്ടിങ് സെറ്റിൽ പോയി മോഹൻലാലിനേയും നിർമ്മാതാവ് സുരേഷ് കുമാറിനേയും കണ്ടിരുന്നു.

16. അടുത്ത ദിവസങ്ങളിൽ തന്നെ എറണാകുളത്ത് പോയി ഇരുവരും മോഹൻലാലിനെ കണ്ടിരുന്നു. ഇക്കാര്യങ്ങൾ ഒക്കെ ...... ഞങ്ങളോട് പറഞ്ഞിരുന്നു. സ്മിതാ മേനോന്റെ ഫേസ്‌ബുക്ക് ലൈവ് സ്റ്റാറ്റസ് എറണാകുളത്തു വച്ച് അപ്ഡേറ്റ് ചെയ്തിരുന്നു.

17. ......യുടെ കാര്യം ഞങ്ങൾ ചോദിച്ചതോടെ ഞങ്ങളെ തട്ടിപ്പിന് വിധേയമാക്കിയ കാര്യവും സ്മിത മേനോൻ എന്ന ഫേസ്‌ബുക്ക് ഐ ഡി ഉപയോഗിക്കുന്നത് .........യാണെന്നും സമ്മതിച്ചു.

18. എല്ലാ കള്ളങ്ങളും പൊളിഞ്ഞതോടെ .......യുടെ കൈയിൽ നിന്ന് നഷ്ടമായത് 13 ലക്ഷം അല്ലാ എന്നും രണ്ടര ലക്ഷം രൂപയും ഇരുപത് പവനുമാണെന്നും തുറന്നു പറഞ്ഞു. ഭർത്താവും ഇത് സമ്മതിച്ചു. എന്നാൽ ഇത്രയും പണം ആർക്ക് കൊടുത്തു എന്ന് പറയാൻ ..... തയ്യാറായില്ല. പൊലീസിനെ അറിയിക്കാൻ പറഞ്ഞിട്ട് അതിനും തയ്യാറായില്ല.

19. ഇതിനിടക്ക് മാധ്യമപ്രവർത്തകൻ ........യുമായി ഫേസ് ബുക്കിലും തുടർന്ന് വാട്സാപ്പിലും ബന്ധപ്പെട്ടു. ......യുടെ പേരിൽ വൻ തട്ടിപ്പ് നടക്കുന്നതായി അറിയിച്ചു. എന്നാൽ പിന്നീട് ഒരു മറുപടിയും ......യുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

20. ....യും .....യും അടങ്ങുന്ന വൻ തട്ടിപ്പ് സംഘം വലിയ തട്ടിപ്പ് മാഫിയയായി വളർന്നുവെന്ന് ഞങ്ങൾ സംശയിക്കുന്നു.

21. മടക്കയാത്രയിലായതിനാൽ ആണ് ഇങ്ങനെ എഴുതുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് ഈ പരാതി താങ്കൾക്ക് അയക്കുന്നത്. വീട്ടിലെത്തിയാൽ കാര്യങ്ങൾ കുറച്ചു കൂടി വിശദമാക്കി മറ്റൊരു പരാതി കൂടി അയക്കാം.

22. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങളിൽ മിക്കവയുടേയും തെളിവുകൾ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന മുറക്ക് അതൊക്കെയും ഞങ്ങൾ സമർപ്പിച്ചു കൊള്ളാം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഞങ്ങളെ കബളിപ്പിച്ചത് സഹിക്കാവുന്നതിലും അപ്പുറമാണ്. പണം മടക്കി കിട്ടാനും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങി നൽകാനും ദയവുണ്ടാകണം. ഇതിലൂടെ കേരളത്തിൽ വേരൂന്നിയിരിക്കുന്ന വൻകിട തട്ടിപ്പ് മാഫിയയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

ഇതിനിടെയാണ് മാധ്യമപ്രവർത്തകനെതിരേ യുവതി പരാതി നൽകിയിരിക്കുന്നത്. തന്നെ ഫോണിൽ വിളിച്ചും വാട്സാപ്പിലൂടെയും ഭീഷണി മുഴക്കി എന്നാണ് തിരുവല്ല പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഉടൻ തന്നെ മാധ്യമപ്രവർത്തകനെ വിളിച്ച് ഭീഷണിപ്പെടുത്താനാണ് ശ്രമം നടന്നത്. തിരുവല്ല പൊലീസ് സ്റ്റേഷനിൽ അടുത്ത കാലത്തായി ഒരു പരാതിയിലും നടപടി ഉണ്ടാകുന്നില്ലെന്ന് ജനങ്ങൾക്കിടയിൽ വ്യാപക ആക്ഷേപമുണ്ട്. അതിനിടെയാണ് തട്ടിപ്പുകാരി നൽകിയ പരാതിയിന്മേൽ 'സഡൻ ആക്ഷൻ' വന്നിരിക്കുന്നത്. യുവതിയുമായി അടുത്ത ബന്ധം പുലർത്തുന്ന പൊലീസുകാരനാണ് മാധ്യമപ്രവർത്തകനെ വിളിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനിടെ പ്രവാസി യുവാവ് നൽകിയ പരാതി നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP