Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ദുരന്ത വെള്ളി; കരിപ്പൂർ വിമാന ദുരന്തത്തിൽ മരണം 19 ആയി; 121 പേർക്ക് പരുക്ക്; 14 പേരുടെ നില ഗുരുതരം; മരണമടഞ്ഞവരിൽ പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും; മൃതദേഹങ്ങൾ കോഴിക്കോട് മലപ്പുറം ജില്ലകളിലെ ആശുപത്രികളിലായി; രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചു; അപകടം എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച്; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തത്തിൽ മരണം 19 ആയി. 121 പേർക്ക് പരിക്കേറ്റു. 14  പേരുടെ നില ഗുരുതരമാണ്. വിമാന പൈലറ്റ് ദീപക് വസന്ത് സാഠേയും കോ പൈലറ്റ് അഖിലേഷും മരിച്ചവരിൽ ഉൾപ്പെടുന്നു. രാത്രി 7.45ഓടെയാണ് അപകടം. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയിൽനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാൻഡിങ്ങിൽനിന്ന് റൺവേയിൽനിന്ന് തെന്നിമാറി മുപ്പത്തഞ്ച് അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് രണ്ടുഭാഗങ്ങളായി വിമാനം പിളർന്നു. കനത്ത മഴകാരണം തീപ്പിടിക്കാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. കോഴിക്കോട്ടെയും മലപ്പുറത്തെയും 13 ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതിൽ കോഴിക്കോട്ടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന 13പേരും മലപ്പുറത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ആറുപേരുമാണ് മരിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരിപ്പൂരിലെത്തും.

യാത്രക്കാരിൽ ആറുപേർ കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു. നേരത്തെ ബേബി മെമോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരും മരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിലും മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുധീർ വാര്യർ (45) ആണ് രാത്രി വൈകിയാണ് മരിച്ചത്. ഈ ആശുപത്രിയിൽ ഗർഭിണിയടക്കം അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം അപകടം നടന്ന സ്ഥലത്ത് ഒന്നര മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. യാത്രക്കാരുടെ ലഗേജുകൾ വിമാനത്താവള അധികൃതർ ശേഖരിച്ചു. ഇത് സുരക്ഷിതമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലർ അത്യാസന്ന നിലയിലാണെന്നും മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു.

 മരിച്ചവരിൽ സ്ഥിരീകരിച്ച വിവരങ്ങൾ ഇങ്ങനെ:

പൈലറ്റ് ക്യാപ്റ്റൻ ഡിവി സാഠേ, സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് എന്നിവർ മരിച്ചു. ഇവർ കോഴിക്കോട് മിംസ് ആശുപത്രിയിലാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് പുരുഷന്മാർ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരാണ് മരിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചവർ:
1. സഹീർ സയ്യിദ്, 38, തിരൂർ സ്വദേശി
2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി
3. എടപ്പാൾ സ്വദേശി കെ.വി. ലൈലാബി
4. നാദാപുരം സ്വദേശി മനാൽ അഹമ്മദ്
5. അസം മുഹമ്മദ് (ഒന്നര വയസ്) വെള്ളിമാട്കുന്ന് സ്വദേശി

ബേബി മെമോറിയൽ ആശുപത്രിയിൽ മരിച്ചവർ:
1. ഷറഫുദ്ദീൻ, 35, പിലാശ്ശേരി സ്വദേശി
2. രാജീവൻ, 61, ബാലുശ്ശേരി സ്വദേശി

പൈലറ്റും, സഹപൈലറ്റും അല്ലാതെ കോഴിക്കോട് മിംസിൽ മരിച്ചവർ:
1. ദീപക്
2. അഖിലേഷ്
3. അയന രവിശങ്കർ (5) പട്ടാമ്പി

ഫറോക്ക് ക്രസന്റ് ആശുപത്രിയിൽ മരിച്ചത്:
1. ബാലുശ്ശേരി സ്വദേശി ജാനകി

 ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 1344 ആണ് അപകടത്തിൽപ്പെട്ടത് 10 കുഞ്ഞുങ്ങൾ, ആറ് ജീവനക്കാർ എന്നിവർ അടക്കം 194 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്തിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. വലിയ ശബ്ദത്തോടെ വിമാനം താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്ന് അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരി ജയ പറഞ്ഞു. വിമാനത്തിനുള്ളിലേക്ക് താൻ തെറിച്ചുപോവുകയും ബെൽറ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും അവർ പ്രതികരിച്ചു. വിമാനത്തിന്റെ ഏറ്റവും പുറകിലത്തെ സീറ്റിലായിരുന്നു ഇരുന്നത്. ലാൻഡ് ചെയ്തശേഷം വലിയ വേഗതയിലായിരുന്നു വിമാനം. വിമാനത്തിലുണ്ടായിരുന്ന സാധനങ്ങളെല്ലാം തെറിച്ചുപോയി. പിന്നിലിരുന്ന കുറച്ച് ആളുകൾക്ക് മാത്രമേ പരുക്കില്ലാതെയുള്ളൂവെന്നും ജയ പറഞ്ഞു. ലാൻഡ് ചെയ്യാൻ പോവുകയാണെന്ന അറിയിപ്പ് കിട്ടിയിരുന്നുവെന്നും വിമാനം റൺവേയിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ വലിയ ശബ്ദം കേട്ടുവെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടുതവണ ലാൻഡ് ചെയ്യാൻ നോക്കിയിട്ടും വിജയിക്കാതെ വീണ്ടും ശ്രമിക്കയായിരുന്നെന്നും രക്ഷപ്പെട്ടവരിൽ പലരും പറയുന്നു.

റൺവേയുടെ അറ്റത്താണ് സംഭവം നടന്നതെന്ന വിവരമാണ് ലഭിച്ചതെന്നും വിമാനത്താവളത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനേ തുടർന്നാണ് എത്തിയതെന്നും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ പരിസരവാസി പ്രതികരിച്ചു. അപകടമുണ്ടായപ്പോൽ പുക ഉയർന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൺവേയിൽ ഇറങ്ങിയ വിമാനം തെന്നി മാറി കൊണ്ടോട്ടി ഭാഗത്തേക്കുള്ള റോഡിന്റെ സൈഡിലേക്ക് മറിഞ്ഞുവെന്ന് പ്രദേശവാസിയായ ഹനീഫ മാസ്റ്റർ പ്രതികരിച്ചു. വിമാനത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. തീപിടുത്തം ഉണ്ടായില്ലെന്നും പ്രദേശത്തുനിന്ന് എല്ലാ യാത്രക്കാരേയും മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനത്തിൽനിന്ന് എല്ലാ യാത്രക്കാരേയും പുറത്തെത്തിച്ചുവെന്ന് സംഭവസ്ഥലത്ത് നിന്ന് ദൃക്സാക്ഷിയും പ്രദേശവാസിയുമായ ബഷീർ പറഞ്ഞു. എല്ലാവരെയും പുറത്തിറക്കിയശേഷവും ഒരു പുരുഷനും സ്ത്രീയും വിമാനത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. രാത്രി പത്തരയോടെയാണ് ഇവരെ പുറത്തെടുക്കാനായത്. നാഷണൽ ഡിഫൻസ് അക്കാദമിയിലും എയർഫോഴ്സിലും മികവ് തെളിയിച്ച ആളാണ് പൈലറ്റ് ദീപക് വസന്ത് സാത്തെ. പരിചയ സംമ്പന്നനായ പൈലറ്റ് ഡിഫൻസ് അക്കാഡമിയിൽ നിന്നാണ് എയർ ഇന്ത്യയിലെത്തിയത് ഇന്ത്യൻ എയർഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാർഡും നേടിയ പൈലറ്റാണ് ഇദ്ദേഹം. പക്ഷേ കനത്ത മഴയിൽ പൈലറ്റിന് റൺവേ ദൃശ്യമായിരുന്നില്ല എന്നാണ് കരുതുന്നത്. വിമാനത്താവളത്തിനു പുറത്തുകൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളർന്നത്.

ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു.ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണം. അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മുതൽ മുൻ വാതിൽ വരെയുള്ള ഭാഗം തകർന്നു. മുൻവാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടായി പിളർന്നത്. അപകടത്തിനു പിന്നാലെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. സ്ഥലത്തെത്തിയ ആംബുലൻസുകളിൽ പരുക്കേറ്റ യാത്രക്കാരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്കു മാറ്റി. ജില്ലാ കലക്ടറും സ്ഥലം എംഎൽഎയും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.

മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിൾ ടോപ് രീതിയിലാണ് കരിപ്പൂരിലെയും നിർമ്മാണം. അതിനാൽത്തന്നെ പലയിടത്തും താഴ്ചയേറിയ ഭാഗങ്ങളുണ്ട്. മംഗലാപുരത്തും സമാന രീതിയിൽ ആഴത്തിലേക്കു വീണാണ് വിമാനം തകർന്ന് അപകടമുണ്ടായത്. കനത്ത മഴ കാഴ്ച മറച്ചതാണ് അപകടകാരണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കുന്നത്. റൺവേ 10ലൂടെ തെന്നിനീങ്ങിയ വിമാനം ആഴത്തിലേക്കു വീഴുകയും രണ്ടായി പിളരുകയുമായിരുന്നു.
.

 മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരിപ്പൂരിലെത്തും. രാവിലെ 9 മണിയോടെ പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം എത്തുക. ദുരന്തസ്ഥലം സന്ദർശിച്ചിട്ട് അദ്ദേഹം ആശുപത്രികളിൽ എത്തി പരുക്കേറ്റവരെ കാണുമെന്നാണ് വിവരം. കോവിഡ് കാലത്ത് മുഖ്യമന്ത്രി എവിടേക്കും യാത്ര ചെയ്തിരുന്നില്ല. ഇത് ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരം വിടുന്നത്. കരിപ്പൂരിൽ എത്തുന്ന അദ്ദേഹം ഏകോപന തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കുമെന്നും വിവരമുണ്ട്.എൽഡിഎഫ് യോഗം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രാഷ്ട്രീയ പരിപാടികളുണ്ട്. ഇതൊക്കെ മാറ്റിവച്ചാണ് അദ്ദേഹം കരിപ്പൂരിൽ എത്തുക.

ഉദ്യോഗസ്ഥ തലത്തിൽ മുഖ്യമന്ത്രി യാത്ര ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു എങ്കിലും ദുരന്തസ്ഥലം സന്ദർശിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മന്ത്രി എസി മൊയ്തീനോട് കരിപ്പൂരിൽ ക്യാമ്പ് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടർന്ന് കരിപ്പൂരി ഇറങ്ങേണ്ട വിമാനങ്ങൾ നെടുമ്പാശ്ശേരി, കണ്ണുർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. കരിപ്പൂരിൽ കൺട്രോൾ റൂം തുറന്നു. നമ്പർ: 0483 2719493.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP