Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിജാസ് ഭാര്യയേയും മൂന്ന് മക്കളേയും നാട്ടിലേക്ക് യാത്രയാക്കിയത് വിസ റദ്ദാക്കി; അടുത്ത മാസം പ്ലാൻ ചെയ്ത യാത്ര വെള്ളിയാഴ്ച ആക്കിയത് ക്വാറന്റീനിൽ കഴിയാൻ ഒരു വീട് പെട്ടെന്ന് തരപ്പെട്ടതോടെ; ഒടുവിൽ നിജാസിനെ തേടി എത്തിയത് ഭാര്യയുടേയും ഒരു വയസ്സുകാരനായ ഇളയ മകന്റെയും മരണ വാർത്ത: അലറിക്കരഞ്ഞ യുവാവിനെ ആശ്വസിപ്പിക്കാനാവാതെ സുഹൃത്തുക്കളും

നിജാസ് ഭാര്യയേയും മൂന്ന് മക്കളേയും നാട്ടിലേക്ക് യാത്രയാക്കിയത് വിസ റദ്ദാക്കി; അടുത്ത മാസം പ്ലാൻ ചെയ്ത യാത്ര വെള്ളിയാഴ്ച ആക്കിയത് ക്വാറന്റീനിൽ കഴിയാൻ ഒരു വീട് പെട്ടെന്ന് തരപ്പെട്ടതോടെ; ഒടുവിൽ നിജാസിനെ തേടി എത്തിയത് ഭാര്യയുടേയും ഒരു വയസ്സുകാരനായ ഇളയ മകന്റെയും മരണ വാർത്ത: അലറിക്കരഞ്ഞ യുവാവിനെ ആശ്വസിപ്പിക്കാനാവാതെ സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഭാര്യയുടേയും മൂന്ന് മക്കളുടേയും വിസ റദ്ദാക്കി നാട്ടിലേക്ക് തിരികെ അയക്കുമ്പോൾ മുഹമ്മദ് നിജാസ് ഒരിക്കലും കരുതിയില്ല അത് തന്റെ ജീവിത്തതിലെ ഏറ്റവും വലിയ നഷ്ടത്തിലേക്കുള്ള യാത്ര ആയിരിക്കുമെന്ന്. കോവിഡ് കാലമായതിനാൽ മക്കളുടെ ശരിയായ പഠനം ഉറപ്പാക്കാനാണ് നിജാസ് ഭാര്യയേയും മക്കളേയും നാട്ടിലേക്ക് അയച്ചത്. എന്നാൽ ആ യാത്രയിൽ നിജാസിന്റെ ഭാര്യയെയും ഒരു വയസ്സുകാരനായ ഇളയ കുഞ്ഞിനെയും വിമാനാപകടത്തിന്റെ രൂപത്തിൽ മരണം തട്ടി എടുക്കുക ആയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മുത്തംനൽകി പറഞ്ഞയച്ച ഒരു വയസുകാരൻ മകൻ അസം മുഹമ്മദ് കരിപ്പൂർ വിമാനാപകടത്തിൽ എന്നെന്നേക്കുമായി തന്നെ വിട്ടുപിരിഞ്ഞുവെന്ന വാർത്ത അറിഞ്ഞ് ദുബായിലെ ഫ്‌ളാറ്റിലിരുന്ന് അലറിക്കരയുകയാണ് മുഹമ്മദ് നിജാസ്. പ്രിയതമ ഷാഹിറാ ബാനു (29)വിന്റെ മരണ വാർത്ത അറിയിച്ചിട്ടുമില്ല. ഭാര്യ ഗുരുതര നിലയിലാണെന്നും മറ്റു രണ്ട് മക്കൾക്ക് പരുക്കുണ്ടെന്നും അറിഞ്ഞതു മുതൽ അതീവ ദുഃഖത്തിലാണ്ട മുഹമ്മദ് നിജാസിനെ സാന്ത്വനിപ്പിക്കാനാകാതെ സുഹൃത്തുക്കൾ പാടുപെട്ടു. അതുകൊണ്ട് തന്നെ ഭാര്യയുടെ വിയോഗ വാർത്ത സുഹൃത്തുക്കൾ നിജാസിൽ നിന്നും മറച്ചു വയ്ക്കുകയായിരുന്നു.

ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയാണ് മുഹമ്മദ് നിജാസ് ചെമ്പായി. അപകട വാർത്ത അറിഞ്ഞ് ഇന്നലെ വൈകിട്ട് തന്നെ നിജാസ് കണ്ണൂരിലേക്ക് യാത്ര തിരിച്ചു. ഭാര്യയും മക്കളുമായി ഏഴ് വർഷത്തോളം ഷാർജ നാഷനൽപെയിന്റ്‌സിനടുത്തെ ഫ്‌ളാറ്റിലായിരുന്നു താമസം. അടുത്ത മാസമായിരുന്നു യാത്ര നേരത്തെ തീരുമാനിച്ചിരുന്നത്. കുടുംബത്തിന് ക്വാറന്റീനിൽ കഴിയാൻ ഒരു വീട് പെട്ടെന്ന് തരപ്പെട്ടപ്പോൾ യാത്ര ഇന്നലത്തേയ്ക്ക് ആക്കുകയായിരുന്നു.

കുടുംബത്തെ യാത്രയയച്ച് തിരിച്ച് താമസ സ്ഥലത്ത് എത്തിയതുമുതൽ മുഹമ്മദ് നിജാസ് ഏറെ വിഷാദത്തിലായിരുന്നു. എന്നാൽ, സുഹൃത്തുക്കളായ മൻസൂറും ജംഷീറും മറ്റും ചേർന്ന് തമാശകൾ പറഞ്ഞ് സന്തോഷിപ്പിക്കാൻ ശ്രമിച്ചു. പിന്നീട്, രാത്രിയോടെ അപകട വാർത്ത അറിഞ്ഞതുമുതൽ മുഹമ്മദ് നിജാസ് ആകെ തകർന്നു. നാട്ടിലേയ്ക്ക് വിളിച്ചും മറ്റും കുടുംബത്തിന്റെ വിവരം അറിയാൻ യത്‌നിച്ചുകൊണ്ടിരുന്നു. കൂട്ടിന് സുഹൃത്തുക്കളുമുണ്ടായിരുന്നു.

വൈകാതെ ഇളയ കുട്ടി അസം മുഹമ്മദ് മരിച്ചതായും ഭാര്യക്ക് പരുക്കുണ്ടെന്നും മറ്റു മക്കൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടെന്നും വിവരം ലഭിച്ചു. അലറിക്കരഞ്ഞ ഇദ്ദേഹത്തെ സമാശ്വസിപ്പിക്കാനാകാതെ എല്ലാവരും വലഞ്ഞു. പിന്നീട് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള വഴിതേടുകയായിരുന്നു. ഇന്ന് രാത്രി കണ്ണൂരിലേയ്ക്കുള്ള വിമാനത്തിൽ ടിക്കറ്റ് ലഭിച്ചു. പ്രിയസുഹൃത്തിന് എല്ലാ പ്രയാസങ്ങളും നേരിടാനുള്ള കരുത്തുണ്ടാകണമേ എന്ന പ്രാർത്ഥനയിലാണ് യുഎഇയിലെ സുഹൃത്തുക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP