Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

75ന്റെ നിറവിൽ ശ്രീകോവിലിനടുത്തെത്തി ബബിയ; കേരളത്തിന്റെ വിസ്മയമായ മുതല വീണ്ടും വാർത്തകളിൽ നിറയുന്നതിങ്ങനെ

75ന്റെ നിറവിൽ ശ്രീകോവിലിനടുത്തെത്തി ബബിയ; കേരളത്തിന്റെ വിസ്മയമായ മുതല വീണ്ടും വാർത്തകളിൽ നിറയുന്നതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്ര തടാകത്തിലെ മുതല ബബിയ പതിവില്ലാതെ ക്ഷേത്ര നടയിലെത്തി. ബബിയയുടെ മുറതെറ്റിയ ക്ഷേത്ര സന്ദർശനം ഭക്തർക്കും കൗതുകക്കാഴ്ചയായി. ക്ഷേത്രക്കുളത്തിലെ ഗുഹയിൽ കഴിയുന്ന മുതലയാണ് ക്ഷേത്ര ശ്രീകോവിലിന് അടുത്തെത്തിയത്. പുലർച്ചെ മേൽശാന്തി കെ.സുബ്രഹ്മണ്യ ഭട്ട് എത്തിയപ്പോഴാണ് മുതല നടയിൽ കിടക്കുന്നത് കണ്ടത്.

ഭഗവാനായി സങ്കൽപ്പിക്കപ്പെടുന്ന ബബിയയ്ക്കു മുന്നിൽ സുബ്രഹ്മണ്യ ഭട്ട്, പുരുഷ സൂക്തവും വിഷ്ണു സൂക്തവുമെല്ലാം ചൊല്ലി പ്രാർത്ഥന നടത്തി. ഏതാനും നേരം കഴിഞ്ഞു ബബിയ ഗുഹയിലേയ്ക്ക് മടങ്ങി. ബബിയ നടയിൽ കിടക്കുന്ന ദൃശ്യം കീഴ്ശാന്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതും ഒട്ടേറെപ്പേർ കണ്ടു. വിദേശങ്ങളിൽ നിന്ന് ഉൾപ്പെടെ ഇന്നലെ ക്ഷേത്ര ഭാരവാഹികളുടെ ഫോണിലേക്ക് ഒട്ടേറെ വിളികളെത്തി.

മേൽശാന്തി രാത്രി നട അടച്ചു പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ടെങ്കിലും പുലർച്ചെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ബബിയ ക്ഷേത്രനടയിൽ കിടക്കുന്ന ചിത്രങ്ങൾ അപൂർവമാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. പൂജ കഴിഞ്ഞു രാവിലെ 8നും ഉച്ചയ്ക്കു 12 നും മേൽശാന്തി നൽകുന്ന നിവേദ്യം ആണ് ബബിയയുടെ ആഹാരം. ബബിയയ്ക്ക് 75 വയസ്സുണ്ടെന്നാണ് കണക്കാക്കുന്നത്.

കേരളത്തിന് തന്നെ അദ്ഭുതമാണ് കാസർകോട് അനന്തപുരം തടാക ക്ഷേത്രത്തിലെ ബബിയ എന്ന മുതല. ബബിയ ജീവനോടെയില്ല എന്ന തരത്തിൽ കഴിഞ്ഞ വർഷം വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് യാതാരു അടിസ്ഥാനവുമില്ലെന്നും മുതല ആരോഗ്യവാനായി ഇപ്പോഴുമുണ്ടെന്ന് വ്യക്തമാക്കി ക്ഷേത്രം ഭാരവാഹികൾ രം​ഗത്തെത്തിയിരുന്നു.

ക്ഷേത്രത്തിലെ നിവേദ്യം കഴിക്കുന്ന മുതലയെ കുറിച്ച് മുൻപും വാർത്തകൾ വന്നിരുന്നു. നിവേദ്യം പൂജാരി കുളത്തിലെത്തി കൊടുക്കും. അനുസരണയോടെ കുളത്തിൽ നിന്നും പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവർക്കും വിസ്മയമായിരുന്നു. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മൽസ്യങ്ങളെയും ബബിയ ഉപദ്രവിക്കാറില്ല. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് ഇത്.

ഈ മുതലയുടെ പൂർവികനായ ബബിയ എന്ന് തന്നെ പേരുള്ള മുതലയെ ഒരു ബ്രിട്ടീഷ് സൈനികൻ വെടിവെച്ചു കൊന്നു എന്നാണ് കഥ. ആ സൈനികനാകട്ടെ കുറച്ചുനാളുകൾക്കു ശേഷം പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്തു. നാ​ഗരാജാവായ അനന്തനാണ് അയാളെ കടിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ബബിയക്ക് ദിവ്യപരിവേഷമുണ്ട്. ദേവറഗുഢെ അഥവാ ദൈവത്തിന്റെ ഭൂമി എന്നായിരുന്നു അനന്തപുരത്തിന്റെ പഴയപേര്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP