Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടമ്പകളെല്ലാം താണ്ടിയ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബർ ഒമ്പതിന്; 3,050 മീറ്റർ റൺവെ 4,000 മീറ്ററാക്കാൻ നടപടികൾ തുടങ്ങി; തലസ്ഥാനത്തു നിന്നും ഇനി കണ്ണടച്ചു തുറക്കും വേഗത്തിൽ കണ്ണൂരിലെത്താം: മലബാറിലെ രണ്ടാമത്തെ വിമാനത്താവളത്തിന് വേണ്ടി കാത്തിരുന്ന് പ്രവാസികളും

കടമ്പകളെല്ലാം താണ്ടിയ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബർ ഒമ്പതിന്; 3,050 മീറ്റർ റൺവെ 4,000 മീറ്ററാക്കാൻ നടപടികൾ തുടങ്ങി; തലസ്ഥാനത്തു നിന്നും ഇനി കണ്ണടച്ചു തുറക്കും വേഗത്തിൽ കണ്ണൂരിലെത്താം: മലബാറിലെ രണ്ടാമത്തെ വിമാനത്താവളത്തിന് വേണ്ടി കാത്തിരുന്ന് പ്രവാസികളും

മറുനാടൻ മലയാളി ഡെസ്‌ക്

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബർ 9-ന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസൻസ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. അതേ തുടർന്നാണ് ഇന്ന് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. 3,050 മീറ്റർ റൺവെയാണ് വിമാനത്താവളത്തിന് ഇപ്പോഴുള്ളത്. അത് 4,000 മീറ്ററായി നീട്ടാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്രറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്കുള്ള ടെർമിനൽ ബിൽഡിംഗിന്റെ വിസ്തീർണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുള്ള അന്താരാഷ്ട്ര കാർഗോ കോംപ്ലക്‌സ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുള്ള ഹോട്ടലും ഒരുക്കിയിട്ടുണ്ട്.

24 ചെക്ക് ഇൻ കൗണ്ടറുകളും സെൽഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെൽഫ് ചെക്കിങ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവർക്കും പോകുന്നവർക്കുമായി 32 ഇമിഗ്രേഷൻ കൗണ്ടറുകൾ ഉണ്ടാകും. ഇതിന്റെ പുറമെ 4 ഇ-വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകൾ 16 എണ്ണമാണ്. ആറ് ഏറോ ബ്രിഡ്ജുകളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാം. വാഹനപാർക്കിംഗിന് വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്‌സികളും 25 ബസ്സുകളും ഒരേ സമയം പാർക്ക് ചെയ്യാം.

ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂർ വിമാനത്താവളം 5 മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം. 12 വരെ എല്ലാദിവസവും രാവിലെ 10 മുതൽ നാലുവരെയാണു സന്ദർശകരെ പ്രവേശിപ്പിക്കുക. ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ കരുതണമെന്നു ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്സിക്യുട്ടിവ് ഡയറക്ടർ കെ.പി.ജോസ് അറിയിച്ചു.

ഇന്നലെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവർത്തനാനുമതി നൽകിക്കൊണ്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ വകുപ്പ് ഉത്തരവായത്. ഇതോടെ കണ്ണൂർ എയറോഡ്രോമിന് ലൈസൻസ് അനുവദിക്കപ്പെട്ടു. ഇതുവരെ നടത്തിയ എല്ലാ പരീക്ഷണ പറക്കലും വിജയകരമായതോടെയാണ് വിമാനത്താവളത്തിന് ലൈസൻസ് അനുവദിക്കാൻ ഡി.ജി.സി.എ. തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇന്ന് ഡിസംബർ ഒമ്പതിന് ഉദ്ഘാടന തീയിത നിശ്ചയിച്ച് കൊണ്ട് സർക്കാർ ഉത്തരവിറങ്ങുക ആയിരുന്നു. വിമാനത്താവളത്തിന്റെ സാങ്കേതിക വിവരങ്ങൾ അടങ്ങിയ എയറോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ നടത്താനുള്ള മാനദണ്ഡങ്ങൾ കണ്ണൂർ എയർപോർട്ട് പിന്നിട്ടു.

കഴിഞ്ഞ ദിവസം ബോയിങ് 730-800 വിമാനം കണ്ണൂർ വിമാനത്താവളത്തിന്റെ സിഗ്നൽ പരിധിക്കുള്ളിൽ വട്ടമിട്ട് പറക്കാൻ അന്തിമ പരിശോധനക്കെത്തിയിരുന്നു. ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജിയറിന്റെ കൃത്യത അന്ന് തന്നെ ഈ വിമാനം ഉറപ്പാക്കിയിരുന്നു. അത് സംബന്ധിച്ചുള്ള റിപ്പോർട്ട് എയർപോർട്ട് അഥോറിറ്റിക്ക് സമർപ്പിച്ചതോടെയാണ് ഡി.ജി.സി.എ. അന്തിമാനുമതി നൽകിയത്. കഴിഞ്ഞ മാസം രണ്ട് തവണ എയർ ഇന്ത്യാ എക്‌സപ്രസ്സിന്റെ യാത്രാ വിമാനങ്ങൾ വിമാനത്താവളത്തിലിറക്കിക്കൊണ്ട് പരീക്ഷണ പറക്കൽ നടത്തിയിരുന്നു.

എല്ലാ റിപ്പോർട്ടുകളും എയർപോർട്ട് അഥോറിറ്റിക്ക് നൽകിയതോടെയാണ് ലൈസൻസ് നടപടിയിലേക്ക് കടന്നത്. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് വിമാനത്താവളത്തിന്റെ സാങ്കേതിക വിവരങ്ങൾ എയർപോർട്ട് അഥോറിറ്റി പ്രസിദ്ധീകരിക്കേണ്ടതുണ്ട്. എയറോനോട്ടിക്കൽ ഇൻഫർമേഷൻ റെഗുലേഷൻ ആൻഡ് കൺട്രോൾ എന്ന പേരിലാണ് ഈ നടപടി അറിയപ്പെടുന്നത്. കണ്ണൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര വ്യോമയാന സംഘടന ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ട തീയ്യതികൾ നേരത്തെ തന്നെ നൽകിയിട്ടുണ്ട്. ഈ മാസം 11 നും നവംബർ 8, ഡിസംബർ 6, എന്നീ തീയ്യതികളിലാണ് ഇത് പ്രസിദ്ധീകരിക്കേണ്ടത്.

ഡിസംബർ 6 ന് ഈ വിവരങ്ങൾ പബ്ലിഷ് ചെയ്യാൻ കഴിയും. ഇക്കാര്യം അടിസ്ഥാനമാക്കിയാണ് സുരക്ഷിതത്വവും സുഗമവുമായ വ്യോമയാന ഗതാഗതം ഉറപ്പ് വരുത്തുന്നത്. ലോകമെമ്പാടുമുള്ള വൈമാനികന്മാർ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനം പറത്തുക. 56 ദിവസം കൊണ്ട്. എ.ഐ.എസ്. ഡാറ്റ പ്രസിദ്ധീകരിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. അലങ്കാര പണികളും പൂർത്തീകരിക്കപ്പെട്ടു. വിമാനത്താവളം സന്ദർശിക്കാൻ തിരിച്ചറിയൽ രേഖയുമായി എത്തുന്നവർക്ക് കാണുവാനുള്ള സൗകര്യവും ഒരുക്കിക്കഴിഞ്ഞു. എയർപോർട്ട് അഥോറിറ്റിയും ഡി.ജി.സി.എ അധികാരികളുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയായതോടെയാണ് വാണിജ്യ വിമാനത്താവളമെന്ന ലൈസൻസ് കണ്ണൂരിന് ലഭ്യമായത്.

റൺവേയും എയർസൈഡ് വർക്കുകളും ഉൾപ്പെട്ട 694 കോടി രൂപയുടെ ഇ.പി.സി കോൺട്രാക്ട് ജോലികളും 498 കോടി രൂപയുടെ ടെർമിനൽ ബിൽഡിംഗും അതിനോടനുബന്ധിച്ച സിറ്റി സൈഡ് നിർമ്മാണ ജോലികളും ടെർമിനൽ ബിൽഡിംഗിനകത്തെ ഡി.എഫ്.എം.ഡി, എച്ച്.എച്ച്.എം.ഡി, ഇൻലൈൻ എക്സ്റേ മെഷീൻ, ബാഗേജ് ഹാൻഡ്ലിങ് സിസ്റ്റം, ചെക്ക് ഇൻ കൗണ്ടറുകൾ, എമിഗ്രേഷൻ ചെക്ക് പോയിന്റുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, പാസഞ്ചർ ബോർഡിങ് ബ്രിഡ്ജ് ജോലികളും ഇതിനകം പൂർത്തിയായിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP