Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാന്തപുരം വീണ്ടും 'അരിവാൾ സുന്നി'യാകുന്നു? നോളജ്‌സിറ്റിക്ക് പാരവച്ചതും വാർഷിക സമ്മേളനം ബഹിഷ്‌ക്കരിച്ചതുമായപ്പോൾ മുസ്ലിം ലീഗുമായി പിണങ്ങി; പിണറായി മാറി കോടിയേരി സെക്രട്ടറി ആയതോടെ നോട്ടം വീണ്ടും ഇടത്തേക്ക്

കാന്തപുരം വീണ്ടും 'അരിവാൾ സുന്നി'യാകുന്നു? നോളജ്‌സിറ്റിക്ക് പാരവച്ചതും വാർഷിക സമ്മേളനം ബഹിഷ്‌ക്കരിച്ചതുമായപ്പോൾ മുസ്ലിം ലീഗുമായി പിണങ്ങി; പിണറായി മാറി കോടിയേരി സെക്രട്ടറി ആയതോടെ നോട്ടം വീണ്ടും ഇടത്തേക്ക്

എം പി റാഫി

മലപ്പുറം: മലബാറിലെ രാഷ്ട്രീയ ഭാഗദേയം നിർണ്ണയിക്കുന്നതിൽ നിർണ്ണായക സ്ഥാനം തന്നെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ എ പി വിഭാഗത്തിനുള്ളത്. കേരളത്തിലെ സംഘടിതമായി രാഷ്ട്രീയ ശക്തിയായി തന്നെയാണ് ഈ മുസ്ലിംവിഭാഗത്തെ വിലയിരുത്തുന്നത്. ഇ കെ സമസ്ത വിഭാഗവുമായുള്ള എതിർപ്പിനെ തുടർന്ന് കാലങ്ങളായി സിപിഐ(എം) നേതൃത്വം നൽകുന്ന ഇടതുപക്ഷത്തെ പിന്തുണച്ചുപോന്ന കാന്തപുരം അടുത്തകാലത്തായി ഈ നിലപാടി മാറ്റം വരുത്തിയിരുന്നു. സിപിഎമ്മിനെ പിന്തുണക്കുന്ന ഈ സുന്നി വിഭാഗത്തിന് 'അരിവാൾ സുന്നി'യെന്ന വിളിപ്പേരും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ലീഗിലെ ചില നേതാക്കളുമായുള്ള അടുപ്പം മൂലം കാന്തപുരം വിഭാഗം ലീഗിനെ പിന്തുണക്കുന്ന നിലപാടും കൈക്കൊണ്ടു. കോഴിക്കോട് നിർമ്മിക്കുന്ന തിരുകേശ പള്ളിയെ വിമർശിച്ച് പിണറായി വിജയൻ രംഗത്തെത്തിയതോടെയായിരുന്നു കാന്തപുരം വിഭാഗം ലീഗ് നേതൃത്വത്തോടെ കൂടുതൽ അടുത്തത്. എന്നാൽ, കാന്തപുരത്തോടുള്ള അടുപ്പം ഇ കെ സുന്നികളെ കൂടുതൽ ചൊടിപ്പിച്ചതോടെ ലീഗ് നേതൃത്വം വീണ്ടും കാന്തപുരത്തെ കൈവിടുന്ന അവസ്ഥയിലേക്കെത്തി.

കഴിഞ്ഞ ദിവസങ്ങളിലായി കോട്ടക്കൽ എടരിക്കോട് നടന്ന കാന്തപുരം വിഭാഗം സുന്നി യുവജന സംഘത്തിന്റെ അറുപതാം വാർഷിക സമ്മേളനം ഇകെ സുന്നികളെ ഭയന്ന് ലീഗ് നേതൃത്വം ബഹിഷ്‌ക്കരിച്ചതോടെ ലീഗുമായി കാന്തപുരം കൂടുതൽ അകലുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കാന്തപുരം വിഭാഗം ഇടതുപക്ഷത്തോട് കൂടുതൽ അടുക്കുന്നത് ലീഗിന് തലവേദനയായിരിക്കയാണ്. തെരഞ്ഞെടുപ്പ് വരാനിരിക്കെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കാന്തപുരം വിഭാഗം സുന്നികളുടെ രാഷ്ട്രീയ നിലപാട് പ്രകടമാക്കുന്നത് കൂടിയായിരുന്നു നാല് ദിവസങ്ങളിലായി നടന്ന എസ്.വൈ.എസ് സംസ്ഥാന സമ്മേളനം. കഴിഞ്ഞ ഏതാനും വർഷങ്ങളായി മുസ്ലിം ലീഗുമായി സുന്നികൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ ലീഗിന്റെ മുതിർന്ന നേതാക്കളെയും മന്ത്രിമാരെയും സമ്മേളനത്തിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കിയായിരുന്നു ഇന്നലെ സമ്മേളനം സമാപിച്ചത്. കോടികൾ ചെലവിട്ട് നിർമ്മിക്കുന്ന മർക്കസ് നോളജ് സിറ്റിക്ക് പാരപണിയാൻ മുന്നിൽ നിന്നത് ലീഗ് നേതാക്കളാണെന്നതാണ് എ പി സുന്നികളെ ചൊടിപ്പിച്ചിരിക്കുന്നത്.

സുന്നികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഏതാനും ലീഗ് എംഎ‍ൽഎമാരെ സംഘാടകർ മുൻകൂട്ടി സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ പലരും മുൻകൂട്ടി തന്നെ എത്താൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും എത്താൻ സാധിക്കില്ലെന്ന മറുപടിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായ എസ്വൈഎസ് അറുപതാം വാർഷിക സമ്മേളനം നടന്ന തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ മന്ത്രി പി കെ അബ്ദുറബ്ബിനെയും അടുത്തുള്ള മണ്ഡലമായ കോട്ടക്കലിൽ നിന്നും അബ്ദുസമദ് സമദാനിയെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ജില്ലയിൽ യഥേഷ്ടം ലീഗ് എംഎൽഎമാരെ ലഭിക്കുമെങ്കിലും പലരെയും ക്ഷണിക്കാതെ കാന്തപുരം വിഭാഗം മാറ്റി നിർത്തുകയായിരുന്നു. അതേസമയം ഇടതുപക്ഷത്തായിരുന്നത് മുതൽ അടുത്ത ബന്ധമുണ്ടായിരുന്ന മന്ത്രി മഞ്ഞളാംകുഴി അലി, കെഎൽഎ ഖാദർ എംഎൽഎ എന്നിവർ സമ്മേളനത്തിൽ സാന്നിദ്ധ്യമറിയിച്ചു.

ആളുകൾ കൂടുന്നിടത്ത് സംഘടന നോക്കാതെ വോട്ട് അരക്കിട്ട് ഉറപ്പിക്കുക എന്ന സമീപനമാണ് ലീഗ് എടുത്തിരുന്നതെങ്കിലും മുസ്ലിം ലീഗ് നേതൃത്വം സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതിലൂടെ കാന്തപുരം സുന്നികളുമായി വീണ്ടും അകലുന്ന സൂചനകളാണ് നൽകുന്നത്. സമസ്തയിലെ പിളർപ്പിന് ശേഷം ലീഗുമായി ചേർന്ന് നിൽക്കുന്ന ഇ.കെ വിഭാഗം സമസ്തയുടെ നിർബന്ധങ്ങൾക്ക് വഴങ്ങി കാന്തപുരം സുന്നികളുടെ പരിപാടികൾ ബഹിഷ്‌കരിക്കുന്ന പ്രവണത മുസ്ലിം ലീഗ് കഴിഞ്ഞ കാലങ്ങളിൽ കൈകൊണ്ടിരുന്നു. എന്നാൽ ഈ സമീപനം ചില തിരഞ്ഞെടുപ്പുകളിൽ ലീഗിന് തിരിച്ചടിയായതോടെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ കാണുകയും സമുദായ പാർട്ടി എന്ന ഖ്യാതി അക്ഷരാർത്ഥത്തിൽ നേടുക എന്നതും പിന്നീട് ലീഗിന്റെ അജണ്ടയായിരുന്നു. ഇത് ഏറെ ഫലം കണ്ടിരുന്നെങ്കിലും സമുദായത്തിലെ സംഘടിത വോട്ടു ബാങ്കായ കാന്തപുരം സുന്നികളുമായുള്ള ബന്ധം തകർച്ചയുടെ വക്കിലേക്ക് വീണ്ടും എത്തി നിൽക്കുകയാണ്.

ഇന്നലെ നടന്ന എസ്.വൈ.എസ് സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടകനായിരിക്കെ ലീഗ് നേതൃത്വം ഇടപെട്ട് മുഖ്യമന്ത്രിയെ സമാപന പരിപാടിയിൽ നിന്നും പിന്തിരിപ്പിക്കുകയും പകരം തലേദിവസം സമ്മേളന നഗരി സന്ദർശിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നത്രേ. അതേ സമയം സമ്മേളനത്തിൽ ഇടത് നേതാക്കളുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. സെക്രട്ടറിയായി തെരഞ്ഞടുത്ത ശേഷം കോടിയേരി ബാലകൃഷ്ണനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ മുമ്പേ തീരുമാനിച്ച പരിപാടികൾ ഉള്ളതിനാൽ അസൗകര്യം അറിയിക്കുകയായിരുന്നു. സിപിഐ(എം) സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി എത്തിയത് വളരെ പ്രതീക്ഷയോടെയാണ് സുന്നികൾ നോക്കി കാണുന്നത്. കോടിയേരിക്ക് കാന്തപുരവുമായുള്ള നല്ല ബന്ധവും സുന്നികൾക്ക് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. മുമ്പ് പിണറായി വിജയന്റെ ഭാഗത്തു നിന്നും കാന്തപുരത്തിന് നേരെ പരുഷമായ ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. അതായിരുന്നു എ പി വിഭാഗത്തെ പ്രധാന പ്രശ്‌നം. 

അടുത്തിടെ എ പി- ഇ കെ സംഘർഷം വ്യാപകമാകുന്ന വേളയിൽ എളമരം കരീം എംഎൽഎ എ പി വിഭാഗത്തെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു. കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കക്കെ ജനാധിപത്യവിശ്വാസികൾ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും കരീം പറയുകയുണ്ടായി. ന്യൂനപക്ഷങ്ങൾക്കിടയിൽ അടിവേര് നഷ്ടമാകുന്ന സിപിഐ(എം) എ പി സുന്നികളുമായുള്ള പഴയ ബന്ധം വീണ്ടെടുക്കാനുള്ള ശ്രമത്തിലുമാണ്. ഇത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നും വിലയിരുത്തുന്നു.

മർക്കസ് നോളജ് സിറ്റിയുടെ നിർമ്മാണ പ്രവർത്തികൾക്ക് സ്റ്റേ നേടാൻ ലീഗ് ഇടപെട്ടതാണ് ഇപ്പോൾ സുന്നികൾക്ക് ലീഗ് നേതൃത്വത്തോട് അകൽച്ച ഉണ്ടാകാൻ ഇടയാക്കിയതെന്നാണ് അറിയുന്നത്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ കോഴിക്കോട് താമരശ്ശേരിക്കടുത്ത് നാനൂറ് ഏക്കർ ഭൂവിസ്തൃതിയിൽ നിർമ്മാണ പ്രവർത്തി ആരംഭിച്ച മർക്കസ് നോളജ് സിറ്റിയുടെ പ്രവർത്തനം കഴിഞ്ഞ മാസം ചെന്നൈയിലെ ഗ്രീൻ ട്രീബ്യൂണൽ കോടതി സ്റ്റേ ചെയ്തിരുന്നു. ഇത് പരിസ്ഥിതി ലോല പ്രദേശമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റേ. എന്നാൽ ഹരിത ട്രിബ്യൂണലിൽ നിന്നും സ്റ്റേ വാങ്ങിയത് മുസ്ലിം ലീഗ് അറിവോടെയായിരുന്നെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. സ്റ്റേക്കു വേണ്ടി ലക്ഷങ്ങൾ ചിലവഴിച്ചത് ലീഗിന്റെ ചില നേതാക്കൾ ചേർന്നായിരുന്നു. ഇതാണ് ഇപ്പോൾ ലീഗ് - എപി.സുന്നി ബന്ധത്തിന് വിള്ളൽ വീഴാനുള്ള പ്രധാന കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP