Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെഎഎസിൽ ഡപ്യൂട്ടേഷൻ വരുന്നു; 105 തസ്തികകൾക്കു പുറമേ കൂടുതൽ തസ്തികകളും ഉൾപ്പെടുത്തും; സെക്രട്ടേറിയറ്റ് ഡപ്യൂട്ടേഷൻ തസ്തികകളും കെഎഎസ് പരിധിയിലാക്കും; പഠിച്ചു വിശദ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ ചുമതലപ്പെടുത്തി

കെഎഎസിൽ ഡപ്യൂട്ടേഷൻ വരുന്നു; 105 തസ്തികകൾക്കു പുറമേ കൂടുതൽ തസ്തികകളും ഉൾപ്പെടുത്തും; സെക്രട്ടേറിയറ്റ് ഡപ്യൂട്ടേഷൻ തസ്തികകളും കെഎഎസ് പരിധിയിലാക്കും; പഠിച്ചു വിശദ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ ചുമതലപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിലും പരിഷ്‌ക്കരണം വരുന്നു. കെഎഎസിൽ 50 വകുപ്പുകളെക്കൂടി ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന്റേതാണു ഈ തീരുമാനം. സെക്രട്ടേറിയറ്റ് ഡപ്യൂട്ടേഷൻ തസ്തികകളും കെഎഎസ് പരിധിയിലാക്കുമെന്നാണ് പ്രഖ്യാപനം. ഇതേക്കുറിച്ചു പഠിച്ചു വിശദ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിൽ സമിതിയെ ചുമതലപ്പെടുത്തി. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദ്ദേശം. ഇക്കാര്യം മലയാള മനോരമയാണ് റിപ്പോർട്ടു ചെയ്തത്.

നേരത്തേ കണ്ടെത്തിയ 29 വകുപ്പുകളിലെ 105 തസ്തികകൾക്കു പുറമേ കൂടുതൽ തസ്തികകളെ കെഎഎസിൽ ഉൾപ്പെടുത്താനാണു തീരുമാനം. നിലവിൽ കെഎഎസ് പരിധിയിൽ ഉൾപ്പെടാത്ത 50 വകുപ്പുകളിൽനിന്നു കൂടുതൽ തസ്തികകൾ കെഎ എസിൽ ഉൾപ്പെടുത്തും. ടെക്‌നിക്കൽ, ആഭ്യന്തരം, ആരോഗ്യ വകുപ്പുകളിലെ തസ്തികകൾ കെഎഎസിൽ ഉൾപ്പെടുത്തില്ലെന്നും പത്രവാർത്തയിൽ പറയുന്നു.

നിലവിൽ പൊതുഭരണ വകുപ്പിൽ 18 കെഎഎസ് തസ്തിക ഒഴിവുണ്ട്. നിലവിലെ 105 തസ്തികകളിൽ 30 % തസ്തികകൾ (ഏകദേശം 35 എണ്ണം) കേന്ദ്ര സിവിൽ സർവീസ് മാതൃകയിൽ സംസ്ഥാന ഡപ്യൂട്ടേഷൻ റിസർവ് എന്ന രീതിയിൽ മാറ്റും. ഇതോടെ കെഎഎസ് ലഭിക്കുന്നവർക്കു സെക്രട്ടേറിയറ്റിനു പുറത്തു വിവിധ സ്ഥാപനങ്ങളിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യാമെന്ന അവസ്ഥയും വരും. അതോടെ കെഎ എസിൽ അത്രയും തസ്തിക ഒഴിവു വരും.

ഇതോടെ സെക്രട്ടേറിയറ്റിനു പുറത്ത് അണ്ടർ സെക്രട്ടറി മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ ഡപ്യൂട്ടേഷൻ നിലയ്ക്കും. പല വകുപ്പുകളിലെയും അഡ്‌മിനിസ്‌ട്രേഷൻ മാനേജർ തസ്തികയിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരാണ് ഇപ്പോൾ ഡപ്യൂട്ടേഷനിലെത്തുന്നത്. ഇതു കൂടി ഉൾപ്പെടുത്തുന്നതോടെ കെഎഎസിലേക്കുള്ള രണ്ടാം വിജ്ഞാപനത്തിനുള്ള തസ്തികകളാകും. കൂടുതൽ തസ്തിക കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ 8 വർഷത്തിനു ശേഷമേ ഇനി വിജ്ഞാപനം ക്ഷണിക്കാൻ കഴിയുകയുള്ളൂ.

അതു മറികടക്കാനും കൂടുതൽ കെഎഎസ് ഉദ്യോഗസ്ഥരെ വാർത്തെടുക്കാനുമാണ് സർക്കാർ ആലോചിക്കുന്നത്. 2019ൽ വിജ്ഞാപനം വന്നെങ്കിലും 2021ലാണ് ആദ്യ പട്ടിക പുറത്തു വന്നത്. ആദ്യ പട്ടികയുടെ കാലാവധി കഴിഞ്ഞപ്പോൾ തന്നെ പുതിയ തസ്തികകൾ അറിയിക്കണമെന്നു പബ്ലിക് സർവീസ് കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മെല്ലെപ്പോക്കായിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നിലവിലെ കെഎഎസ് ഒഴിവുകളും ഡപ്യൂട്ടേഷൻ ഒഴിവുകളുമടക്കം 50 തസ്തിക എങ്കിലും ഉടൻ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുമെന്നുമാണ് വാർത്ത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP