Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതിർത്തി കടന്നെത്തിയ ശത്രുവിനെ തുരത്തിയ ഇന്ത്യ നേടിയ ഐതിഹാസിക യുദ്ധവിജയം; തീവ്രവാദികളുടെ വേഷമണിഞ്ഞ് ഇന്ത്യൻ അതിർത്തി കടന്ന പാക് സൈന്യത്തിന്റെ നീക്കം തടഞ്ഞത് ആട്ടിടയന്മാർ നൽകിയ സന്ദേശത്തോടെ; മൂന്ന് മാസം നീണ്ടുനിന്ന യുദ്ധത്തിൽ പാക്കിസ്ഥാനെ പ്രതിരോധത്തിലാഴ്‌ത്തിയത് സംയുക്തസേനയുടെ ഓപ്പറേഷൻ വിജയ്യും; 527 ജവാന്മാരെ നഷ്ടപ്പെട്ട യുദ്ധത്തിന് പിന്നാലെ കാർഗിലിൽ വിജയക്കൊടി പാറിച്ച് ഇന്ത്യൻ പട്ടാളക്കാർ; കാർഗിൽ കാർഗിൽ യുദ്ധ വിജയത്തിന്‌ ഇന്ന് 21 വയസ്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: അതിർത്തി കടന്നെത്തിയ ശത്രുവിനെ തുരത്തിയ ഇന്ത്യ നേടിയ ഐതിഹാസിക യുദ്ധവിജയം. കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വർഷം തികയുമ്പോൾ രാജ്യം സ്മരിക്കുന്നത് യുദ്ധത്തിൽ സ്വജീവന്മരിച്ച 527 ധീര ജവാന്മാരെ. നുഴഞ്ഞുകയറിയ പാക് പട്ടാളത്തെ മൂന്ന് മാസം നീണ്ടുനിന്ന യുദ്ധത്തിലൂടെ തുരുത്തിയാണ് പാക് പാട്ടാളത്തിന് മേൽ ഇന്ത്യ വിജയം ഉറപ്പിച്ച് ത്രിവർണ പതാക ഉയർത്തി രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചത്.

ഭീകരവാദികളുടെ വേഷത്തിൽ പാക് സൈനിക മേധാവി പർവേസ് മുഷാറഫിന്റെ ഉത്തരവനുസരിച്ച് പാക് സൈന്യം കാർഗിലിലെ തന്ത്രപ്രധാനമായ മേഖലകളിൽ നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ സംഘർഷമുഖരിതമാകുന്നത്. 1999ലെ കൊടും ശൈത്യത്തിൽ ഇന്ത്യ സൈനികരെ പിൻവലിച്ച തക്കത്തിനാണ് പാക്കിസ്ഥാൻ കൊടുംചതി പ്രയോഗിച്ചത്. എന്നാൽ ഈ നീക്കത്തെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുതകയും ചെയ്തു.

പാക് സൈന്യത്തിന്റെ നീക്കം നടന്നത് ഓപ്പറേഷൻ എന്നപേരിലാണ്. ഇന്ത്യാ- പാക് നിയന്ത്രണരേഖ മറികടന്ന് കിലോമീറ്ററുകൾ ശത്രു കൈവശപ്പെടുത്തി. ആട്ടിടയന്മാരിൽ നിന്ന് പാക് സൈന്യത്തിന്റെ നീക്കം അറിഞ്ഞ ഇന്ത്യൻ സൈന്യം മറുപടി നൽകാനായി തുനിഞ്ഞു. ഓപ്പറേഷൻ വിജയ് എന്ന സൈനിക നടപടിക്ക് തുടക്കമിട്ടു. കാലാവസ്ഥയും ഭൂപ്രകൃതിയും എതിരുനിന്നിടത്ത് ആത്മവിശ്വസവും ധീരതയും കൊണ്ട് ഇന്ത്യൻ സൈന്യം ലോകത്തിന് മുന്നിൽ പുതിയൊരു പോരാട്ട ഗാഥ രചിച്ചു. ജൂൺ 19 മുതൽ ടോലോലിങ്ങിലെ ആക്രമണം മുതൽ ജൂലൈ നാലിന് ടൈഗർ ഹിൽസിന് മുകളിൽ ത്രിവർണ പതാക ഉയർത്തുന്നതു വരെ അത് നീണ്ടു നിന്നു. കരളുറപ്പുള്ള ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞ പാക് പട തോറ്റമ്പി പിന്തിരിഞ്ഞോടി.

ജൂലൈ 14ന് കാർഗിലിൽ ഇന്ത്യ വിജയം വരിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. പരമാധികാര രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തിനായി സ്വന്തം ജീവൻ ബലികൊടുത്ത ധീര സൈനികരുടെ ജ്വലിക്കുന്ന ഓർമയാണ് കാർഗിൽ. 21 വർഷങ്ങൾക്കിപ്പുറവും രാജ്യം അവരുടെ വീരസ്മരണയെ അനുസ്മരിക്കുകയാണ്.

മലനിരകൾക്ക് മുകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തിനെ തുരത്താൻ ഇന്ത്യയെ സഹായിച്ചത് കര-നാവിക- വ്യോമസേനയുടെ സംയുക്തമായ പ്രവർത്തനമാണ്. നുഴഞ്ഞുകയറിയ പാക് നോർത്തേൺ ഇൻഫൻട്രിയെ നേരിടാൻ കരസേന ആദ്യമിറങ്ങി. പിന്നാലെ ഓപ്പറേഷൻ തൽവാറുമായി നാവിക സേന രംഗത്തിറങ്ങി. പാക് തുറമുഖങ്ങൾ നാവിക സേന ഉപരോധിച്ചതോടെ അവർ പ്രതിരോധത്തിലായി. ശ്രീനഗർ വിമാനത്താവളം ലക്ഷ്യമിട്ട് പർവത മുകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തിനെ ലക്ഷ്യമിട്ട് വ്യോമസേന ഓപ്പറേഷൻ സഫേദ് സാഗറുമായി രംഗപ്രവേശനം ചെയ്തു.നിയന്ത്രണരേഖ ലംഘിക്കാതെ വേണം ആക്രമണം നടത്തേണ്ടതെന്ന് കേന്ദ്രം വിലക്കിയില്ലായിരുന്നുവെങ്കിൽ വേണ്ടിവന്നാൽ പാക്കിസ്ഥാനിലും ബോംബിടാൻ തയ്യാറായിരുന്നു വ്യോമസേന.

യുദ്ധവഴികൾ ഇങ്ങനെ:-

1999 മേയിലാണ് കാർഗിലിൽ യുദ്ധം തുടങ്ങിയത്. അന്ന് പാക്കിസ്ഥാൻ സേനാമേധാവിയായിരുന്ന ജനറൽ പർവേസ് മുഷറഫ്, പ്രധാനമന്ത്രി നവാസ് ഷരീഫ് അറിയാതെയാണ് യുദ്ധത്തിനു കോപ്പുകൂട്ടിയതെന്നു പറയപ്പെടുന്നു. പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റത്തോടെ അത് ആരംഭിച്ചു. സമുദ്രനിരപ്പിൽനിന്ന് 16000 മുതൽ 18000 വരെ അടി ഉയരത്തിലുള്ള കാർഗിൽ മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ചു. യുദ്ധമുണ്ടായാൽ മുൻതൂക്കമുറപ്പാക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. നാട്ടുകാരായ ആട്ടിടയരിൽനിന്ന് നുഴഞ്ഞുകയറ്റക്കാരെക്കുറിച്ചു വിവരം ലഭിച്ച ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ വിജയ്' ആരംഭിച്ചു. ആ ദിനങ്ങളിലൂടെ...

1999 മെയ്‌ 4 കാർഗിൽ മലനിരകളിൽ നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് സേനയ്ക്കു വിവരം ലഭിച്ചു
മെയ്‌ 5-15 സേനയുടെ റോന്തുചുറ്റൽ സംഘം നിരീക്ഷണത്തിന്. സംഘാംഗമായ ക്യാപ്റ്റൻ സൗരഭ് കാലിയയെ കാണാതായി
മെയ്‌ 25 കാർഗിൽ, ദ്രാസ്, ബതാലിക് മേഖലകളിൽ എണ്ണൂറോളം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് കരസേന. വ്യോമസേന ആക്രമണമാരംഭിച്ചു.
മെയ്‌ 26 വ്യോമസേനയുടെ മിഗ് 27 തകർന്നു. രക്ഷപ്പെട്ട പൈലറ്റ് ലഫ്. കേണൽ നചികേത പാക്കിസ്ഥാന്റെ പിടിയിൽ. നിയന്ത്രണരേഖയിൽ രക്ഷാപ്രവർത്തനത്തിലായിരുന്ന മിഗ് 21 വിമാനം പാക്കിസ്ഥാൻ വെടിവെച്ചിട്ടു. സ്‌ക്വാഡ്രൺ ലീഡർ അജയ് അഹൂജ കൊല്ലപ്പെട്ടു. ശ്രീനഗർ വിമാനത്താവളം അടച്ചു.

മെയ്‌ 28 മിഗ് 17 ഹെലിക്കോപ്റ്റർ വെടിവെച്ചിട്ടു. അതിലുണ്ടായിരുന്ന നാലുപേരും മരിച്ചു. വ്യോമസേന ഹെലിക്കോപ്റ്ററുകൾ പിൻവലിച്ചു
മെയ്‌ 31 കാർഗിലിൽ 'യുദ്ധസമാന സാഹചര്യ'മെന്ന് പ്രധാനമന്ത്രി എ.ബി. വാജ്പേയ്
ജൂൺ 3 ലഫ്. കേണൽ നചികേതയെ പാക്കിസ്ഥാൻ ഇന്ത്യക്കു കൈമാറി
ജൂൺ 6 കാർഗിലിലും ദ്രാസിലും ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും ശക്തമായ ആക്രമണം.
ജൂൺ 10 ആറു പട്ടാളക്കാരുടെ വികൃതമാക്കിയ മൃതദേഹം പാക്കിസ്ഥാൻ ഇന്ത്യക്കു കൈമാറി.
ജൂൺ 12 പ്രശ്‌നപരിഹാരത്തിനായി വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി സർതാജ് അസീസും തമ്മിൽ ഡൽഹിയിൽ ചർച്ച. നുഴഞ്ഞുകയറ്റക്കാർ ഒഴിഞ്ഞുപോകുമെന്ന് അസീസ്.
ജൂൺ 13 തോലോലിങ് കൊടുമുടി ഇന്ത്യൻ സേന പിടിച്ചെടുത്തു. യുദ്ധം വഴിത്തിരിവിൽ. കനത്ത ഷെല്ലാക്രമണത്തിനിടെ പ്രധാനമന്ത്രി വാജ്പേയ് കാർഗിലിൽ.

ജൂൺ 15 കാർഗിലിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനോട് യു.എസ്. പ്രസിഡന്റ് ബിൽ ക്ലിന്റൺ.
ജൂൺ 20 പോയന്റ് 5140 സൈന്യം പിടിച്ചതോടെ തോലോലിങ്ങിൽ ഇന്ത്യക്ക് പൂർണവിജയം. നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന് ജി8 രാജ്യങ്ങൾ
ജൂൺ 23-27 യു.എസ്. ജനറൽ ആന്തണി സിന്നി പാക്കിസ്ഥാനിൽ. കാർഗിലിൽനിന്നു പിന്മാറാൻ അഭ്യർത്ഥന. യു.എസ്. പ്രസിഡന്റിന്റെ ദൂതൻ ഇന്ത്യയിൽ.
ജൂലായ് 4 ഇന്ത്യൻ സേന ടൈഗർ ഹിൽ തിരിച്ചുപിടിച്ചു. ഷരീഫ് വാഷിങ്ടണിലെത്തി ക്ലിന്റണെ കണ്ടു. നുഴഞ്ഞുകയറ്റക്കാരെ പിൻവലിച്ച്
ചർച്ചതുടങ്ങാൻ ക്ലിന്റന്റെ നിർദ്ദേശം.

ജൂലായ് 11 പാക് നുഴഞ്ഞുകയറ്റക്കാർ കാർഗിലിൽനിന്ന് പിന്മാറ്റം തുടങ്ങി. ബാടാലിക്കിലെ മലനിരകൾ തിരിച്ചുപിടിച്ച ഇന്ത്യ സമ്പൂർണ പിന്മാറ്റത്തിന് ജൂലായ് 16 സമയപരിധി നിശ്ചയിച്ചു
ജൂലായ് 12 പിന്മാറ്റം വിശദമാക്കി ഷരീഫിന്റെ പ്രസ്താവന. വാജ്പേയിയുമായി ചർച്ചയ്ക്കു തയ്യാറെന്നു വാഗ്ദാനം.
ജൂലായ് 14 'ഓപ്പറേഷൻ വിജയ്' വിജയിച്ചെന്ന് വാജ്പേയിയുടെ പ്രഖ്യാപനം. പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് ഇന്ത്യ ഉപാധികൾവെച്ചു.
ജൂലായ് 16 കാർഗിൽ യുദ്ധം അവസാനിച്ചു. പാക് സൈന്യത്തെ പൂർണമായും തുരത്തിയെന്ന് ഇന്ത്യയുടെ പ്രഖ്യാപനം.

 ആയുധങ്ങൾ

155 എംഎം എഫ്.എച്ച് 77 ബി ബൊഫോഴ്സ് തോക്കുകൾ
105 എംഎം ഫീൽഡ് ഗൺ
160 എംഎം മോർട്ടാർ
122 എംഎം മോർട്ടാർ
ബിഎം 21 ഗ്രാഡ് മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ
കാർഗിലിൽ കരസേന ഉപയോഗിച്ചത് 2,50,000 ഷെല്ലുകളും ബോംബുകളും റോക്കറ്റുകളും
ദിവസവും 300 തോക്കുകളും പീരങ്കികളും റോക്കറ്റ് ലോഞ്ചറുകളും നിറയൊഴിച്ചു
യുദ്ധത്തിന്റെ മൂർധന്യത്തിൽ 17 ദിവസം തുടർച്ചയായി ഓരോ മിനിറ്റിലും ഒരു റൗണ്ട് എന്നതോതിലായിരുന്നു ഇത്.
വിജയത്തിന് ഇന്ത്യക്കു നൽകേണ്ടിവന്നത് 527 ജീവനുകൾ

പോരാളികൾ

മിഗ് 27
മിഗ് 21
എംഐ 17
മിറാഷ് 2000
ജാഗ്വാർ മിഗ് 25
ഓപ്പറേഷൻ 'സഫേദ് സാഗർ' എന്നായിരുന്നു വ്യോമസേനാ ദൗത്യത്തിനുപേര്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP