Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

2012ൽ ആരംഭിച്ച സർവേയിൽ വെല്ലുവിളിയായത് കണ്ണൂരിലെ ഭൂപ്രകൃതി; പ്രളയത്തിനിടയിലും പലതവണ മുടങ്ങിയ പ്രവർത്തനം ഏകോപിപ്പിച്ച പ്രവർത്തന മികവ്; ചന്ദ്രഗിരിപ്പുഴ കുറുകേ താണ്ടിയാൽ ഗെയിലിന്റെ പദ്ധതികൾ പൂർണസജ്ജം; കൊച്ചി മംഗളൂരു പ്രകൃതി വാതക പൈപ്ലൈൻ പദ്ധതിയിൽ കണ്ണൂർ ജില്ലയിലെ കമ്മീഷനിങ് ഈ മാസം; ഏഴ് വർഷത്തിന്റെ പരിശ്രമത്തിന് ഒടുവിൽ ഗെയിൽ പദ്ധതി കണ്ണൂരിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം വീടുകളിലേക്ക് പ്രകൃതി വാതകം പൈപ്പ് ലൈൻ വഴിയെത്തുമ്പോൾ കണ്ണൂർ ഹാപ്പിയാണ്. ഗെയ്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന കൊച്ചി മംഗളൂരു പ്രകൃതി വാതക പൈപ്ലൈൻ പദ്ധതിയിൽ കണ്ണൂർ ജില്ലയിലെ പൈപ്ലൈൻ ഈ മാസം കമ്മിഷൻ ചെയ്യും. ഇവിടെനിന്നു വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പ്രകൃതിവാതകം എത്തിക്കാനുള്ള കരാറെടുത്തിരിക്കുന്ന ഐഒസിഅദാനി സംയുക്തസംരംഭം ഇതിനുള്ള സർവേ കണ്ണൂരിൽ തുടങ്ങിക്കഴിഞ്ഞു.

കൊച്ചി കൂറ്റനാട് ബെംഗളൂരു മംഗളൂരു പൈപ്ലൈൻ (കെകെബിഎംപിഎൽ) പദ്ധതിയുടെ ഭാഗമായാണു കൊച്ചി മുതൽ മംഗളൂരു വരെ പൈപ്ലൈൻ സ്ഥാപിക്കുന്നത്. ഇതിൽ കൊച്ചി മുതൽ പാലക്കാട് കൂറ്റനാട് വരെയുള്ള ഭാഗം നേരത്തേ കമ്മിഷൻ ചെയ്തിരുന്നു. കൂറ്റനാട് മുതൽ കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ വരെയുള്ള ഭാഗത്തെ കമ്മിഷനിങ്ങാണ് ഈ മാസം നടക്കുക. കുറുമാത്തൂർ മുതൽ നീലേശ്വരം പേരോൽ വരെയുള്ള ഭാഗത്തെ പൈപ്പിടൽ ഏതാണ്ടു പൂർത്തിയായിട്ടുണ്ട്.

ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകേ പൈപ്പിടുന്ന ജോലി കൂടി പൂർത്തിയായാൽ കൊച്ചിമംഗളൂരു 380 കിലോമീറ്റർ പൈപ്ലൈൻ പൂർണമായി പ്രവർത്തനസജ്ജമാകും. ഇവിടെ 1.4 കിലോമീറ്റർ ദൂരം പൈപ്പിടാനായി മാഹിനാബാദ് ഭാഗത്തു മണ്ണു തുരക്കൽ പുരോഗമിക്കുകയാണ്. കണ്ണൂർ ജില്ലയിൽ 112 കിലോമീറ്ററും കാസർകോട് 80 കിലോമീറ്ററുമാണു പദ്ധതിയിലുള്ളത്.

ഓരോ 100 കിലോമീറ്റർ ദൂരത്തിലും ഒരു ഐപി (ഇന്റർമീഡിയറ്റ് പിഗ്ഗബിൾ) സ്റ്റേഷനുണ്ട്. കണ്ണൂർ ജില്ലയിലേതു കുറുമാത്തൂരിലെ ബാവുപ്പറമ്പിലാണ്. ഇവിടെ സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി. കാസർകോട് ജില്ലയിൽ ഇച്ചിലംപാടിയിലാണ് ഐപി സ്റ്റേഷൻ. പൈപ്പ് ലൈനിന്റെ ഉൾവശം കൃത്യമായ ഇടവേളകളിൽ ശുചിയാക്കുകയാണ് ഐപി സ്റ്റേഷന്റെ പ്രധാന ചുമതല. പൈപ് ഇൻസ്‌പെക്ഷൻ ഗേജ് സംവിധാനം ഉപയോഗിച്ചാണു ശുചീകരണം. ഐപി സ്റ്റേഷനിലും വാൽവ് സ്റ്റേഷനുകളിലും പൈപ്ലൈൻ പ്രവർത്തിപ്പിക്കാൻ ജീവനക്കാരുണ്ടാകില്ല. ഇവ അൺമാൻഡ് (ആളില്ലാത്ത) സ്റ്റേഷനുകളായാണു വിഭാവനം ചെയ്തിരിക്കുന്നത്. സുരക്ഷാ ജീവനക്കാർ മാത്രമാണുണ്ടാകുക.

2012ലാണു കണ്ണൂരിൽ ഗെയ്ൽ ഔദ്യോഗിക സർവേ തുടങ്ങിയത്. എന്നാൽ 2013ൽ ഇതു നിലച്ചു. 2015ൽ പുനരാരംഭിച്ചു. 2017ൽ ജോലികൾ കരാർ നൽകി. പൈപ്ലൈൻ സ്ഥാപിച്ചു തുടങ്ങിയതു 2017 ജൂണിലാണ്. ഉദ്ദേശിച്ച സമയത്തിനകം തന്നെ പൈപ് ലൈൻ കമ്മിഷൻ ചെയ്യാനായെന്നതാണു വലിയ നേട്ടം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൊണ്ടു വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കണ്ണൂരിലെ ജോലി. മാഹി, എരഞ്ഞോളി, വളപട്ടണം, കുപ്പം, പെരുമ്പ എന്നീ അഞ്ചു പുഴകൾക്കു കുറുകേയാണു പൈപ്പ് സ്ഥാപിക്കേണ്ടിവന്നത്. എരഞ്ഞോളിപ്പുഴയിൽ വെള്ളം കുറവായിരുന്നതിനാൽ മണ്ണ് കീറിയും മറ്റു പുഴകളിൽ 7 മുതൽ 12 മീറ്റർ വരെ ആഴത്തിൽ മണ്ണു തുരന്നുമാണു പൈപ്പ് സ്ഥാപിച്ചത്. ഇതിനിടെ 2 പ്രളയം പ്രതിസന്ധിയുണ്ടാക്കി. മൂന്നു ഗെയ്ൽ ഉദ്യോഗസ്ഥരും റവന്യു വകുപ്പിൽനിന്നു വിരമിച്ച നാല് ഉദ്യോഗസ്ഥരും അടങ്ങുന്ന ടീമാണു പദ്ധതി നടപ്പാക്കിയത്. സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകി.

2013ൽ കമ്മിഷൻ ചെയ്തു 2016ലാണു കൊച്ചിയിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കിയത്. ഇതുവരെയും സുരക്ഷാ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എറണാകുളം ജില്ലയിൽ 48 കിലോമീറ്റർ മാത്രമാണു പൈപ്ലൈൻ കടന്നുപോകുന്നതെങ്കിലും ദിവസം ശരാശരി 80 ലക്ഷം രൂപയാണു സർക്കാരിനു വാറ്റ് ഇനത്തിൽ ലഭിക്കുന്നത്. വ്യവസായശാലകൾ അധികമുള്ളതാണു പ്രധാന കാരണം. 53 രൂപയുടെ പ്രകൃതി വാതകം ഉപയോഗിച്ച് ഒരു ഓട്ടോറിക്ഷയ്ക്ക് 50 കിലോമീറ്റർ സഞ്ചരിക്കാനാകും. പാചകവാതകമായി ഉപയോഗിക്കുമ്പോൾ ഇപ്പോഴത്തേതിനെക്കാൾ 40 ശതമാനം അധികം ലഭിക്കും. പ്രകൃതിവാതകം ഉപയോഗിക്കുന്ന വാഹനം വഴിയുള്ള മലിനീകരണം മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് 25 ശതമാനം കുറവാണ്.

കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്കായി 4915 കോടി രൂപയുടെ പൈപ്ലൈൻ പദ്ധതിയാണു ഗെയ്ൽ ഈ ഘട്ടത്തിൽ നടപ്പാക്കുന്നത്. കേരളം 3620 കോടി, കർണാടക 402 കോടി, തമിഴ്‌നാട് 893 കോടി എന്നിങ്ങനെയാണു പദ്ധതിത്തുക. ബീച്ചിൽ പോകുന്ന കാര്യം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP