Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാം മറന്ന് മാസ്‌ക് ധരിച്ച് ഓടി എത്തിയത് ജീവനുകളുടെ വില തിരിച്ചറിഞ്ഞ്; രണ്ടായി പിളർന്ന വിമാനത്തിൽ നിന്നുയരുന്ന പുകയും ഇന്ധന ചോർച്ചയിലെ ആശങ്കയും കാര്യമാക്കിയില്ല; വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ സന്നദ്ധ സേനയെ അതിവേഗം ഒരുക്കിയത് കൺമുന്നിൽ പിടയുന്ന മനുഷ്യരുടെ വേദനയ്ക്ക് ആശ്വാസം നൽകാൻ; കാറുമായി വന്നവരെല്ലാം പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയി; കരിപ്പൂരിലേത് കോവിഡിലെ സാമൂഹിക അകലം മറന്നുള്ള രക്ഷാപ്രവർത്തനം; കൊണ്ടോട്ടിക്കാർ കാട്ടിയത് അസാമാന്യ ധൈര്യം

എല്ലാം മറന്ന് മാസ്‌ക് ധരിച്ച് ഓടി എത്തിയത് ജീവനുകളുടെ വില തിരിച്ചറിഞ്ഞ്; രണ്ടായി പിളർന്ന വിമാനത്തിൽ നിന്നുയരുന്ന പുകയും ഇന്ധന ചോർച്ചയിലെ ആശങ്കയും കാര്യമാക്കിയില്ല; വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ സന്നദ്ധ സേനയെ അതിവേഗം ഒരുക്കിയത് കൺമുന്നിൽ പിടയുന്ന മനുഷ്യരുടെ വേദനയ്ക്ക് ആശ്വാസം നൽകാൻ; കാറുമായി വന്നവരെല്ലാം പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയി; കരിപ്പൂരിലേത് കോവിഡിലെ സാമൂഹിക അകലം മറന്നുള്ള രക്ഷാപ്രവർത്തനം; കൊണ്ടോട്ടിക്കാർ കാട്ടിയത് അസാമാന്യ ധൈര്യം

മറുനാടൻ മലയാളി ബ്യൂറോ

കരിപ്പൂർ: 35 അടി താഴ്ചയിലേക്ക വീണ വിമാനം. ഓടിയെത്തിയവർ കണ്ടത് രണ്ടായി പിളർന്ന വിമാനത്തെ. പുക ഉയരുന്നു. ഏത് നിമിഷവും പൊട്ടിത്തെറിക്കാം... വിമാന ദുരന്തങ്ങളിൽ തീഗോളത്തിന്റെ സാധ്യത ഏവർക്കും അറിയാം. പക്ഷേ അതൊന്നും കൊണ്ടോട്ടിക്കാരെ പിന്നോട്ട് അടിച്ചില്ല. അവർ ഒരു മനസ്സോടെ ഒരുമിച്ചു. വിമാനത്തിൽ എത്തുന്നവർക്ക് കോവിഡ് വൈറസിന്റെ സാന്നിധ്യത്തിന്റെ സാധ്യതയും കൂടുതലാണ്. ഇതും മലയാളി അനുഭവിച്ച് അറിഞ്ഞതാണ്. ഇതും കൊണ്ടോട്ടിക്കാരെ പിന്നോട്ട് അടിച്ചില്ല. മാസ്‌ക് ധരിച്ച് അവർ രക്ഷാ ദൗത്യത്തിന് ഇറങ്ങി. വിമാനത്തിനുള്ളിൽ ജീവൻ പണയം വച്ച് അവർ അകത്തേക്ക് കയറി. അങ്ങനെ പരിക്കേറ്റവർ അതിവേഗം ആശുപത്രിയിൽ എത്തി. കൊണ്ടോട്ടിക്കാരുടെ മനസ്സാണ് കരിപ്പൂരിലെ ദുരന്തത്തിനിടെയിലും മനുഷ്യ മനസാക്ഷിക്ക് മുമ്പിൽ രക്ഷാപ്രവർത്തനത്തിന്റെ പുതിയ ചരിത്രമാകുന്നത്.

രണ്ട് മണിക്കൂർ കൊണ്ടാണ് വിമാനത്തിലെ രക്ഷാ ദൗത്യം പൂർത്തീകരിച്ചത്. ഏഴേ മുക്കാലോടെയായിരുന്നു അപകടം. രണ്ട് വലിയ ശബ്ദം കേട്ട് ഓടിയെത്തിയ കൊണ്ടോട്ടിക്കാർ കണ്ടത് വിമാനത്തിൽ നിന്നുയരുന്ന പുകയും രണ്ടായി പിളർന്ന് മാറിയ ദുരന്ത ചിത്രവുമാണ്. കൊറോണയുടെ ഭീതിയൊന്നും അവരെ പിന്നോട്ട് അടിച്ചില്ല. വാട്‌സാപ്പിലൂടെ സന്ദേശം അയച്ച് പരമാവധി കാറുകൾ എത്തിച്ചു. പൊലീസും ഫയർഫോഴ്‌സും എത്തുന്നതിന് മുമ്പ് തന്നെ വിമാനത്തിൽ കയറി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. പൈലറ്റിന് അപ്പോൾ തന്നെ അനക്കമില്ലായിരുന്നു. വിമാനത്തിൽ ഒറ്റപ്പെട്ട കുട്ടികളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അങ്ങനെ കറുത്ത വെള്ളിയാഴ്ച രാത്രിയിൽ കൊണ്ടോട്ടിക്കാർ ലോകത്തിന് മാതൃകയായി.

അപകടത്തിന്റെ വ്യാപ്തി ദുരന്ത സ്ഥലത്ത് എത്തിയവർക്ക് അപ്പോൾ തന്നെ മനസ്സിലായി. അവർ പരമാവധി ആളുകളെ സ്ഥലത്തേക്ക് എത്തിച്ചു. സന്നദ്ധ സേന രക്ഷാ പ്രവർത്തനത്തിന് വേണമെന്ന വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി. നാട്ടുകാരുടെ പ്രാഥമിക രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ആംബുലൻസുകളെത്തിയത്. ഇതുവരെ കാറുകളിൽ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് തുടർന്നു. വേദന കൊണ്ട് പുളയുന്നവരെ മെഡിക്കൽ കോളേജ് എത്തിക്കാനുള്ള യാത്രകളിലും അവർ സഹയാത്രികരായി. പൊലീസും ഫയർഫോഴ്‌സും എത്തുന്നതു വരെ വിമാനത്തിൽ ഉള്ളിലുള്ളവരെ പുറത്തെത്തിച്ചു. വിമാനത്തിൽ നിന്ന് ഇന്ധന ചോർച്ചയുണ്ടാകുമെന്ന മുന്നറിയിപ്പ് പോലും ഈ മനുഷ്യ സ്‌നേഹികൾ കേട്ടില്ലെന്ന് നടിച്ചു. കനത്ത മഴ പുകയെ ശമിപ്പിച്ചതും നാട്ടുകാർക്ക് തുണയായി. പിന്നെ പൊലീസ് എത്തി. ഇതോടെ എല്ലാം ചെയ്തവരെ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു.

കനത്ത മഴയെ പോലും അവഗണിച്ചു കൊണ്ടാണ് രക്ഷാ പ്രവർത്തനത്തിനായി നാട്ടുകാർ ഉൾപ്പെടെയുള്ളവർ ശബ്ദം കേട്ട് ഓടിക്കൂടിയത്. രക്ഷാ പ്രവർത്തനത്തിനെത്തിയവരുടെ സഹായത്തോടെ ഭുരിഭാഗം യാത്രക്കാരെയും എത്രയും വേഗം പുറത്തെത്തിക്കാൻ കഴിഞ്ഞു. വാർത്ത അറിഞ്ഞ ഉടൻ തന്നെ ആംബുലൻസുകൾ വിമാനത്താവളത്തിലേക്കെത്തി. കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള ആംബുലൻസുകളാണ് നിമിഷ നേരത്തിനുള്ളിൽ സേവാ സന്നദ്ധരായി വിമാനത്താവളത്തിലെത്തിയത്.

വാഹനമുള്ള സമീപവാസികൾ രക്ഷാ പ്രവർത്തനത്തിനായി വാഹനവുമായി എത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിരുന്നു. പരിക്കേറ്റവരെ ആദ്യം കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലാണ് എത്തിച്ചത്. സമീപത്തുള്ള സർക്കാർ ആശുപത്രികളിലേയും സ്വകാര്യ ആശുപത്രികളിലേയും ഡോക്ടർമാർ ഈ ആശുപത്രികളിൽ സന്നദ്ധ സേവനത്തിനെത്തി. പിന്നീട് ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇന്ധന ചോർച്ചയുണ്ടായതിനാൽ തീപിടുത്ത ആശങ്കയും ആദ്യ ഘട്ടത്തിൽ രക്ഷാ പ്രവർത്തകരെ അലട്ടിയിരുന്നെങ്കിലും പിന്നീട് ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെ അത് പരിഹരിച്ചു.

കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങിനിടെ അപകടത്തിൽപെട്ടു. റൺവെയിൽനിന്ന് തെന്നിമാറി തൊടുത്ത ഇറക്കത്തിലേക്ക് വീണ് രണ്ടായി പിളരുകയായിരുന്നു. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. യാത്രക്കാർ ഉള്ള വിമാനമാണ് റൺവേയിൽ നിന്നും താഴേക്ക് വീണത്. രക്ഷാപ്രവർത്തനം തുടരുന്നു. 1344 എയർ ഇന്ത്യ എക്സ്പ്രസ് ആണ് അപകടത്തിൽപെട്ടത്. വിമാനത്തിന്റെ മുൻഭാഗം തർന്നു. 35 അടി താഴ്ചയിലാണ് വിമാനം തകർന്നുവീണത്. വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളരുന്നത്. കനത്ത മഴയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്.

ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നോട്ടു നീങ്ങുന്നതിനിടെ തെന്നിനീങ്ങുമ്പോൾ വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി നിലം പതിക്കുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ അപകടത്തിന്റെ ആക്കം കൂട്ടി. മുൻവാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടു ഭാഗങ്ങളായി പിളർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP