Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജീവനക്കാരനെ തല്ലിക്കൊന്ന കരിക്കിനേത്ത് മുതലാളിയെ രക്ഷിക്കാൻ സർക്കാറും പാർട്ടികളും മാധ്യമങ്ങളും ഒറ്റക്കെട്ട്; പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ കോടതിയിൽ എത്തും മുമ്പ് മറ്റൊരു വക്കീലിന്റെ ഓഫീസിൽ; അഞ്ച് വർഷമായിട്ടും വിചാരണ തുടങ്ങാതെ നീട്ടിയ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്ന ആവശ്യത്തിന് അനക്കമില്ല; ശ്രീജിത്തിന് നീതി നേടിക്കൊടുത്ത സോഷ്യൽ മീഡിയ ഒരു സാധു കുടുംബത്തിന് നീതി നേടാൻ രംഗത്തിറങ്ങുമോ?

ജീവനക്കാരനെ തല്ലിക്കൊന്ന കരിക്കിനേത്ത് മുതലാളിയെ രക്ഷിക്കാൻ സർക്കാറും പാർട്ടികളും മാധ്യമങ്ങളും ഒറ്റക്കെട്ട്; പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ കോടതിയിൽ എത്തും മുമ്പ് മറ്റൊരു വക്കീലിന്റെ ഓഫീസിൽ; അഞ്ച് വർഷമായിട്ടും വിചാരണ തുടങ്ങാതെ നീട്ടിയ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്ന ആവശ്യത്തിന് അനക്കമില്ല; ശ്രീജിത്തിന് നീതി നേടിക്കൊടുത്ത സോഷ്യൽ മീഡിയ ഒരു സാധു കുടുംബത്തിന് നീതി നേടാൻ രംഗത്തിറങ്ങുമോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശ്രീജിത്തിന് വേണ്ടി ശബ്ദമുയർത്തിയ സോഷ്യൽ മീഡിയക്ക് ഈ നിലവിളി ശബ്ദം ഉയർത്തിപ്പിടിക്കാൻ സാധിക്കുമോ? പ്രമുഖൻ അല്ലാത്ത ഒരു പാവപ്പെട്ടവനെ ഒരു മുതലാളി തല്ലിക്കൊന്നിട്ടും ഇന്നേവരെ നീതി ലഭിക്കാത്ത അലയുന്ന ഒരു സാധാകുടുംബത്തിന്റെ അഭ്യർത്ഥനയാണിത്. കേരളത്തിലെ മാധ്യമങ്ങൾക്ക് വാരിക്കോരി പരസ്യം കൊടുത്തു കൊണ്ടിരുന്ന കരിക്കിനേത്ത് ടെക്‌സ്റ്റെയിൽസ് ഉടമ പ്രതിയായ കൊലക്കേസിൽ നീതി തേടി കൊല്ലപ്പെട്ട പ്രമുഖൻ അല്ലാത്തയാളുടെ കുടുംബം അലയുകയാണ്. അഞ്ച് വർഷം മുമ്പ് പത്രങ്ങളും ചാനലുകളും ചേർന്ന് ഒരുപോലെ മുക്കിയ കരിക്കിനേത്തുകൊലക്കേസാണ് ഇതുവരെ വിചാരണ പോലും നടത്താതെ വലിച്ചു നീട്ടുന്നത്.

മോഷണ കുറ്റം ആരോപിച്ച് പാവപ്പെട്ട തൊഴിലാളിയെ കടയിൽവെച്ച് പച്ചക്ക് ഗുണ്ടകളുടെ സഹായത്തിൽ തല്ലി കൊല്ലുക.. എന്നിട്ടു ഒന്നുമറിയാത്ത ഭാവത്തിൽ ഒരു തൊഴിലാളി കുഴഞ്ഞു വീണു മരിച്ചുവെന്ന് പറഞ്ഞ് പൊലീസിൽ അറിയിക്കുക.. പൊലീസുകാരെയും രാഷ്ട്രീയക്കാരെയും കാശിറക്കി രക്ഷപെടാനുള്ള പഴുതുകൾ തേടുക.. ഇതെല്ലാം നടന്നത് പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സ്റ്റെയിൽസിലാണ്. പാവപ്പെട്ട തൊഴിലാളിയെ തല്ലിക്കൊല്ലാൻ കൂട്ടുനിന്നത് കരിക്കിനേത്ത് ജോസ്, കരിക്കിനേത്ത് ജോർജ് എന്നീ സഹോദരങ്ങൾ ചേർന്നാണ്.

കാശിന്റെ ബലത്തിൽ കൊലപാതക കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ അന്ന് ചെറുത്തു തോൽപ്പിക്കാൻ മുന്നിൽ നിന്നത് മറുനാടൻ മലയാളിയാണ്. മുഖ്യാധാരാ മാധ്യമങ്ങളും പത്രങ്ങളും പോലും പരസ്യം നൽകുന്ന കരിക്കിനേത്ത് മുതലാളിയോട് കൂറു പുലർത്തി ഒളിച്ചു വച്ചാൻ ശ്രമിച്ച ബിജു എന്ന ചെറുപ്പക്കാരന്റെ മരണം കൊലപാതകമാണെന്നും അതിന് പിന്നിൽ മാധ്യമങ്ങളുടെ കൂടി ഇഷ്ടതോഴനായ ടെക്‌സ്‌റ്റെയിൽ മുതലാളിയാണെന്നും ലോകം ലോകം മറുനാടനിൽ കൂടിയറിഞ്ഞു. കേസിന്റെ ഒരോ ഘട്ടത്തിലും കൃത്യമായ ഇടപെടൽ മറുനാടനിൽ നിന്നുമുണ്ടായി.

ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് സംഭവം കൊലപാതകം പോലുമല്ലെന്ന് പറഞ്ഞ് കരിക്കിനേത്ത് മുതലാളിമാരെ രക്ഷിക്കാൻ രംഗത്തിറങ്ങി. അന്നൊക്കെ ഈ നീക്കങ്ങളെ ചെറുത്തു തോൽപ്പിച്ചത് മറുനാടൻ വാർത്തയെ തുടർന്നായിരുന്നു. കോൺഗ്രസെന്നോ സിപിഎമ്മെന്നോ വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാർ എല്ലാവരും ഒരുപോലെയാണ് ഈ കേസിൽ മുതലാളിക്ക് വേണ്ടി താൽപ്പര്യത്തോടെ രംഗത്തിറങ്ങിയത്. എല്ലാവരും ചേർന്ന് ഒതുക്കി തീർക്കാൻ ശ്രമിച്ച ഈ കേസ് വീണ്ടും വിവാദങ്ങളിൽ ചെന്നുപെടുകയാണ്. അഞ്ച് വർഷം മുമ്പ് നടന്ന കൊലപാത കേസിൽ പ്രതിയെ അറസ്റ്റു ചെയ്യുകയും അന്വേഷണം പൂർത്തിയാക്കിയെങ്കിലും വിചാരണ അനന്തമായി നീണ്ടുപോകുകയാണ്.

പബ്ലിക് പ്രോസിക്യൂട്ടറുടെ കൈവശമുള്ള കേസ് ഫയൽ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത് മറ്റൊരു വക്കീലിന്റെ ഓഫീസിൽ നിന്ന്

യുഡിഎഫ് സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴാണ് കൊലപാതകം നടന്നതെങ്കിലും അന്ന് ഈ വിഷയത്തിൽ അതീവ താൽപ്പര്യത്തോടെ ഇടപെട്ടത് ജില്ലയിലെ സിപിഎം നേതാക്കളാണ്. ഇപ്പോൾ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനും മുതലാളിമാരെ രക്ഷിക്കാനും അധികാരത്തിന്റെ ബലത്തിൽ തന്നെ ഇവർ രംഗത്തുണ്ട്. സംഭവം നടന്ന് അഞ്ചു വർഷമായിട്ടും വിചാരണ തുടങ്ങിയില്ലെന്നതു പോകട്ടെ, കേസിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കൈവശമുള്ള സുപ്രധാന ഫയൽ മറ്റൊരു വക്കീലിന്റെ ഓഫീസിലേക്ക് പോയെന്ന് ആരോപണവും ശക്തമായി.

കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുക്കളുടെ പരാതിയിൽ കേസ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഏൽപ്പിക്കുവാൻ വേണ്ടി ജില്ലാ പൊലീസ് മേധാവി ഫയൽ ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഫയൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത് വക്കീലിന്റെ ഓഫീസിൽ നിന്നാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അങ്ങനെ ഒന്നു നടന്നിട്ടില്ലെന്നാണ് പ്രോസിക്യൂട്ടറുടെ ഓഫീസും ആരോപണ വിധേയനായ വക്കീലിന്റെ ഓഫീസും പറയുന്നത്.

2013 നവംബർ ഏഴിന് അർധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അതീഭീകരമായി പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മർദിച്ചു കൊന്നത്. ഉന്നതർ ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ച ആ കൊലപാതകക്കേസിൽ അന്നു തന്നെ സിപിഐഎം നേതാക്കളും പ്രതികൾക്ക് അനുകുലമായ നിലപാട് സ്വീകരിച്ചിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നടന്ന ജില്ലാ ഗവ. പ്ലീഡർമാരുടെ നിയമനം പോലും കരിക്കിനേത്തുകാർക്ക് അനുകൂലമായിട്ടാണെന്ന് വാദം ഉയർന്നിരുന്നു. തിരുവല്ലയിൽ നിന്നുള്ള സിപിഐ നേതാവിന്റെ ഭാര്യയായ വക്കീലിനെ പ്ലീഡറാക്കിയതിനെപ്പറ്റിയായിരുന്നു ആരോപണം.

അഭിഭാഷക വൃത്തിയിൽ പ്രാഗത്ഭ്യം ഇല്ലാത്ത, ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത, തിരുവല്ലയിൽ നിന്നുള്ള രേഖയെ സിപിഐ നോമിനിയാക്കി പ്ലീഡർ സ്ഥാനത്തേക്ക് കൊണ്ടു വന്നപ്പോഴേ ബിജുവിന്റെ സഹോദരൻ സാബുവിന് അപകടം മണത്തിരുന്നു. മാത്രവുമല്ല, അഞ്ചു വർഷം പിന്നിട്ട കേസ് ഇതുവരെ വിചാരണ ആരംഭിക്കാത്തതും സംശയം ഉയർത്തി. സമാനരീതിയിലാണ് നിഷാം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ജീപ്പിടിച്ചു കൊന്നത്. മാധ്യമങ്ങൾ ഏറ്റു പിടിച്ച കേസിൽ ഒരു വർഷത്തിനുള്ളിൽ നിഷാം വിചാരണ കഴിഞ്ഞ് ശിക്ഷിക്കപ്പെട്ട് ജയിലിനുള്ളിലായി.

പരസ്യദാതാവല്ലാത്ത നിസാം അഴിക്കുള്ളിലായി, പരസ്യ മുതലാളിയെ സംരക്ഷിക്കാൻ മാധ്യമങ്ങളും

എന്നാൽ, കരിക്കിനേത്ത് കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ-പൊലിസ്-മാധ്യമ അച്ചുതണ്ട് ഒന്നിച്ചു കുടപിടിക്കുകയായിരുന്നു. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുക്കളുടെ ദീനരോദനം കാണാൻ ഒരു മാധ്യമത്തിനും കണ്ണില്ലാതെ പോയി. ഒടുവിൽ മറുനാടൻ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് യഥാർഥ പ്രതികളെ ജയിലിലാക്കിയത്. അതാണിപ്പോൾ വിചാരണ തുടങ്ങാതെ അട്ടിമറിച്ചു കൊണ്ടിരിക്കുന്നത്. വിചാരണ തുടങ്ങാൻ വൈകുന്നതിനെതിരേയും രേഖയെന്ന പ്ലീഡറുടെ കാര്യക്ഷമതയിൽ സംശയം തോന്നിയും ബിജുവിന്റെ സഹോദരൻ സാബു ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതോടെയാണ് പ്രോസിക്യൂഷനും പ്രതിഭാഗം വക്കീലും തമ്മിലുള്ള ഒത്തുകളി പുറത്തായിരിക്കുന്നത്. വിചാരണ വൈകുന്ന കാര്യത്തിൽ എഡിജിപി സന്ധ്യ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോ. സതീഷ് ബിനോയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി എസ്‌പി പ്രോസിക്യൂഷന്റെ ഫയൽ വിളിച്ചു വരുത്താൻ ശ്രമിച്ചപ്പോഴാണ് അത് ചോർന്നുവെന്ന ആരോപണം ഉയർന്നത്.

ചോർച്ച സംബന്ധിച്ച വാർത്ത തെറ്റാണെന്ന് ആരോപണ വിധേയർ പറയുമ്പോഴും ബിജുവിന്റെ ബന്ധുക്കൾക്ക് അത് വിശ്വാസമില്ല. ഗവ. പ്ലീഡർക്ക് പകരം ഈ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി കൊല്ലത്തു നിന്നുള്ള അഭിഭാഷകൻ മോഹൻരാജിനെ നിയമിക്കാൻ പൊലീസ് സംസ്ഥാന സർക്കാരിനോട് അനുമതി തേടിയിരിക്കുകയാണ്. ഇതിനോടകം ഇതു സംബന്ധിച്ച ഫയൽ പഠിച്ചു കഴിഞ്ഞ അഡ്വ. മോഹൻരാജ് കേസ് ഏറ്റെടുക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. എന്നാൽ പൊതുതാൽപ്പര്യമുള്ള കേസിലാണ് സാധാരണ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ വെക്കുന്നത്. ഈ കേസിൽ പൊതുതാൽപ്പര്യമില്ലെന്ന് വരുത്തി തീർക്കുകയാണ് ഭരണാനുകൂല രാഷ്ട്രീയക്കാർ. സർക്കാർ അനുമതി നൽകിയാലുടൻ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണ ആരംഭിക്കാൻ കഴിയും. അതിന് തടയിടാനാണ് ഇപ്പോൾ സിപിഎം നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

കൊല്ലപ്പെട്ട ബിജുവിന്റെ ഭാര്യയെ കരിക്കിനേത്ത് ഉടമകൾ പണം കൊടുത്ത് നിശബ്ദരാക്കിയെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് ഈ കേസ് ശിക്ഷിക്കപ്പെടില്ലെന്നുമാണ് ഇടത് ആഭിമുഖ്യം പുലർത്തുന്ന ചില അഭിഭാഷകർ പ്രചരിപ്പിക്കുന്നത്. ബിജുവിന്റെ മരണം നടന്ന ആദ്യകാലങ്ങളിൽ മാത്രമാണ് ഇതിനെതിരേ ഭാര്യ രംഗത്തു വന്നത്. പിന്നീട്, ഹൈക്കോടതിയിൽ അടക്കം കേസ് ഫയൽ ചെയ്തത് സഹോദരൻ സാബുവായിരുന്നു. ഇപ്പോഴും സാബുവാണ് ശക്തമായി രംഗത്ത് നില കൊള്ളുന്നത്.

വലതു ചേരിയിലുള്ള രാഷ്ട്രീയ കക്ഷികളെയും വലുതും ചെറുതുമായ മാധ്യമങ്ങളെയും പണം കൊടുത്ത് വായടപ്പിച്ച് കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമം പുറത്തു കൊണ്ടുവന്നത് മറുനാടന്റെ ഒറ്റയാൻ പോരാട്ടമായിരുന്നു. പണവും സ്വാധീനവും ഉന്നതബന്ധവുമുണ്ടെങ്കിൽ ഏതു കൊലപാതകക്കേസും അട്ടിമറിക്കാമെന്ന രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും വൻകിട മുതലാളിമാരുടെയും വ്യാമോഹം തകർത്തെറിഞ്ഞ സംഭവം കൂടിയായിരുന്നു പത്തനംതിട്ട കരിക്കിനേത്ത് വസ്ത്രാലയത്തിലെ കാഷ്യർ ബിജു പി. ജോസഫിന്റെ കൊലപാതകം.

കടയ്ക്കുള്ളിൽ ബിജു മരിച്ചു നിമിഷങ്ങൾ കഴിയുന്നതിന് മുൻപ് പത്തനംതിട്ട എസ്.ഐയ്ക്ക് ഒരു ഫോൺ വന്നു. പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യർ ബിജുവിനെതിരേ മോഷണക്കുറ്റത്തിന് കേസ് എടുക്കണമെന്ന് പറഞ്ഞ് എസ്.ഐയെ വിളിച്ചത് കോട്ടയത്തുള്ള ഒരു ഡിവൈ.എസ്‌പിയായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ വിശ്വസ്തനായിരുന്നു ഈ ഡിവൈ.എസ്‌പി. മിനിസ്റ്റർക്ക് താൽപര്യമുള്ള കേസാണെന്നു കൂടി ഡിവൈ.എസ്‌പി പറഞ്ഞെങ്കിലും മാന്യനായ എസ്.ഐ നേരായ വഴിയിലൂടെയാണ് അന്വേഷണം നടത്തിയത്. പിറ്റേന്നു രാവിലെ സംഭവം പുറംലോകമറിഞ്ഞു. കൊലപാതകികൾ നെഞ്ചും വിരിച്ച് നാട്ടിലൂടെ നടന്നു.

അവൻ പട്ടിയെപ്പോലെ ചത്തു.. ജീവിച്ചിരിക്കുന്ന മാന്യന്മാരെ കുരുക്കാൻ ഓരോരുത്തൻ ഇറങ്ങിക്കോളും

ബിജുവിനെ തല്ലിക്കൊന്നതാണ്. കടയ്ക്കുള്ളിലാണ് ബിജു മർദനമേറ്റ് മരിച്ചത്. ആ സമയത്ത് കടയിലുണ്ടായിരുന്നവർ പ്രതികളാണ്. അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മതി. പക്ഷേ, അങ്ങനെ ഒരു നീക്കം ഒരിക്കലും ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഒരാഴ്ചയോളം അതങ്ങനെ പോയി. മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയുടെ പേര് പറഞ്ഞ് അറസ്റ്റ്, അന്വേഷണം ഒക്കെ നീട്ടിക്കൊണ്ടു പോയി. കരിക്കിനേത്തുകൊലപാതകം പൊലീസ് അട്ടിമറിച്ചത് എങ്ങനെയെന്ന വിശദമായ വാർത്ത മറുനാടൻ മലയാളി നൽകി. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ലോക്കൽ പൊലീസ് പണം വാങ്ങി കേസ് അട്ടിമറിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എ. ഹേമചന്ദ്രൻ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തി എ.ഡി.ജി.പി ശാസിച്ചതിന് ശേഷമായിരുന്നു അന്വേഷണസംഘം കേസ് എടുത്തത്.

ലോക്കൽ പൊലീസിന്റെ നടപടി സേനയ്ക്ക് ഒന്നടങ്കം കളങ്കമുണ്ടാക്കിയെന്നും ജനങ്ങളുടെ ഇടയിൽ വിശ്വാസത്തിന് കോട്ടം തട്ടുന്നതിന് കാരണമായെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ക്രമസമാധാന തകർച്ചയ്ക്കും ഇത് വഴിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇത്രയും ഗൗരവതരമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടും അതിനെ ലാഘവത്തോടെ കൈകാര്യം ചെയ്യാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചതെന്നും ചില ഉദ്യോഗസ്ഥർക്ക് കടയുടമയ്ക്ക് വേണ്ടി ഒരു തോമസുകുട്ടി വൻതുക കൈക്കൂലി നൽകിയെന്നും പരാമർശം ഉണ്ടായിരുന്നു. എസ്‌പിയായിരുന്ന പി. വിമലാദിത്യ, ജില്ലാ ക്രൈം റെക്കോഡ്സ്ബ്യൂറോ ഡിവൈ.എസ്‌പിയായിരുന്ന എൻ. രാജേഷ്, പത്തനംതിട്ട എസ്.ഐയായിരുന്ന മനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു.

ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കൈക്കൂലി കൈപ്പറ്റാത്ത ഏക ഉദ്യോഗസ്ഥനാണ് മനുരാജ് എന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ കരിക്കിനേത്തുകാർ ഇളകി. പുതിയ കഥ മെനഞ്ഞ് തങ്ങളുടെ ഡ്രൈവറെ മാത്രം കൊലക്കേസിൽ പ്രതിയാക്കാൻ നീക്കം തുടങ്ങി. അതിനായി അയാളുടെ വീട്ടിൽ ലക്ഷങ്ങൾ എത്തിച്ചു കൊടുത്തു. അറസ്റ്റ് ചെയ്യുമ്പോൾ പറയാൻ ഒരു കഥയും തയാറാക്കി ഡ്രൈവറെ പൊലീസിന് കൈമാറാൻ ധാരണയുമായി. വിവരം മണത്തറിഞ്ഞ മറുനാടൻ സംഗതി പരസ്യമാക്കി. എസ്‌പിയുടെ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഡ്രൈവർ മൊഴിമാറ്റി. പിന്നെ അനൗപചാരികതകൾ മാത്രം ബാക്കി.

കരിക്കിനേത്ത് ജോസ്, ജോർജ്, കൈപ്പട്ടൂർ കരിക്കിനേത്തിലെ കാഷ്യർ എന്നിവരടക്കം നാലു പ്രതികളെ അറസ്റ്റ് ചെയ്തു. അന്ന് ഒരു കോൺഗ്രസ് മന്ത്രി അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ മുഖത്ത് നോക്കി പറഞ്ഞത് ഇങ്ങനെയായിരുന്നു: എന്തായാലും അവൻ (ബിജു) പട്ടിയെപ്പോലെ ചത്തു. ജീവിച്ചിരിക്കുന്ന മാന്യന്മാരെ കുരുക്കാൻ ഓരോരുത്തൻ ഇറങ്ങിക്കോളും.

പ്രമുഖനല്ലാത്ത സാബുവിനൊപ്പം സോഷ്യൽ മീഡിയ രംഗത്തെത്തുമോ?

കരിക്കിനേത്ത് കേസ് അട്ടിമറിക്കുന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും കൈകോർത്തു. പാവങ്ങളെ ആർക്കും തല്ലാം കൊല്ലാം. ഒരു പട്ടിയും ചോദിക്കില്ല എന്ന ആത്മവിശ്വാസമായിരുന്നു കരിക്കിനേത്തിന്റെ ഉടമകൾക്ക്. കേസ് ഇതുവരെ കോടതിയിൽ എത്തിയിട്ടും ഇനിയും വിചരാണ തുടങ്ങിയിട്ടില്ല. ശിക്ഷാവിധിയിൽ നിന്ന് ആരു വിചാരിച്ചാലും കരിക്കിനേത്ത് സഹോദരന്മാർക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധമുള്ള കുറ്റപത്രമാണ് നൽകിയിരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. കേസിൽ ആരോപണ വിധേയനായ ചില ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പോലും നഷ്ടമായിരുന്നു.

ഇനിടെ കരിക്കിനേത്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരേ ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി നൽകുകയുണ്ടായി. കേസിന്റെ പല ഘട്ടത്തിലും സഹോദരന് നീതി തേടി രംഗത്തിറങ്ങിയ സാബുവിനെ പണം നൽകിയും മറ്റും പ്രലോഭിപ്പിച്ചു വലയിലാക്കാൻ കരിക്കിനേത്ത് ഉടമകൾ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ച ശബ്ദരേഖ മുൻപ് മറുനാടൻ പുറത്തു വിട്ടിരുന്നതാണ്. തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് കരുതുന്ന ഇടതു സർക്കാർ തൊഴിലാളിയെ കൊലപ്പെടുത്തിയ മുതലാളിക്കെതിരെ ചെറുവിരൽ അനക്കാൻ തയ്യാറല്ലെനന്ന സൂചനയാണ് ഇപ്പോഴുമുള്ളത്. അനുജന നീതി തേടിയുള്ള ശ്രീജിത്തിന്റെ സമരത്തിന് സമാനമാണ് കരിക്കിനേത്ത് കേസും. പ്രമുഖനല്ലാത്ത സാബുവിനൊപ്പം സോഷ്യൽ മീഡിയ കൂടിയ രംഗത്ത് വന്നാൽ കേസിലെ പ്രതികളെ അഴിക്കുള്ളിലാക്കാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP