Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത് രണ്ടുതവണ; ഡാറ്റ പുറത്തുവിട്ട് ഗ്ലോബൽ ഫ്‌ളൈറ്റ് ട്രാക്കർ വെബ്‌സൈറ്റ്; പറന്നിറങ്ങും മുമ്പ് വിമാനം പലവട്ടം മുകളിലേക്കും താഴേക്കും പോയതായി രക്ഷപ്പെട്ട യാത്രക്കാർ; കനത്ത മഴയും ടേബിൾ ടോപ് റൺവേയുടെ പരിമിതിയും പൈലറ്റിന് വെല്ലുവിളിയായി; പരിചയസമ്പന്നനെങ്കിലും ക്യാപ്റ്റൻ ഡി.വി.സാഠേയ്ക്ക് ഒരുനിമിഷം പിഴച്ചു; പ്രത്യേക വിമാനത്തിൽ സിവിൽ വ്യോമയാന വിദഗ്ദ്ധർ പുലർച്ചെ കോഴിക്കോട്ടെത്തും; കേന്ദ്ര മന്ത്രി വി.മുരളീധരനും കോഴിക്കോട്ടേക്ക്

എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത് രണ്ടുതവണ; ഡാറ്റ പുറത്തുവിട്ട് ഗ്ലോബൽ ഫ്‌ളൈറ്റ് ട്രാക്കർ വെബ്‌സൈറ്റ്; പറന്നിറങ്ങും മുമ്പ് വിമാനം പലവട്ടം മുകളിലേക്കും താഴേക്കും പോയതായി രക്ഷപ്പെട്ട യാത്രക്കാർ; കനത്ത മഴയും ടേബിൾ ടോപ് റൺവേയുടെ പരിമിതിയും പൈലറ്റിന് വെല്ലുവിളിയായി; പരിചയസമ്പന്നനെങ്കിലും ക്യാപ്റ്റൻ ഡി.വി.സാഠേയ്ക്ക് ഒരുനിമിഷം പിഴച്ചു; പ്രത്യേക വിമാനത്തിൽ സിവിൽ വ്യോമയാന വിദഗ്ദ്ധർ പുലർച്ചെ കോഴിക്കോട്ടെത്തും; കേന്ദ്ര മന്ത്രി വി.മുരളീധരനും കോഴിക്കോട്ടേക്ക്

മറുനാടൻ ഡെസ്‌ക്‌

 കോഴിക്കോട്: അപകടത്തിൽപെട്ട വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡു ചെയ്യാൻ ശ്രമിച്ചത് രണ്ടു തവണ. ഡാറ്റ പുറത്ത് വിട്ട് ആഗോള ഫ്‌ളൈറ്റ് ട്രാക്കർ വെബ്സൈറ്റ്. ഇന്ത്യൻ എക്‌സപ്ര്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫ്‌ളൈറ്റ് റഡാർ 24 ഒരു ഫ്‌ളൈറ്റിന്റെ യഥാർഥ പറക്കൽ സമയം ട്രാക്ക് ചെയ്യും. ഗ്ലോബൽ ഫ്‌ളൈറ്റ് ട്രാക്കറിന്റെ രേഖകൾ പ്രകാരം, കരിപ്പൂരിലെ ടേബിൾടോപ് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ഇറങ്ങാൻ നോക്കിയത് രണ്ടുവട്ടം. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിന് മുമ്പ് വിമാനത്താവളത്തെ വിമാനം ചുറ്റുന്നുണ്ട്്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ചിലർ ടെലിവിഷൻ ചാനലുകളോട് പറഞ്ഞത് പ്രകാരം ലാൻഡ് ചെയ്യുന്നതിന് മുമ്പ് വിമാനം പലവട്ടം മുകളിലേക്കും താഴേക്കും പോയി. റൺവേ തൊട്ടുകഴിഞ്ഞപ്പോഴാണ് ദുരന്തം സംഭവിച്ചതും.

അപകട സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. പൈലറ്റിന് വ്യക്തമായി വിമാനത്താവളം കാണാൻ കഴിഞ്ഞില്ലെന്നാണ് വിവരം. ലാൻഡു ചെയ്തത് റൺവേയിൽ മുന്നോട്ടു കയറിയാണെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. മൂന്നാട്ടു നീങ്ങിയ വിമാനം റൺവേ കടന്ന് മുന്നോട്ടു പോയി. മംഗലാപുരത്തേത് പോലെ ടേബിൾ ടോപ്പ് റൺവേ ആണ് കരിപ്പൂരിൽ ഉള്ളത്. ഇത്തരം റൺവേകൾക്ക് ദൈർഘ്യം കുറവാണ്. അതിനാൽ ലാൻഡ് ചെയ്താൽ ഏറെ ദൂരം വിമാനം ഓടിക്കാനും സാധിക്കില്ല. ഇത്തരം വിമാനത്താവളങ്ങളിൽ വിമാനം ഇറക്കുവാൻ സാങ്കേതിക വൈദഗ്ദ്യം കൂടുതൽ ആവശ്യമാണ്. അതിനാൽ ലാൻഡിങ് സമയത്ത് പൈലറ്റിന് സംഭവിക്കുന്ന ചെറിയ പിഴവ് പോലും ദുരന്തത്തിന് വഴിവച്ചേക്കും.

കുന്നുകളുടെ മുകൾ ഭാഗം സമതലമാക്കിയാണ് മിക്ക ടേബിൾ ടോപ്പ് റൺവേകളും നിർമ്മിച്ചിട്ടുള്ളത്. ആയതിനാൽ ചെറിയ പിഴവ് പോലും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. റൺവേ കഴിഞ്ഞുള്ള ഭാഗം വരുന്നത് വലിയ താഴ്ചയാണ്. ഇത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പല തവണ നിർദ്ദേശം വന്നെങ്കിലും, റൺവേ വികസനം വേണ്ടത്ര നടന്നിട്ടില്ല.കരിപ്പൂർ വിമാനത്താവളം ഒരു ടേബിൾ ടോപ് വിമാനത്താവളമായതിന്റെ ബാക്കിയാണ് ഈ അപകടമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. മംഗലാപുരത്തുണ്ടായതിനു സമാനമായ സാഹചര്യമാണ് ഇവിടെയും ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്

കഴിഞ്ഞ വർഷം ദുരന്തം ഒഴിവായത് ഭാഗ്യത്തിന്

കഴിഞ്ഞ വർഷം ഡിസംബർ 24ന് ഇവിടെ ദുരന്തം ഭാഗ്യം കൊണ്ട് ഒഴിയുകയയായിരുന്നു.വൈകുന്നേരം 6.13ന് ജിദ്ദയിൽ നിന്നുള്ള സ്‌പൈസ് ജെറ്റിന്റെ എസ് ജി 36 വിമാനം കരിപ്പൂരിൽ ലാൻഡ് ചെയ്ത് റൺവേയിലൂടെ ഓടുന്ന സമയത്ത് പിറകിലെ ടയറുകളിൽ ഒന്ന് പൊട്ടുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും അടക്കം 186 പേരായിരുന്നു വിമാനത്തിൽ. റൺവേയിൽ നിർത്തിയ വിമാനത്തിൽ നിന്നും യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റി ആണ് ടെർമിനലിൽ എത്തിച്ചത്.

വിമാനം നിയന്ത്രണം തെറ്റി തെന്നി മാറിയില്ലെങ്കിൽ മംഗലാപുരത്ത് സംഭവിച്ചതുപോലെ വൻ ദുരന്തം ഉണ്ടായേനെ എന്നായിരുന്നു വിലയിരുത്തൽ. കാലപ്പഴക്കം കാരണമാണ് ടയർ പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം അടക്കം ഡി.ജി.സി.എ. വിശദമായി അന്വേഷിക്കും.ഇറങ്ങുന്ന സമയത്ത് വിമാനത്തിന്റെ മുഴുവൻ ഭാരവും ടയറുകളിൽ ചുമത്തപ്പെടും. ലാൻഡ് ചെയ്യുന്ന സമയത്തു ടയർ പൊട്ടിയിരുന്നെങ്കിൽ തീ പിടിക്കാൻ ഉള്ള സാധ്യത കൂടുമായിരുന്നു. ലാൻഡ് ചെയ്ത് ഓടി തുടങ്ങിയ ശേഷം ടയർ പൊട്ടിയതുകൊണ്ടാണ് ദുരന്തം വഴി മാറിയത്.

മംഗലാപുരം ദുരന്തം ഇങ്ങനെ

രാജ്യം കണ്ട ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായ മംഗലാപുരം ദുരന്തം നടന്നത് 2010 മെയ് 22നു രാവിലെ 6.07ന്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം റൺവേയുടെ അറ്റത്തുള്ള സിഗ്‌നൽ തൂണിൽ ഇടിച്ചു ചിറകൊടിഞ്ഞു സമീപത്തെ കൊക്കയിലേക്കു വീണു കത്തിയമരുകയായിരുന്നു. വിമാനത്തിൽ 160 യാത്രികരും 6 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. അതിൽ 158 പേരും വെന്തുമരിച്ചു. എട്ട് പേർ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.ആറു കിലോമീറ്റർ ദൂരത്തുതന്നെ റൺവേ കാണാൻ കഴിയുമായിരുന്ന തെളിഞ്ഞ അന്തരീക്ഷമായിരുന്നു അന്ന്. വിമാനം നിയന്ത്രിച്ചിരുന്നത് പതിനായിരത്തിലേറെ മണിക്കൂർ വിമാനം പറത്തി പരിചയമുള്ള കമാൻഡറും ഇന്ത്യയിൽതന്നെ രണ്ട് എയർലൈനുകളിൽ ജോലിചെയ്തിരുന്ന കോ-പൈലറ്റും. ഒരുതരത്തിലും ആശങ്കാജനകമല്ലാത്ത സാഹചര്യത്തിലുണ്ടായ ഈ അപകടം നിർഭാഗ്യകരം എന്നുതന്നെ വേണം പറയാൻ.

ഇന്ത്യയിൽ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമാണ് മംഗലാപുരത്തുണ്ടായത്. 1996-ലെ ചക്രി ദർദി വിമാനാപകടത്തിൽ 349 പേർ മരിച്ചതും, 1978-ൽ 213 പേർ മരിച്ച എയർ ഇന്ത്യ വിമാനം 855-ഉം ആണ് സംഭവിച്ച മറ്റു രണ്ടു വലിയ ദുരന്തങ്ങൾ. ടേബിൾടോപ്പ് റൺവേയുള്ള മംഗലാപുരത്തെ വിമാനത്താവളത്തിൽ റൺവേ തെറ്റിയതുകൊണ്ടുണ്ടായ രണ്ടാമത്തെ അപകടവുമായിരുന്നു ഇത്. മംഗലാപുരം റൺവേയെപ്പറ്റി ഏറെ ധാരണയുള്ള ബ്രിട്ടിഷുകാരനായ സെർബിയൻ വംശജൻ ക്യാപ്റ്റൻ സെഡ് ഗ്ലീസിയയ്ക്ക് സംഭവിച്ച പിഴവാണ് അപകടകാരണം എന്നായിരുന്നു കണ്ടെത്തൽ.

മംഗലാപുരത്ത് അമിത വേഗവും വില്ലനായി

മംഗലാപുരം വിമാനത്താവള റൺവേയിൽ ശനിയാഴ്ച കാലത്ത് ഏഴായിരം അടിക്കപ്പുറത്തു നിലംതൊടുകയും നിമിഷങ്ങൾക്കകം കുത്തനെയുള്ള മലഞ്ചെചരിവിലൂടെ താഴേക്കു മറിഞ്ഞു തകരുകയും ചെയ്ത എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അനുവദനീയമായതിന്റെ ഇരട്ടിയോളം വേഗത്തിലാണു റൺവേയെ സമീപിച്ചതെന്ന് അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. നിലംതൊടാൻ താഴ്ന്നുപറന്നു വരുമ്പോൾ മണിക്കൂറിൽ 220 കിലോമീറ്ററാണ് അനുവദനീയമായ പരമാവധി വേഗം. എന്നാൽ, സെർബിയൻ കമാൻഡർ സെഡ് ഗ്ലൂസിയ ഈ വിമാനം റൺവേയിലേക്ക് ഇറക്കാൻ ശ്രമിക്കുമ്പോൾ വേഗം മണിക്കൂറിൽ 400 കിലോമീറ്ററോളമായിരുന്നു.

വിമാനം റൺവേയിൽ ഇറങ്ങുന്നതിനു സഹായിക്കുന്ന ഐഎൽഎസ് സൂചിപ്പിച്ച ശരിയായ ചരിവിലാണു വിമാനം ഇറങ്ങിക്കൊണ്ടിരിക്കുന്നതെന്നു ഗ്ലൂസിയ മംഗലാപുരത്തെ വ്യോമഗതാഗത നിയന്ത്രകരോടു പറഞ്ഞതു സത്യമല്ലായിരുന്നുവെന്നും അന്വേഷണ സംഘങ്ങൾ കരുതുന്നു. യഥാർഥത്തിൽ ഇറങ്ങേണ്ട ചരിവായ മൂന്നു ഡിഗ്രിയിലും കുറഞ്ഞ ചരിവിലാണു വിമാനം റൺവേയെ സമീപിക്കുന്നതെന്നു കോക്പിറ്റിലെ ഡയലുകളിൽ നിന്നു വ്യക്തമായിട്ടും പൈലറ്റ് കൺട്രോൾ ടവറിലുള്ളവരോട് അക്കാര്യം മറച്ചുവച്ചതു വിമാനം വൈകുന്നത് ഒഴിവാക്കാനായിരുന്നുവെന്നാണു കരുതേണ്ടത്. റൺവേയ്ക്കു സമീപമെത്തിയിട്ടും കൃത്യമായ ചരിവു ലഭിക്കാതെ വരികയോ കൃത്യമായ ചരിവിൽ 450 അടി പൊക്കമെത്തുമ്പോഴും റൺവേ കാണാൻ കഴിയാതിരിക്കുകയോ ചെയ്താൽ വിമാനം ഇറങ്ങാൻ ശ്രമിക്കാതെ വീണ്ടും ഉയർന്നു കറങ്ങി വന്നു ലാൻഡ് ചെയ്യാൻ ശ്രമിക്കുകയാണു വേണ്ടത്. ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പല പൈലറ്റുമാരും ഇത്തരം ചെറുനുണകൾ പറയുന്നത് അസാധാരണമല്ല. പക്ഷേ ഇങ്ങനെ പൈലറ്റിന്റെ അമിത ആത്മവിശ്വാസവും ഇവിടെ വില്ലനായി. എന്നാൽ കരിപ്പൂരിൽ ഇതിൽ എന്താണ് സംഭവിച്ചത് എന്ന് ഇനിയും അന്വേഷണത്തിലൂടെയാണ് പുറത്തുവരേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP