Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഴു വയസ്സുവരെ ഓടിചാടി നടന്ന പെൺകുട്ടി; സാധാരണ പനിയും പോളിയോയും കാലിന്റെ കരുത്തെടുത്തു; പഠിച്ചു മിടുക്കിയായി ജോലി നേടിയത് അച്ഛനും അമ്മയ്ക്കും താങ്ങാവാൻ; വായിലൂടെ അനസ്‌തേഷ്യ നൽകി ആ ജീവനും തങ്കം ആശുപത്രി അങ്ങെടുത്തു; കാർത്തികയും മെഡിക്കൽ അനാസ്ഥയുടെ ഇര

ഏഴു വയസ്സുവരെ ഓടിചാടി നടന്ന പെൺകുട്ടി; സാധാരണ പനിയും പോളിയോയും കാലിന്റെ കരുത്തെടുത്തു; പഠിച്ചു മിടുക്കിയായി ജോലി നേടിയത് അച്ഛനും അമ്മയ്ക്കും താങ്ങാവാൻ;  വായിലൂടെ അനസ്‌തേഷ്യ നൽകി ആ ജീവനും തങ്കം ആശുപത്രി അങ്ങെടുത്തു; കാർത്തികയും മെഡിക്കൽ അനാസ്ഥയുടെ ഇര

അഖിൽ രാമൻ

പാലക്കാട്: ഏഴാം വയസിൽ അസുഖം ബാധിച്ച കാൽ ശരിയാകുക അതായിരുന്നു കാർത്തികയുടെ ഏറ്റവും വലിയസ്വപ്നം. അതിനായി മനസ്സും ശരീരവും ഒരുക്കി എത്തിയപ്പോൾ കാത്തിരുന്നത് മരണം. വിധിയുടെ പെരും കളിയാട്ടത്തിന് മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കാർത്തികയുടെ ബന്ധുക്കളും നാട്ടുകാരും. ഓപ്പറേഷൻ തീയറ്ററിലേക്ക് പോകുമ്പോൾ പോലും ആത്മവിശ്വാസത്തോടെ തങ്ങളുടെ കൈകളിൽ പിടിച്ച് പേടിക്കേണ്ട എന്ന് പറഞ്ഞുപോയവളാണ് എന്ന് പറഞ്ഞ് വിതുമ്പുന്ന മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ബന്ധുമിത്രാദികൾ.

പുഞ്ചപാടം യു.പി സ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്ന കോങ്ങാട് ചെറായ കാക്കറത്ത് ഹരിദാസിന്റെയും ഉഷയുടെയും മൂത്തമകളാണ് കാർത്തിക(27). ആറേഴ് വയസ് വരെ ഓടിചാടി നടന്ന പെൺകുട്ടി. ഏഴാം വയസിൽ വന്ന ഒരു സാധാരണ പനി അവളുടെ കാലുകൾ പോളീയോ ബാധിക്കാൻ കാരണമായി. മനമിടറി എങ്കിലും മകളെ നെഞ്ചോട് ചേർത്ത് ആ അച്ഛനുമമ്മയും വളർത്തി. അവൾക്ക് ആവിശ്യമായ വിദ്യാഭ്യാസം നൽകി. കാലിന് ബാധിച്ച അസുഖത്തിന് പക്ഷെ കാർത്തികയുടെ മനസിന തൊടാൻ പോലും സാധിച്ചില്ല. വാശിയോടെ പഠിച്ചു. ആറ് വർഷങ്ങൾക്ക് മുൻപ് ശ്രീകൃഷ്ണപുരം സഹകരണബാങ്കിൽ ജോലി നേടി കാർത്തിക കുടുംബത്തിലെ അഭിമാനമായി. സ്വപ്നങ്ങൾ ബാക്കിയായിരുന്നു. രോഗം തളർത്തിയ തന്റെ കാലുകൾ ചികിത്സിച്ച് ഭേദമാക്കുക. തനിക്ക് തണലായ മാതാപിതാക്കൾക്ക് താങ്ങാവുക.

കാലിന്റെ അസുഖം ചെറുപ്പത്തിലെ ഓപ്പറേഷൻ ചെയ്യാൻ സാധിക്കുമായിരുന്നില്ല അതിന് കുറേ കാത്തിരിക്കണം എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ മനസും ശരീരവും അതിനായി തയ്യാറാക്കിയാണ് കാർത്തിക കാത്തിരുന്നത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് പാലക്കാട് പടിഞ്ഞാറേക്കരയിലുള്ള തങ്കം ഹോസ്പിറ്റലിലേക്ക് എത്തുന്നത്. ചികിത്സ ആരംഭിച്ചു. കാൽ ഓപ്പറേഷൻ ചെയ്യുവാനായി ഡോക്ടർ പറഞ്ഞ തീയതി ജൂലൈ രണ്ടായിരുന്നു. നേരത്തെ തന്നെ ഹോസ്പിറ്റലിൽ അഡ്‌മിറ്റായി എങ്കിലും ജൂലൈ രണ്ടിന് ശസ്ത്രക്രിയ ചെയ്യുവാൻ സാധിച്ചില്ല. തുടർന്ന് അഞ്ചാം തീയതിയിലേക്ക് ശസ്ത്രക്രയ മാറ്റി. ഓപ്പറേഷൻ തീയറ്ററിലേക്ക് വീൽ ചെയറിൽ പോകുമ്പോഴും കാർത്തിക നല്ല ആത്മവിശ്വാസത്തിലായിരുന്നു.

എന്തെങ്കിലും പ്രശ്നം തോന്നിയാൽ ഡോക്ടറിനോട് താൻ പറഞ്ഞ് കൊള്ളാം എന്ന് പറഞ്ഞ് മാതാപിതാക്കളേ അവൾ ആശ്വസിപ്പിച്ചു. അനസ്തേഷ്യ ട്യൂബ് വഴി തൊണ്ടയിലുടെ ഇറക്കിയാണ് നൽകുന്നത് എന്നത് നേരത്തേ അറിഞ്ഞിരുന്നതിനാൽ അത് വേണ്ട വലിയബുദ്ധിമുട്ടാണ് എന്ന് കാർത്തികയും മാതാപിതാക്കളും ഡോക്ടർമാരേ അറിയിച്ചിരുന്നു. എന്നാൽ അങ്ങനെ ചെയ്യില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. ശസ്ത്രക്രിയ ആരംഭിച്ചു രാത്രി 9 മണിയോടെയാണ് കാർത്തിക മരിച്ചു എന്ന് ബന്ധുക്കളെ ആശുപത്രി അധികാരികൾ അറിയിച്ചത്. വായിലൂടെ തന്നെയാണ് അനസ്തേഷ്യ നൽകിയത് എന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ശ്വാസകോശത്തിനുള്ളിൽ ഫ്ളൂയിഡ് നിറഞ്ഞ് ഹാർട്ട് അറ്റാക്ക് വന്നതിനാലാണ് മരണം സംഭവിച്ചത് എന്നാണ് ഹോസ്പിറ്റൽ അധികാരികൾ പറയുന്നത്.

രണ്ട് ദിവസത്തിനുള്ളിൽ നവജാതശിശു ഉൾപ്പടെ മൂന്ന് മരണം. പാലക്കാട് പടിഞ്ഞാറേക്കരയിലുള്ള തങ്കം എന്ന ഈ അശുപത്രി വിവാദത്തിന്റെ നീർ ചുഴിയിലാണ്. ഞായറാഴ്ച പുലർച്ചെയാണ് ചിറ്റൂർ തത്തമംഗലം ചെമ്പകശ്ശേരിൽ രജ്ഞിത്തിന്റെ ഭാര്യ ഐശ്വര്യയുടെ കുഞ്ഞ് മരണമടഞ്ഞത്. പ്രസവസമയത്തെ കുഞ്ഞ് മരിച്ചിരുന്നു. അമിതരക്തസ്രാവം ഉൾപ്പടെയുള്ള ഗുരുതരആര്യോഗ്യപ്രശ്നങ്ങളെ തുടർന്ന് മാതാവ് ഐശ്വര്യയെ തീവ്രപരിചരണവിഭാഗത്തിലും പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പത്തരയോടെ ഐശ്വര്യ (25) മരിക്കുകയും ചെയ്തു. ഇതേ തുടർന്ന് വലിയ കോലാഹലങ്ങളാണ് ഉണ്ടായത്. ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചതോടെ ആശുപത്രി പരിസരം സംഘർഭരിതമായി. കുഞ്ഞിന്റെ മരണം ചികിത്സാപിഴവ് കൊണ്ടാണ് എന്നുള്ള ബന്ധുക്കളുടെ പരാതിയേ തുടർന്ന് ആശുപത്രി അധികൃതർക്കേതിരേ പൊലീസ് കേസ് എടുത്തിരുന്നു. ഗർഭിണി ആയിരിക്കേ പരിശോധിച്ച ഡോക്ടർ പ്രസവസമയത്ത് ഹോസ്പിറ്റലിൽ ഇല്ലായിരുന്നു എന്നും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്ത് എടുത്തതിലടക്കം വീഴ്ച ആയിരുന്നു എന്നും പരാതിയിൽ ബന്ധുക്കൾ ആരോപിച്ചു.

ഈ സാഹചര്യം നിലനിൽക്കെയാണ് തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന മാതാവ് മരണപ്പെടുന്നത്. ഇതോടെ കാര്യങ്ങൾ നിയന്ത്രണവിധേയമല്ലാതെയായി. ഐശ്വര്യയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയുടെ മുന്നിൽ സംഘടിക്കുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ക്രമസമാധനനില തകരാറിലായതിനെ തുടർന്ന് പൊലീസ് നിരവധി തവണ ഐശ്വര്യയുടെ ബന്ധുക്കളെയും നാട്ടുകാരേയും സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ഇത് അനാസ്ഥയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെയും ഹോസ്പിറ്റൽ അധികാരികളുടെയും പേരിൽ കൊലപാതകകുറ്റത്തിന് കേസ് എടുക്കണം എന്നാവിശ്യത്തിൽ ബന്ധുക്കൾ ഉറച്ച് നിന്നു. തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 എ വകുപ്പ് പ്രകാരം മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഡോക്ടർമാർക്ക് എതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന യുവജനകമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി 9 മണിക്കാണ് സഹകരണബാങ്ക് ഉദ്യോഗസ്ഥയായ കാർത്തികയുടെ മരണം ബന്ധുക്കളേ അറിയിച്ചത്. ഇതോടെ തങ്കം ഹോസ്പിറ്റലിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതുകൊണ്ട് തന്നെ വലിയകരുതലോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെടുന്നത്. ഹോസ്പിറ്റലിന് നേരേ ജനരോക്ഷത്തെ തുടർന്ന് ആക്രമണം ഉണ്ടാകുമോ എന്ന് പൊലീസ് ആശങ്കപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹോസ്പിറ്റലിന്റെ സുരക്ഷ പൊലീസിന് തലവേദനയാവുകയാണ്. കാർത്തികയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണ് എന്നുള്ള ഹോസ്പിറ്റൽ മനേജ്മെന്റിന്റെ വാദം പൊലീസ് മുഖവിലക്ക് എടുത്തിട്ടില്ല. കാർത്തികയുടെ ശരീരം പോസ്മാർട്ടം ചെയ്ത് റിപ്പോർട്ട് വന്നതിന് ശേഷം ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസിന്റെ തുടർ നടപടികൾ എന്ന് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ സിഐ ഷിജു. കെ ഏബ്രഹാം മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP