Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവിതകാലം മുഴുവൻ നിരീശ്വരവാദിയായിരുന്ന കുരുണാനിധിയുടെ പേരിലും ക്ഷേത്രം! 'ഭൗതികവാദത്തിന്റെ ക്ഷേത്രം' എന്ന് പേരിട്ട അമ്പലം പണിയുന്നത് തമിഴ്‌നാട്ടിലെ പട്ടികജാതി വിഭാഗത്തിൽ പെടുന്ന അരുന്ധതിയാർ സമുദായം; തങ്ങളുടെ പ്രിയപ്പെട്ട മുൻ മുഖ്യമന്ത്രി ദൈവത്തിന്റെ അവതാരമാണെന്നും ഈശ്വരന് മാത്രം നൽകാൻ കഴിയുന്ന പലതും അദ്ദേഹം നൽകിയെന്നും സമുദായാംഗങ്ങൾ; ജയലളിതക്ക് പിന്നാലെ കലൈഞ്ജറും തമിഴകത്ത് ആരാധനാ മൂർത്തി!

ജീവിതകാലം മുഴുവൻ നിരീശ്വരവാദിയായിരുന്ന കുരുണാനിധിയുടെ പേരിലും ക്ഷേത്രം! 'ഭൗതികവാദത്തിന്റെ ക്ഷേത്രം' എന്ന് പേരിട്ട അമ്പലം പണിയുന്നത് തമിഴ്‌നാട്ടിലെ പട്ടികജാതി വിഭാഗത്തിൽ പെടുന്ന അരുന്ധതിയാർ സമുദായം; തങ്ങളുടെ പ്രിയപ്പെട്ട മുൻ മുഖ്യമന്ത്രി ദൈവത്തിന്റെ അവതാരമാണെന്നും ഈശ്വരന് മാത്രം നൽകാൻ കഴിയുന്ന പലതും അദ്ദേഹം നൽകിയെന്നും സമുദായാംഗങ്ങൾ; ജയലളിതക്ക് പിന്നാലെ കലൈഞ്ജറും തമിഴകത്ത് ആരാധനാ മൂർത്തി!

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: വീരാരാധനക്ക് പേരുകേട്ട സ്ഥലമാണ് തമിഴകം. തങ്ങൾ മനസ്സറിച്ച് സ്നേഹിക്കുന്ന രാഷ്ട്രീയ നേതാക്കളും സിനിമാ നടന്മാരുമെല്ലാം തമിഴ്മക്കൾക്ക് ദൈവം തന്നെയാണ്. എന്നാൽ ജീവിതംകാലം മുഴവൻ നിരീശ്വരവാദത്തിലും ഭൗതികവാദത്തിലും വിശ്വസിച്ചു ഒരു നേതാവിനെപ്പോലും അവർ ദൈവമാക്കുമെന്ന് ആരും കരുതിയില്ല. അതാണ് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന കലൈഞ്ജർ കരുണാനിധിയുടെ കാര്യത്തിൽ സംഭവിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിനുവേണ്ടിയും തമിഴ്‌നാട്ടിൽ ക്ഷേത്രം ഉയരുകയാണ്. നേരത്തെ മുഖ്യമന്ത്രിയായിരിക്കെ മരണമടഞ്ഞ ജയലളിതയ്ക്ക് തമിഴ്‌നാട്ടിൽ അമ്പലം ഉയർന്നിരുന്നു. സിനിമാ നടി ഖുശ്‌ബുവിന്റെ പേരിൽ മുമ്പ് ഒരു ക്ഷേത്രം ഉയർന്നിരുന്നെങ്കിലും എതിർപ്പ് കാരണം അത് ഒഴിവാക്കിയിരുന്നു.

കരുണാനിധിയോടുള്ള ആദരസൂചകമായി നിർമ്മിക്കുന്ന ക്ഷേത്രത്തിന് അദ്ദേഹത്തിന്റെ വിശ്വാസം അനുസരിച്ചുള്ള പേരാണ് നൽകിയിരിക്കുന്നതും. 'ഭൗതീകവാദത്തിന്റെ ക്ഷേത്രം' എന്നാണ് പേര്. തമിഴ്‌നാട്ടിലെ പട്ടികജാതി വിഭാഗത്തിൽ പെടുന്ന അരുന്ധതിയാർ സമുദായമാണ് കരുണാനിധിക്ക് വേണ്ടി ക്ഷേത്രം നിർമ്മിക്കുന്നത്. നാമക്കൽ ജില്ലയിലെ കുച്ചിക്കാടു ഗ്രാമത്തിൽ പണികഴിപ്പിക്കാൻ പോകുന്ന ക്ഷേത്രത്തിന്റെ 'ഭൂമിപൂജ' ഇന്നലെ നടന്നു. ദളിത് സമൂഹത്തിലെ ഈ വിഭാഗം ധാരാളമായി പാർക്കുന്ന പ്രദേശമാണ് കുച്ചിക്കാട്.

കരുണാനിധിയെ ദൈവത്തിന്റെ അവതാരമായിട്ടാണ് അരുന്ധതിയാർ കരുതുന്നത്. മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത ഒരു ദൈവീക സാന്നിദ്ധ്യം തങ്ങൾ കരുണാനിധിയഇൽ കാണുന്നുണ്ടെന്നാണ് സമുദായ നേതാക്കൾ പറയുന്നത്. ദൈവത്തിന് മാത്രം നൽകാൻ കഴിയുന്ന പലതും കലൈഞ്ജർ ഞങ്ങൾക്ക് തന്നിരുന്നതായും ഇവർ പറയുന്നു. തമിഴ്‌നാട്ടിൽ പട്ടികജാതിക്കാർക്കുള്ള 18 ശതമാനം സംവരണത്തിൽ മൂന്ന ശതമാനം തൊഴിൽ സംവരണം അരുന്ധതിയാർ സമുദായക്കാർക്ക് വേണ്ടി 2009 ൽ നടപ്പാക്കിയത് കരുണാനിധി ആയിരുന്നു. മറ്റു ദളിത് സമുദായക്കാരെ അപേക്ഷിച്ച് ജാതിശ്രേണിയിൽ ഏറ്റവും താഴെ നിൽക്കുന്നവരാണ് അരുന്ധതിയാർ. ഈ തൊഴിൽ സംവരണം അവർക്ക് ഗുണകരമായിരുന്നു.

തമിഴ്‌നാടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കിടക്കുന്ന തമിഴ്ജനസമൂഹം ഇപ്പോഴും കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. എന്നാൽ ഈ തൊഴിൽ സംവരണം തങ്ങളുടെ കുട്ടികൾക്കും എഞ്ചിനീയർമാരാകാനും ഡോക്ടർമാരാകാനും സ്വപ്നങ്ങൾ നൽകിയെന്നും സമുദായ നേതാക്കൾ പറയുന്നു. കരുണാനിധി മരണമടഞ്ഞ ദിവസം തന്നെ അദ്ദേഹത്തിനായി ക്ഷേത്രം നിർമ്മിക്കാൻ അരുന്ധതിയാർ സമുദായം തീരുമാനം എടുത്തിരുന്നു. അന്നുമുതൽ പണപ്പിരിവ് നടത്തുന്ന അവർ അടുത്തിടെ കുച്ചിക്കാട് ഭൂമി വാങ്ങിയിരുന്നു. ഇതിനായി പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് ഉദ്യോഗസ്ഥരെയും വച്ചായിരുന്നു പണസ്വരൂപണം നടത്തിയത്.

തങ്ങളുടെ ഭൂമിയിൽ കഴിയുന്നത്ര വലിയ ക്ഷേത്രം നിർമ്മിക്കാനാണ് ആഗ്രഹിക്കുന്നത്. ക്ഷേത്രത്തിനായി പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് 30 ലക്ഷമാണ്. കരുണാനിധിയുടെ വയസ്സിനോളം വലിപ്പം വരുന്ന പ്രതിമയായിരിക്കും ഇവിടെ പ്രതിഷ്ഠ. ഇതിനൊപ്പം ലൈബ്രറി, പാർക്ക്, കരുണാനിധി സമൂഹത്തിന് നൽകിയ സംഭവനകളെ ചൂണ്ടിക്കാട്ുന്ന ചരിത്രരേഖകളുടെ മ്യൂസിയം എന്നിവയും വരും. പ്രതിഷ്ഠയുടെ ഡിസൈൻ പൂർണ്ണരൂപത്തിലായിട്ടില്ല. ക്ഷേത്രമാണെങ്കിലും ഇവിടെ ഉത്സവമോ പൂജയോ ഉണ്ടാകില്ല. പകരം കരുണാനിധിയുടെ ജന്മദിനവും ചരമദിനവും മാത്രം ആഘോഷിക്കും. സംഭവത്തിന് ഡിഎംകെ അധികൃതർ പൂർണ്ണ പിന്തുണ നൽകിയിരിക്കുകയാണ്.

1969 ജൂലൈ 27നാണ് കരുണാനിധി ഡിഎംകെ പ്രസിഡന്റായി നിയമിതനായത്. ഡിഎംകെ സ്ഥാപകൻ സി എൻ അണ്ണാദുരെയുടെ മരണത്തെ തുടർന്ന് 1969ൽ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ കരുണാനിധി പിന്നീട് 71, 89, 96, 2006 വർഷങ്ങളിലും മുഖ്യമന്ത്രിയായി. പ്രതിപക്ഷ ഉപനേതാവ്, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. 1957ൽ കുളിത്തലൈ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജസ്റ്റിസ് പാർട്ടി നേതാവായിരുന്ന അഴഗിരി സാമിയുടെ പ്രസംഗത്തിൽ ആകൃഷ്ടനായി 14ാം വയസിലാണ് കരുണാനിധി പൊതുപ്രവർത്തന രംഗത്തേക്ക് ചുവടെടുത്ത് വച്ചത്. ഗ്രാമീണ യുവാക്കളെ ചേർത്ത് സംഘടന രൂപീകരിച്ച് അതിന്റെ പ്രചരണാർഥം 'മനവർ നേശൻ' എന്ന കൈയെഴുത്ത് മാസിക ആരംഭിച്ചു. 18ാം വയസിൽ 'തമിഴ്‌നാട് തമിൾ മാനവർ മൻഡ്രം' വിദ്യാർത്ഥി സംഘടന രൂപീകരിച്ചു.

ദ്രാവിഡ പ്രസ്ഥാനങ്ങളുടെ പേരിൽ ആദ്യമായി തുടങ്ങിയ വിദ്യാർത്ഥി സംഘടനയായിരുന്നു അത്. 1942ൽ മുരശൊലി പത്രം തുടങ്ങി. ഡിഎംകെയുടെ മുഖപത്രമയി അത് വളർന്നു. തമിഴ്‌നാട്ടിലാകെ അലയടിച്ച ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളിൽ അണിനിരന്ന് പൊതുരംഗത്ത് കൂടുതൽ സജീവമായി. 1953ൽ കല്ലെക്കുടിയിൽ നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. പ്രക്ഷോഭത്തിൽ രണ്ട് പേർ മരിക്കുകയും കരുണാനിധിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാഷ്ട്രീയത്തിന് പുറമെ സിനിമാ മേഖലയിലും സാഹിത്യ മേഖലയിലും നിറ സാന്നിധ്യമായിരുന്നു. വിദ്യാർത്ഥിയായിരിക്കെ നാടകരംഗത്ത് സജീവമായ അദ്ദേഹം ഇരുപത് വയസ് തികയും മുമ്പേ ആദ്യ സിനിമയ്ക്ക് തിരക്കഥയൊരുക്കി. 1947ൽ പുറത്തിറങ്ങിയ രാജകുമാരിയാണ് കരുണാനിധിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. എംജിആറായിരുന്നു നായകൻ.

എംജിആർ എന്ന നടന്റെ വളർച്ച തുടങ്ങിതും രാജകുമാരിയിലൂടെയായിരുന്നു. എംജിആറിന് സൂപ്പർതാര പദവി നേടിക്കൊടുത്ത മലൈക്കള്ളന്റെ തിരക്കഥയും കരുണാനിധിയുടേതായിരുന്നു. ശിവാജി ഗണേശനെയും താരമാക്കി വളർത്തിയതിൽ കരുണാനിധിക്ക് നിർണ്ണായക പങ്ക് വഹിക്കാനായി. തമിഴ്സാഹിത്യത്തിനും അദ്ദേഹം ശ്രദ്ധേയ സംഭാവന നൽകി. കവിത, പത്രപംക്തി, തിരക്കഥ, നോവൽ, ജീവചരിത്രം, നാടകം, സംഭാഷണം, പാട്ട് തുടങ്ങി കരസ്പർശമേൽക്കാത്ത സാഹിത്യ മേഖലയില്ല. ഗദ്യത്തിലും പദ്യത്തിലുമായി നൂറിലധികം കൃതികൾ അദ്ദേഹം രചിച്ചു.നാകപട്ടണം ജില്ലയിലെ തിരുക്കുവലൈയിൽ മുത്തുവേലന്റെയും തിരുമതി അഞ്ജുകം അമ്മിയാരുടെയും മകനായി 1924 ജൂൺ മൂന്നിനാണ് കുരുണാനിധി ജനിച്ചത്. കുരണാനിധി ജീവിതത്തിൽ ഉടനീളം നിരീശ്വരവാദമാണ് ഉയർത്തിപിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP