Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അപകടത്തിൽപ്പെട്ട വിമാനം ദിശ തെറ്റിച്ച് ഇറക്കിയത് ദുരന്തമായി; സാധാരണ കാറ്റിന് എതിർ ദിശയിൽ ഇറക്കേണ്ട വിമാനം അനുകൂല ദിശയിലാണ് ലാൻഡ് ചെയ്യിച്ചത്; ഇതോടെ കാറ്റിന് അനുസരിച്ച് വിമാനത്തിന് വേഗം കൂടിയത് അപകടമുണ്ടാക്കിയെന്ന് എയർ ട്രാഫിക് കൺട്രോളിന്റെ പ്രാഥമിക റിപ്പോർട്ട്; ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങും വില്ലനായെന്ന് പ്രാഥമിക നിഗമനം; എല്ലാം ബ്ലാക്ക് ബോക്‌സിലുണ്ട്; ടേബിൾ ടോപ്പ് എയർപോർട്ടിൽ ഇനി കൂടുതൽ ജാഗ്രത

അപകടത്തിൽപ്പെട്ട വിമാനം ദിശ തെറ്റിച്ച് ഇറക്കിയത് ദുരന്തമായി; സാധാരണ കാറ്റിന് എതിർ ദിശയിൽ ഇറക്കേണ്ട വിമാനം അനുകൂല ദിശയിലാണ് ലാൻഡ് ചെയ്യിച്ചത്; ഇതോടെ കാറ്റിന് അനുസരിച്ച് വിമാനത്തിന് വേഗം കൂടിയത് അപകടമുണ്ടാക്കിയെന്ന് എയർ ട്രാഫിക് കൺട്രോളിന്റെ പ്രാഥമിക റിപ്പോർട്ട്; ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങും വില്ലനായെന്ന് പ്രാഥമിക നിഗമനം; എല്ലാം ബ്ലാക്ക് ബോക്‌സിലുണ്ട്; ടേബിൾ ടോപ്പ് എയർപോർട്ടിൽ ഇനി കൂടുതൽ ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കരിപ്പൂർ വിമാനദുരന്തത്തിന് കാരണം ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങുമെന്നു പ്രാഥമിക നിഗമനം. അപകടസ്ഥലത്തു നിന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തു സീൽ ചെയ്തു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് അന്വേഷണം നടത്തുന്നത്. കരിപ്പൂർ വിമാന അപകടത്തിന്റെ കാരണം തേടിയുള്ള അന്വേഷണത്തിൽ ബ്ലാക്ക് ബോക്‌സ് നിർണ്ണായകമാണ്. കരിപ്പൂരിലേത് ടേബിൾ ടോപ്പ് എയർപ്പോർട്ടാണ്. അതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. വിമാനം കത്തിയമരാത്തതു കൊണ്ട് മാത്രം നിരവധി ജീവനുകൾ രക്ഷപ്പെട്ടു. ഈ സാഹചര്യത്തിൽ ടേബിൾ ടോപ്പ് എയർപോർട്ടുകളിൽ ഇനി കൂടുതൽ ജാഗ്രത പുലർത്താൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

റൺവേയിൽ വിമാനം ലാൻഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയിട്ടായിരുന്നു വിമാനം ഇറങ്ങിയത്. ഇത് അപകട കാരണമായി. ഇങ്ങനെ ഏറെ ദൂരം മുമ്പോട്ട് പോയി നിലംതൊടുന്നതാണ് ഓവർഷൂട്ട്. വെള്ളമുള്ള റൺവേയിൽ ഇറങ്ങുമ്പോൾ റൺവേയ്ക്കും വിമാനത്തിന്റെ ടയറുകൾക്കുമിടയിൽ വെള്ളപ്പാളി രൂപപ്പെടും.ഇതിനെയാണ് സാങ്കേതികമായി അക്വാപ്ലെയിനിങ് എന്നു പറയുന്നത്. ഇതുമൂലം വിമാനം ബ്രേക് ചെയ്തു നിർത്താനാവാത്ത സ്ഥിതി വരും. ഇതും റൺവേ വിട്ട് വിമാനം മുമ്പോട്ട് പോകാൻ കാരണമാകും. അങ്ങനെ ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് വിമാനം താഴേക്ക് പതിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.

കൃത്യമായ രാജ്യാന്തര വ്യോമയാന നിബന്ധനകൾ പാലിച്ചുകൊണ്ടാണ് വിമാനങ്ങളുടെ ലാൻഡിങ് നടക്കാറുള്ളത്. മഴവെള്ളത്തിൽ തെന്നി മാറിയതും അപകടമെന്ന വിലയിരുത്തലുണ്ട്. കരിപ്പൂരിൽ ഐ.എക്‌സ് 1334 വിമാനം ആദ്യം ഇറങ്ങാൻ ശ്രമിച്ചപ്പോൾ എയർ ട്രാഫിക് കൺട്രോൾ റൂമിൽ നിന്ന് അനുമതി നൽകിയെങ്കിലും ഇറങ്ങിയില്ല. ആ സമയത്ത് മഴയായിരുന്നുവെങ്കിലും 2000 മീറ്റർ മുന്നോട്ട് കാഴ്ചയുണ്ടായിരുന്നുവെന്നാണ് എ.ടി.സിയുടെ പ്രാഥമിക റിപ്പോർട്ട്. ലാൻഡിങ്ങിന് 28 റൺവേ തിരഞ്ഞെടുക്കാനും നിർദ്ദേശം നൽകിയിരുന്നു. ബ്ലാക് പരിശോധനയിലൂടെ ഇക്കാര്യത്തിൽ എല്ലാം വ്യക്തത വരും.

എയർ ട്രാഫിക് കൺട്രോളിന്റെ പ്രാഥമിക റിപ്പോർട്ട് വന്നു കഴിഞ്ഞു. അപകടത്തിൽപ്പെട്ട വിമാനം ദിശ തെറ്റിച്ചാണ് പൈലറ്റ് ഇറക്കിയതെന്നാണ് എടിസിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. സാധാരണ കാറ്റിന് എതിർ ദിശയിൽ ഇറക്കേണ്ട വിമാനം അനുകൂല ദിശയിലാണ് ലാൻഡ് ചെയ്യിച്ചത്. ഇതോടെ കാറ്റിന് അനുസരിച്ച് വിമാനത്തിന് വേഗം കൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. റൺവേയുടെ മധ്യഭാഗത്താണ് വിമാനം ലാൻഡ് ചെയ്തതെന്നാണ് എടിസി റിപ്പോർട്ടിൽ പറയുന്നത്. വിമാനം ലാൻഡ് ചെയ്ത ഉടനെ പൈലറ്റ് എൻജിൻ ഓഫ് ചെയ്തതും വിപരീത ഫലമുണ്ടാക്കി. ഇതോടെ ടെയ്ൽ വിൻഡ് പ്രതിഭാസം കാരണം വിമാനം അതിവേഗം മുന്നോട്ടു നീങ്ങി.

വഴുതിപ്പോയ റൺവേ, ശക്തമായ ടെയിൽവിൻഡ്, മോശം കാലാവസ്ഥ, ദിശതെറ്റിയുള്ള ലാൻഡിങ് എന്നിവയാണ് അപകടത്തിലേക്ക് നയിച്ചിരിക്കാൻ സാധ്യതയുള്ളത്. ടയറുകളും റൺവേയും തമ്മിലുള്ള ഘർഷണത്തിന്റെ അഭാവം അപകടമുണ്ടാക്കി. വാട്ടർലോഗിങ് കാരണം ഹൈഡ്രോപ്ലെയിനിങ് ഉണ്ടാകാമെന്നും വിലയിരുത്തലുണ്ട്. റൺവെയിലെ ജലത്തിന്റെ സാന്നിധ്യം ചലിക്കുന്ന ചക്രത്തിന് ലോഡ്-ചുമക്കുന്ന ഉപരിതലവുമായുള്ള ബന്ധം നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് ഹൈഡ്രോപ്ലെയിനിങ്. ഇത് വാഹനത്തിന്റെ ബ്രേക്കിങ് അല്ലെങ്കിൽ നിയന്ത്രണം അസാധ്യമാക്കുന്നു. ഇതിനാൽ ലാൻഡിങിന് ശേഷവും വിമാനത്തിന്റെ വേഗം കുറയ്ക്കാൻ കഴിയില്ല.

ആദ്യ തവണ ലാൻഡ് ചെയ്യാതെ 15 നോട്ടിക്കൽ മൈൽ കൂടി ചുറ്റിയ ശേഷം 10 റൺവേ വഴിയാണ് രണ്ടാം വട്ടം ലാൻഡിങ്ങിന് ശ്രമിച്ചത്. സാധാരണ റൺവേ ആരംഭിക്കുന്നതിന്റെ 300 മുതൽ 900 മീറ്റർ പരിധിക്കുള്ളിൽ ലാൻഡിങ്ങിനായി വിമാനങ്ങൾ സ്പർശിക്കും. എന്നാൽ അപകടത്തിന് തൊട്ടു മുൻപ് 1500 മീറ്റർ കഴിഞ്ഞാണ് റൺവേയിൽ സ്പർശിച്ചത്. പിൻചക്രങ്ങൾ ലാൽഡിങ് സ്ട്രിപ്പിൽ കുടുങ്ങാതെ വിമാനം തെന്നിമാറി. വീണ്ടും ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നോട്ടു കുതിച്ച വിമാനം ബ്രേക്ക് ചെയ്യാൻ ശ്രമിച്ചതോടെ പൂർണമായും നിയന്ത്രണം നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം.

18 പേരുടെ മരണത്തിനിടയാക്കിയ, ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ക്രാഷ് ലാൻഡിങ്ങിൽ പൈലറ്റ്, മുൻ വ്യോമസേനാ അംഗം കൂടിയായ ക്യാപ്റ്റൻ ദീപക് വസന്ത് സാഥേയും കൊല്ലപ്പെട്ടിരുന്നു. ഐ.എക്സ്-1344 വിമാനം റൺവേയിൽ ലാൻഡ് ചെയ്യേണ്ട സ്ഥലം(ലാൻഡിങ് ത്രഷ്ഹോൾഡ്) കഴിഞ്ഞ് ഒരു കിലോമീറ്റർ കൂടി കഴിഞ്ഞാണ് നിലം തൊട്ടത്, ഏതാണ്ട് റൺവേയുടെ പകുതിയിലെന്നാണ് സൂചന. കരിപ്പുർ റൺവേ സുരക്ഷിത ലാൻഡിങ്ങിന് പറ്റിയ ദൈർഘ്യമുള്ളതാണെന്നും ലാൻഡിങ്ങിനായുള്ള പൈലറ്റിന്റെ നിഗമനം പിഴച്ചുവെന്നും വ്യോമയാന വകുപ്പ് മോധവി(ഡി.ജി.സി.എ.) അരുൺകുമാർ പറഞ്ഞു. റൺവേയിലെ ഘർഷണപ്രശ്നം പരിഹരിക്കാത്തത് അപകടത്തിനിടയാക്കിയെന്ന വാദവും ഡി.ജി.സി.എ. മേധാവി തള്ളിയിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോളിന്റെ ഇടപെടലിൽ പിഴവു സംഭവിച്ചോയെന്ന് അന്വേഷണ സംഘം പരിശോധിക്കും.

വ്യോമസേനാ മുൻ പൈലറ്റായിരുന്ന ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ പതിനായിരം മണിക്കൂറിലധികം വിമാനം പറത്തി പരിചയമുള്ള വ്യക്തിയാണ്. കരിപ്പൂരിലേക്കും തിരിച്ചും 27 തവണയാണ് അദ്ദേഹം വിമാനം പറത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP