Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

ആധാരം എടുത്തുകൊണ്ടുപോകാൻ ഇ.ഡിക്ക് എന്തവകാശം? ആധാരം തിരിച്ചുകിട്ടാതെ എങ്ങനെയാണ് പണം കൊടുക്കുക; അതൊരു പ്രശ്‌നമായി വന്നിട്ടുണ്ടെന്ന് സഹകരണ മന്ത്രി വാസവനും; കരുവന്നൂരിൽ പ്രതിസന്ധിക്ക് കാരണം ഇഡിയോ?

ആധാരം എടുത്തുകൊണ്ടുപോകാൻ ഇ.ഡിക്ക് എന്തവകാശം? ആധാരം തിരിച്ചുകിട്ടാതെ എങ്ങനെയാണ് പണം കൊടുക്കുക; അതൊരു പ്രശ്‌നമായി വന്നിട്ടുണ്ടെന്ന് സഹകരണ മന്ത്രി വാസവനും; കരുവന്നൂരിൽ പ്രതിസന്ധിക്ക് കാരണം ഇഡിയോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കരുവന്നൂർ വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സഹകരണമന്ത്രി വി.എൻ വാസവൻ. നിക്ഷേപകർക്ക് പണം തിരികെക്കിട്ടിയില്ല എന്ന് പറയുന്നത് വിവരക്കേടാണെന്ന് മന്ത്രി പറഞ്ഞു. 208 കോടിരൂപയിൽ 76 കോടിരൂപ നിക്ഷേപകർക്ക് മടക്കിക്കൊടുത്തു. 110 കോടിയുടെ നിക്ഷേപങ്ങൾ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബാങ്കിലെ ആധാരങ്ങൾ എല്ലാം ഇ.ഡി. കൊണ്ടു പോയതുകൊണ്ടാണ് പണം തിരികെ നൽകാൻ കാലതാമസം വരുന്നതെന്ന് പറഞ്ഞ മന്ത്രി, ബാങ്കിൽ നിന്ന് ആധാരങ്ങൾ എടുത്തുകൊണ്ടുപോകാൻ ഇ.ഡിക്ക് എന്താണ് അവകാശമെന്നും ചോദിച്ചു. സംസ്ഥാന സർക്കാർ പാക്കേജ് നിശ്ചയിച്ച് 27 കോടി രൂപ ഉറപ്പാക്കിയിട്ടുണ്ട്. ഒരു രൂപ പോലും നഷ്ടപ്പെടാതെ തിരികെ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള എല്ലാ പ്രശ്‌നത്തിനും കാരണം ഇഡിയാണെന്ന് പറഞ്ഞു വയ്ക്കുകയാണ് സഹകരണ മന്ത്രി. പ്രാദേശിക നേതാക്കളും ഇഡിക്കെതിരെ പ്രചരണം നടത്തുന്നുണ്ട്.

'ഇ.ഡി ബാങ്കിലെ ആധാരങ്ങളെല്ലാം പെറുക്കിക്കൊണ്ട് പോയതുകൊണ്ടാണ് കാലതാമസം വരുന്നത്. 162 ആധാരങ്ങളാണ് ഇ.ഡി എടുത്തുകൊണ്ടുപോയത്. ഏതെങ്കിലും ബാങ്കിൽനിന്ന് ആധാരം എടുത്തുകൊണ്ടുപോകാൻ ഇ.ഡിക്ക് എന്തവകാശം?. രേഖകളുണ്ടെങ്കിൽ അത് പരിശോധിക്കുകയും വ്യാജ രേഖയുണ്ടെങ്കിൽ എടുക്കുകയും ചെയ്യുന്നതിന് ആരും എതിരല്ല. എന്നാൽ ആധാരങ്ങൾ പെറുക്കിക്കൊണ്ട് പോകുകയും പണം അടയ്ക്കാനുള്ളവർ പണം അടയ്ക്കാൻ വന്നാൽ അവർക്ക് ആധാരം മടക്കിക്കൊടുക്കണ്ടേ? ഇ.ഡി കൊണ്ടുപോയിരിക്കുന്ന ആധാരം തിരിച്ചുകിട്ടാതെ എങ്ങനെയാണ് പണം കൊടുക്കുക. അതൊരു പ്രശ്‌നമായി വന്നിട്ടുണ്ട്. അല്ലെങ്കിൽ കുറേക്കൂടി വേഗത്തിൽ റിക്കവറി നടന്ന് മുന്നോട്ടു പോകുമായിരുന്നു'- മന്ത്രി കൂട്ടിച്ചേർത്തു.

കള്ളപ്പണമിടപാട് നടന്നോയെന്ന സംശയത്തിൽ മൂന്ന് ബാങ്കുകളിൽനിന്ന് ഇ.ഡി. കസ്റ്റഡിയിലെടുത്ത ഫയലുകൾ ആയുധമാക്കി നിക്ഷേപകരേയും ഇടപാടുകാരേയും തെറ്റിധരിപ്പിക്കാനാണ് നീക്കം. സഹകരണ കൊള്ളയെ തുടർന്ന് നിരവധി പേർ നിക്ഷേപം പിൻവലിക്കാൻ എത്തുന്നുണ്ട്. ഈ സാഹചര്യം ബാങ്കുകളെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഇതിനിടെയാണ് നിക്ഷേപവും മറ്റും നൽകാതിരിക്കാൻ ഇഡി കൊണ്ടു പോയ ഫയലുകൾ ചർച്ചയാക്കുന്നത് എന്നാണ് റിപ്പോർട്ട്.

പ്രതിരോധം തീർക്കാൻ സിപിഎം. കരുവന്നൂർ, തൃശ്ശൂർ, അയ്യന്തോൾ എന്നിവിടങ്ങളിലെ ഫയലുകളാണ് ഇ.ഡി. കസ്റ്റഡിയിലെടുത്തത്. ഇവ ബാങ്കുകളിലില്ലാത്തതിനാൽ ഇടപാടുകാരുടെ രേഖകളും പണവും തിരിച്ചുനൽകാനാകുന്നില്ലെന്നാണ് ബാങ്കുകളുടെ ഭരണസമിതിക്കാരായ പാർട്ടിക്കാർ പ്രചരിപ്പിക്കുന്നത്. ബാങ്കുകളിൽ പണയം വെച്ച സ്വർണമെടുക്കാനും വായ്പ പൂർണമായി തിരിച്ചടയ്ക്കാനും ധാരാളം പേർ എത്തുന്നുണ്ടെന്നും ഇവർക്ക് യഥാർഥ രേഖകൾ തിരികെ നൽകാനാകുന്നില്ലെന്നുമാണ് വാദം. രേഖകൾ ഇ.ഡി. കൊണ്ടുപോയത് ഇടപാടുകാരെ വലയ്ക്കുന്നതായി തൃശ്ശൂരിലെ സഹകരണ ജോയിന്റ് രജിസ്ട്രാർ ജൂബി ടി. കുര്യാക്കോസ് പറഞ്ഞിരുന്നു.

കരുവന്നൂർ ബാങ്കിൽ 200 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡി. അറസ്റ്റുചെയ്ത വെളപ്പായ സതീശൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ സഹകരണബാങ്ക്, അയ്യന്തോൾ സഹകരണബാങ്ക് എന്നിവിടങ്ങളിൽനിന്ന് ഫയലുകൾ എടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ മാത്രമാണ് കൊണ്ടുപോയതെന്ന് ഇ.ഡി. അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ ഫയലുകളും കൊണ്ടു പോയി എന്ന് വരുത്താനാണ് നീക്കം. ബാങ്കിന്റെ ഔദ്യോഗിക ഭാരവാഹികളും ഇത്തരത്തിൽ സൂചനകളുമായി പത്ര സമ്മേളനം നടത്തിയിരുന്നു. ഫലത്തിൽ ഫയൽ ഇല്ലെന്ന കാരണം പറഞ്ഞ് നിക്ഷേപവും മറ്റും തിരിച്ചു നൽകാതിരിക്കുകയാണ്. ഇത് ബാങ്കുകൾക്ക് എല്ലാ അർത്ഥത്തിലും താൽകാലിക ആശ്വാസമാകും.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ തൃശൂർ, എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന നടന്നിരുന്നു. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നുവെന്ന് ഇഡി കണ്ടെത്തിയതിന്റെ തുടർച്ചയായിരുന്നു പരിശോധന. കരുവന്നൂരിലെ തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികൾ മറ്റു സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മെയ്തീൻ എംഎൽഎയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ കേസിലെ മുഖ്യപ്രതി വെളപ്പായ സതീശൻ എന്ന സതീഷ് കുമാർ ഒന്നരക്കോടിയോളം രൂപ അയ്യന്തോൾ ബാങ്കുവഴി വെളുപ്പിച്ചുവെന്നാണ് ഇഡിക്കു ലഭിച്ച വിവരം.

ഭാര്യയുടെയും ബന്ധുക്കളുടെയുമെല്ലാം പേരുകളിൽ അഞ്ച് അക്കൗണ്ടുകളിലായി ഇയാൾ പണം നിക്ഷേപിച്ചു. സതീഷ് കുമാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. നിലവിൽ ഇഡി കസ്റ്റഡിയിലാണ് ഇയാൾ. സിപിഎം സംസ്ഥാന സമിതിയംഗമായ എംകെ കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലും ഇഡി സംഘം പരിശോധന നടത്തി. അയ്യന്തോളും സിപിഎം നിയന്ത്രണത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP