Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോലമെന്നു കരുതിയ 123 വില്ലേജുകളിലേയും പാറമടകൾക്ക് അനുമതിയില്ല; പാറമടയുടമകൾക്ക് അനുകൂലമായ സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബഞ്ച്

കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോലമെന്നു കരുതിയ 123 വില്ലേജുകളിലേയും പാറമടകൾക്ക് അനുമതിയില്ല; പാറമടയുടമകൾക്ക് അനുകൂലമായ സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബഞ്ച്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ലോലമെന്നു കരുതി അനുമതി നിഷേധിച്ച പാറമടകൾക്ക് പ്രവർത്തനാനുമതി നൽകുന്ന വിധി പ്രഖ്യാപിച്ച സിംഗിൾ ബഞ്ച് ജഡ്ജിയുടെ ഉത്തരവിന് ഡിവിഷൻ ബഞ്ചിന്റെ സ്‌റ്റേ. ഇതോടെ, കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിൽ പരിസ്ഥിതിലോലമെന്നു കണ്ട കേരളത്തിലെ 123 വില്ലേജുകളിൽ പാറമടകളുടെ അനുമതി നടപടി നിലയ്ക്കും.

സിംഗിൾ ജഡ്ജിയുടെ ഉത്തരവിന് ഒരു മാസത്തേക്കു സ്റ്റേ ഏർപ്പെടുത്തുന്നതാണ്, ജസ്റ്റിസ് കെ.സുരേന്ദ്രമോഹൻ, ജസ്റ്റിസ് ആനി ജോൺ എന്നിവരുടെ ഉത്തരവ്. പരിസ്ഥിതി ലോലമെന്നു കണ്ട 123 വില്ലേജുകൾക്കു ബാധകമായി 2013 നവംബർ 13നു കേന്ദ്രസർക്കാർ നിരോധന ഉത്തരവു പുറപ്പെടുവിച്ചിരുന്നു. പിന്നീടു കേന്ദ്രം കരടുവിജ്ഞാപനമിറക്കിയപ്പോൾ 123 വില്ലേജുകളിലെ പ്രത്യേക ബ്ലോക്ക്, സർവേ നമ്പറുകളിലെ പ്രദേശങ്ങൾ മാത്രമാണ് ഇഎസ്എ പട്ടികയിലുൾപ്പെട്ടത്. ഇതോടെ തങ്ങളുടെ പാറമടകൾ ഇഎസ്എ പട്ടിക പ്രദേശങ്ങളിലല്ലെന്ന വാദമുന്നയിച്ച് ഏതാനും ഉടമകൾ കോടതിയിലെത്തി. കോട്ടയം കൂട്ടിക്കൽ പെട്രാ ക്രഷേഴ്‌സ് ഉൾപ്പെടെയുള്ളവയുടെ പരിസ്ഥിതി അനുമതി അപേക്ഷ പരിഗണിക്കാൻ പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റിക്കു നിർദ്ദേശം നൽകിയ 2018 ഫെബ്രുവരി 26ലെ സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെയാണു ഡിവിഷൻ ബെഞ്ചിലെ അപ്പീൽ.

കേസ് പരിഗണിച്ചപ്പോൾ സിംഗിൾ ജഡ്ജി പറഞ്ഞത് ഹർജിക്കാരുടെ ഭൂമിയുൾപ്പെട്ട വില്ലേജുകൾ ഇഎസ്എയിലാണെങ്കിലും, പാറമട നിൽക്കുന്നിടം കരടുവിജ്ഞാപനമനുസരിച്ച് ഇഎസ്എ പട്ടികയിൽപ്പെടുന്ന പ്രത്യേക ബ്ലോക്ക്/ സർവേ നമ്പറുകളിലല്ല. കരടുവിജ്ഞാപനം അന്തിമമാക്കാൻ വൈകുന്നതു പരിസ്ഥിതി അനുമതിയപേക്ഷ പരിഗണിക്കാൻ തടസ്സമല്ലെന്നായിരുന്നു. എന്നാൽ ഇതിനെതിരെ പാറമട ഉടമകളുടെ ഹർജികളിൽ കക്ഷിയല്ലാതിരുന്ന, പ്രകൃതി സംരക്ഷണസമിതി ഭാരവാഹി ശാർങ്ധരനാണ് അപ്പീൽ നൽകുകയായിരുന്നു. ഇതുവരെ ഇഎസ്എ അന്തിമമാക്കിയിട്ടില്ലെന്നും ഏതു നിമിഷവും കരട് പിൻവലിച്ച് അന്തിമ വിജ്ഞാപനം വന്നേക്കാമെന്നും അപ്പീലിൽ പറയുന്നു.

സിംഗിൾ ജഡ്ജിയുടെ ഉത്തരവു നടപ്പാക്കിയാൽ വലിയ പ്രത്യാഘാതമുണ്ടാകും; പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടം പിന്നീടു പരിഹരിക്കാനാവില്ല. 2013 നവംബർ 13ലെ നിരോധന ഉത്തരവനുസരിച്ച്, ഇഎസ്എ എന്നു കണ്ടെത്തിയ 123 വില്ലേജുകളിൽ പുതിയ/ വികസന നിർമ്മാണങ്ങൾ പാടില്ല. പാറമട, മണൽ ഖനന പ്രവർത്തനങ്ങൾക്കു വിലക്കു ബാധകമാണ്. കേന്ദ്ര മന്ത്രാലയത്തിന്റെ നിരോധന ഉത്തരവു മറികടക്കാൻ 2015ലും 2017ലും വന്നിട്ടുള്ള കരടു വിജ്ഞാപനങ്ങൾക്കു സാധ്യമല്ല. മാത്രമല്ല, പാറമട ഉടമകൾ വിഷയം ദേശീയ ഹരിത ട്രിബ്യൂണലിൽ ചോദ്യം ചെയ്യേണ്ടതായിരുന്നു.


ഗാഡ്ഗിൽ കമ്മറ്റി ശുപാർശ ചെയ്ത മൂന്നു തരം പരിസ്ഥിതി സംവേദക മേഖലകൾക്കു പകരം ഒറ്റ മേഖലയെ മാത്രം സംരക്ഷിക്കാനാണ് കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കേരളത്തിലെ റിസർവ്, നിക്ഷിപ്ത വന മേഖലകൾ പോലും പൂർണമായി സംരക്ഷിക്കാൻ സമിതി ശുപാർശ ചെയ്യുന്നില്ല. തലശ്ശേരി താലൂക്കിലെയും വനമേഖല പൂർണമായി സംരക്ഷിക്കപ്പെടേണ്ട പ്രദേശത്തിന്റെ പട്ടികയിലില്ല. മൂന്ന് വില്ലേജുകൾ മാത്രമാണ് പട്ടികയിലുള്ളത്. ആദ്യഘട്ടിത്തിൽ കസ്തൂരി രംഗൻ റിപ്പോർട്ടിലെ വിശദമായ റിപ്പോർട്ട് 2017 മാർച്ചിൽ സമർപ്പിച്ചിരുന്നു. എന്നാൽ ജനവാസമേഖലകളെ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP