Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ മോനെവിടെ എന്നു ചോദിച്ചു ബാലാമണിയുടെ നെഞ്ചത്തടിച്ചുള്ള നിലവിളിക്ക് മുമ്പിൽ പകച്ചു പതറി ആ ഒറ്റമുറി ഓലപ്പുര; എന്റെ കുഞ്ഞെവിടെ.. എന്നു ചോദിച്ചു അലമുറയിടുന്ന ലതയുടെ കണ്ണുകളിലെ അഗ്നിക്കു മുമ്പിൽ വെന്തു വെണ്ണീറായി ഒരു നാടു മുഴുവൻ; നിശബ്ദതകൾക്കും നിശ്വാസങ്ങൾക്കും ഇടമില്ലാത്ത ക്രൂരതയിൽ നെഞ്ചുപൊട്ടി അലറിയ പലരും ബോധംകെട്ടു വീണു; എന്തിനായിരുന്നു മഹാപാപികളെ ഇങ്ങനെ അരുംകൊല ചെയ്തത്? സഹിക്കാനാവാത്ത ഈ നിലവിളിയിൽ നിങ്ങളുടെ കുടുംബം മുച്ചൂടും മുടിഞ്ഞു പോവാതിരിക്കട്ടെ..

എന്റെ മോനെവിടെ എന്നു ചോദിച്ചു ബാലാമണിയുടെ  നെഞ്ചത്തടിച്ചുള്ള  നിലവിളിക്ക് മുമ്പിൽ പകച്ചു പതറി ആ ഒറ്റമുറി ഓലപ്പുര; എന്റെ കുഞ്ഞെവിടെ.. എന്നു ചോദിച്ചു അലമുറയിടുന്ന ലതയുടെ കണ്ണുകളിലെ അഗ്നിക്കു മുമ്പിൽ വെന്തു വെണ്ണീറായി ഒരു നാടു മുഴുവൻ; നിശബ്ദതകൾക്കും നിശ്വാസങ്ങൾക്കും ഇടമില്ലാത്ത ക്രൂരതയിൽ നെഞ്ചുപൊട്ടി അലറിയ പലരും ബോധംകെട്ടു വീണു; എന്തിനായിരുന്നു മഹാപാപികളെ ഇങ്ങനെ അരുംകൊല ചെയ്തത്? സഹിക്കാനാവാത്ത ഈ നിലവിളിയിൽ നിങ്ങളുടെ കുടുംബം മുച്ചൂടും മുടിഞ്ഞു പോവാതിരിക്കട്ടെ..

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: വേർപിരിയാത്ത കൂട്ടുകാരായിരുന്നു അവർ.. ഒരുമിച്ചു നടന്ന് ഒരേ രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ. ഒടുവിൽ ഇണപിരിയാത്ത ഈ ഉറ്റചങ്ങാതിമാർക്ക് ഒരുമിച്ചു തന്നെ ചിതയൊരുക്കേണ്ടി വന്നു. ഇക്കാര്യം ഓർത്തോർത്ത് വിതുമ്പുകയാണ് ഒരു ഗ്രാമം മുഴുവൻ. രാഷ്ട്രീയ വൈരം തീർക്കാൻ വേണ്ടി അരുംകൊല ചെയ്യാൻ ഇക്കൂട്ടർ തയ്യാറാകുമെന്ന് ആരും കരുതിയിരുന്നില്ല. സിപിഎം ക്വട്ടേഷൻ നൽകിയവർ മൃഗീയമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരത്ത്ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങൾക്ക് ചിതയൊരുക്കിയത് അടുത്തടുത്തായിരുന്നു. നിത്യതയിലേക്കുള്ള ഉറക്കത്തിലും അവർ ഒരുമിച്ചാകട്ടെ എന്ന് നാട്ടുകാരുടെയും വീട്ടുകാരും തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹങ്ങൾ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയതോടെ അതുവരെ രണ്ട് വീടുകളിലും ഉയർന്നിരുന്ന അലറിക്കരച്ചിലുകൾ തേങ്ങലുകളായി മാറി.

ശരത്തിന്റെ അച്ഛൻ സത്യനാരായണന്റെ മൂത്ത സഹോദരൻ ഗോവിന്ദനാണ് ഇതിനായി രണ്ടുസെന്റ് സ്ഥലം വിട്ടുകൊടുത്തത്. ഈ സ്ഥലം പാർട്ടിക്കായി അദ്ദേഹം നൽകുകയായിരുന്നു. ഇവിടെ ഇവർക്ക് സ്മാരകം പണിയും. കല്ല്യോട്ട്-തന്നിത്തോട് റോഡരികിൽ ഇരുവരും വെട്ടേറ്റു മരിച്ച സ്ഥലത്തിനടുത്താണിത്. വികാരനിർഭരമായിരുന്നു വിടവാങ്ങൽ. സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ പലരും കുഴഞ്ഞുവീണു. കല്ല്യോട് ഗ്രാമം ഇതുവരെ കാണാത്തത്ര ജനമാണ് വൈകിയിട്ടും ഇവിടെ തടിച്ചുകൂടിയത്. ഇരുവരും പ്രവർത്തിച്ചിരുന്ന കല്ല്യോട്ട് യുവജന വാദ്യസംഘം പ്രവർത്തകരുടെ യാത്രാമൊഴി വേറിട്ടുനിന്നു. ഒറ്റമുറി ഓലപ്പുരയായതിനാൽ കൃപേഷിന്റെ വീട്ടിലേക്ക് പ്രവർത്തകർ പോകരുതെന്ന് നേതാക്കൾ അഭ്യർത്ഥിച്ചിരുന്നു.

ഈ അമ്മ മനസ്സുകളുടെ അലമുറകൾക്ക് ആര് ഉത്തരം പറയും?

അരക്കിലോമീറ്റർ ചുറ്റളവിലായാണ് കൃപേഷിന്റെയു ശരത്‌ലാലിന്റെയും വീടുകൾ സ്ഥിതി ചെയ്യുന്നത്. ഈ വീടുകളിൽ ഒരുമിച്ചു വിലാപം വന്നുകയറി ദിവസമായിരുന്നു ഇന്നല. അലമുറയിട്ടു കരയുന്ന രണ്ട് അമ്മ മനസുകൾക്ക് മുന്നിൽ ഒരു നാടു മുഴുവൻ തകർന്നു പോയി. ശരത്ലാലിന്റെയും കൃപേഷിന്റെയും വീടുകളിൽ നിന്നു തേങ്ങലുകൾ അടങ്ങുന്നില്ല. 2 വീടുകളിലെയും ഏക ആൺതരികളാണു കൊലക്കത്തിക്കിരയായത്. ഒറ്റമുറി ഓലപ്പുരയിൽ നിന്നും ജീവിതം കരുപ്പിടിപ്പിക്കാൻ ആശിച്ച കൃപേഷിന്റെ ജീവിത സാഹചര്യങ്ങൾ കണ്ട് നെഞ്ചുപൊട്ടിയാണ് ഓരോ നേതാക്കളും വന്നുപോയത്.

'കൊന്നതെന്തിനാ എന്റെ കിച്ചുവിനെ' കൃപേഷിന്റെ അമ്മ ബാലാമണിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ പകച്ചു നിൽക്കുകയായിരുന്നു നേതാക്കളും നാട്ടുകാരുമെല്ലാം. കാണൻ എത്തിയവരോടെല്ലാം ഇവർച്ച് ചോദിക്കാനുണ്ടായിരുന്നത് ഇതുമാത്രമായിരുന്നു. ഒറ്റമുറി മാത്രമുള്ള ഓലക്കുടിലിന്റെ മൂലയ്ക്കുള്ള കട്ടിലിൽ കരഞ്ഞുതളർന്നു കിടക്കുകയാണു ബാലാമണി. ഇടയ്ക്ക് കണ്ണുതുറന്നു കൈകകൾ കൊണ്ടു ചുറ്റും പരതും. 'എന്റെ മോനെവിടെ' എന്നു ചോദിച്ചു കൊണ്ടിരുന്നു.

'പ്ലസ് ടു കഴിഞ്ഞു പെരിയയിലെ പോളിടെക്‌നിക്കിൽ പഠിക്കാൻ അയച്ചതാണ്. എസ്എഫ്‌ഐക്കാരുടെ മർദനം സഹിക്കാൻ വയ്യാതെയാണ് അവൻ പഠിപ്പ് നിർത്തിയത്. അച്ഛന്റെ കൂടെ പെയിന്റിങ് ജോലിക്കു പോവുകയായിരുന്നു. 19 വർഷമായി ഞങ്ങളീ ഓലപ്പുരയിലാ കിടക്കുന്നേ. എങ്ങനെയെങ്കിലും ഒരു വീടുണ്ടാക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം' ബാലാമണിക്കു വാക്കുകൾ മുറിയുന്നു. പുറത്തെ ചായ്പിൽ മേശയിൽ തല കുമ്പിട്ടിരിക്കുകയാണു കൃപേഷിന്റെ അച്ഛൻ പി.വി. കൃഷ്ണൻ. 'ഞാനവനോടു പറഞ്ഞതാണു സൂക്ഷിക്കണമെന്ന്. രാത്രി എത്താൻ വൈകുമ്പോഴൊക്കെ വിളിച്ചുനോക്കുമായിരുന്നു. ഇന്നലെയും വിളിച്ചതാണ്. പക്ഷേ..'

ശരത്ലാലിന്റെ വിയോഗവാർത്തയറിഞ്ഞു തളർന്നുവീണ അമ്മ ലതയെ ഇന്നലെ രാവിലെ പെരിയയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിക്കിടക്കയിലും തിരിച്ചു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലുമെല്ലാം ലത തിരഞ്ഞതു മകനെയാണ്. 'എന്റെ കുഞ്ഞിയെവിടെ... എന്റെ മോനെ കൊണ്ടുവാ... ഇന്നലെ പുത്തനുടുപ്പിട്ടു പോയത് ഇതിനായിരുന്നോ?' എന്നായിരുന്നു ഇവരുടെ എണ്ണിപ്പിറക്കിയുള്ള നിലവിളി.

മംഗളുരുവിൽ നിന്നു സിവിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശരത്ലാൽ നാട്ടിലെ എല്ലാ പരിപാടികളിലും സജീവമായിരുന്നു. ക്ലബ്ബിന്റെയും ക്ഷേത്ര കമ്മിറ്റികളുടെയും പരിപാടികളിൽ നാടകം സംവിധാനം ചെയ്തിരുന്ന ശരത് കുട്ടികൾക്കു നാടകപരിശീലനവും നൽകിയിരുന്നു. കല്യോട്ടെ വാദ്യകലാസംഘത്തിന്റെ പരിപാടികളിൽ ശരത്തിനൊപ്പം ശിങ്കാരിമേളം കൊട്ടാൻ കൃപേഷുമുണ്ടാവുമായിരുന്നു. ഈ വാദ്യകലാസംഘത്തിന്റെ ഓഫിസ് ആക്രമിക്കപ്പെട്ടതാണു കല്യോട്ടെ സംഘർഷങ്ങളുടെ തുടക്കമെന്നു വീട്ടുകാർ പറയുന്നു.

സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസിൽ ശരത്ലാലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ശരത്തിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. സമൂഹമാധ്യമങ്ങളിൽ വധഭീഷണികൾ പ്രത്യക്ഷപ്പെട്ടു. ഭീഷണിയുടെ കാര്യം പൊലീസിൽ അറിയിച്ചിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സംഘാടകസമിതി യോഗം കഴിഞ്ഞു മകനെ തൽക്കാലം നാട്ടിൽ നിന്നു മാറ്റിനിർത്താൻ വീട്ടുകാർ ആലോചിച്ചിരുന്നു. ആ യോഗം കഴിഞ്ഞു മടങ്ങിവരുംവഴിയാണു ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. പരിയ അംബേദ്കർ കോളജിൽ എംകോം വിദ്യാർത്ഥിയാണ് അമൃത. കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പ്ലസ്ടു വിദ്യാർത്ഥിനി. മൂത്ത സഹോദരി കൃപയുടെ വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്. ഈ സഹോദരിമാരുടെയും സ്വപ്നങ്ങൾ ബാക്കിയാക്കിയാണു കൃപേഷും ശരത്ലാലും യാത്രയായത്.

അരുംകൊല നടത്തിയത് ചോരകണ്ട് അറപ്പുമാറിയ കണ്ണൂർ സംഘമെന്ന് സൂചന

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാൽ (24), കൃപേഷ് (19) എന്നിവരെ കൊലപ്പെടുത്തിയതിനു പിന്നിൽ സിപിഎം പ്രവർത്തകരെന്നു പൊലീസ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്. പ്രാദേശിക സിപിഎം നേതാക്കളുടെ സഹായത്തോടെ കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘം കൃത്യം ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ടവരുടെ ദേഹത്തു കാണപ്പെട്ട മുറിവുകൾ വിലൽ ചൂണ്ടുന്നത് ഇതിലേക്കാണ്. പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു. കൊല്ലപ്പെട്ടവർക്കെതിരെ മുൻപു സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാർത്ഥി ഉൾപ്പെടെ 2 സിപിഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ, പ്രവർത്തകരായ റജി, കുട്ടൻ (പ്രദീപ്) എന്നിവരിൽ നിന്നു കൊല്ലപ്പെട്ടവർക്കു ഭീഷണിയുണ്ടായിരുന്നുവെന്നു കണ്ടെത്തി. പീതാംബരനെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായി റിമാൻഡിലായിരുന്ന ശരത്‌ലാൽ കഴിഞ്ഞയാഴ്ചയാണു പുറത്തിറങ്ങിയത്. ഞായറാഴ്ച രാത്രി 7.40നാണു ശരത്‌ലാലിനെയും കൃപേഷിനെയും ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊന്നത്. വെട്ടാൻ ഉപയോഗിച്ചതെന്നു കരുതുന്ന വടിവാളിന്റെ പിടിയും പ്രതികളുടേതെന്നു സംശയിക്കുന്ന മൊബൈൽ ഫോണും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു. ഇരുവർക്കും കഴുത്തിനു മുകളിലും തലയ്ക്കും ആഴത്തിലേറ്റ മുറിവാണു മരണകാരണം. മഴുപോലെ കനമുള്ള ആയുധവും ഉപയോഗിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ശരത്തിന്റെ പിതൃസഹോദരന്റെ ഭൂമിയിൽ അടുത്തടുത്തായാണ് ഇരുവർക്കും അന്ത്യവിശ്രമമൊരുക്കിയത്.

പ്രതികൾ കർണാടകയിലേക്കു കടന്നിരിക്കാൻ സാധ്യതയുള്ളതിനാൽ അവിടത്തെ പൊലീസിന്റെ സഹായം തേടിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേസിലെ പ്രതികൾ രക്ഷപ്പെട്ടതെന്നു കരുതുന്ന കാർ ഇന്നലെ രാത്രി പതിനൊന്നോടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷുഹൈബ് വധവുമായി സാമ്യങ്ങളേറെ

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്‌പി. ഷുഹൈബ് കൊല്ലപ്പെട്ട് ഒരു വർഷവും 5 ദിവസം തികഞ്ഞ ദിനമാണ് പെരിയയിൽ ഇരട്ടക്കൊലപാതകം നടന്നത്. ഷുഹൈബ് വധവുമായി ഈ കൊലപാതകത്തിന് സാമ്യങ്ങളേറുണ്ട്. മട്ടന്നൂരിലും പെരിയയിലും കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം ഒന്നാണ്. ക്യാംപസിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണു തുടക്കം. മുന്നാട് പീപ്പിൾസ് കോളജിലെ വിദ്യാർത്ഥിയും കല്യോട് സ്വദേശിയുമായ കെഎസ്‌യു പ്രവർത്തകനെ കോളജ് ക്യാംപസിൽ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതോടെയാണു പെരിയയിലെ സംഘർഷം തുടങ്ങിയത്. ഇതു ചോദ്യം ചെയ്തു കല്യോട്ടെ കോൺഗ്രസുകാർ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ മർദിച്ചു. ഈ കേസിൽ പ്രതിയായ ശരത്ലാലാണു പെരിയയിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ.

മട്ടന്നൂർ എടയന്നൂർ സ്‌കൂളിൽ കെഎസ്‌യുവിന്റെ കൊടിമരം എസ്എഫ്‌ഐക്കാർ നശിപ്പിച്ചതിനെത്തുടർന്നുള്ള സംഘർഷമാണു ഷുഹൈബിന്റെ വധത്തിലേക്കു നയിച്ചത്. സ്‌കൂൾ ക്യാംപസിലെ സംഘർഷം പുറത്തേക്കു പടരുകയും ഷുഹൈബ് ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകരും 2 സിപിഎം പ്രവർത്തകരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണു ഷുഹൈബിന്റെ കൊലപാതകത്തിൽ കലാശിച്ചത്.

സിപിഎം പ്രവർത്തകരെ മർദിച്ച കേസിൽ പ്രതിയായി റിമാൻഡിൽ കഴിഞ്ഞു പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു ഷുഹൈബിനെ കൊലപ്പെടുത്തിയതെങ്കിൽ അതേ വിധി തന്നെയായിരുന്നു ശരത്ലാലിനും. ജാമ്യത്തിലിറങ്ങിയ ദിവസമാണു ശരത്ലാൽ കൊല്ലപ്പെട്ടത്. രണ്ടിടത്തും പ്രത്യേക സംഘം രൂപീകരിച്ച്, ഇരകളെ വാഹനത്തിൽ പിന്തുടർന്ന ശേഷമാണു കൃത്യം നടപ്പാക്കിയത്. ഷുഹൈബിന്റെ ശരീരത്തിലേറ്റതു 37 വെട്ടാണെങ്കിൽ അതിൽ അധികവും മുട്ടിനു താഴെയായിരുന്നു. പെരിയയിൽ ശരത്ലാലിന്റെ ശരീരത്തേറ്റ 20 വെട്ടിൽ പകുതിയും മുട്ടിനുതാഴെയാണ്.

ഷുഹൈബും ശരത്ലാലും കൃപേഷും വീട്ടിലെ ഏക ആൺതരികളായിരുന്നു. അരിയിൽ ഷുക്കൂർ, എസ്‌പി. ഷുഹൈബ്, ശരത്ലാൽ, കൃപേഷ്... ഫെബ്രുവരിയിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെല്ലാം സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയാക്കപ്പെട്ടതു 30 വയസിൽ താഴെയുള്ളവരായിരുന്നു എന്നതു മറ്റൊരു സമാനത.

കാസർകോട് ജനറൽ ആശുപത്രിയിൽനിന്ന് തിങ്കളാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് ഉച്ചയോടെ കോൺഗ്രസ് പതാക പുതപ്പിച്ച് വിലാപയാത്ര പുറപ്പെട്ടു. പയ്യന്നൂർ, തൃക്കരിപ്പൂർ, കാലിക്കടവ്, ചെറുവത്തൂർ, മയിച്ചയിൽ നീലേശ്വരം, കാഞ്ഞങ്ങാട്, മൂലക്കണ്ടം, പെരിയ എന്നിവിടങ്ങളിൽ മൃതദേഹം പൊതു ദർശനത്തിനുവെച്ചു. രണ്ടു ആംബുലൻസുകളിലായാണ് മൃതദേഹം കൊണ്ടുവന്നത്. റോഡിൽ തടിച്ചു കൂടിയവർക്ക് കാണാനായി ആംബുലൻസ് പലയിടത്തും നിർത്തേണ്ടിയും വന്നു. കാഞ്ഞങ്ങാട് മാന്തോപ്പ്് മൈതാനത്ത് പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി., സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, കെപിസിസി.വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി., കെ.സുധാകരൻ, യൂത്ത്‌കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, മുന്മന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനിൽകുമാർ, എംഎ‍ൽഎ.മാരായ ശബരീനാഥ്, അൻവർസാദത്ത്, ഷാഫിപറമ്പിൽ, കെപിസിസി. ജനറൽ സെക്രട്ടറിമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, വി.എ. നാരായണൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, മഹിളാകോൺഗ്രസ് നേതാക്കളായ ലതികാ സുഭാഷ്, സുമാബാലകൃഷ്ണൻ, മുസ്ലിം ലീഗ് നേതാക്കളായ എൻ.എ. നെല്ലിക്കുന്ന് എംഎ‍ൽഎ., മുന്മന്ത്രി സി.ടി. അഹമ്മദലി, എം.സി. ഖമറുദീൻ, മെട്രോമുഹമ്മദ് ഹാജി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP