Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരിപ്പൂരിന് പകരം പുതിയ വിമാനത്താവളം നിർമ്മിച്ചു കൂടേ? കേന്ദ്രസർക്കാർ നിർദ്ദേശം തള്ളി സംസ്ഥാന സർക്കാർ; വിമാനാപകടം ഉണ്ടായത് വിമാനത്താവളത്തിലെ കുഴപ്പം കൊണ്ടല്ലെന്നാണ് റിപ്പോർട്ടെന്ന് മന്ത്രി വി അബ്ദുറഹിമാൻ; കൂടുതൽ സ്ഥലം ഏറ്റെടുത്തു സമഗ്രവികസന പദ്ധതിക്ക് ശ്രമം

കരിപ്പൂരിന് പകരം പുതിയ വിമാനത്താവളം നിർമ്മിച്ചു കൂടേ? കേന്ദ്രസർക്കാർ നിർദ്ദേശം തള്ളി സംസ്ഥാന സർക്കാർ; വിമാനാപകടം ഉണ്ടായത് വിമാനത്താവളത്തിലെ കുഴപ്പം കൊണ്ടല്ലെന്നാണ് റിപ്പോർട്ടെന്ന് മന്ത്രി വി അബ്ദുറഹിമാൻ; കൂടുതൽ സ്ഥലം ഏറ്റെടുത്തു സമഗ്രവികസന പദ്ധതിക്ക് ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്തെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഏക അന്താരാഷ്ട്ര വിമാനത്താവളമാണ് കോഴിക്കോട് കരിപ്പൂർ വിമാനത്താവളം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല അടക്കം അദാനിക്ക് കൈമാറിയതോട കോഴിക്കോട്ട് പുതിയ വിമാനത്താവളം ആലോചിച്ചു കൂടേ എന്ന ചിന്തയിലാണ് കേന്ദ്രസർക്കാറിന്. ഈ നിർദ്ദേശം തള്ളുകയാണ് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച കേന്ദ്ര നിർദ്ദേശം കേരള സർക്കാർ ശക്തമായി എതിർത്തു.

കരിപ്പൂർ വിമാനത്താവളത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കേന്ദ്ര സർക്കാർ നിർദ്ദേശം മന്ത്രിമാർ തള്ളിയത്. കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കാൻ സാധിക്കുന്ന തരത്തിൽ റൺവേ വികസിപ്പിക്കാൻ 96.5 എക്കർ ഭൂമി വേണ്ടി വരുമെന്നും വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിനായി ആകെ 248.75 ഏക്കർ ഭൂമിയും കണ്ടെത്തേണ്ടി വരുമെന്നും യോഗം വിലയിരുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതികളും യോഗം ചർച്ച ചെയ്തു.

വിമാനത്താവളത്തിലെ കുഴപ്പം കൊണ്ടല്ല അപകടമുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് അടിയന്തിരമായി പുനരാരംഭിക്കണമെന്നും യോഗം ആവശ്യപെട്ടു. വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറക്കാൻ നിലവിൽ തടസ്സമില്ലെന്ന് വികസന സമിതി യോഗത്തിന് ശേഷം മന്ത്രി വി.അബ്ദുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ മുഖം നൽകാൻ പദ്ധതികൾ

കോഴിക്കോട് വിമാനത്താവളം നവീകരിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് അണിയറയിൽ തയ്യാറായിരിക്കുന്നത്. വൈകാതെ, വലിയ മാറ്റങ്ങൾക്കാണു കോഴിക്കോട് വിമാനത്താവളം കാത്തിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രക്കാർക്കു കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകകൂടി ലക്ഷ്യമിട്ടുള്ള നിർമ്മാണ ജോലികൾക്കുള്ള രൂപരേഖയായി.

നിലവിലുള്ള പ്രവൃത്തി വേഗം പൂർത്തിയാക്കാനും പുതിയ പദ്ധതികൾ വൈകാതെ നടപ്പാക്കാനുമാണു തീരുമാനം. വലിയ വിമാന സർവീസുകളോടനുബന്ധിച്ച് ഡിജിസിഎ നിർദേശിച്ച ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വിമാനത്താവളം അധികൃതർ. ഇതിനു പുറമേ, വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ചെറുതും വലുതുമായ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കാണു രൂപം നൽകിയിട്ടുള്ളത്.

വ്യോമയാന ഗതാഗത നിയന്ത്രണത്തിനു ചുക്കാൻ പിടിക്കുന്ന എയർ ട്രാഫിക് കൺട്രോൾ (എടിസി) യൂണിറ്റിനു പുതിയ ടവർ നിർമ്മിക്കും. അതിനായി 150 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. കൂടുതൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാകും പുതിയ എടിസി ടവർ. 2 വിമാനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം ഒരുക്കാനും അഗ്‌നിരക്ഷാ സേനയ്ക്കു പുതിയ കാര്യാലയം പണിയാനും തീരുമാനമായിട്ടുണ്ട്. റൺവേ റീ കാർപെറ്റിങ്, റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) നവീകരിക്കൽ തുടങ്ങിയവയും പദ്ധതിയിലുണ്ട്.

റൺവേയുടെ ഇരുവശങ്ങളിലും റൺവേ പ്രതലത്തിനൊപ്പം മണ്ണിടുന്ന ജോലി നടക്കുന്നുണ്ട്. റൺവേയിലെ അപകടസാധ്യത തടയുന്നതിനാണിത്. ഡിജിസിഎ നിർദേശപ്രകാരം ജോലി തുടങ്ങിയിട്ടുണ്ടെങ്കിലും ആവശ്യത്തിനു മണ്ണ് ലഭിക്കുന്നില്ലെന്നാണ് കരാർ ഏറ്റെടുത്തവരുടെ ആക്ഷേപം. അതിനായി റവന്യു അധികൃതർ നടപടി വേഗത്തിലാക്കണമെന്നും ബന്ധപ്പെട്ടവർ ഇടപെടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

കോഴിക്കോട് വിമാനത്താവളത്തിൽ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനും കുട്ടികൾക്കു കളിക്കാനുമായി 7 ശിശുസംരക്ഷണ മുറികൾ ഒരുക്കി. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിലും ടെക്‌നിക്കൽ ബ്ലോക്കിലും കാർ പാർക്കിങ് ഏരിയയിലുമായാണ് മുറികൾ. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിന് വിമാനാപകട അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്.

സ്ത്രീകൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ എന്നിവർക്ക് യാത്രാനടപടികൾ പൂർത്തിയാക്കാൻ സഹായകൗണ്ടർ കഴിഞ്ഞയാഴ്ച വിമാനത്താവളത്തിൽ ആരംഭിച്ചിട്ടുണ്ട്. ആർട് ഗാലറിയും ഒരുക്കി. പ്രശസ്ത ചിത്രകാരന്മാരുടെയും ശിൽപികളുടെയും സൃഷ്ടികളാണു പ്രദർശിപ്പിച്ചിട്ടുള്ളത്. ഇവ വാങ്ങാനും സൗകര്യമുണ്ട്.

വിമാനത്താവള വളപ്പിലൂടെ റൺവേക്കു ചുറ്റും കടന്നുപോകുന്ന ചുറ്റുറോഡ് (പെരിമീറ്റർ റോഡ്) വൈകാതെ നവീകരിക്കാനാണ് ആലോചന. 12 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. വിമാനാപകടം ഉണ്ടായ സമയത്ത് പ്രയോജനപ്പെടുത്തിയ റോഡുകൾ സംബന്ധിച്ചു റിപ്പോർട്ടിൽ പരാമർശമുണ്ട്. കോഴിക്കോട് -പാലക്കാട്, കോഴിക്കോട് -തൃശൂർ ദേശീയപാതകളിലേക്കു കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എത്തിപ്പെടാനുള്ള എല്ലാ റോഡുകളും മികച്ചതാക്കണം എന്ന് എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഗ്രീൻ ഫീൽഡ് പാതയിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലേക്കു കണക്ടിവിറ്റി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP