Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരോധനാജ്ഞക്കിടെ അമർഷം പുകയുന്ന കശ്മീരും ആഘോഷമാക്കി ലഡാക്കും; പ്രത്യേക അധികാരങ്ങൾ റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ചതിലുള്ള പരിഭവം പോലും പറയാതെ കശ്മീരികൾ; തെരുവിലിറങ്ങി നൃത്തം ചെയ്തും ത്രിവർണ്ണ പതാകയെ അഭിവാദ്യം ചെയ്തും ലഡാക്കും; നടപ്പിലാക്കിയത് വല്ലഭായ് പട്ടേലിന്റെ സ്വപ്നം എന്ന് പ്രധാനമന്ത്രി മോദി

നിരോധനാജ്ഞക്കിടെ അമർഷം പുകയുന്ന കശ്മീരും ആഘോഷമാക്കി ലഡാക്കും; പ്രത്യേക അധികാരങ്ങൾ റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ചതിലുള്ള പരിഭവം പോലും പറയാതെ കശ്മീരികൾ; തെരുവിലിറങ്ങി നൃത്തം ചെയ്തും ത്രിവർണ്ണ പതാകയെ അഭിവാദ്യം ചെയ്തും ലഡാക്കും; നടപ്പിലാക്കിയത് വല്ലഭായ് പട്ടേലിന്റെ സ്വപ്നം എന്ന് പ്രധാനമന്ത്രി മോദി

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കശ്മീർ അതീവ സുരക്ഷയിലാണ്. പതിറ്റാണ്ടുകളായി കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരങ്ങൾ റദ്ദ് ചെയ്ത ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിൽ കശ്മീരിൽ നിശബ്ദതയുടെ അമർഷവും ലഡാക്കിൽ സ്വാതന്ത്ര്യത്തിന്റെയും ഐക്യബോധത്തിന്റെയും ആഘോഷങ്ങളാണ് നടക്കുന്നത്. ലഡാക്ക് ജനത ആടിയും പാടിയും തെരുവുകളിൽ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കുമ്പോൾ എങ്ങും ത്രിവർണ്ണ പതാകകൾ പാറിക്കളിക്കുന്നു. ബുദ്ധസന്ന്യാസികൾ ഉൾപ്പെടെയുള്ളവർ ഇന്ത്യൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം ചെയ്യുന്നു.

ലഡാക്കിലെ ആഘോഷങ്ങളുടെ വീഡിയോ എംപി ജമ്യാംഗ് ടി. നംഗ്യാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചു. നേരത്തേ കശ്മീർ പുനഃസംഘടനാ ബില്ലിന്മേലുള്ള ചർച്ചയിൽ രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ ഇടപെട്ട ആളാണ് ബിജെപി നേതാവായ ജമ്യാംഗ്. ലഡാക്ക് കാലങ്ങളായി നേരിടുന്ന അവഗണനയുടെ കണക്കുകൾ നിരത്തിയാണു ജമ്യാംഗ് പ്രധാനമന്ത്രിയുടെയും സഭാംഗങ്ങളുടെയും കൈയടി നേടിയത്. ലഡാക്ക് കാലങ്ങളായി അടിച്ചമർത്തപ്പെട്ടു കഴിയുകയാണ്. 70 വർഷങ്ങളായി ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇത്രയും കാലം ലഡാക്കിന്റെ വീക്ഷണം കേൾക്കാൻ ആരും തയ്യാറായിട്ടില്ല. കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന 370-ാം അനുച്ഛേദം കാരണമാണ് ലഡാക്ക് ഈ അവഗണന നേരിട്ടത്. തുല്യതയും മതേതരത്വവും പറയുന്ന കോൺഗ്രസും നാഷണൽ കോൺഫറൻസും പത്തു രൂപയുടെ തൊഴിൽപോലും ആർക്കും ലഡാക്കിൽ നൽകിയിട്ടില്ല- ജമ്യാംഗ് കുറ്റപ്പെടുത്തി.

പ്രസംഗത്തെ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവർ കൈയടിയോടെയാണ് സ്വീകരിച്ചത്. പ്രസംഗം കഴിഞ്ഞ ഉടൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നേതാക്കളും ഇരിപ്പിടത്തിനരികിലെത്തിയും അദ്ദേഹത്തെ അഭിനന്ദിച്ചു. മറുപടി പ്രസംഗത്തിൽ അമിത് ഷാ ജമ്യാംഗിനെ പ്രത്യേകം പരാമർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. മുപ്പത്തിനാലുകാരനായ ജമ്യാംഗ് നംഗ്യാൽ ലഡാക്ക് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ തികച്ചും വ്യത്യസ്തമാണ് കശ്മീരിലെ സാഹചര്യം. ജമ്മു കശ്മീർ സംസ്ഥാനത്തിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള ആദ്യ സ്വാതന്ത്യദിനത്തിൽ ശ്രീനഗർ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. പ്രത്യേക പദവി നഷ്ടമായതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിൽ അടഞ്ഞു കിടക്കുകയാണ് കശ്മീരിലെ പ്രധാന പ്രദേശങ്ങലെല്ലാം. കനത്ത സുരക്ഷ. ചുറ്റുമുള്ള എല്ലാ കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. ലാൽചൗക്കെന്നല്ല, സംസ്ഥാനം മുഴുവൻ അടുത്ത ദിവസങ്ങളിൽ സമാനമായ തരത്തിൽ അടഞ്ഞു തന്നെ കിടക്കും. സ്വാതന്ത്ര്യദിനത്തിലും അമർഷം പ്രകടിപ്പിക്കുകയാണ് കശ്മീരികൾ. വിശ്വാസത്തിലെടുക്കാതെ, അടിച്ചേൽപിച്ച ഭരണഘടനയുടെ പൊളിച്ചെഴുത്തിനോടുള്ള അമർഷമാണ് അവർ പറയാതെ പറയുന്നത്.

ശ്രീനഗറിലെ ഷേർ എ കശ്മീർ സ്റ്റേഡിയത്തിൽ ഗവർണർ സത്യപാൽ മാലിക് ദേശീയ പതാക ഉയർത്തി. ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണിതെന്ന് ഗവർണർ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്ര പൊലീസ് സേനകളുടെയും ജമ്മു കശ്മീർ പൊലീസിന്റെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. ജമ്മു കശ്മീർ പൊലീസ് വനിതാവിഭാഗത്തിന്റെ പ്രത്യേക പരേഡ് ഇന്ന് നടന്നു. ബിഎസ്എഫിന്റെ പരേഡിന് നേതൃത്വം നൽകിയത് വനിതാ അസിസ്റ്റന്റ് കമാന്റന്റായ തനുശ്രീയാണ്. ജമ്മു കശ്മീരിന്റെ പൂർണ വികസനം നടപ്പാക്കുമെന്നാണ് ഗവർണർ വ്യക്തമാക്കിയത്.

കശ്മീരിൽ നടപ്പിലാക്കിയത് സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്‌നം എന്നാണ് ഇന്ന് നരേന്ദ്ര മോദി പറഞ്ഞത്. ഏഴുപതു വർഷമായി ചെയ്യാനാകാത്തത് 70 ദിവസത്തിനകം നടപ്പാക്കാൻ പുതിയ സർക്കാരിനായെന്ന് ഇരുസഭകളും കശ്മീർ വിഷയം സംബന്ധിച്ച ബിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കിയത് പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ലഡാക്കിലെയും ജമ്മു കശ്മീരിലെയും ജനങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. 130 കോടി ജനങ്ങളും അതിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP