Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മഴമൂലമുണ്ടായ വെർട്ടിക്കൽ ഇല്യൂഷൻ മൂലം റൺവേയുടെ മധ്യത്തിൽ ലാൻഡിങ്; അപകടം മനസ്സിലാക്കി എൻജിൻ പൂർവസ്ഥിതിയിലാക്കി പറന്നുയരാൻ ശ്രമിച്ചെങ്കിലും റിവേഴ്‌സ് ത്രസ്റ്റിൽ നിന്നും സാധാരണനിലയിലേക്ക് വരാനെടുത്ത രണ്ടു മിനിറ്റ് നിർണ്ണായകമായി; എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം നടത്തിയത് റൺവേയിലെ ഹാർഡ്ഹിറ്റ് ലാൻഡിങെന്ന് റിപ്പോർട്ട്; വിമാന എൻജിൻ പൈലറ്റ് ഓഫാക്കിയില്ലെന്നും നിഗമനം; കരിപ്പൂരിൽ സംഭവിച്ചത് എന്ത്?

മഴമൂലമുണ്ടായ വെർട്ടിക്കൽ ഇല്യൂഷൻ മൂലം റൺവേയുടെ മധ്യത്തിൽ ലാൻഡിങ്; അപകടം മനസ്സിലാക്കി എൻജിൻ പൂർവസ്ഥിതിയിലാക്കി പറന്നുയരാൻ ശ്രമിച്ചെങ്കിലും റിവേഴ്‌സ് ത്രസ്റ്റിൽ നിന്നും സാധാരണനിലയിലേക്ക് വരാനെടുത്ത രണ്ടു മിനിറ്റ് നിർണ്ണായകമായി; എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം നടത്തിയത് റൺവേയിലെ ഹാർഡ്ഹിറ്റ് ലാൻഡിങെന്ന് റിപ്പോർട്ട്; വിമാന എൻജിൻ പൈലറ്റ് ഓഫാക്കിയില്ലെന്നും നിഗമനം; കരിപ്പൂരിൽ സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം നടത്തിയത് റൺവേയിലെ ഹാർഡ്ഹിറ്റ് ലാൻഡിങെന്ന് റിപ്പോർട്ട്. നനഞ്ഞ പ്രതലത്തിൽ വന്നിറങ്ങുമ്പോഴുള്ള ഘർഷണനഷ്ടം കുറയ്ക്കാനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. വിമാന അപകടത്തെക്കുറിച്ച് അന്വേഷണത്തിന് കരിപ്പൂരെത്തിയ ഉന്നതതല സംഘം ഈ നിഗമനത്തിലാണ് എന്നാണ് സൂചന.

വേഗത്തിൽ പറന്നിറങ്ങുന്ന വിമാനത്തിന്റെ ടയറുകൾ ഇത്തരം ലാൻഡിങ് നടത്തുമ്പോൾ നിലത്ത് ശക്തിയിൽ പതിച്ചാണ് നീങ്ങുക. റൺവേയിലെ ടയർ ഉരഞ്ഞുള്ള കാർബൺ നിക്ഷേപവും മഴവെള്ളവും ചേർന്ന് നേർത്ത പാളിയായി ചക്രങ്ങളിൽ ഒട്ടി ബ്രേക്കിങ് തകരാറിലാക്കുന്ന ഹൈഡ്രോ പ്ലെയിനിങ് എന്ന അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനായിരുന്നു ഈ നീക്കം. പൈലറ്റ് വിമാനത്തിന്റെ എൻജിൻ ഓഫാക്കിയിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കോക്ക് പിറ്റ് പരിശോധിച്ചതിൽനിന്നാണ് സംഘത്തിന് ഈ സൂചന ലഭിച്ചത്.

Stories you may Like

മഴമൂലമുണ്ടായ വെർട്ടിക്കൽ ഇല്യൂഷൻ മൂലം റൺവേയുടെ മധ്യത്തിലാണ് ലാൻഡിങ് നടത്തിയത്. റൺവേ യഥാർഥത്തിലുള്ളതിനേക്കാൾ നീളമുള്ളതായി തോന്നുന്ന അവസ്ഥയാണ് ഇത്. ഇവിടെയാണ് പാളീച്ച പറ്റിയതെന്നാണ് സൂചന. ഇതോടെ റിവേഴ്‌സ് ത്രസ്റ്റ് ഉപയോഗിച്ച് വിമാനം നിർത്താൻ പൈലറ്റ് ശ്രമിച്ചുവെന്നാണ് വിലയിരുത്തൽ. അതും ഫലിച്ചില്ല. അപകടം മനസ്സിലാക്കി എൻജിൻ പൂർവസ്ഥിതിയിലാക്കി പറന്നുയരാൻ ശ്രമിച്ചു. റിവേഴ്‌സ് ത്രസ്റ്റിൽനിന്നും സാധാരണനിലയിലേക്ക് വരാനെടുത്ത രണ്ടു മിനിറ്റ് നിർണ്ണായകമായി. അതുകൊണ്ട് തന്നെ വിമാനം പറന്നുയർന്നില്ല. ഇതോടെ അത് ദുരന്തമായി മാറി.

റൺവേയിൽ നിന്നിറങ്ങി കനാലിൽ പുതഞ്ഞതുകൊണ്ടാവാം യന്ത്രങ്ങൾ ഓഫായത്. നിരങ്ങിയിറങ്ങിയാണ് വിമാനം വിമാനത്താവളത്തിന്റെ ചുറ്റുമുള്ള ബെൽറ്റ് റോഡിലെത്തിയതും ചുറ്റുമതിലിൽ ഇടിച്ചുനിന്നതും. വിമാനത്തിന് സാങ്കേതികത്തകരാറുകൾ സംഭവിച്ചിരുന്നോ എന്നതും പരിശോധിക്കും. 27 തവണ വിമാനം കോഴിക്കോട്ടിറക്കിയ പൈലറ്റ് ദീപക് വസന്ത് സാഠേ അപകടംനടന്ന റൺവേ 10-ൽ മുമ്പ് ആറുതവണ ലാൻഡ് ചെയ്തിട്ടുണ്ട്.

പൈലറ്റിൽ നിന്ന് വ്യോമഗതാഗത വിഭാഗത്തിൽ അപകട മുന്നറിയിപ്പുകളൊന്നുമില്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. വിമാനം ലാൻഡ് ചെയ്ത ശേഷവും ഒരു അറിയിപ്പും എ.ടി.സിയിൽ ലഭിച്ചിട്ടില്ല. സാധാരണ ലാൻഡ് ചെയ്യുേമ്പാൾ കൺട്രോൾ ടവറുമായി ഉണ്ടാകുന്ന ആശയവിനിമയം മാത്രമാണ് നടന്നത്. റൺവേ പത്തിലെ ഐ.എൽ.എസ് സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു ലാൻഡിങ്. 2017ൽ കമീഷൻ ചെയ്ത പുതിയ ഐ.എൽ.എസാണിത്. ലാൻഡിങ് അനുമതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റൺവേ കാഴ്ചപരിധി, കാറ്റ് തുടങ്ങിയ വിശദാംശങ്ങളെല്ലാം കൺട്രോളർ കൈമാറിയിട്ടുണ്ട്.

പൊലീസും അന്വേഷണം നടത്തുന്നുണ്ട്. കേസിൽ സാങ്കേതികവശങ്ങൾ പൊലീസ് അന്വേഷിക്കുക ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) പരിശോധനാ റിപ്പോർട്ട് കിട്ടിയശേഷം മാത്രമാകും. റിപ്പോർട്ടിൽ പാകപ്പിഴവുണ്ടോ എന്നതാവും പ്രധാനമായും പരിശോധിക്കുക. ആവശ്യമെങ്കിൽ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടും. അപകടത്തിൽപ്പെട്ടവരുടെയും ഡോക്ടർമാരുടെയും മൊഴിയെടുക്കുകയാണിപ്പോൾ പൊലീസ്.

കേന്ദ്ര,സംസ്ഥാന സർക്കാരുകൾ, എയർഇന്ത്യ, ഇൻഷ്വറൻസ് കമ്പനികളുടെ സാമ്പത്തിക സഹായം എന്നിവ ലഭിക്കാൻ പൂർത്തിയാക്കേണ്ട നടപടിക്രമങ്ങളിലാണ് പൊലീസ്. നഷ്ടപ്പെട്ട വിലപിടിപ്പുള്ള സാധനങ്ങൾ തിരിച്ചേൽപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. വിമാനത്തിന്റെയും യാത്രക്കാരുടെയും ക്രൂവിന്റെയും വിവരങ്ങൾ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്ന് രേഖാമൂലം ലഭിക്കാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. സാങ്കേതിക വശങ്ങളൊഴികെ പൊലീസിന്റെ അന്വേഷണപരിധിയിൽ വരുന്ന മറ്റുകാര്യങ്ങളാണ് പരിശോധിക്കുകയെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം പറഞ്ഞു.

വിമാനമെങ്ങനെ അപകടത്തിൽപ്പെട്ടെന്ന ആഭ്യന്തര പരിശോധന മാത്രമാണ് ഡി.ജി.സി.എ നടത്തുന്നത്. കേസിൽ അട്ടിമറിയൊന്നും പ്രതീക്ഷിക്കാത്തതിനാൽ ഡി.ജി.സി.എ റിപ്പോർട്ട് അംഗീകരിക്കാനാണ് സാദ്ധ്യതയെന്നും അദ്ദേഹം പറഞ്ഞു.സ്വാഭാവികമായുള്ള പൊലീസ് നടപടിക്രമങ്ങളാണിപ്പോൾ നടക്കുന്നതെന്നും മറ്റുതലങ്ങളിലേക്ക് കടന്നിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി പി.സി.ഹരിദാസ് പറഞ്ഞു. ഡി.ജി.സി.എയുടെ അന്വേഷണം പൂർത്തിയായ ശേഷമേ മഹസ്സർ തയ്യാറാക്കൂ.

ലാൻഡിങ് സമയത്തെ അശ്രദ്ധ മൂലമാണ് വിമാനാപകടമെന്നാണ് പൊലീസ് നിലമ്പൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിൽ പൊലീസ് സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലുള്ളത്. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐ.പി.സി, എയർക്രാഫ്റ്റ് ആക്ടുകൾ പ്രകാരമാണ് കേസെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP