Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

എരിയാൽ സ്വദേശി ഒരുപാട് സ്ഥലങ്ങളിൽ സ്വെര്യവിഹാരം നടത്തി; അതിനാൽ ഒരുപാട് ദുരിതങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ആളുകൾ ഭീതിയിലാണെന്നുമുള്ള എംഎൽഎ വാക്കുകൾ കാസർകോടിന്റെ സാമൂഹികാവസ്ഥയുടെ നേർ ചിത്രം; രോഗ ബാധിതന്റെ റൂട്ട് മാപ്പും തട്ടിപ്പെന്ന് സമ്മതിച്ച് ജില്ലാ ഭരണകൂടവും; കോവിഡുമായി എത്തിയത് കള്ളക്കടത്ത് കേസ് പ്രതിയെന്ന് എയർ കസ്റ്റംസ്; അന്വേഷണത്തിന് ഇന്റലിജൻസ് ബ്യൂറോയും; കാസർകോട്ട് കർശന നിയന്ത്രണങ്ങൾ തുടരും

എരിയാൽ സ്വദേശി ഒരുപാട് സ്ഥലങ്ങളിൽ സ്വെര്യവിഹാരം നടത്തി; അതിനാൽ ഒരുപാട് ദുരിതങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ആളുകൾ ഭീതിയിലാണെന്നുമുള്ള എംഎൽഎ വാക്കുകൾ കാസർകോടിന്റെ സാമൂഹികാവസ്ഥയുടെ നേർ ചിത്രം; രോഗ ബാധിതന്റെ റൂട്ട് മാപ്പും തട്ടിപ്പെന്ന് സമ്മതിച്ച് ജില്ലാ ഭരണകൂടവും; കോവിഡുമായി എത്തിയത് കള്ളക്കടത്ത് കേസ് പ്രതിയെന്ന് എയർ കസ്റ്റംസ്; അന്വേഷണത്തിന് ഇന്റലിജൻസ് ബ്യൂറോയും; കാസർകോട്ട് കർശന നിയന്ത്രണങ്ങൾ തുടരും

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ച എരിയാൽ സ്വദേശി ഒരുപാട് സ്ഥലങ്ങളിൽ സ്വെര്യവിഹാരം നടത്തി. അതിനാൽ ഒരുപാട് ദുരിതങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുപാട് ആളുകൾ ഭീതിയിലാണ്. അദ്ദേഹത്തെ പോലെ ജാഗ്രതക്കുറവ് ഇപ്പോഴും ചില ആളുകൾ കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗൾഫിൽ നിന്ന് വരുന്ന ആളുകളൊക്കെ 14 ദിവസമായി പുറത്തിറങ്ങരുതെന്ന നിർദ്ദേശം ഉണ്ടായിട്ടുപോലും ആ നിർദ്ദേശം അനുസരിക്കാത്ത പുറത്തിറങ്ങുന്നുണ്ട് എന്ന് നമ്മൾ മനസിലാക്കണം-കാസർകോട് എംഎൽഎ എഎ നെല്ലിക്കുന്നിന്റെ വാക്കുകളാണ് ഇത്. കാസർകോട് കൊറോണ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന എംഎ‍ൽഎയുടെ വാക്കുകളിൽ പ്രതീക്ഷ മാറിയിട്ടുമില്ല. കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ് കാസർകോട് എന്നുപറയാൻ പറ്റില്ല. നമ്മൾ ഒന്നിച്ച് നിന്നാൽ എന്തായാലും ഇത് നിയന്ത്രിക്കാൻ സാധിക്കും. പക്ഷേ അതിന് ഓരോരുത്തരും ജാഗ്രത പുലർത്തണം-ഇതാണ് എംഎൽഎയുടെ ആഹ്വാനം. ഇത് കാസർകോടും ഏറ്റെടുക്കുകായണ്. ജാതിയും മതവും രാഷ്ട്രീയവും മറന്ന് കൊറോണ വൈറസിനെതിരെ കാസർകോട് ഒരുമിക്കുകയാണ്.

കഴിഞ്ഞ ദിവസം കാസർകോട് ഒരു രോഗിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹം ഈ മാസം പത്താം തിയ്യതി മംഗലാപുരം വഴി കാസർകോട് എത്തിയതാണ്. പതിനൊന്നാം തിയ്യതി അദ്ദേഹം കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങൾ ഉള്ളതുമൂലം സന്ദർശിച്ചു. അവിടെയുള്ള ഡോക്ടർ ജനറൽ ആശുപത്രിയിൽ പോകാൻ പറഞ്ഞു. ജനറൽ ആശുപത്രിയിൽ പോയപ്പോൾ പറഞ്ഞത് ഒരു അസുഖവുമില്ല എന്നാണ്. തത്കാലം ചികിത്സ വേണ്ട എന്നാണ്. ഇതോടെ ഇയാൾ വീണ്ടും സ്വാകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചു. ഡോക്ടർ വീണ്ടും അദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് മടക്കി അയച്ചു. അപ്പോഴും പഴയ മറുപടി തന്നെയാണ് ലഭിച്ചത്. ഇതിൽ തൃപ്തനാകാതെ അദ്ദേഹം മംഗലാപുരത്തെ ഒരു ഡോക്ടറെ ചെന്നുകണ്ടു. ആ ഡോക്ടർ അദ്ദേഹത്തെ കസ്തൂർബ മെഡിക്കൽ കോളേജിൽ രക്തപരിശോധനയ്ക്കായി അയച്ചു. ഇന്ന് ആ രക്തപരിശോധനയുടെ ഫലം ലഭിച്ചപ്പോൾ അദ്ദേഹത്തിൽ കൊറോണ ബാധ കണ്ടെത്തി. ഇതെല്ലാം കാസർകോടിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

കാസർകോട്ടെ കൊറോണ രോഗിയുടെ യാത്രാ വഴി ഇനിയും പുറത്തു വിടാൻ കഴിഞ്ഞിട്ടില്ല. 11ന് രാവിലെ 7.45ന് എയർ ഇന്ത്യ IX 344 വിമാനത്തിൽ കോഴിക്കോട് എയർപോർട്ടിൽ ഇറങ്ങിയ കാസർകോട് എരിയാൽ സ്വദേശിക്കൊപ്പം ആരിക്കാടി സ്വദേശികളായ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. മൂന്നുപേരുടെയും പാസ്‌പോർട്ട് ഇവിടെ എയർപോർട്ട് അഥോറിറ്റി പിടിച്ചുവച്ചതായാണു രോഗിയുടെ ആരോപണം. ഈ പാസ്‌പോർട്ട് ഇതുവരെ രോഗിക്കു തിരികെ നൽകിയിട്ടുമില്ല. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏറെ ദുരൂഹമാണ് ഈ രോഗിയുടെ നീക്കങ്ങൾ. പാസ്‌പോർട്ട് പിടിച്ചുവച്ചത് എന്തിനാണെന്ന ചോദ്യത്തിനു രോഗി കൃത്യമായി മറുപടി നൽകിയിട്ടില്ല. ഇക്കാര്യം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, തനിക്ക് സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നുള്ള ആരോപണം ഇയാൾ നിഷേധിക്കുകയും ചെയ്യുന്നു. ഇക്കാര്യം കൂടുതൽ അന്വേഷണത്തിനു വിധേയമാക്കേണ്ടതുണ്ടെന്നു പൊലീസ് പറയുന്നു.

അതേസമയം വിളിച്ചവരോടൊക്കെ സഹകരിച്ചിട്ടുണ്ടെന്നും ഒരു വിവരവും ഒളിപ്പിച്ചുവച്ചിട്ടില്ലെന്നും ജനറൽ ആശുപത്രിയിൽ ഐസലേഷനിലുള്ള രോഗി വ്യക്തമാക്കി. ഈ കാലയളവിനിടയിൽ രോഗി നേരിട്ടും അല്ലാതെയും സമ്പർക്കത്തിലായവരുടെ എണ്ണം മൂവായിരത്തിലേറെയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. രണ്ട് എംഎൽഎമാരുമായും ഈ രോഗി സമ്പർക്കം പുലർത്തിയിട്ടുണ്ട്. അതിനിടെ കാലുപിടിച്ചു പറഞ്ഞിട്ടും സഞ്ചരിച്ച സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാൻ എരിയാലിലെ ഈ രോഗി തയാറായില്ലെന്നു കലക്ടർ ഡി. സജിത്ബാബു ആരോപിച്ചു.

ഗൾഫിൽ നിന്നെത്തുന്നവർ ആശുപത്രികളിലെത്തി പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നു നിർദ്ദേശിച്ചിട്ടും ഇയാൾ ആശുപത്രിയിലെത്തിയതു നാട്ടിലെത്തി 5 ദിവസം കഴിഞ്ഞാണ്. 11നു രാവിലെ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ രോഗി ഓട്ടോറിക്ഷയിലാണ് എരിയാലിലെ വീട്ടിലെത്തിയത്. അന്നു മുതൽ 5 ദിവസം വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പോയതിനുശേഷം 17നു 2.30നാണ് ജനറൽ ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്കായി സ്രവം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആദ്യം നൽകാൻ തയാറായില്ല. പിന്നീടു നിരന്തരം സമ്മർദം ചെലുത്തേണ്ടി വന്നു. ഫലം വരുന്നതുവരെ വീട്ടിൽ നിന്നു പുറത്തിറങ്ങരുതെന്ന നിർദ്ദേശവും പാലിച്ചില്ല. രോഗി പറഞ്ഞ പ്രകാരമാണു റൂട്ട് മാപ്പ് തയാറാക്കിയിട്ടുള്ളതെന്നും ഇതു പൂർണമാണെന്ന് അവകാശപ്പെടുന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കള്ളക്കടത്ത് കേസ് പ്രതിയെന്ന് എയർ കസ്റ്റംസ്

അതിനിടെ കാസർകോട്ട് കോവിഡ്19 സ്ഥിരീകരിച്ചയാൾ കള്ളക്കടത്ത് കേസ് പ്രതി തന്നെയെന്ന് കോഴിക്കോട് വിമാനത്താവളത്തിലെ എയർ കസ്റ്റംസ്. 11ന് രാവിലെയുള്ള ദുബായ്- കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ ഇയാളുടെ പേരിൽ കാർഗോ വഴി എത്തിയ പെട്ടിയിൽനിന്ന് നിയമവിരുദ്ധവും നികുതി അടയ്ക്കാത്തതുമായ വസ്തുക്കൾ കണ്ടെത്തിയിരുന്നു. സ്വർണവും കടത്തിയെന്നു സൂചനയുണ്ടെങ്കിലും അതിനു സ്ഥിരീകരണമായിട്ടില്ല.

ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെന്നും അതിനു പിന്നാലെയാണ് ഇയാൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായത് എന്നുമാണു കസ്റ്റംസ് അധികൃതർ നൽകുന്ന സൂചന. സഹായികളെന്നു കരുതാവുന്ന മറ്റു 2 പേർ കൂടി ഇയാൾക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ഇവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണോ എന്നു വ്യക്തമല്ല. ഇദ്ദേഹത്തെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോയും (ഐബി) പൊലീസും അന്വേഷണം തുടങ്ങി.

പ്രതിരോധിക്കാൻ ഭരണ കൂടം

കാസർകോട് ചില സർക്കാർ സ്‌കൂളുകളടക്കം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. വ്യാപാരസ്ഥാപനങ്ങൾ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ മാത്രം പ്രവർത്തിക്കണമെന്ന നിർദ്ദേശം നിലവിൽവന്നു. ഇത് ലംഘിച്ച് കട നേരത്തേ തുറന്ന ഒരാളെ കാഞ്ഞങ്ങാട്ടും ഒരാളെ രാജപുരത്തും അറസ്റ്റുചെയ്തു. കാസർകോട് വിദ്യാനഗറിൽ കളക്ടർ ഡോ. ഡി.സജിത് ബാബു നേരിട്ടിറങ്ങി കടകളടപ്പിച്ചു. നിർദ്ദേശം ലംഘിച്ചതിന് ജില്ലയിലെ 11 കടകൾക്കെതിരേ കേസെടുത്തു. സർക്കാർസ്ഥാപനങ്ങൾ ഒരാഴ്ച അടച്ചിടും. കളക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 04994 257700.

അന്തസ്സംസ്ഥാന അതിർത്തികൾ പൂർണമായും അടച്ചു. പരിശോധനയ്ക്കുശേഷം വാഹനങ്ങൾ വിടാമെന്ന് കേരളം നിലപാടെടുത്തെങ്കിലും കർണാടകം പൂർണമായി അടച്ചതിനാൽ ഗതാഗതം നിലച്ചു. *കാസർകോട് ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന 63 കെ.എസ്.ആർ.ടി.സി. സർവീസുകളിൽ 22 എണ്ണം മാത്രം ഓടി. മംഗളൂരുവിലേക്കുള്ള സർവീസ് നിർത്തി. 30 സർവീസ് നടത്തുന്ന ഈ റൂട്ടിൽ അതിർത്തിയായ തലപ്പാടി വരെ മാത്രം നാല് ബസ്സുകൾ ഓടി. രണ്ടെണ്ണം പുത്തൂരിലേക്കും. രണ്ടാഴ്ചത്തേക്ക് ബാർബർഷോപ്പുകളും അടച്ചു.

കാഞ്ഞങ്ങാട്ടെ വ്യാപാരകേന്ദ്രങ്ങൾ ബുധനാഴ്ചവരെ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് കമ്മിറ്റി എടുത്ത തീരുമാനം ജില്ലാ ഭരണകൂടം ഇടപെട്ട് ഒഴിവാക്കി. സർക്കാർ നിർദ്ദേശിച്ച നിയന്ത്രണങ്ങൾ മാത്രമേ പാടുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP