Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

നിക്ഷേപകന്റെ കെവൈസി സൂക്ഷിക്കാതിരിക്കുകയും ഉറവിടം അറിയിക്കാത്ത പണം സ്വീകരിക്കുകയും ചെയ്താൽ അതു കള്ളപ്പണം; വലിയ നിക്ഷേപം പോലും പല അക്കൗണ്ടുകളിലേക്കു വിന്യസിച്ച് വെളുപ്പിക്കുന്നു; 45 സഹകരണ ബാങ്കുകൾ ഇഡി റഡാറിൽ

നിക്ഷേപകന്റെ കെവൈസി സൂക്ഷിക്കാതിരിക്കുകയും ഉറവിടം അറിയിക്കാത്ത പണം സ്വീകരിക്കുകയും ചെയ്താൽ അതു കള്ളപ്പണം; വലിയ നിക്ഷേപം പോലും പല അക്കൗണ്ടുകളിലേക്കു വിന്യസിച്ച് വെളുപ്പിക്കുന്നു; 45 സഹകരണ ബാങ്കുകൾ ഇഡി റഡാറിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ സഹകരണ കൊള്ളയിൽ സജീവമായി ഇടപെടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തൃശൂരിന് പുറത്തേക്കും അന്വേഷണം നീളും. കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി സഹകരണ ബാങ്കുകൾ മാറുന്നുവെന്നാണ് ഇഡിയുടെ വിലയിരുത്തൽ. നോട്ട് നിരോധനസമയം വൻതോതിൽ ഇടപാടു നടന്ന കേരളത്തിലെ 45 സഹകരണ ബാങ്കുകൾ ഇഡിയുടെ റഡാറിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണം നേരിട്ട് വിലയിരുത്തുന്നുണ്ട്. സിപിഎം നിയന്ത്രിക്കുന്ന ബാങ്കുകളെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.

കരുവന്നൂരിനും അയ്യന്തോളിനും പിന്നാലെ കള്ളപ്പണം വെളിപ്പിച്ച ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും. ഇതിനായി വിവരങ്ങൾ ഇ.ഡി നേരത്തേതന്നെ നടപടികൾ തുടങ്ങിയിരുന്നു. കേന്ദ്ര സഹകരണ നയത്തിൽ ആദ്യം പ്രഖ്യാപിച്ച ഏകീകൃത സോഫ്റ്റ്‌വെയർ എന്ന സംവിധാനത്തിൽനിന്നു കേരളം മാറിനിന്നതും ഇ.ഡിയും ആദായനികുതിവകുപ്പും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഭയന്നാണ്. നോട്ട് നിരോധന സമയത്തു മാറ്റിക്കൊടുക്കുന്ന നോട്ടുകളുടെ കണക്കുകൾ സൂക്ഷിക്കണമെന്നു നിർദ്ദേശം നൽകിയെങ്കിലും നടപടി സർക്കുലറിൽ ഒതുങ്ങിയെന്നു തെളിയിക്കുന്നതാണു കരുവന്നൂർ ബാങ്കിലെ തട്ടിപ്പ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ബാങ്കുകളിലേക്ക് അന്വേഷണം.

കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ അയ്യന്തോൾ, തൃശൂർ സർവീസ് സഹകരണ ബാങ്കുകളടക്കം എട്ടിടത്ത് ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തിയിരുന്നു. കേരള ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കും കുരിയച്ചിറയിലെ ജൂവലറിയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പരിശോധന അതിനിർണ്ണായകമാണ്. ഇതിനൊപ്പമാണ് മറ്റ് ബാങ്കുകളിലേക്കും അന്വേഷണം എത്തുന്നത്. ഇതിലൂടെ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ കള്ളക്കളികൾ തുറന്നു കാട്ടാനാണ് ശ്രമം.

നിക്ഷേപകന്റെ കെവൈസി (അക്കൗണ്ട് രേഖകൾ) സൂക്ഷിക്കാതിരിക്കുകയും ഉറവിടം അറിയിക്കാത്ത പണം സ്വീകരിക്കുകയും ചെയ്താൽ അതു കള്ളപ്പണം എന്നാണ് ഇഡിയുടെ നിഗമനം. ഇത്തരത്തിലുള്ള നിക്ഷേപങ്ങളിലെല്ലാം ചോദ്യം വരും. നികുതി അടയ്ക്കുകയും വേണം. ആദായനികുതി വകുപ്പും എല്ലാം ഇനി പരിശോധിക്കും. സഹകരണ ബാങ്കിൽ വോട്ടവകാശമുള്ള അംഗങ്ങൾ മാത്രമേ നിക്ഷേപം നടത്താവൂ എന്നാണ് ആർബിഐ നിയമം. എന്നാൽ കേരളം ഇത് അംഗീകരിക്കുന്നില്ല. ഇതാണ് കള്ളപ്പണം വെളുപ്പിക്കലിന് അവസരമൊരുക്കുന്നത്. വലിയ നിക്ഷേപം പോലും പല അക്കൗണ്ടുകളിലേക്കു വിന്യസിച്ചാണ് ഇത്തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നു.

അഴിമതി പണവും സുരക്ഷിത നിക്ഷേപമായി മാറുന്നു. നിക്ഷേപവുമായി വരുന്നവർക്കു നോമിനൽ അംഗത്വം നൽകി നിക്ഷേപം സ്വീകരിക്കുന്നതാണു കേരളത്തിലെ രീതി രീതി. ഇത് അംഗീകരിക്കില്ലെന്ന ആദായനികുതിവകുപ്പിന്റെ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണു കേരളം. ഈ കേസിലെ കോടതി നിലപാടും നിർണ്ണായകമാകും. കരുവന്നൂർ സഹകരണ ബാങ്കിലുണ്ടായത് 500 കോടിയുടെ ക്രമക്കേടെന്ന് ഇ.ഡി വിലയിരുത്തുന്നു. 150 കോടിയുടെ തട്ടിപ്പെന്ന ആദ്യ നിഗമനങ്ങൾ തിരുത്തിയാണ് ഇ.ഡിയുടെ പുതിയ നിഗമനം. ഇത് ഇനിയും വർധിച്ചേക്കുമെന്ന സൂചനയും ഇ.ഡി വൃത്തങ്ങൾ നൽകുന്നു.

കരുവന്നൂർ സഹകരണ ബാങ്കിൽ സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണമാണ് കൂടുതൽ ബാങ്കുകളിലേക്കും സിപിഎം നേതാക്കളിലേക്കും നീളുന്നത്. സതീഷ് കുമാറിന്റെ ബിനാമികളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക് അടക്കം തൃശൂർ ജില്ലയിലെ നാല് സഹകരണ ബാങ്കുകൾ വഴി പുറത്തേക്ക് കടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. കണ്ണനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

തൃശൂർ സഹകരണ ബാങ്ക്, അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക്, സതീഷ് കുമാറുമായി ബന്ധമുള്ള ചേർപ്പ് വെങ്ങിണിശേരി സ്വദേശി കൊന്നക്കപറമ്പിൽ സുനിൽകുമാറിന്റെ കുരിയച്ചിറ ഗോസായിക്കുന്നിലെ എസ്.ടി ജൂവലറി, വെങ്ങിണിശേരിയിലെ വീട്, സതീഷ് കുമാറിന് വേണ്ടി ആധാരങ്ങളും രേഖകളും തയാറാക്കിയിരുന്ന വിയ്യൂരിലെ ജോഫി കൊള്ളന്നൂർ, തൃശൂരിലെ ജോസ് കൂനംപ്ലാക്കൻ, തൃശൂരിലെ സാംസൺ എന്നീ ആധാരമെഴുത്തുകാരുടെ വീടും ഓഫിസുകളും സതീഷ് കുമാറിന്റെ ഇടപാടിലെ പങ്കാളി ചേർപ്പ് സ്വദേശി അനിൽകുമാറിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

വിദേശത്തുനിന്നെത്തിച്ചു കള്ളപ്പണം വെളുപ്പിച്ചതിന് പുറമേ പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം വൻതോതിൽ കൈക്കൂലിപ്പണവും സതീഷ് കുമാർ സഹകരണ ബാങ്കുകളിലൂടെ വെളുപ്പിച്ചിട്ടുണ്ടെന്നും ഇ.ഡി പറയുന്നു. മാസപ്പലിശക്ക് സതീഷിന്റെ കൈയിൽ പണം കൊടുക്കുകയായിരുന്നു ഇവരുടെ രീതി. ഇവരിൽനിന്നു സ്വരൂപിച്ച പണമടക്കം വിവിധ സഹകരണ ബാങ്കുകളിലെ ബിനാമി അക്കൗണ്ടുകളിൽ നിക്ഷേപിച്ചു വെളുപ്പിച്ചെടുക്കുകയായിരുന്നു സതീഷ് കുമാറിന്റെ രീതി.

സിപിഎം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലൂടെ സതീഷ് കുമാർ 10 വർഷത്തിനിടെ വെളുപ്പിച്ചത് കോടികളുടെ കള്ളപ്പണമാണെന്നാണ് വിവരം. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള നാല് അക്കൗണ്ടുകളിലേക്ക് സതീഷ് പണം നിക്ഷേപിച്ചശേഷം പിൻവലിച്ചതിന്റെ രേഖകൾ ഇ.ഡി കണ്ടെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP