Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരിപ്പൂർ വിമാനാപകടം: അന്വേഷണത്തിനായി അഞ്ചംഗ സമിതി; ക്യാപ്റ്റൻ എസ്.എസ്. ചഹറിന്റെ നേതൃത്വത്തിൽ അന്വേഷണം; അഞ്ചു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശം; സമിതിയെ നിയോഗിച്ചത് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ; തീരുമാനം കരിപ്പൂരിൽ വലിയ വിമാനങ്ങൾ നിരോധിച്ച് രണ്ടുദിവസത്തിന് ശേഷം; റൺവേയിലെ പ്രശ്‌നങ്ങളടക്കം സമഗ്രാന്വേഷണം സമിതിയുടെ ദൗത്യം

കരിപ്പൂർ വിമാനാപകടം: അന്വേഷണത്തിനായി അഞ്ചംഗ സമിതി; ക്യാപ്റ്റൻ എസ്.എസ്. ചഹറിന്റെ നേതൃത്വത്തിൽ അന്വേഷണം; അഞ്ചു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശം; സമിതിയെ നിയോഗിച്ചത് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ; തീരുമാനം കരിപ്പൂരിൽ വലിയ വിമാനങ്ങൾ നിരോധിച്ച് രണ്ടുദിവസത്തിന് ശേഷം; റൺവേയിലെ പ്രശ്‌നങ്ങളടക്കം സമഗ്രാന്വേഷണം സമിതിയുടെ ദൗത്യം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കരിപ്പൂരിലെ എയർഇന്ത്യ എക്‌സപ്രസ് വിമാനാപകടം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആണ് സമിതിയെ നിയോഗിച്ചത്. ക്യാപ്റ്റൻ എസ്.എസ്. ചഹറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അഞ്ചു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡയറക്ടർ ജനറൽ അരബിന്ദോ ഹന്ദയാണ് ക്യാപ്റ്റൻ എസ്.എസ്. ചഹറിനെ അന്വേഷണത്തിനായി നിയോഗിച്ചത്.

രണ്ട്ദിവസം മുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽ മൺസൂൺ കാലത്ത് വലിയ വിമാനങ്ങൾ ഡിജിസിഎ നിരോധിച്ചിരുന്നു. 18 പേരുടെ ജീവനെടുത്ത എയർ ഇന്ത്യ എക്സപ്രസ് വിമാനാപകടത്തെ തുടർന്നാണ് തീരുമാനം. വൈഡ് ബോഡി എയർക്രാഫ്റ്റുകൾ മഴക്കാലത്ത് കരിപ്പൂരിൽ ലാൻഡ് ചെയ്യുന്നത് അപകടം വരുത്തി വയ്ക്കുമെന്ന വിമർശനങ്ങളെ തുടർന്നാണ് ഡിജിസിഎ തീരുമാനം. കനത്തമഴ ലഭിക്കുന്ന വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താനും ഡിജിസിഎ തീരുമാനിച്ചു.

കരിപ്പൂർ വിമാനാപകടത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് ഊഹാപോഹങ്ങൾ അരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌സിങ് പുരി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. കോഴിക്കോട് അപകടത്തിൽ പെട്ട വിമാനം ബി-737-800 വിമാനമാണ്. ഇതൊരു വലിയ വിമാനമല്ല. (വൈഡ് ബോഡി എയർ ക്രാഫ്റ്റിന് രണ്ട് ഇടനാഴികൾ അടക്കം 10 സീറ്റ് വരെ ഒരുനിരയിൽ ഉണ്ടാകും. ചെറുവിമാനങ്ങൾക്ക് ഒരു ഇടനാഴി അടക്കം ഒരുനിരയിൽ ആറ് സീറ്റുകൾ വരെയും)

വലിയ വിമാനങ്ങളുടെ ലാൻഡിങ്ങിന്റെ കാര്യത്തിൽ ഡിജിസിഎ സൂക്ഷ്മമായ വിലയിരുത്തലുകളും സമഗ്രമായ പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി ഹർദീപ്‌സിങ് പുരി പറഞ്ഞിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ വൈഡ് ബോഡി എയർക്രാഫ്റ്റുകളുടെ ലാൻഡിംഗിന് 2015 ൽ നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും, ഹർദീപ്‌സിങ് പുരി 2019 ജൂലൈയിൽ ഈ നിരോധനം നീക്കിയതാണ് അപകടത്തിന് കാരണമായതെന്ന് രവ്‌നീത് സിങ് ബിട്ടു ആരോപിച്ചതോടെയാണ് മന്ത്രി മറുപടിയുമായി എത്തിയത്. കനത്ത മഴയുള്ളപ്പോൾ, മോശം റൺവേ ലൈറ്റിംഗും, ഗ്രൗണ്ട് അറസ്റ്ററും ഇല്ലാത്ത കരിപ്പൂരിൽ ലാൻഡിങ് പാടില്ലെന്ന് പലവട്ടം മുന്നറിയിപ്പുകൾ നൽകിയതാണെന്നും അവയൊക്കെ അവഗണിച്ചുവെന്നും ശശി തരൂർ വിമർശിച്ചിരുന്നു. അതേസമയം, കരിപ്പൂരിൽ ഒരുവർഷം 32 ലക്ഷം യാത്രക്കാരാണ് സഞ്ചരിക്കുക എന്നും ദിനംപ്രതി 70-80 വിമാനങ്ങളാണ് പറക്കുന്നതെന്നും കേന്ദ്ര മന്ത്രി മറുപടി നൽകി. ഈ വിമാനങ്ങളിൽ വൈഡ് ബോഡി വിമാനങ്ങൾ വെറും 4 ശതമാനം മാത്രമാണെന്നും ഹർദീപ് സിങ് പുരി പറഞ്ഞു.

റൺവേയിലെ പ്രശ്നങ്ങൾക്ക് നോട്ടീസ് നേരത്തെയും

അതേസമയം, കരിപ്പൂർ വിമാനത്താവള റൺവേയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കഴിഞ്ഞ വർഷം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തിലെ പ്രധാന റൺവെയിൽ റബ്ബർ അവശിഷ്ടങ്ങൾ ഉണ്ടെന്നും റൺവേയിൽ വെള്ളം കെട്ടി കിടക്കുന്നുവെന്നും വ്യോമയാനമന്ത്രാലയം വിമാനത്താവള ഡയറക്ടറെ അറിയിച്ചിരുന്നു. റൺവേയിൽ വിള്ളലുകളുണ്ടെന്നും അനുവദനീയമല്ലാത്ത ചെരിവുണ്ടെന്നും കണ്ടെത്തിയിരുന്നു.

സർവീസിന് ശേഷം വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലത്തും വിള്ളലുകൾ കണ്ടെത്തി. കാലാവസ്ഥ സൂചന നൽകുന്ന ഡിജിറ്റൽ ഡിസ്പ്ലേ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. അത്യാഹിത സാഹചര്യമുണ്ടായാൽ നേരിടാൻ വേണ്ട അഗ്‌നിശമന വസ്തുക്കൾ ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിരുന്നില്ല തുടങ്ങിയ പ്രശ്‌നങ്ങളും കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡി.സി ശർമ കരിപ്പൂർ വിമാനത്താവള അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അതുകൊണ്ടുതന്നെ ഇത്തരം പരാതികൾ ഡിജിസിഎ പരിഗണിച്ചിരുന്നുവെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ നിലപാട്.

സാധാരണ വിമാനത്താവളങ്ങളിൽ നിന്ന് വളരെയേറെ മിനുസമായ റൺവേയാണ് കരിപ്പൂരിലേത്. സാധാരണ കാലാവസ്ഥയിൽ പോലും ലാൻഡിങ് അപകടസാദ്ധ്യതയുള്ളതാണ്. മഴക്കാലത്താണെങ്കിൽ തെന്നിമാറി അപകടമുണ്ടാകാനുള്ള സാദ്ധ്യത ഇരട്ടിയാകും. ഇത്തരത്തിൽ റൺവേ നിർമ്മിച്ചതിന് എയർപോർട്ട് ഡയറക്ടർക്ക് ഡി.ജി.സി.എ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് റൺവേ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അപകടസാദ്ധ്യത ഒട്ടും കുറഞ്ഞില്ല. ഇതെല്ലാം ഡി.ജി.സി.എ ഗൗരവമായാണ് കാണുന്നത്. റൺവേയുടെ ഇരുവശങ്ങളിലുമായി 100 മീറ്റർ സ്ഥലം നിർബന്ധമായി വേണമെന്നാണ് വ്യവസ്ഥ. എന്നാൽ, കരിപ്പൂരിൽ ഇത് 75 മീറ്റർ മാത്രമാണ്. ഏതായാലും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തിട്ടുണ്ടെന്നും ഡിജിസിഎയുടെ അന്വേഷണത്തിലെ കണ്ടെത്തലുകൾ പരസ്യമാക്കുമെന്നും ഹർദീപ്‌സിങ് പുരി ഉറപ്പുനൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP