Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റൺവേയിൽ 3000 അടി കടന്ന് ഇറങ്ങിയത് മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്‌നങ്ങളാണോ എന്നത് ഇനിയും അജ്ഞാതം; അപടകത്തിൽ പെട്ട സി ശ്രേണിയിൽ പെട്ട വിമാനത്തിന് ലാൻഡിംഗിന് വേണ്ടത് 1600 മീറ്റർ റൺവേ; കരിപ്പൂരിൽ ഉള്ളത് 2700 മീറ്റർ റൺവേയും; തൽകാലം വലിയ വിമാനങ്ങൾ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഒഴിവാക്കും; അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതിന് തെളിവായി കോക്പിറ്റ് ചിത്രങ്ങളും; വിമാന അപകടത്തിൽ പ്രാഥമിക റിപ്പോർട്ട് നിർണ്ണായകമാകും

റൺവേയിൽ 3000 അടി കടന്ന് ഇറങ്ങിയത് മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്‌നങ്ങളാണോ എന്നത് ഇനിയും അജ്ഞാതം;  അപടകത്തിൽ പെട്ട സി ശ്രേണിയിൽ പെട്ട വിമാനത്തിന് ലാൻഡിംഗിന് വേണ്ടത് 1600 മീറ്റർ റൺവേ; കരിപ്പൂരിൽ ഉള്ളത് 2700 മീറ്റർ റൺവേയും; തൽകാലം വലിയ വിമാനങ്ങൾ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഒഴിവാക്കും; അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതിന് തെളിവായി കോക്പിറ്റ് ചിത്രങ്ങളും; വിമാന അപകടത്തിൽ പ്രാഥമിക റിപ്പോർട്ട് നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായാണു കോക്പിറ്റ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ദ്ധർ. റൺവേയിൽ ഏറെ മുന്നോട്ടുപോയി നിലം തൊട്ടതിനാൽ വേഗം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തൽ. ബ്ലാക്ക് ബോക്‌സിൽ പരിശോധന നടക്കുകയാണ്. ഇതിന് ശേഷമാകും യഥാർത്ഥ കാരണം പുറത്താവുക. കനത്ത മഴയാണ് ടേബിൽ ടോപ് റൺവേയിലെ ദുരന്തത്തിലെ വില്ലൻ എന്നു തന്നെയാണ് പൊതുവേയുള്ള വിലയിരുത്തൽ.

അതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസിനു താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. 'ഇ' ശ്രേണിയിൽ പെട്ട വിമാനങ്ങൾക്കാണു നിയന്ത്രണം. സൗദി എയർലൈൻസും എയർ ഇന്ത്യയുമാണു നിലവിൽ വലിയ വിമാന സർവീസ് നടത്തുന്നത്. അപകടകാരണത്തിന്റെ വിശദ റിപ്പോർട്ട് പുറത്തുവരുന്നതുവരെ നിയന്ത്രണം തുടരും. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം 'സി' ശ്രേണിയിലെ ചെറുവിമാനമാണെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വിമാനത്താവളത്തിന്റെ കഴപ്പമല്ല അപകടത്തിന്റെ കാരണമെന്ന വിലയിരുത്തലുമുണ്ട്.

പുറത്തു വന്ന ചിത്രങ്ങളിൽ വിമാനത്തിന്റെ ത്രസ്റ്റ് ലീവർ, ടേക്ക് ഓഫ് പൊസിഷനിലാണ്. എൻജിൻ സ്റ്റാർട്ട് ലീവർ, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്‌ളാപ്പുകൾ നിയന്ത്രിക്കുന്ന ലീവർ, ലാൻഡിങ് പൊസിഷനിൽ തന്നെയാണ്.തീപിടിത്തം ഒഴിവാക്കാൻ എൻജിൻ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങൾ ശരിയല്ലെന്നാണു ചിത്രത്തിലെ എൻജിൻ സ്റ്റാർട്ട് ലീവറിന്റെ സ്ഥാനം നൽകുന്ന സൂചന. വിമാനം താഴെ വീണു പിളർന്നതോടെ തനിയെ എൻജിൻ പ്രവർത്തനം നിലച്ചതാകാമെന്നാണ് കരുതുന്നത്. ബ്ലോക് ബോക്‌സ് പരിശോധനയാകും ഇനി നിർണ്ണായകം. അതിവേഗം അന്തിമ നിഗമനത്തിൽ വ്യോമയാന മന്ത്രാലയം എത്തുമെന്നാണ് സൂചന.

സി ശ്രേണിയിലെ വിമാനങ്ങൾക്ക് റൺവേ 1600 മീറ്റർ മതിയാകും. കരിപ്പൂരിൽ 2700 മീറ്റർ റൺവേയുണ്ട്. അതുകൊണ്ട് തന്നെ വിമാനത്തിന്റെ വലുപ്പം അപകട കാരണമായി ആരും കരുതുന്നില്ല. എങ്കിലും തൽകാലം വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങേണ്ടതില്ലെന്നാണ് തീരുമാനം. ഈ സാഹചര്യത്തിൽ കോഴിക്കോട് ഇറങ്ങേണ്ട സൗദി എയർലൈൻസിന്റെ ജിദ്ദയിൽ നിന്നുള്ള വലിയ വിമാനം കൊച്ചിയിലേക്കു മാറ്റിയതായി സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു. റൺവേ നവീകരണത്തിനുശേഷം 2 വർഷം മുൻപാണു വലിയ വിമാന സർവീസുകൾ പുനരാരംഭിച്ചത്.

ഖത്തർ എയർവേയ്‌സിന്റെ വലിയ വിമാനത്തിന് ഈയിടെ അനുമതിയായി. എമിറേറ്റ്‌സും വലിയ വിമാനവുമായി സർവീസിനുള്ള ഒരുക്കത്തിലാണ്. ഇതിനിടെയാണ് ദുരന്തമെത്തിയത്. അന്വേഷണം അതുകൊണ്ട് തന്നെ അതിനിർണ്ണായകമാണ്. ഡിജിസിഎ, എയർപോർട്ട് അഥോറിറ്റി, എയർ ഇന്ത്യ സംഘങ്ങൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. രണ്ടായി നെടുകെ പിളർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ് പരിശോധന നടത്തി.

ബോയിങ് അന്വേഷണ സംഘം അടുത്തയാഴ്ച കരിപ്പൂരിലെത്തുമെന്ന് ഡിജിസിഎ അരുൺ കുമാർ വ്യക്തമാക്കി. കരിപ്പൂരിൽ റൺവേ നീളം കൂട്ടുന്നത് പരിഗണിക്കണം. വിമാനം മറ്റൊരിടത്ത് ഇറങ്ങേണ്ടിയിരുന്നോ എന്നത് പൈലറ്റ് തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച കിട്ടുമെന്ന് എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസൽ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്തിന് സാങ്കേതിക പിഴവുണ്ടായിരുന്നതായി തല്ക്കാലം സൂചനകളിലെന്നാണ് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂരിൽ സമാനസംഭവങ്ങൾ തടയാനുള്ള ഇഎൻഎഎസ് സംവിധാനം ഒരുക്കുന്നതും ആലോചിക്കുന്നുണ്ട്.

കരിപ്പൂർ വിമാന അപകടത്തെക്കുറിച്ച് എയർപോർട്ട് ആക്‌സിഡന്റ്‌സ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം തുടങ്ങിയിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് , കോക്ക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവ ഡൽഹിയിൽ എത്തിച്ചു. ഇവ വിശദമായി പരിശോധിക്കാൻ സമയം എടുക്കും. എന്നാൽ പ്രാഥമിക റിപ്പോർട്ട് ഇപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കും. എയർ ഇന്ത്യ അന്വേഷണത്തിന് എല്ലാ സഹകരണവും നല്കുന്നുണ്ടെന്ന് ചെയർമാൻ രാജീവ് ബനസൽ വ്യക്തമാക്കി. റൺവേയിൽ 3000 അടി കടന്ന് ഇറങ്ങിയത് മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്‌നങ്ങളാണോ എന്നാണ് പ്രധാന പരിശോധന. വെള്ളക്കെട്ട് അപകടത്തിനിടയാക്കിയോ എന്നതിൽ ഇന്നലെ തന്നെ അന്വേഷണ സംഘം തെളിവെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP